
പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനും ലോക യാത്രികനുമായ അനിൽകുമാർ എ. വി. യുടെ തിങ്കൾ പംക്തി തുടരുന്നു…
നുറുങ്ങുകൾ‐ 14

സാമ്രാജ്യത്വം, നാസിസം, സയണിസം, ഹിന്ദുത്വം എന്നിവ നാല് വ്യത്യസ്ത കുപ്പികളിൽ നിറച്ച ഒരേ വിഷമാണ്. സാമ്രാജ്യത്വം എന്നാൽ സൈനിക ശക്തി, സാമ്പത്തികാധിപത്യം രാഷ്ട്രീയ നിയന്ത്രണം എന്നിവയിലൂടെ വിദേശ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും മേൽ ഭരണം വ്യാപിപ്പിക്കുന്നതിനുള്ള നയം അല്ലെങ്കിൽ പ്രത്യയശാസ്‌ത്രമാണ്. 19-‐ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പുതിയ സാമ്രാജ്യത്വ ഘട്ടത്തിൽ ത്വരിതഗതിയിലായ കോളനികൾ ഏറ്റെടുക്കൽ, സ്വാധീന മേഖലകൾ സ്ഥാപിക്കൽ, വിഭവങ്ങൾ വേർതിരിച്ചെടുക്കൽ എന്നിവ ഉൾപ്പെടുന്ന അത് വ്യാപകമായ ആഗോളാധിപത്യത്തിന് കാരണമായി. വംശീയ മേധാവിത്തത്തിൽ വേരൂന്നിയ ആര്യൻ വംശത്തിന്റെ ശ്രേഷ്ഠതയ്ക്കും ജൂതരെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതിനുമാണ് നാസിസം നിലകൊണ്ടത്. 19‐ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജൂത ജനതയുടെ സ്വയം നിർണയാവകാശത്തിനും പലസ്തീനിൽ ജൂത മാതൃരാജ്യത്തിന്റെ പുനഃസ്ഥാപനത്തിനുമുള്ള തീവ്രദേശീയ പ്രസ്ഥാനമായി ഉയർന്നുവന്നതാണ് സയണിസം. കുടിയേറ്റത്തിനും ജൂത പരമാധികാരത്തിനും പ്രാധാന്യം നൽകുന്ന മതപരവും വലതുപക്ഷവുമായ ശാഖകൾ അതിലുൾപ്പെടുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി നിർവചിക്കുകയെന്ന ലക്ഷ്യത്തോടെ 1920 കളിൽ വി ഡി സവർക്കർ പ്രചാരത്തിലാക്കിയ അപകടകരമായ ദേശീയതയുടെ രൂപമാണ് ഹിന്ദുത്വം.

ഏതെങ്കിലും വിദേശ രാജ്യത്തിനെതിരെ യുദ്ധം അഴിച്ചുവിടുന്നത് അതിൽനിന്ന് ലാഭം കൊയ്യാമെന്ന് ധനികവർഗങ്ങൾ കരുതുമ്പോഴാണെന്ന് നിരീക്ഷിച്ചത് ജോർജ് ഓർവെൽ എന്ന തൂലികാനാമത്തിൽ എഴുതിവന്ന ഇംഗ്ലീഷ് നോവലിസ്റ്റ്, കവി, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ തുടങ്ങിയ നിലയിൽ അറിയപ്പെട്ട എറിക് ആർതർ ബ്ലെയർ. അമേരിക്കൻ പത്രപ്രവർത്തകനും നോവലിസ്റ്റും നാടകകൃത്തും ‘ദി അസാസിൻസ് ഗേറ്റ്: അമേരിക്ക ഇൻ ഇറാഖ്’ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനുമായ ജോർജ് പാക്കർ എഡിറ്റ് ചെയ്ത് 1919ൽ ആൽഫ്രഡ് ഹാർകോർട്ട് കാലിഫോർണിയയിലെ സാൻ ഡീഗോ കേന്ദ്രമായി സ്ഥാപിച്ച ഹാർകോർട്ട് 2008- ൽ പ്രസിദ്ധീകരിച്ച ഓർവെല്ലിന്റെ കുറിപ്പുകളുടെ സമാഹാരമായ ‘ഫേസിങ് അൺപ്ലസന്റ് ഫാക്ട്‌സ്: നറേറ്റീവ് എസ്സേസി’ൽ(അസുഖകരമായ വസ്തുതകളെ നേരിടൽ: ആഖ്യാന ഉപന്യാസങ്ങൾ) ആ കാഴ്‌ചപ്പാട് വിപുലീകരിച്ചിട്ടുണ്ട്. 1931-‐1949 എന്നും അറിയപ്പെടുന്ന ആ വാല്യത്തിൽ ഷൂട്ടിങ് ആൻ എലിഫന്റ്, സച്ച്, സച്ച് വെയർ ദി ജോയ്‌സ് തുടങ്ങിയ പ്രധാന ഉപന്യാസങ്ങൾ ഉൾക്കൊള്ളുന്നു. ഓരോ യുദ്ധവും വരുമ്പോഴോ അതിനുമുമ്പോ യുദ്ധമായിട്ടല്ല, മറിച്ച് കൊലപാതക ഭ്രാന്തനെതിരായ സ്വയം പ്രതിരോധമായാണ് നിർവക്കുന്നത്. നമ്മുടെ കാലത്ത് രാഷ്ട്രീയ പ്രസംഗവും എഴുത്തും പ്രധാനമായും പ്രതിരോധിക്കാനാവാത്തവരുടെ പ്രതിരോധമാണ്. ചിന്ത ഭാഷയെ ദുഷിപ്പിക്കുകയാണെങ്കിൽ നേരെ മറിച്ചും സംഭവിച്ചേക്കാം. എല്ലാ യുദ്ധപ്രചാരണങ്ങളും നിലവിളികളും നുണകളും വിദ്വേഷവും എല്ലായ്പ്പോഴും വരുന്നത് പോരാടാത്ത ആളുകളിൽ നിന്നാണ്. നുണകളെ സത്യമായി തോന്നിപ്പിക്കാനും കൊലപാതകത്തെ മാന്യമാക്കാനും ശുദ്ധമായ കാറ്റിന് ഐക്യദാർഢ്യത്തിന്റെ പ്രതീതി നൽകാനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയത സ്വയം വഞ്ചനയാൽ മയപ്പെടുത്തപ്പെടുന്ന അധികാര ദാഹമാണ്. യുദ്ധം സമാധാനമാണ്. സ്വാതന്ത്ര്യം അടിമത്തവും. അജ്ഞതയാണ് ശക്തി. വ്യക്തമായ കാര്യങ്ങൾ വീണ്ടും പറയേണ്ടത് ബുദ്ധിമാനായ മനുഷ്യന്റെ പ്രഥമ കടമയായ ഒരു ആഴത്തിലേക്ക് നാം ഇപ്പോൾ താഴ്ന്നിരിക്കുന്നു. സ്വാതന്ത്ര്യം എന്തെങ്കിലും അർഥമാക്കുന്നുണ്ടെങ്കിൽ കേൾക്കാൻ ആഗ്രഹിക്കാത്തത് ആളുകളോട് പറയാനുള്ള അവകാശമാണ്. സാർവത്രിക വഞ്ചനയുടെ കാലത്ത്, സത്യം പറയുന്നത് വിപ്ലവ പ്രവൃത്തിയായിരിക്കുമെന്നും ഓർവെൽ വിശദീകരിച്ചു.

ഒന്നും നടന്നില്ല, ഡൊണാൾഡ് ട്രംപ് പ്രതീക്ഷിച്ചതുപോലെ
നാലോ അഞ്ചോ ആഴ്ച നീണ്ടുനിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞ ഇറാനെതിരായ അമേരിക്കൻ‐ ഇസ്രയേൽ യുദ്ധം ഒരു മാസം പിന്നിട്ടപ്പോൾ ഉടൻ അവസാനിക്കാൻ പോകുന്നില്ലെന്ന് വ്യക്തമായി. അദ്ദേഹം പ്രതീക്ഷിച്ചതുപോലെ ഒന്നും നടന്നിട്ടില്ല. അമേരിക്കയുടെയും ഇസ്രയേലിന്റെയും മിക്ക കണക്കുകൂട്ടലുകളും തെറ്റി. പേർഷ്യൻ ഗൾഫിലെ അഞ്ച് യുഎസ് സൈനിക താവളങ്ങളും ഇറാൻ ഏതാണ്ട് നശിപ്പിച്ചു. – ഖത്തറിലെ അൽ ഉദൈദ് താവളം, സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമകേന്ദ്രം, യുഎസ് ഫിഫ്ത്ത് ഫ്ലീറ്റിനെ ഉൾക്കൊള്ളുന്ന ബഹ്‌റൈനിലെ നാവിക സമുച്ചയം, കുവൈറ്റിലെയും യുഎഇയിലെയും ലോജിസ്റ്റിക്സ്, പരിശീലന സംവിധാനങ്ങൾ തുടങ്ങിയവ മാസങ്ങളോളം ഉപയോഗശൂന്യമായി തുടരും. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ നാല് ക്വിന്റൽ പിടിച്ചെടുക്കാനുള്ള കര നടപടിയെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. അവർ നമുക്ക് ആണവചൂർണം നൽകുമെന്നാണ് പരിഹാസം. മധ്യപൂർവദേശത്തെ സൈനികബലം പതിനായിരമായി ഉയർത്താനുള്ള തീരുമാനത്തിലുമാണ്. അതിസങ്കീർണവും ഏറെ അപകടസാധ്യതയുള്ളതുമാണ് അത്തരം നീക്കങ്ങൾ. അവ ഇറാനിൽനിന്ന് ശക്തമായ പ്രതികാര നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും നിലവിലെ സമയപരിധിക്കപ്പുറം സംഘർഷം നീട്ടുമെന്നും ഉറപ്പാണ്. കരയുദ്ധത്തിന് ഒരുങ്ങാന്‍ സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിയ സൈനിക മേധാവി അമീര്‍ ഹാത്മി ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെതിരിച്ചുപോകില്ലെന്ന് മുന്നറിയിപ്പും നൽകി. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഇന്‍ ചീഫ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തതായും സേനയുടെ യുദ്ധസന്നദ്ധത വിലയിരുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ സൈനിക – ആണവശേഷികള്‍ തകര്‍ത്ത് തങ്ങള്‍ വിജയത്തിന്റെ അരികിലാണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരയുദ്ധ സാധ്യതകൂടി ശക്തമാകുന്നത്. ഇറാനെ ശിലായുഗത്തിലേക്ക് മടക്കിയയക്കുമെന്നും ആ രാജ്യത്തിന്റെ ശേഖരത്തില്‍ ഇനി വളരെ കുറച്ച് മിസൈല്‍ ലോഞ്ചറുകളേ ശേഷിക്കുന്നുള്ളൂവെന്നുമാണ് വായ്‌ത്താരി. എന്നാല്‍ വിജയവാദം വെറും തോന്നല്‍ മാത്രമാണെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി പരിഹസിച്ചു. അമേരിക്കയുടെ പക്കലുള്ള വിവരങ്ങള്‍ തെറ്റാണെന്നും തന്ത്രപ്രധാന മിസൈല്‍ ഉല്‍പ്പാദന കേന്ദ്രങ്ങളും ദീര്‍ഘദൂര ഡ്രോണ്‍ നിർമാണ ശാലകളും സുരക്ഷിതമാണെന്നും വ്യക്തമാക്കി. അമേരിക്ക പൂർണ പരാജയം സമ്മതിച്ച് ഖേദം പ്രകടിപ്പിക്കുംവരെ യുദ്ധം തുടരുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടി തങ്ങളെ ആക്രമിക്കുന്ന നിലപാടിനെ വിമർശിച്ച് ഇറാന്‍ പ്രസിഡന്റ് ട്രംപിന് കത്തെഴുതുകയുമുണ്ടായി. അതിനിടെ ഇസ്രയേലിന് നേരെ മുന്‍ ദിവസങ്ങളെക്കാള്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി ശേഷി തകര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു. ജോർദാൻ, ഇറാഖ്, യുഎസ് സൈനിക ആസ്തികളെ ആതിഥേയത്വം വഹിക്കുന്ന ഗൾഫ് രാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് തിരിച്ചടിക്കുകയുമുണ്ടായി. അത് ആളപായത്തിനും അടിസ്ഥാന സൗകര്യ നാശത്തിനും കാരണമായി. ആഗോള വിപണികളെയും വ്യോമയാനത്തെയും തടസ്സപ്പെടുത്തുകയും ചെയ്‌തു.

അമേരിക്ക വീണുകിടക്കുന്ന കുഴിയുടെ ആഴം കൂട്ടാനേ ഊഹങ്ങൾ സഹായിക്കൂ
തങ്ങളുടെ കഴിവുകൾ ഗണ്യമായി ദുർബലപ്പെടുത്തിയെന്ന പ്രചാരണം തള്ളി യുഎസിനും ഇസ്രയേലിനുമെതിരെ ശക്തവും വിശാലവും കൂടുതൽ വിനാശകരവുമായ ആക്രമണങ്ങൾ നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ സൈനിക ശക്തിയെക്കുറിച്ചുള്ള യുഎസ്‐ ഇസ്രയേലി വിലയിരുത്തലുകൾ തെറ്റാണെന്ന് ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് പ്രതികരിച്ചതായി ഫാർസ് വാർത്താ ഏജൻസി വെളിപ്പെടുത്തി. എതിരാളികൾ ഉണങ്ങുകയും അപമാനിക്കപ്പെടുകയും പൂർണമായും ഖേദിക്കുകയും കീഴടങ്ങുകയും ചെയ്യുംവരെ യുദ്ധം തുടരുമെന്നും കൂട്ടിച്ചേർത്തു. ശത്രു കരയിലൂടെ ആക്രമണം നടത്താൻ ശ്രമിച്ചാൽ ആരും രക്ഷപ്പെടരുതെന്നാണ് ഓപ്പറേഷണൽ കമാൻഡുകളോട് സൈനിക തലവൻ അമീർ ഹതാമി ആവശ്യപ്പെട്ടതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐആർഐബി നടത്തിയ അഭിമുഖം വെളിപ്പെടുത്തി. യുഎസ് സേനാനീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാനും സമയബന്ധിതമായി പ്രതികരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിശദീകരിക്കുകയും ചെയ്‌തു. തങ്ങളുടെ രാഷ്ട്രത്തിനെതിരെ ആരംഭിച്ച ആക്രമണത്തിന് നിങ്ങളുടെ വില നൽകണം. അമേരിക്കയ്ക്ക് ഒരിക്കലും എത്തിച്ചേരാനാകാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധ നിർമാണ രഹസ്യകേന്ദ്രങ്ങൾ സുരക്ഷിതമാണ്. മിസൈലുകൾ എണ്ണാൻ നോക്കി സമയം കളയണ്ട. അമേരിക്ക ഇപ്പോൾ വീണുകിടക്കുന്ന കുഴിയുടെ ആഴം കൂട്ടാനേ തെറ്റായ ഊഹങ്ങൾ സഹായിക്കൂ തുടങ്ങിയ നിലയിൽ കനത്ത ഭാഷയിലാണ് ഇറാന്റെ മറുപടി. വിശാലവും തന്ത്രപരവുമായ കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. മിസൈൽ നിർമാണ കേന്ദ്രങ്ങൾ, ഡ്രോണുകൾ, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റ് തന്ത്രപരമായ യുദ്ധോപകരണങ്ങൾ, പ്രത്യേകമായ ചില സംവിധാനങ്ങൾ എന്നിവ നശിപ്പിക്കാൻ സാധിച്ചുവെന്ന് കരുതരുത്. ആക്രമിച്ചതായി കരുതുന്ന കേന്ദ്രങ്ങൾ നിസാരമാണെന്നും സൈനിക വക്താവ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലെ വ്യാപാര സ്തംഭനത്തിന് കാരണം അമേരിക്കയും ഇസ്രയേലുമാണെന്ന് ചൈന തുറന്നടിച്ചതും വഴിത്തിരിവാണ്. ഇറാനെതിരെ നടത്തുന്നത് നിയമവിരുദ്ധ സൈനിക നടപടികളാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ലോകത്തെ എണ്ണ-പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസിലെ പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ചൈന യുടെ നിലപാട് ശത്രുത അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നാണ്. ഹോര്‍മുസ് തുറക്കാന്‍ ചൈന ഉള്‍പ്പെടെ കപ്പലുകൾ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും അമേരിക്കൻ സഖ്യകക്ഷികള്‍പോലും നേരിട്ടുള്ള സൈനിക ഇടപെടലിന് തയ്യാറായിട്ടില്ല. വിയറ്റ്നാം മുതൽ അഫ്ഗാനിസ്ഥാൻ തൊട്ട് ഇറാൻ വരെ‐ ശിലായുഗ നാശത്തെക്കുറിച്ച് അമേരിക്ക എത്രയോ പ്രാവശ്യം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ തങ്ങൾ ഇറാനെ ശിലായുഗത്തിലേക്ക് തിരികെ നടത്തിക്കാൻ പോവുകയാണെന്നാണ് ട്രംപിന്റെ പ്രകോപനം. ആധുനിക ചരിത്രത്തിലുടനീളം ആ നാടകീയ പ്രയോഗത്തിലൂടെ അമേരിക്ക അതിന്റെ സൈനിക ശക്തിയിൽ ആവർത്തിച്ച് ഊറ്റംകൊണ്ടിട്ടുണ്ട്. വിയറ്റ്നാം, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ അമേരിക്ക 75 ലക്ഷം ടണ്ണിലധികം ബോംബുകൾ വർഷിച്ചു; – ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം. വൻതോതിലുള്ള സിവിലിയൻ മരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ നാശവുമുണ്ടായി. യുഎസിൽ ജനകീയ രോഷം ഉയർന്നു. രാജ്യത്തുടനീളം പ്രതിഷേധങ്ങളും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളും ഇരന്പി. വിപുലമായ ബോംബാക്രമണവും സൈനിക ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ദൗത്യം വിനാശകരമായിരുന്നെന്നും ശാശ്വത വിജയം നേടുന്നതിൽ പരാജയപ്പെട്ടുവെന്നും തെളിയിക്കപ്പെട്ടു. വിയറ്റ്നാം യുദ്ധത്തിന് തുടക്കത്തിൽ പിന്തുണയുണ്ടായെങ്കിലും വർഷങ്ങളോളം നീണ്ട നാശനഷ്ടങ്ങൾക്കും ചെലവുകൾക്കും തുടർച്ചയായ പ്രതിഷേധ പ്രസ്ഥാനങ്ങൾക്കും ശേഷം പൊതുജനാഭിപ്രായം മാറിയെന്നാണ് ദി ഗാർഡിയൻ പത്രത്തിന്റെ വിശകലനം. ഒടുവിൽ പിൻവാങ്ങി, അത് ഇന്നും അമേരിക്കൻ വിദേശനയ ചർച്ചകളെ സ്വാധീനിക്കുന്ന രാഷ്ട്രീയ, സൈനിക മുറിവുകൾ അവശേഷിപ്പിക്കുന്നു.

വൻ വാർത്തയായി യു എസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജിന്റെ പുറത്താക്കൽ
വിരമിക്കാൻ ഒരു വർഷം ബാക്കിയിരിക്കെ യു എസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പുറത്താക്കിയത് വൻ വാർത്തയായി. ഇറാനെതിരായ സൈനിക നീക്കങ്ങളുടെ ഭാഗമായി മധ്യപൂർവ ദേശത്ത് സേന സജ്ജമായിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. യുദ്ധസാഹചര്യങ്ങൾ നിലനിൽക്കെ ജനറലിനെ പുറത്താക്കുന്നത് അമേരിക്കൻ സൈനിക ചരിത്രത്തിൽ അസാധാരണമാണ്. എലൈറ്റ് 82-‐ാം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരും മേഖലയിലെത്തിയിട്ടുണ്ട്. 41-‐ാമത് ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജ് ഉടൻ സ്ഥാനമൊഴിയുമെന്നും അദ്ദേഹം വിരമിക്കുകയാണെന്നും പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പതിറ്റാണ്ടുകൾ നീണ്ട സേവനത്തിന് നന്ദി അറിയിക്കുന്നതായി പ്രസ്താവന വ്യക്തമാക്കിയെങ്കിലും പുറത്താക്കലിന്റെ കൃത്യമായ കാരണം വെളിപ്പെടുത്താൻ പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല. റാൻഡി ജോർജിന് പുറമെ ആർമി ട്രാൻസ്ഫോർമേഷൻ ആൻഡ് ട്രെയിനിങ് കമാൻഡ് മേധാവി ജനറൽ ഡേവിഡ് ഹോഡ്‌നെ, ആർമി ചാപ്ലയിൻ കോർപ്സ് മേധാവി മേജർ ജനറൽ വില്യം ഗ്രീൻ എന്നിവരെയും നീക്കി. 2025ൽ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ സി ക്യു ബ്രൗണിനെ നീക്കിയക്കിയതിന് പിന്നാലെ പ്രതിരോധ വകുപ്പിന്റെ ഉന്നത ശ്രേണിയിൽ നടക്കുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിവ. റാൻഡി ജോർജിന്റെ പുറത്താക്കൽ ആർമി നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇൻഫൻട്രി ഓഫീസറായ അദ്ദേഹം 2023-ലാണ് ആർമി ചീഫായത്.
അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ നീക്കിയ ട്രംപ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെയ്‌ക്ക് വകുപ്പിന്റെ താല്‍ക്കാലിക ചുമതല നല്‍കി. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകള്‍ കൈകാര്യം ചെയ്തതിലെ അതൃപ്തിയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിലെ കാലതാമസവുമാണ് അപ്രതീക്ഷിത പുറത്താക്കലിന് കാരണമായത്. നീതിന്യായ വകുപ്പിന്റെ തലപ്പത്ത് മാസങ്ങള്‍മാത്രം നീണ്ട സേവനത്തിനൊടുവിലാണ് ബോണ്ടിക്ക് പടിയിറങ്ങേണ്ടി വന്നത്. രണ്ടാം ട്രംപ് ഭരണകൂടത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥയാണ് അദ്ദേഹം. നേരത്തെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെയും സമാന രീതിയില്‍ നീക്കിയിരുന്നു. തന്റെ നയങ്ങളുമായി ഒത്തുപോകാത്ത ഉദ്യോഗസ്ഥരെ നിര്‍ദാക്ഷിണ്യം മാറ്റുന്ന രീതി ബോണ്ടിയുടെ കാര്യത്തിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ട്രംപിന്റെ കടുത്ത എതിരാളികളെ വേട്ടയാടുന്നതില്‍ ബോണ്ടി പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് പെന്റഗണും വൈറ്റ് ഹൗസും. ഇറാൻ യുദ്ധ പശ്ചാത്തലത്തില്‍ ട്രംപ് നടത്തിയ സുപ്രധാന പ്രസംഗത്തിന് തൊട്ടുമുന്പാണ് നാടകീയ നടപടി. അവസാന നിമിഷം വരെ സ്ഥാനത്ത് തുടരാന്‍ ബോണ്ടി ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രസിഡന്റ് വഴങ്ങിയില്ല. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ സ്ഥാനവും തുലാസിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത ആര്‍ക്കും ഭരണകൂടത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന കര്‍ശന മുന്നറിയിപ്പാണ് പുറത്താക്കലുകൾ നല്‍കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. റോയിട്ടേഴ്‌സ് സർവേ പ്രകാരം 60ശതമാനം അമേരിക്കക്കാർ യുദ്ധത്തെ എതിര്‍ക്കുകയും 66 ശതമാനം ഉടന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായതായും പോൾ സൂചിപ്പിക്കുന്നുണ്ട്.
യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും യേശുവിനെ ഉപയോഗിക്കാൻ കഴിയില്ല
യുദ്ധം ചെയ്യുന്നവരുടെ പ്രാർഥനകൾ ദൈവം കേൾക്കുന്നില്ലെന്ന പോപ്പ് ലിയോ പതിനാലാമന്റെ പ്രഖ്യാപനം വലിയ പ്രതികരണമുണ്ടാക്കിയതാണ്. ട്രംപ് നിയമവിരുദ്ധമായ ആക്രമണങ്ങളും അധിനിവേശങ്ങളും ആരംഭിച്ചത് അമേരിക്കയുടെ ഏറ്റവും നല്ല താൽപ്പര്യങ്ങൾ പരിഗണിക്കാതെയാണ്, കാരണം ഇസ്രയേൽ അത് ആഗ്രഹിച്ചു. ഇപ്പോൾ പുരുഷ സൈനികരും വനിതാ പട്ടാളക്കാരും വിദേശത്ത് മരിക്കുന്നുവെന്നതിനാലാണ് പോപ്പ് ആ വിഷയത്തിൽ ധീരമായ ധാർമിക നേതൃത്വം വാഗ്ദാനം ചെയ്‌തത്. സഹോദരങ്ങളേ ഇതാണ് നമ്മുടെ ദൈവം: സമാധാനത്തിന്റെ രാജാവായ യേശു, യുദ്ധം നിരസിക്കുന്നവൻ, യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും അവനെ ഉപയോഗിക്കാൻ കഴിയില്ല. യുദ്ധം ചെയ്യുന്നവരുടെ പ്രാർഥനകൾ അവൻ കേൾക്കുന്നില്ല, മറിച്ച് അവയെ നിരസിക്കുന്നുവെന്നായിരുന്നു ഓശാന കുർബാനയിൽ ലിയോയുടെ വിശദീകരണം. യുദ്ധങ്ങളെ യേശുവിന്റെ നാമത്തിൽ വിശുദ്ധവും നീതിയുക്തവുമായ ശ്രമമായി ചിത്രീകരിക്കാനുള്ള പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിരന്തരമായ ശ്രമങ്ങളെ മറച്ചുവെക്കാത്ത വിധത്തിൽ തള്ളിക്കളയുന്നതായിരുന്നു പരാമർശങ്ങൾ. 2023 ഒക്ടോബർ ഏഴു മുതൽ നടന്നുകൊണ്ടിരിക്കുന്ന പലസ്‌തീൻ വംശഹത്യയിൽ കൊല്ലപ്പെട്ട ഓരോ കുട്ടിയുടെയും പേരും പ്രായവും അടങ്ങുന്ന 469 പേജുള്ള പട്ടിക ഉറക്കെ വായിച്ച് ബൊളോണയിൽ ഏഴ് മണിക്കൂർ നീണ്ട പ്രാർഥനാ ജാഗരണത്തിനാണ് കർദ്ദിനാൾ മാറ്റിയോ സുപ്പി നേതൃത്വം നൽകിയത്. സമാധാന ആഹ്വാനത്തിനായുള്ള വായന അനുസ്മരണ പ്രവർത്തനമായിരുന്നു. യുദ്ധത്തിന്റെ മനുഷ്യച്ചെലവും സാധാരണക്കാർക്ക് അനുരഞ്ജനവും സംരക്ഷണവും തേടേണ്ടതിന്റെ അടിയന്തിരതയും എടുത്തുകാണിച്ച വികാരഭരിതവും പ്രതീകാത്മകവുമായ പരിപാടിയിരുന്നു അത്. ഗാസ യുദ്ധവേളയിൽ ഐഡിഎഫ് വ്യാപകമായി വീടുകൾ പൊളിച്ചുമാറ്റിയ പ്രദേശങ്ങളെ പരാമർശിച്ച് ഇസ്രയേൽ അതിർത്തിക്കടുത്ത ലെബനൺ ഗ്രാമങ്ങളിലെ എല്ലാ വീടുകളും റഫയിലെയും ബെയ്റ്റ് ഹനൗനിലെയും പോലെ പൊളിച്ചുമാറ്റുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിക്കുകയുണ്ടായി. വടക്കൻ അതിർത്തിയോട് ചേർന്നുള്ള ഭീഷണി ശാശ്വതമായി ഇല്ലാതാക്കുകയാണത്രെ ലക്ഷ്യം. സുരക്ഷ ഉറപ്പാക്കുംവരെ ഒഴിപ്പിക്കപ്പെട്ട ആറു ലക്ഷത്തിലേറെ ലെബനൺകാരെ തെക്കൻ ഭാഗങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. സൈനികർ സുരക്ഷാ മേഖലയിൽ നിലയുറപ്പിക്കുന്നത് തുടരുമെന്നും പറഞ്ഞു.
യുദ്ധക്കൊതിയന്മാരും ദൈവവും പ്രാർഥനകളും
ഏറിവരുന്ന സമ്മർദ്ദങ്ങൾക്കിടയിൽ ആഭ്യന്തര തകർച്ച ഉണ്ടാവുമെന്ന് ഇസ്രയേലി സൈനിക മേധാവി ഇയാൽ സമീർ മുന്നറിയിപ്പ് നൽകിയത് നിസാരമല്ല. ചാനൽ 12 ന്റെ വാർത്തയനുസരിച്ച് മന്ത്രിസഭാ യോഗത്തിനിടെയായിരുന്നു അത്. ആഴത്തിലുള്ള മനുഷ്യശക്തി പ്രതിസന്ധിയും ഇറാനും ലെബനണും അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന സുരക്ഷാ ദൗത്യങ്ങളുടെ വ്യാപ്തി വർധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും സൂചിപ്പിച്ച ഇസ്രയേൽ ചീഫ് ഓഫ് സ്റ്റാഫ് കടുത്ത സൈനിക ക്ഷാമം നേരിടുന്നുണ്ടെന്നും പുതിയ നിർബന്ധിത നിയമത്തിന്റെ അഭാവമാണ് കാരണമെന്നും ഊന്നി. അടിയന്തര ഉത്തരവുകൾ പ്രകാരം റിസർവ് സേനയെ തുടർച്ചയായി ആശ്രയിക്കുന്നതും പ്രവർത്തനാവശ്യങ്ങൾ നിറവേറ്റുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. അതേ യോഗത്തിൽ സെൻട്രൽ കമാൻഡ് തലവൻ അവി ബ്ലൂത്ത് സങ്കീർണമായ ഫീൽഡ് റിയാലിറ്റി എന്നാണ് വിശേഷിപ്പിച്ചത്. ഒരു വർഷമായി വെസ്റ്റ് ബാങ്കിലെ സെറ്റിൽമെന്റുകളുടെ വികാസം – ഡസൻ കണക്കിന് ഔട്ട്‌പോസ്റ്റുകളിലും കാർഷിക സ്ഥലങ്ങളിലും ഉൾപ്പെടെ – കൂടുതൽ സൈനിക വിന്യാസങ്ങൾ ആവശ്യമായി വരുന്ന പുതിയ സുരക്ഷാ ആവശ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുകയും ചെയ്‌തു. ദേശീയവാദ അക്രമ സംഭവങ്ങളെന്ന് വിശേഷിപ്പിച്ച സംഭവങ്ങളുടെ വർധനവിനൊപ്പം സൈന്യത്തിന്റെ പ്രവർത്തന ശേഷിയെയും ശ്രദ്ധയെയും ഗണ്യമായി ഇല്ലാതാക്കുന്നുവെന്ന് ബ്ലൂത്ത് കൂട്ടിച്ചേർത്തു. മുൻ ചീഫ് ഓഫ് സ്റ്റാഫ് ഗാഡി ഐസെൻകോട്ടും അതിൽ പങ്കുചേർന്നു, സർക്കാരിനെ വിമർശിക്കുകയും നിലവിലെ മുന്നറിയിപ്പുകളെ വ്യക്തമായ പ്രതിസന്ധിയായി വിശേഷിപ്പിക്കുകയും ചെയ്തു. സൈനിക സന്നദ്ധത ഉറപ്പാക്കുന്നത് സുരക്ഷാപരവും ധാർമികവുമായ ആവശ്യകതയായി വിശേഷിപ്പിച്ച് സമഗ്രമായ നിർബന്ധിത സൈനിക നിയമനിർമാണ നിയമം പാസാക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യം വില്ലനാകുമ്പോൾ കടമകൾ എന്തൊക്കെ
സ്വന്തം രാജ്യം വില്ലനാകുമ്പോൾ നിങ്ങളുടെ കടമകൾ എന്തൊക്കെയാണെന്ന ആരോൺ റെഗൻബർഗിന്റെ ചോദ്യം കുറിക്കുകൊള്ളുന്നതാണ്. ട്രംപിന്റെ കീഴിൽ അമേരിക്ക ലോകത്ത് തിന്മയുടെ ശക്തിയായി മാറുന്നതിൽ സംശയമില്ലെങ്കിലും കുട്ടികളുടെ കൂട്ടക്കൊലകളിൽ സർക്കാർ അത്യാഹ്ലാദിക്കുന്നത് ധാർമികമായി അസഹനീയമാവുന്നു. ഇറാനിലെ മിനാബിലുള്ള ഷജാരെ തയ്യെബെ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയം നമ്മുടെ രാജ്യം നശിപ്പിച്ചത് നിങ്ങളും ഞാനും നൽകുന്ന നികുതി ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതും നിർമിച്ചതുമായ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ചാണ്. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുന്നവരെ കൊല്ലാൻ രൂപകൽപ്പനചെയ്ത തന്ത്രമായ ഡബിൾ-ടാപ്പ് സ്‌ട്രൈക്ക് നടത്തി 168 കുരുന്നുകളെ കൊന്നൊടുക്കി‐ ഭൂരിഭാഗവും ഏഴു മുതൽ 12 വയസ് വരെയമുള്ളവർ. ഇറാനെതിരായ നിഹിലിസ്റ്റിക് യുദ്ധം അമേരിക്ക വളരെ മോശമാണെന്ന് എന്നെ ചിന്തിപ്പിച്ച ആദ്യ ദുരന്തമല്ല. ജോർജ് ഡബ്ല്യു ബുഷ് ക്യോട്ടോ കാലാവസ്ഥാ ഉടമ്പടിയെ ഔദ്യോഗികമായി വധിച്ചപ്പോഴാണ് ഞാൻ ആദ്യമായി നമ്മുടെ സർക്കാരിനെ ശപിക്കുന്നത്. ഹൈസ്കൂളിൽ പുതുമുഖമായിരുന്നപ്പോൾ ഇറാഖി അധിനിവേശത്തിനെതിരെ മാർച്ച് നടത്തി. ലോക വേദിയിൽ അമേരിക്കയെ അപകടകാരിയായ നടനായി കണക്കാക്കുന്നത് ശീലമാണ്. എന്നിട്ടും ഞങ്ങൾ ഒരിക്കലും അങ്ങനെയായിരുന്നില്ല. എപ്പോഴും വീണ്ടെടുക്കാവുന്ന ഗുണങ്ങളുണ്ടായിരുന്നു. 2025ൽ ട്രംപ് ഭരണകൂടം ജീവൻ രക്ഷിക്കുന്ന അന്താരാഷ്ട്ര സഹായ പദ്ധതികൾ അവസാനിപ്പിക്കുക, പണപ്പെരുപ്പ കുറയ്ക്കൽ നിയമത്തിന്റെ കാലാവസ്ഥാ നിക്ഷേപങ്ങളെ പിൻവലിക്കുക, ജനാധിപത്യ തത്വങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള അവശേഷിക്കുന്ന പ്രതിബദ്ധതകൾ കാറ്റിൽ പറത്തുക തുടങ്ങിയ തീരുമാനങ്ങളെടുത്തു. തീർച്ചയായും, നമ്മൾ തെറ്റായ തുല്യതകൾ ഉണ്ടാക്കരുത്. ഇറാനിൽ ഇപ്പോൾ സംഭവിക്കുന്നത് ഗാസയിലേതുപോലെ അത്രയും ഭയാനകമല്ല, അല്ലെങ്കിൽ കുറഞ്ഞത് ഇതുവരെ സംഭവിച്ചിട്ടില്ല. ഈ മ്ലേച്ഛതകളൊന്നും അളവനുസരിച്ച്, ഹോളോകോസ്റ്റിന്റെ ദുരന്തത്തോട് അടുത്തുപോലും എത്തിയിട്ടില്ല. എന്നാൽ നമ്മുടെ സർക്കാർ ഇന്ന് സങ്കൽപ്പിക്കുന്ന പേടിസ്വപ്നങ്ങളുടെ കാലിഡോസ്കോപ്പ് – യുണൈറ്റഡ് സ്റ്റേറ്റ്സിനെ പഴയകാല ദുഷ്ടതകളാൽ നിറഞ്ഞതാക്കാൻ പര്യാപ്തമാണ്. മരിച്ചവരെ ശ്മശാനത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരെ നാം കാണുന്നു; എന്നാൽ കഷ്ടപ്പെടുന്നവരെ കാണുന്നില്ല, കേൾക്കുന്നില്ല, ജീവിതത്തിന്റെ ഭീകരതകൾ തിരശ്ശീലയ്ക്ക് പിന്നിൽ എവിടെയോ പോകുന്നു. എല്ലാം ശാന്ത മാണ്, നിശബ്ദമായ സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ് പ്രതിഷേധിക്കുന്നത്: ഇത്രയധികം ആളുകൾ ഭ്രാന്തരായി, എത്ര ഗാലൺ വോഡ്ക കുടിച്ചു, പോഷകാഹാരക്കുറവ് കാരണം മരിച്ച നിരവധി കുട്ടികൾ. അത്തരമൊരു അവസ്ഥ അനിവാര്യമാണ്; വ്യക്തമായും സന്തോഷവാനായ മനുഷ്യൻ സ്വസ്ഥനായിരിക്കുക അസന്തുഷ്ടർ അവരുടെ ഭാരം നിശബ്ദമായി വഹിക്കുന്നതുകൊണ്ടാണ്, ഈ നിശബ്ദത ഇല്ലായിരുന്നുവെങ്കിൽ സന്തോഷം അസാധ്യമായിരിക്കും. നന്മയ്ക്കുവേണ്ടിയുള്ള ശക്തിയായിരിക്കുക, ഇരുട്ടിൽ കുറച്ച് വെളിച്ചം സൃഷ്ടിക്കുക എന്നതാവണം നാം ഓരോരുത്തരുടെയും ലക്ഷ്യം. ഫെബ്രുവരി 28 ന് മുമ്പ് ട്രംപിന്റെ റേറ്റിങ് കുത്തനെ ഇടിയാനുള്ള കാരണങ്ങൾ വളരെ വ്യക്തമായിരുന്നു: വില പ്രതിസന്ധിയിൽ കോടിക്കണക്കിന് ഡോളറിന്റെ നിയന്ത്രണമില്ലാത്ത അഴിമതിയും വ്യക്തിസമ്പാദ്യവും, സ്വന്തം ധാർമികതമാത്രം അടിസ്ഥാനമാക്കിയുള്ള വിദേശനയം, അമേരിക്കൻ തെരുവുകളിൽ അധിനിവേശം, തടങ്കൽ, നാടുകടത്തൽ എന്നിവയുടെ കൊലപാതക പ്രചാരണം. ഇറാനെതിരായ അപ്രഖ്യാപിതവും അംഗീകൃതമല്ലാത്തതും ജനപ്രീതിയില്ലാത്തതും ഭരണഘടനാവിരുദ്ധവുമായ യുദ്ധം ഇപ്പോൾ മേഖലയിലും യൂറോപ്പിലും കാട്ടുതീ പോലെ പടർന്നിരിക്കുന്നു. പുതിയ ശാശ്വത യുദ്ധം – അമേരിക്കൻ സൈനികർ ഭൂമിയിൽ രംഗത്തിറങ്ങാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണ്; – നമ്മുടെ മേലും വന്നേക്കാം. പലതവണ കണ്ടതുപോലെ ഭരണകൂടം നുണകളും തെറ്റായ ദിശാബോധവും ഉപയോഗിച്ച് സ്വദേശത്തും വിദേശത്തും അധികാര ദുർവിനിയോഗം ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇറാനെതിരായ ആക്രമണങ്ങൾക്ക് ട്രംപ്, മാർക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത്ത് എന്നിവർ പരസ്പരവിരുദ്ധവുമായ ന്യായീകരണങ്ങൾ നൽകുന്നതുപോലെ. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾ വോട്ടർ പട്ടികയിലുള്ള പൗരന്മാരല്ലാത്തവരിൽ നിന്ന് ഭീഷണിയിലാണെന്ന നുണയും പ്രചരിപ്പിക്കുന്നു. അവ നിയന്ത്രിക്കപ്പെടാതെ വരുമ്പോൾ കൂടുതൽ സ്വേച്ഛാധിപത്യപരമായ കടന്നുകയറ്റത്തിനും യുദ്ധത്തിനും അടിസ്ഥാനമായി മാറുന്നു. ഈ ഇരുണ്ട കാലത്ത് റിപ്പബ്ലിക്കിനെയും ലോകമെമ്പാടുമുള്ള സാധാരണക്കാരെയും ഭീഷണിപ്പെടുത്തുന്ന അസത്യങ്ങൾ തുറന്നുകാട്ടാനും സത്യത്തിലേക്ക് തിളക്കമുള്ള വെളിച്ചം വീശാനും സ്വതന്ത്ര പത്രപ്രവർത്തനത്തിന് അതുല്യമായ കഴിവുണ്ടെന്നും ആരോൺ റെഗൻബർഗ് പ്രത്യാശിച്ചു.
പൊതുവേദിയിൽ മാക്രോണിന്റെ കുടുംബത്തെ വലിപ്പിഴച്ച ട്രംപ്
യുദ്ധഭ്രാന്തിനൊപ്പം മാനസിക പിരിമുറുക്കവും പിടികൂടിയ ട്രംപിന്റെ വായ്‌ത്താരികൾ എല്ലാ അതിരുകളും ലംഘിക്കുകയാണ്. വാഷിങ്‌ണിലെ സ്വകാര്യ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും പ്രഥമ വനിത ബ്രിജിറ്റ് മേരി-ക്ലോഡ് മാക്രോണിനെയും അദ്ദേഹം പരിഹസിച്ചത് നിലവാരമില്ലാത്ത തരത്തിലാണ്. ഇറാനെതിരായ നടപടികളില്‍ നാറ്റോ സഖ്യകക്ഷികള്‍ കൈകോർക്കാത്തതിനെ വിമര്‍ശിക്കുന്നതിടെയാണ് വിവാദ പരാമർശം. ഭർത്താവിന്റെ ശൈലിയിൽ ഭാര്യ മാക്രോണിനോട് ഏറെ മോശമായാണ് പെരുമാറുന്നതെന്ന് വിരുന്നിനെത്തിയവരോട് ട്രംപ് തട്ടിവിട്ടു. കുടുംബ വൃത്തത്തെ പൊതുമണ്ഡലത്തിലേക്ക് വലിച്ചിഴച്ച യുഎസ് പ്രസിഡന്റിനെ കടന്നാക്രമിച്ച ഫ്രഞ്ച് നേതാവ് പരാമര്‍ശങ്ങള്‍ മാന്യതയില്ലാത്തതും മറുപടി അര്‍ഹിക്കാത്തതാണെന്നും വ്യക്തമാക്കി. സംഭവത്തില്‍ ഫ്രാന്‍സിലെ ഉന്നത രാഷ്ട്രീയ തലങ്ങളില്‍ വൻ പ്രതിഷേധമാണ് ജ്വലിച്ചത്. ലോകം വൻ യുദ്ധഭീതിയില്‍ ഉഴലുമ്പോള്‍ ഗൗരവ സംവാദങ്ങള്‍ക്ക് പകരം വ്യക്തി പരിഹാസങ്ങളില്‍ മുഴുകുന്നത് ഏതൊരു രാഷ്ട്രത്തലവനും യോജിച്ചതല്ലെന്നാണ് പാർലമെന്റ് സ്പീക്കര്‍ യായല്‍ ബ്രൗണ്‍-പിവെറ്റിന്റെ കടന്നാക്രമണം.







No Comments yet!