Skip to main content

സത്യത്തിന്‌ തുക്കുകയർ; മാധ്യമപ്രവർത്തകർക്കും

Faces of tragedy: the journalists killed in the Israel-Gaza war - WAN-IFRA
The Journalists killed in the Israel-Gaza war

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ. വി.യുടെ തിങ്കൾ പംക്തി തുടരുന്നു…

നുറുങ്ങുകൾ‐ 10

അമേരിക്കൻ സിനിമാ‐ സാംസ്കാരിക പ്രതീകമായി കണക്കാക്കപ്പെടുന്ന നടൻ ഹാരിസൺ ഫോർഡ് ഏഴ് ദശാബ്ദങ്ങളായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട്‌ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്‌. എഎഫ്‌ഐ ലൈഫ് അച്ചീവ്മെന്റ് അവാർഡ്, സെസിൽ ബി ഡെമിൽ പുരസ്‌കാരം, ഓണററി സീസർ, ഓണററി പാം ഡി’ഓർ, സഗാഫ്‌ട്രാ ലൈഫ് അച്ചീവ്മെന്റ് അംഗീകാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2024 ൽ ഡിസ്നി ലെജന്റായി ആദരിച്ചു. അഭിനയ ജീവിതത്തിനപ്പുറം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജനാധിപത്യ ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുന്ന ലിബറലുമാണ്‌. 1991 മുതൽ കൺസർവേഷൻ ഇന്റർനാഷണലിന്റെ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ച ഫോർഡ് ഭൂമിക്ക് ഭീഷണിയാകുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചുവന്നു. ഗണ്യമായ സമയം ആ സംഘടനയ്‌ക്കായി മാറ്റിവെച്ച്‌ വൻ തുകയും 400 ഏക്കർ ഭൂമിയും സംഭാവന നൽകി. കാലാവസ്ഥാ പ്രശ്‌നങ്ങൾക്ക് പരിഹാരം പ്രകൃതിയാണെന്ന് പലപ്പോഴും ഊന്നിപ്പറയുകയും വനനശീകരണവും ജൈവവൈവിധ്യ നഷ്ടവും സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

Indiana Jones and the Dial of Destiny: Harrison Ford in "The World," a belated recognition
Harrison Ford

2025-ൽ ഡൊണാൾഡ് ട്രംപിന്റെ പരിസ്ഥിതി നയങ്ങളെ രൂക്ഷമായി കടന്നാക്രമിക്കുകയുണ്ടായി. കാലാവസ്ഥാ പ്രതിസന്ധിയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും മനഃപൂർവമായ തന്ത്രത്തിന്റെയും വ്യക്തമായ പ്രകടനമാണെന്നാണ്‌ വിശേഷിപ്പിച്ചതും. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പിന്തുണച്ച്‌ വോട്ടർമാരെ വേറിട്ട്‌ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും യുഎസിലെ രാഷ്ട്രീയ ധ്രുവീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടുകയുമുണ്ടായി. വരുമാന വിടവ് ഏറുന്നത്‌ തുറന്നുകാട്ടി സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. അത് അത്ര ശരിയല്ലെന്ന് 2025 ൽ അഭിപ്രായപ്പെട്ടു. ട്രംപിനെ ഇംപീച്ച് ചെയ്ത് ഇടക്കാല തെരഞ്ഞെടുപ്പിലൂടെ പുറത്താക്കണം. ചരിത്രത്തിൽ ഇതേക്കാൾ വലിയ കുറ്റവാളിയെ എനിക്ക്‌ പരിചയമില്ല. അയാൾക്ക് നയങ്ങളില്ല, ചില ആഗ്രഹങ്ങളേയുള്ളൂവെന്നാണ്‌ സമീപ നാളുകളിൽ വെട്ടിത്തുറന്ന്‌ പറഞ്ഞത്‌.

അറബ് രാഷ്ട്രങ്ങളെ വഞ്ചിച്ച നെതന്യാഹു

രണ്ടര പതിറ്റാണ്ടിലേറെയായി ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലെ സമാധാന ചർച്ചകളിൽ നേരിട്ട് പങ്കാളിയായ മധ്യപൂർവദേശ രാഷ്ട്രീയ കാര്യങ്ങളിലെ അമേരിക്കൻ വിദഗ്ദ്ധനും വേൾഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ മിഡിൽ ഈസ്റ്റ് പ്രോജക്ട് ഡയരക്ടറും ന്യൂയോർക്ക് സർവകലാശാലാ സെന്റർ ഫോർ ഗ്ലോബൽ അഫയേഴ്‌സ്‌ സീനിയർ ഫെലോയുമാണ്‌ അലോൺ ബെൻ- മെയർ. പലസ്തീനികളെ അതിക്രൂരമായി കൈകാര്യം ചെയ്‌ത്‌ വധിച്ചതിന്റെ പേരിൽ ലോകമാകെയുള്ള ജൂത സമൂഹങ്ങളെ ജൂതവിരുദ്ധതയുടെ ഉയർച്ചയ്ക്ക് വിധേയമാക്കി ബെഞ്ചമിൻ നെതന്യാഹു വഞ്ചിച്ചു. ലോകമെമ്പാടുമുള്ള ഇസ്രയേലിന്റെ സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും കബളിപ്പിക്കുകയുമാണ്‌. പലസ്തീനുമായുള്ള സംഘർഷം അവസാനിപ്പിച്ച്‌ മേഖലയിൽ നവോത്ഥാനമുണ്ടാക്കുമെന്ന മുൻകരുതലിൽ സമാധാനം സ്ഥാപിച്ച അറബ് രാഷ്ട്രങ്ങളെ പറ്റിക്കുകയായിരുന്നു.

With Critical Decisions Ahead, Netanyahu Faces Mounting Pressure - The New  York Times
Netanyahu

പകരം പ്രക്ഷുബ്ധതയിലേക്കും അസ്ഥിരതയിലേക്കും തള്ളിവിട്ടു. അത് ഇതര അറബ് രാഷ്ട്രങ്ങളുമായുള്ള സാധാരണ ബന്ധം അസാധ്യമാക്കി. സഹസ്രാബ്ദങ്ങളായി പ്രവാസികളിലുടനീളം ജൂതന്മാരെ നിലനിർത്തിയ മൂല്യങ്ങൾ അനാഥമാക്കുകയും ചെയ്‌തു. ഇസ്രയേൽ കെട്ടിപ്പടുത്ത ധാർമിക അടിത്തറ നശിപ്പിച്ചു, ശത്രുക്കളാൽ ശപിക്കപ്പെട്ടതും സുഹൃത്തുക്കളെ വളരെയധികം നിരാശപ്പെടുത്തുന്നതുമായ രാഷ്ട്രമാക്കി മാറ്റിയെന്നാണ്‌ അലോൺ ബെൻ- മെയർ നിരീക്ഷിച്ചത്‌.

ചോരക്കൊതിയന്മാരും യുദ്ധദാഹികളുമായ രണ്ട്‌ അന്താരാഷ്ട്ര ഭീകരരായ ട്രംപും നെതന്യാഹുവും ആദ്യം തുടച്ചുനീക്കുക സത്യമാണ്‌. ഇറാനെതിരായ അകാരണമായ അധിനിവേശത്തിനിടെ സൈനിക ചരിത്രകാരൻ ഗൈ വാൾട്ടേഴ്‌സ് മുന്നറിയിപ്പ് നൽകിയത്‌, ഏറിവരുന്ന പ്രാദേശിക സംഘർഷങ്ങൾ ഒന്നാം ലോയുദ്ധത്തിലെ താറുമാറായ പാതയോട് സാമ്യമുള്ളതാണ്‌‐ കർക്കശമായ സഖ്യങ്ങൾ നയതന്ത്ര പ്രതിരോധത്തിന്റെ പരാജയം എന്നിവയാൽ നയിക്കപ്പെടുന്നവ. 1914 ന് സമാനമായി മരിക്കുന്ന സാമ്രാജ്യങ്ങൾ അല്ലെങ്കിൽ സ്വാധീനം നിലനിർത്താൻ ആക്രമണാത്മകമായി പ്രവർത്തിക്കുന്ന പ്രധാന ശക്തികൾ, അസ്ഥിരവും പരസ്പരബന്ധിതവും നിയന്ത്രിക്കാൻ പ്രയാസമേറിയതുമായ ആഗോള സാഹചര്യം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെ. ബഹുധ്രുവത്വം, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ഫലപ്രാപ്തി, ആഗോള സ്ഥിരത രൂപപ്പെടുത്തുന്നതിൽ പ്രധാന ശക്തികളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഈ സംഭവവികാസങ്ങൾ കൂടുതൽ ശക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ, സ്ഥാപനങ്ങൾ, അധികാര ഘടനകൾ എന്നിവ കൂടുതൽ സങ്കീർണവും മത്സരാധിഷ്ഠിതവുമായ ലോകക്രമവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള വിശാല സംവാദങ്ങൾക്ക്‌ തുടക്കം കുറിച്ചിരിക്കുകയുമാണെന്നാണ്‌.

ഇസ്രയേലിന്‌ 15.1 8 കോടി ഡോളറിന്റെ പുതിയ അമേരിക്കൻ ആയുധങ്ങൾ

ഇസ്രയേലിന് 15.1 8 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ യുഎസ് കോൺഗ്രസ്‌ ചർച്ചയോ അവലോകനമോ ഇല്ലാതെ അംഗീകാരം നൽകിയത്‌ കാര്യങ്ങളുടെ ദിശ വ്യക്തമാക്കുന്നു. ഇറാനെ ആക്രമിക്കുന്നത് തുടരുന്നതിനാൽ കോൺഗ്രസ് അവലോകന ആവശ്യകതകൾ ഒഴിവാക്കുന്നതിന് അടിയന്തര അധികാരം അഭ്യർഥിച്ചാണ്‌ ട്രംപ് ഭരണകൂടം ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകിയതെന്നാണ്‌ അനഡോലു റിപ്പോർട്ട്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് പൊളിറ്റിക്കൽ- മിലിട്ടറി അഫയേഴ്‌സിന്റെ പ്രസ്താവന പ്രകാരം നിർദ്ദിഷ്ട വിൽപ്പനയിൽ ജനറൽ പർപ്പസ്, ബോംബ് ബോഡികൾ, എൻജിനീയറിങ്‌, ലോജിസ്റ്റിക്സ്, സാങ്കേതിക പിന്തുണാ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Donald Trump - Wikipedia
Donald Trump

ഇസ്രയേൽ ഗവൺമെന്റിന് ഉടനടി വിൽക്കേണ്ട അടിയന്തരാവസ്ഥ നിലവിലുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി നിർണയിക്കുകയും വിശദമായ ന്യായീകരണം നൽകുകയും ചെയ്തിട്ടുണ്ട്. ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷൻ 36(ബി) അനുസരിച്ചുള്ള കോൺഗ്രസ് അവലോകന ആവശ്യകതകൾ ഒഴിവാക്കിക്കൊണ്ടാണതെന്നതാ്‌ ഏറെ ഗൗവരതരം. നിർദ്ദിഷ്ട വിൽപ്പനയുടെ പ്രധാന കരാറുകാരൻ ടെക്സസിലെ ഗാർലൻഡിൽ ആസ്ഥാനമായുള്ള റെപ്കോൺ യുഎസ്എ ആയിരിക്കും. ഗാസയിലെ ഇസ്രയേൽ വംശഹത്യയ്ക്കിടെ ആയുധ കൈമാറ്റങ്ങളെക്കുറിച്ചുള്ള വിമർശനം കോൺഗ്രസിൽ ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം. 2025 ജൂലൈയിൽ സിവിലിയൻ മരണങ്ങളെയും ഗാസയിലെ മാനുഷിക പ്രതിസന്ധിയെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ഇസ്രയേലിലേക്കുള്ള ചില ആയുധ വിൽപ്പന തടയുന്നതിനുള്ള പ്രമേയത്തെ 27 ഡെമോക്രാറ്റിക് സെനറ്റർമാർ അനുകൂലിച്ചു, പക്ഷേ അത്‌ ഒടുവിൽ പരാജയപ്പെട്ടു.

രാഷ്ട്രീയത്തിൽ ഒരാഴ്ച വളരെക്കാലം

രാഷ്ട്രീയത്തിൽ ഒരാഴ്ച വളരെക്കാലമാണെന്ന രണ്ടു തവണ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ഹരോൾഡ് വിൽസന്റെ നിരീക്ഷണം ലോകത്തിലെ ഏറ്റവും ശക്തവും ദുഷ്ടവുമായ സൈനിക യന്ത്രം പശ്ചിമേഷ്യയിൽ വരുത്തുന്ന ടെക്റ്റോണിക് നാശത്തെ ചിത്രീകരിക്കാൻ ഫലപ്രദമാണ്‌. നവ-കൊളോണിയലിസത്തിന്റെയും സയണിസത്തിന്റെയും സംയുക്തം എഫ്- 15 ജെറ്റുകൾ പായിച്ച്‌ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വത്തെ ഇല്ലാതാക്കി. അതടക്കം കൊലപാതകങ്ങളെ കുറിച്ച് മാധ്യമങ്ങൾ മനസിലായില്ലെന്ന്‌ നടിച്ചു. ശ്രദ്ധ തിരിക്കുന്നതിനുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായി ഖമേനി ജനങ്ങളെ അഭിസംബോധന ചെയ്യാൻ പോകുന്നതിനെക്കുറിച്ച് നോട്ടീസുകൾ പോലും പുറപ്പെടുവിക്കുകയുമുണ്ടായി. മാധ്യമങ്ങളിലൂടെ നുണകൾ, വളച്ചൊടിക്കൽ, പ്രചാരണം.

Harold Wilson - Wikipedia
Harold Wilson

പലസ്തീനെയും മധ്യപൂർവ ദേശത്തെയും സംബന്ധിച്ച മുഖ്യധാരാ അമേരിക്കൻ മാധ്യമങ്ങളുടെ പക്ഷപാതത്തിന്‌ ഏറെക്കാലമായി സാക്ഷിയായ പലരും ഇറാനെതിരായ യുഎസ്-‐ഇസ്രയേൽ യുദ്ധ റിപ്പോർടിങ്‌ കണ്ട് അമ്പരക്കുന്നു. അവ വലിയ വാർത്തകൾ കാണുന്നില്ല, വസ്തുതകൾ വളച്ചൊടിക്കുന്നു, ചരിത്രം അവഗണിക്കുകയുമാണ്‌. – ഭയാനകമായ സത്യങ്ങൾ മറയ്ക്കാൻ അത്ഭുതകരമായ ഓർവെല്ലിയൻ ഭാഷയിൽ യൂഫെമിസം ഉപയോഗിക്കുന്നു. ആദ്യ ദിവസം മിനാബിലെ വ്യോമാക്രമണം 200 പേരെ വധിച്ചു; ഭൂരിഭാഗവും സ്കൂൾ വിദ്യാർഥിനികൾ. പക്ഷേ ധാരാളം ദൃശ്യ തെളിവുകൾ ലഭ്യമായിരുന്നിട്ടും പുരോഗമനപരമെന്ന് കരുതപ്പെടുന്ന എംഎസ് നൗ ഉൾപ്പെടെയുള്ള യുഎസ് കേബിൾ വാർത്താ ശൃംഖലകളിലെ മുഴുവൻ കവറേജിലും ക്രൂരതയെക്കുറിച്ച് ഒന്നും കാണാൻ കഴിഞ്ഞില്ല. – ന്യൂയോർക്ക് ടൈംസ് ചെറിയ റിപ്പോർട്‌ പേജ് 11-ൽ ഒതുക്കി. കൊച്ചു വിദ്യാർഥിനികളെ കൊന്നത് അമേരിക്കൻ വ്യോമസേനയാണോ ഇസ്രായേലി വ്യോമസേനയാണോ എന്ന് അറിയില്ലെന്ന നിലയിലായി അത്‌. – അന്വേഷണത്തിന്റെ വിശ്വസനീയമായ നേർത്ത ഭാവം പോലും ഉണ്ടായില്ല. മുഖ്യധാരാ മാധ്യമങ്ങൾ ചരിത്രരേഖയെ അവഗണിക്കുകയോ വളച്ചൊടിക്കുകയോയാണ്, പ്രത്യേകിച്ച് ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ളവ. 2015 ൽ ഇറാനും ഒബാമ ഭരണകൂടവും നാഴികക്കല്ലായ ആണവ കരാറിൽ ഒപ്പുവച്ചു, അത് ടെഹ്‌റാനെ ആയുധ-ഗ്രേഡ് മെറ്റീരിയൽ സമ്പുഷ്ടമാക്കുന്നതിൽനിന്ന് തടഞ്ഞു. സ്വതന്ത്ര പരിശോധനകൾ ഏർപ്പെടുത്തി. ഇറാൻ കരാർ മാനിച്ചു. ട്രംപ് ആദ്യ ടേമിൽ അത് കീറിക്കളഞ്ഞു. ആ പശ്ചാത്തലം ഒരിക്കലും കാണില്ല. യുഎസ് ആക്രമണത്തിന് പ്രേരിപ്പിച്ചത് ഇസ്രയേലാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തുറന്നു പറഞ്ഞു. പെട്ടെന്ന് മുഖ്യധാരാ വ്യാഖ്യാതാക്കൾക്ക് – ഇസ്രയേലി ഉത്തരവാദിത്തത്തെക്കുറിച്ച് അറിയാമായിരുന്ന സത്യം പറയാൻ സ്വാതന്ത്ര്യം തോന്നി. ന്യൂയോർക്ക് ടൈംസിലെ നയതന്ത്ര ലേഖകൻ എഡ്വേർഡ് വോങ് ട്വീറ്റ് ചെയ്‌തത്‌, ‘ഇസ്രയേൽ കാരണമാണ് ട്രംപ് ഇറാനെതിരെ യുദ്ധം ചെയ്യുന്നത്‌. – റൂബിയോ ഇപ്പോൾ പരസ്യമായി പറഞ്ഞ ന്യായീകരണം’ എന്നാണ്‌. അടുത്ത ദിവസം തന്റെ മുൻ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് റൂബിയോ വാദിച്ചത്‌ മുഖ്യധാര ഏറ്റുപാടി. തലേദിവസം താൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ കള്ളം പറയുകയാണെന്ന് പ്രസ്താവിച്ചില്ല. തീർച്ചയായും മാധ്യമങ്ങൾ കഠിന വസ്തുതകൾ അവഗണിച്ചു, – പ്രത്യേകിച്ച് നെതന്യാഹു ദശാബ്ദങ്ങളായി ഇറാനെ ആക്രമിക്കാൻ യുഎസിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നുവെന്നതടക്കം. മുഖ്യധാരാ മാധ്യമങ്ങൾ തങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർടിങ്ങിനെ ഓർവെല്ലിയൻ ഭാഷയിൽ കൂട്ടിച്ചേർക്കുന്നു. അത് ഉപദ്രവകരങ്ങളായ സത്യങ്ങളെ കൂടുതൽ മറച്ചുവെക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

 

 

അധാർമികമായ മണ്ടത്തരം

യുദ്ധം ലെബനനിലേക്കും ഇറാഖിലേക്കും മറ്റിടങ്ങളിലേക്കും പടർന്നപ്പോൾ മാധ്യമങ്ങൾ മേഖലയിലെ ചില സായുധ ഗ്രൂപ്പുകളെ ഇറാനിയൻ പ്രതിനിധികളെന്ന് വിളിക്കുന്നത് തുടർന്നു. അവർ ടെഹ്‌റാന്റെ കളിപ്പാവകളാണെന്ന് സൂചിപ്പിച്ചു. മേഖലയിലെ എല്ലാ അക്രമങ്ങൾക്കും ഇറാനിയൻ ഭരണകൂടത്തെ ഉത്തരവാദികളാക്കുന്നതിലൂടെ പൈശാചികമായി ചിത്രീകരിക്കുക എളുപ്പമാണ്. ട്രംപിന്റെ യുദ്ധം അധാർമികമായ മണ്ടത്തരമാണെന്ന് സമ്മതിക്കാനും അതനുസരിച്ച് റിപ്പോർട്ട് ചെയ്യാനും അഭിപ്രായം പറയാനും അവയ്‌ക്ക്‌ താൽപ്പര്യമേയില്ല. ഇറാനുമായി യുദ്ധംചെയ്യാൻ അമേരിക്ക തീരുമാനിച്ചതിന്റെ കാരണവും ഇസ്രയേലുമായി സംയുക്ത യുദ്ധം ആരംഭിക്കുംമുമ്പ് ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടായേക്കാവുന്ന അപകടസാധ്യതകളും പരിഗണിച്ചിരുന്നോയെന്ന്‌ ട്രംപ് വിശദീകരിക്കണമെന്ന് ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, കാർ ലീസിങ്‌, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, പ്രസിദ്ധീകരണ മേഖലകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന അൽ ഹബ്തൂർ ഗ്രൂപ്പിന്റെ എമിറാത്തി സ്ഥാപകനും ചെയർമാനും പ്രമുഖ യുഎഇ വ്യവസായി ഖലഫ് അഹമ്മദ് അൽ ഹബ്തൂർ എക്‌സിൽ എഴുതിയ തുറന്ന കത്തിൽ ചോദ്യമുയർത്തി. തങ്ങളുടെ പ്രദേശത്തെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അപകടകരമായ തീരുമാനം. കാഞ്ചി വലിക്കുംമുമ്പ് നാശനഷ്ടങ്ങൾ കണക്കാക്കിയിരുന്നോ. അത്‌ ആദ്യം അനുഭവിക്കേണ്ടിവരുന്നത് മേഖലയിലെ രാജ്യങ്ങളാണെന്ന് കരുതിയോ. ജനങ്ങൾക്ക് ചോദിക്കാനുള്ള അവകാശവുമുണ്ട്: അത് നിങ്ങളുടെ സ്വന്തം തീരുമാനമായിരുന്നോ. അതോ നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും സമ്മർദ്ദ ഫലമാണോ. ജിസിസി ( ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളെ അവർ തെരഞ്ഞെടുക്കാത്ത അപകടത്തിന്റെ ഹൃദയത്തിൽ നിർത്തുകയാണോ എന്നിങ്ങനെ നീണ്ടു ചോദ്യങ്ങൾ. ഞങ്ങൾ ശക്തരും സ്വയം പ്രതിരോധിക്കാൻ കഴിവുള്ളവരുമാണ്, മാതൃരാജ്യത്തെ സംരക്ഷിക്കുന്ന സൈന്യങ്ങളും പ്രതിരോധങ്ങളും ഞങ്ങൾക്കുണ്ട്, പക്ഷേ പ്രശ്‌നം അവശേഷിക്കുന്നു: ഞങ്ങളുടെ പ്രദേശത്തെ യുദ്ധക്കളമാക്കി മാറ്റാൻ ആരാണ് അനുമതി നൽകിയത്? ഹബ്തൂറിന്റെ കത്ത്‌ യുഎഇയിൽ അപൂർവമായ പൊതു പ്രതിഷേധത്തിന്റെ പ്രകടനമാണ്‌. യുദ്ധത്തിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്ന മേഖലയിൽ വളർന്നുവരുന്ന അസ്വസ്ഥതയെ പ്രതിഫലിപ്പിക്കുന്നു. യുദ്ധങ്ങളിൽ ഏർപ്പെടില്ലെന്നും അമേരിക്കയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതിനെ മുൻഗണനകളിൽ ഒന്നാമതായി എത്തിക്കുമെന്നുമുള്ള നിങ്ങളുടെ വാഗ്ദാനങ്ങൾ പോലും ലംഘിച്ചു, രണ്ടാം ഭരണകാലത്ത് സൊമാലിയ, ഇറാഖ്, യെമൻ, നൈജീരിയ, സിറിയ, ഇറാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങൾ ഉൾപ്പെട്ട വിദേശ സൈനിക ഇടപെടലുകൾക്ക് ഉത്തരവിട്ടു; കരീബിയൻ, കിഴക്കൻ പസഫിക് സമുദ്രം എന്നിവിടങ്ങളിലെ നാവിക പ്രവർത്തനങ്ങൾക്ക് പുറമേ. അധികാരത്തിലെത്തിയ ആദ്യ വർഷത്തിൽ 658- വിദേശ വ്യോമാക്രമണങ്ങൾ നടത്തി, അത് ബൈഡന്റെ മുഴുവൻ കാലാവധിയിലെയും ആകെ ആക്രമണങ്ങൾക്ക് തുല്യം. മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അമേരിക്കക്കാർക്കിടയിൽ വർധിച്ചുവരുന്നു. അത് ജീവൻ, സമ്പദ്‌വ്യവസ്ഥ, ഭാവി എന്നിവയെ അനാവശ്യമായി അപകടത്തിലാക്കും. യുദ്ധകാലത്തെ തീരുമാനങ്ങളിലൂടെയല്ല മറിച്ച് ജ്ഞാനത്തിലൂടെയും മറ്റുള്ളവരോടുള്ള ബഹുമാനത്തിലൂടെയും സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളിലൂടെയുമാണ് യഥാർഥ നേതൃത്വത്തെ അളക്കുന്നത്. സമാധാനത്തിന്റെ പേരിലാണ് ഈ സംരംഭങ്ങൾ ആരംഭിച്ചതെങ്കിൽ ഇന്ന് നമുക്ക് പൂർണ സുതാര്യതയും വ്യക്തമായ ഉത്തരവാദിത്തവും ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും ഹബ്തൂർ ചൂണ്ടിക്കാട്ടി.

275 മാധ്യമപ്രവർത്തകരെ വധിച്ച ഇസ്രയേൽ

കോസ്റ്റ്സ് ഓഫ് വാർ പ്രോജക്ടിന്റെ കണക്കനുസരിച്ച് ഗാസ അധിനിവേശമാണ് ചരിത്രത്തിൽ മാധ്യമപ്രവർത്തകർക്ക് ഏറ്റവും മാരകമായ സംഘർഷം. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ പ്രകാരം 2023 ഒക്ടോബർ ഏഴിന്‌ ശേഷം ഇസ്രയേൽ വധിച്ച പലസ്തീൻ പത്രപ്രവർത്തകരുടെ എണ്ണം 275 ആയിരുന്നു. വിലകുറഞ്ഞ മരണം താൻ നിരസിക്കുന്നുവെന്നായിരുന്നു ഇസ്രയേൽ കൊലപ്പെടുത്തുംമുമ്പ്‌ പലസ്തീൻ എഴുത്തുകാരനും കവിയും പത്രപ്രവർത്തകനുമായ മുഹമ്മദ് ഹിജാസി പ്രഖ്യാപിച്ചിരുന്നത്‌. ഇനി ഞാൻ നിങ്ങൾക്ക് എഴുതുമോയെന്ന് അറിയില്ല. ഞാൻ എഴുതിയതും എഴുതുന്നതും സൂക്ഷിക്കുന്നു. ഒരുപക്ഷേ അത് ഒരു ദിവസം വെളിച്ചത്തു വന്നേക്കാം. കൊലപാതകിയെ ഞാൻ ശപിക്കുന്നുവെന്നും ഫേസ്ബുക്കിൽ എഴുതുകയുണ്ടായി. ഒടുവിൽ എത്തിച്ചേർന്ന അടിത്തട്ടിൽ, ക്ഷമയും പ്രാർഥനയും കൊണ്ട് നമ്മെത്തന്നെ ആയുധമാക്കി, തകർന്ന ഹൃദയത്തോടും നശിച്ച കണ്ണുകളോടും ഉയർന്നു നിൽക്കുന്ന ശിരസോടും അവസാനം വരെ പോരാടുന്ന മനസോടും വരാനിരിക്കുന്ന കാര്യങ്ങൾക്ക്‌ കാത്തിരിക്കുമ്പോൾ നമ്മൾ ജീവിച്ച ദിവസങ്ങളെ ചരിത്ര നേട്ടമായി കണക്കാക്കാമെന്നും കൂട്ടിച്ചേർത്തു.

Israel/Palestine war: 41 journalists, more than one a day, killed in first  month of Israel-Palestine war | RSF

മനഃപൂർവം ലക്ഷ്യംവച്ച്‌ അക്രമിച്ചുള്ള കൊലപാതകങ്ങൾ യുദ്ധക്കുറ്റങ്ങൾ

2025 ലോകത്ത്‌ വധിക്കപ്പെട്ട മാധ്യമപ്രവർത്തകരിൽ മൂന്നിൽ രണ്ട് ഭാഗവും ഇസ്രയേലി ഇരകളാണെന്നും ഉത്തരവാദിത്തത്തിൽനിന്ന്‌ ആ രാജ്യത്തിന്‌ ഒഴിഞ്ഞുനിൽക്കാൻ ആവില്ലെന്നുമാണ്‌ കമ്മിറ്റി ടു പ്രൊട്ടക്ട്‌ ജേണലിസ്‌റ്റ്‌സ്‌ (സിപിജെ) വ്യക്തമാക്കിയത്‌. വാച്ച്ഡോഗ് രേഖപ്പെടുത്തിയ 47 മനഃപൂർവ കൊലപാതകങ്ങളിൽ 81 ശതമാനത്തിനും പിന്നിൽ ഇസ്രയേലാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സിപിജെ മരണങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയശേഷം പത്രപ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും ഏറ്റവും മാരകമായ വർഷമായിരുന്നു 2025. പുതിയ പ്രത്യേക റിപ്പോർട്ടിൽ – 1992 ന് ശേഷമുള്ള ഡാറ്റാബേസിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. 2025-ൽ ഇസ്രയേലി വെടിവയ്പ്പിൽ കൊല്ലപ്പെട്ട 86 മാധ്യമപ്രവർത്തകരിൽ 60 ശതമാനത്തിലേറെ ഗാസയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന പലസ്തീനികളായിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം സാധാരണക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഏതെങ്കിലും സൈന്യം പത്രപ്രവർത്തകനെ മനഃപൂർവം ലക്ഷ്യംവച്ച്‌ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നന്നത് യുദ്ധക്കുറ്റമാണെന്നാണ്‌ സിപിജെ നിലപാട്‌. അവയെക്കുറിച്ച് സുതാര്യമായ വളരെ കുറച്ച് അന്വേഷണങ്ങളേ നടന്നിട്ടുള്ളൂവെന്നും ഒരു കേസിലും ആരെയും ഉത്തരവാദികളാക്കിയിട്ടില്ലെ ന്നും അത് കൂട്ടിച്ചേർത്തു. സംശയിക്കപ്പെടുന്നതും രേഖപ്പെടുത്തിയതുമായ മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾ 2023-ൽ വെറും രണ്ടിൽ നിന്ന് 2025-ൽ 39 ആയി ഉയർന്നു. 33 എണ്ണത്തിന് പിന്നിൽ സൈനിക ഡ്രോണുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗാസയിലെ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ വിദേശ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവേശനം നിഷേധിക്കൽ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, കൂട്ട കുടിയിറക്കം, വ്യാപകമായ ജീവഹാനി എന്നിവ ഉൾപ്പെടെ ഓരോ പ്രഹരത്തിന്റെയും സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്‌. വിദേശ മാധ്യമപ്രവർത്തകർക്ക്‌ പ്രവേശനം നിഷേധിച്ചത് പലസ്തീൻ റിപ്പോർട്ടർമാരെ വംശഹത്യയുടെ പ്രാഥമിക സാക്ഷികളാക്കി മാറ്റി. അതിനാൽ അവർ അഭൂതപൂർവമായി കടന്നാക്രമിക്കപ്പെട്ടു. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി, മാധ്യമ ഓഫീസുകൾ ബോംബിട്ടു, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചു, കുടുംബ വീടുകൾ ലക്ഷ്യം വച്ചു, ഇസ്രായേൽ സാധാരണക്കാരുടെ ദുരിതങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഇടം ചുരുക്കി. 2023 ഒക്ടോബർ മുതൽ പത്രപ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ വധം 700- കവിഞ്ഞതായി പലസ്തീൻ പത്രപ്രവർത്തക സിൻഡിക്കേറ്റ് റിപ്പോർട്ട് ചെയ്തു. പത്രപ്രവർത്തകൻ ഇനി ഏക ലക്ഷ്യമല് . കുടുംബം സമ്മർദ്ദത്തിന്റെയും കൂട്ടായ ശിക്ഷയുടെയും ഉപകരണമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ശിക്ഷയില്ലായ്മ ആവർത്തനത്തിന് ആക്കം കൂട്ടി. തെളിവുകളില്ലാതെ – കൊല്ലപ്പെട്ട റിപ്പോർട്ടർമാരെ മരണാനന്തരം തീവ്രവാദികളായി മുദ്രകുത്തുന്നത് – ശിക്ഷിക്കപ്പെടുന്നതിൽ നിന്ന് അവരെ മോചിപ്പിക്കുകയും അവരുടെ മരണങ്ങളെ നിയമവിധേയമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇസ്രയേൽ തടവിലാക്കിയ പല പത്രപ്രവർത്തകരെയും ഔപചാരിക കുറ്റങ്ങളോ വിചാരണയോ ഇല്ലാതെ ഭരണപരമായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി മനുഷ്യാവകാശ സംഘടനകൾ വ്യാപകമായി അപലപിക്കുന്ന രീതിയാണത്.

ജയിലുകളിൽ പട്ടിണിയും ലൈംഗികാതിക്രമങ്ങളും

ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന അറുപതിലേറെ പലസ്തീൻ മാധ്യമപ്രവർത്തകർ ക്രൂരമായ മർദനത്തിനും കൊടിയ പട്ടിണിക്കും ലൈംഗികാതിക്രമങ്ങൾക്കു ഇരയായതായി സിപിജെ കണ്ടെത്തുകയുണ്ടായി. അഭിമുഖം നടത്തിയ വിശദ വിവരങ്ങൾ, മെഡിക്കൽ രേഖകൾ, ഫോട്ടോകൾ എന്നിവ പരിശോധിച്ച ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സൈനികരും ജയിൽ ഗാർഡുകളും സമാന രീതിയിലുള്ള പീഡനങ്ങളാണ് പിന്തുടർന്നതും. ശാരീരികാക്രമണങ്ങൾ, നിർബന്ധിതമായി വേദനിപ്പിക്കുന്ന രീതിയിൽ ഇരുത്തുക, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുക, ചികിത്സ നൽകാതിരിക്കുക എന്നിങ്ങനെ പോകുന്നു പീഡനങ്ങൾ. അൽ ജസീറ മുബാഷർ ലേഖകൻ സാമി അൽ-സായി എന്ന മാധ്യമപ്രവർത്തകൻ നേരിട്ട ക്രൂരതകൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. മെഗിദ്ദോ ജയിലിലെ ചെറിയ സെല്ലിൽ വിവസ്ത്രനാക്കി ലാത്തിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തി. 2025 ഡിസംബറിൽ ഗസയിലേക്കുള്ള കപ്പലിൽ തടവിലാക്കപ്പെട്ട ജർമൻ പത്രപ്രവർത്തകൻ ആൻ ലീഡ്കെയും ബലത്സംഗം ചെയ്തതായി ആരോപിച്ചു. ഇറ്റാലിയൻ പത്രപ്രവർത്തകൻ വിൻസെൻസോ ഫുലോണും ആസ്‌ത്രേലിയൻ ആക്ടിവിസ്റ്റ് സൂര്യ മക്ഇവാനും സമാനമായ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. പലസ്തീൻ ടുഡേയിലെ ഷാദി അബു സിദോ നേരിട്ട അനുഭവം ഞെട്ടിക്കുന്നതാണ്. അൽ-ഷിഫ ആശുപത്രിയിൽ നിന്ന് പിടികൂടിയ അദ്ദേഹത്തെ കണ്ണുകെട്ടി ചങ്ങലയ്ക്കിട്ട ശേഷം ക്രൂരമായി മർദിച്ചു. അതിനിടെ വാരിയെല്ല് ഒടിഞ്ഞു. ഓഫര്‍ ജയിലില്‍ കഴിഞ്ഞ റേഡിയോ ജേണലിസ്റ്റ് മുഹമ്മദ് അല്‍-അട്രാഷ് പറഞ്ഞത് തടവുകാരെ കൂട്ടമായി ആക്രമിക്കുന്ന ബെന്‍-ഗ്വിര്‍ പാർടി എന്നറിയപ്പെടുന്ന ക്രൂരമായ ആഘോഷങ്ങളെക്കുറിച്ചാണ്. അതിൽ പരിശീലനം ലഭിച്ച നായ്ക്കളെ അഴിച്ചുവിട്ട്‌ തടവുകാരെ ആക്രമിക്കുകയും ലോഹായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.

വൈദ്യുതാഘാതം, പെപ്പർ സ്പ്രേ സ്ട്രാപ്പാഡോ (പ്രേത തൂക്കിക്കൊല്ലൽ)

അൽ-അഖ്‌സ ടിവിയിലെ ഒസാമ അൽ-സയ്യിദിനുനേരെ വൈദ്യുതാഘാതവും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. കൈകൾ പുറകിലേക്ക് കെട്ടി തൂക്കിയിടുന്ന സ്ട്രാപ്പാഡോ (പ്രേത തൂക്കിക്കൊല്ലൽ)പീഡനമുറയും വ്യാപകമായി ഉപയോഗിച്ചിരുന്നു. പുറമെ കൊടും പട്ടിണിയിലേക്കും തള്ളിയിട്ടു. ജയിലിൽ കഴിഞ്ഞ കാലയളവിൽ മാധ്യമ പ്രവര് ത്തകർക്ക് ശരാശരി 23.5 കിലോ ഭാരം കുറഞ്ഞു. പലസ്തീൻ ടുഡെ ടിവിയിലെ അഹമ്മദ് ഷാഖൗറക്ക് 14 മാസത്തിനിടെ 54 കിലോയാണ് നഷ്ടപ്പെട്ടത്. തടവിലാക്കപ്പെട്ട 48 മാധ്യമപ്രവർത്തകർക്കെതിരെയുംഒരു കുറ്റവും ചുമത്തിയിട്ടില്ല. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ ആറ് മാസം വരെ തടവിൽ വെക്കാവുന്നതും അനിശ്ചിതമായി നീട്ടാവുന്നതുമായ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ വഴിയാണ് അവരെ ജയിലിലാക്കിയിരിക്കുന്നത്. ഇസ്രയേലി തടങ്കൽ പാളയങ്ങളിൽ തടവുകാർ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ 2025- ന്റെ തുടക്കത്തിൽ പുറത്തുവന്നിരുന്നു. ഇസ്രയേൽ പത്രപ്രവർത്തകൻ ഗൈ പെലെഗ് ആണ് അവ കൈമാറിയത്‌. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ട 17 പത്രപ്രവർത്തകരുടെ മൊഴികളും അപമാനകരമായ വസ്ത്രം ധരിച്ചുള്ള പരിശോധനകൾ വിവരിക്കുന്ന 19 സാക്ഷ്യപത്രങ്ങളും സിപിജെ രേഖപ്പെടുത്തി. ജനനേന്ദ്രിയത്തിൽ ആക്രമണം, നിർബന്ധിത നഗ്നതയും റെക്കോർഡിങ്ങും, ബലാത്സംഗ ഭീഷണികൾ, ലൈംഗികമായ ബലപ്രയോഗത്തിനുള്ള മറ്റ് രീതികൾ എന്നിവ ഉൾപ്പെടുന്നു. ക്റ്റ്സിയോട്ട് ജയിലിൽ ശക്തമായി അടിയേറ്റതിനാൽ നാവ് മുറിഞ്ഞുപോയെന്നും രണ്ടാഴ്ചത്തേക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെയായെന്നുമാണ് പത്രപ്രവർത്തകൻ മുഹമ്മദ് ബദർ പറഞ്ഞത്. പത്ത് മാസത്തെ ജയിൽവാസത്തിനിടെ ഭാരം 40 കിലോഗ്രാം കുറഞ്ഞു. 2024 മാർച്ച് 14 ന് ഷട്ട ജയിലിൽ വെസ്റ്റ് ബാങ്കിൽ നിന്നുള്ള പത്രപ്രവർത്തകൻ മുസ്തഫ ഖവാജയുടെ വാരിയെല്ലുകൾ ഒടിഞ്ഞു, മെനിസ്കസ് കീറി, നട്ടെല്ലിന് പരിക്കേറ്റു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ശിക്ഷയെന്ന്‌ നിരവധി പേർ വെളിപ്പെടുത്തി. തടവിലാക്കപ്പെട്ട പലസ്തീൻ തടവുകാരുടെ വഷളാകുന്ന അവസ്ഥയിൽ അഭിമാനമുണ്ടെന്ന് മന്ത്രി നിരവധി പൊതു വേദികളിൽ പ്രസ്താവിച്ചിട്ടുണ്ട്. സിപിജെ ബെൻ -ഗ്വിറിനും ദേശീയ സുരക്ഷാ മന്ത്രാലയത്തിനും അഭിപ്രായം തേടി ഇമെയിൽ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. എറ്റ്സിയോൺ‐ ഓഫർ തടങ്കൽ കേന്ദ്രങ്ങളിൽ നടന്ന മർദ്ദനത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും 20 ദിവസത്തേക്ക് താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതായും ചികിത്സ നിഷേധിച്ചതായും തേർ ഫഖൗരി പറഞ്ഞു. വ്യാപകമായ ചൊറി, തിണർപ്പ്, പരുപ്പ്, അനസ്തേഷ്യ ഇല്ലാതെ തുന്നിച്ചേർത്ത മുറിവുകൾ, ചികിത്സിക്കാത്ത അസ്ഥി ഒടിവുകൾ, കണ്ണിന് പരിക്കുകൾ, ആസ്ത്മ ആക്രമണങ്ങൾ, നിലവിലുള്ളതും പുതുതായി നിലനിൽക്കുന്നതുമായ ഗുരുതരമായ ആരോഗ്യ അവസ്ഥകളെ മനഃപൂർവ്വം അവഗണിക്കൽ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സിപിജെ രേഖപ്പെടുത്തി. ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങൾ, വിട്ടുമാറാത്ത ഭക്ഷ്യക്ഷാമം, സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങളുടെ പൂർണ അഭാവം എന്നിവയും മാധ്യമപ്രവർത്തകർ വിവരിച്ചു.

 

എസ്റ്റെഫാനി റോഡ്രിഗസ് ഫ്ലോറസിനെ അറസ്‌റ്റുചെയ്‌ത ജയിലിലിട്ട ഐസിഇ

തന്റെ നെറ്റ്‌വർക്കിന്റെ പേര് മുദ്രണം ചെയ്ത, ലോഗോ ആലേഖനം ചെയ്ത കാറിൽ ഇരിക്കവെ സ്പാനിഷ് ഭാഷാ മാധ്യമമായ നാഷ്‌വില്ലെ നോട്ടീഷ്യസ് റിപ്പോർട്ടർ എസ്റ്റെഫാനി റോഡ്രിഗസ് ഫ്ലോറസിനെ ഐസിഇ അറസ്റ്റ് ചെയ്‌തത്‌ എറ്റോവ കൗണ്ടി ജയിലിലടച്ചത്‌ വ്യാപക പ്രതിഷേധത്തിനിടയാക്കി. തെക്കുകിഴക്കുൻ പ്രാന്തപ്രദേശങ്ങളിലുള്ള ഇമിഗ്രേഷൻ റെയ്ഡുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന അവരെ രാവിലെ ഭർത്താവിനൊപ്പം ജിമ്മിലേക്ക് പോകുമ്പോൾ ഉദ്യോഗസ്ഥർ കാർ വളഞ്ഞു. അറസ്റ്റ് പൗരാവകാശ വക്താക്കളെയും പത്രസ്വാതന്ത്ര്യ ഗ്രൂപ്പുകളെയും ആശങ്കാകുലരാക്കിയിട്ടുണ്ട്, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മോചനത്തിനായുള്ള നിയമപോരാട്ടം പുരോഗമിക്കുകയുമാണ്‌. ഫ്ലോറസ് 2021 ൽ ടൂറിസ്റ്റ് വിസയിൽ നിയമപരമായി അമേരിക്കയിൽ പ്രവേശിച്ച്‌ രാഷ്ട്രീയാഭയത്തിന്‌ അപേക്ഷിക്കുകയും യുഎസ് പൗരനെ വിവാഹം കഴിക്കുകയും ചെയ്തു. നിയമപരമായ സ്ഥിര താമസത്തിന്‌ അപേക്ഷ നൽകിയിട്ടുമുണ്ട്, കൂടാതെ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നതിനാൽ അവർക്ക് സാധുവായ വർക്ക് പെർമിറ്റ് ഉണ്ടെന്നും അഭിഭാഷകർ പറഞ്ഞു. പത്രസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ അധികാരികളെ ഉപയോഗിക്കുന്നതിന്റെ ലജ്ജാകരവും ഭയാനകവുമായ മാതൃകയാണ് തടങ്കലെന്നാണ്‌ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ യുഎസ്, കാനഡ, കരീബിയൻ പ്രോഗ്രാം കോർഡിനേറ്റർ കാതറിൻ ജേക്കബ്സൺ പറഞ്ഞത്‌. സ്വേച്ഛാധിപത്യങ്ങൾ മാധ്യമപ്രവർത്തകരെ ഭീകരരാക്കാനും പൊതുജനങ്ങളുടെ സത്യം അറിയാനുള്ള അവകാശത്തെ തടസപ്പെടുത്താനും സ്വതന്ത്ര മാധ്യമങ്ങളെ ലക്ഷ്യമിടുന്നു. ട്രംപ് ഭരണകൂടം ഏറ്റവും ദുർബല ശബ്ദങ്ങളെപ്പോലും നിരന്തരം ലക്ഷ്യം വയ്ക്കുന്നുവെന്ന് ഫ്രീ പ്രസ് സീനിയർ കൗൺസൽ നോറ ബെനവിഡെസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം അറ്റ്ലാന്റയിൽ ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്തപ്പോൾ വർക്ക് വിസയും ഗ്രീൻ കാർഡും കൈവശം വച്ചിരുന്ന സാൽവഡോറൻ പത്രപ്രവർത്തകൻ മാരിയോ ഗുവേരയെ 2025 ഒക്ടോബറിൽ നാടുകടത്തിയതിന് പിന്നാലെയാണ് ഫ്ലോറസിന്റെ അറസ്റ്റ്. സർക്കാർ സെൻസർഷിപ്പിന്റെയും നിയന്ത്രണത്തിന്റെയും പ്രചാരണത്തിൽ കുടുങ്ങിയ ഏറ്റവും പുതിയ വ്യക്തിയാണ് അവർ. വസ്തുതാധിഷ്ഠിതമായ പ്രപഞ്ചത്തിൽനിന്ന് വേർപെടുത്തി വിഡ്ഢിത്തം, അത്യാഗ്രഹം, അഹങ്കാരം എന്നിവയാൽ അന്ധരായ അമേരിക്കൻ ഭരണവർഗം നിയമവിരുദ്ധ ലോകത്തെയും ബാഹ്യ സംവിധാനങ്ങളെയും ജ്വലിപ്പിക്കുകയാണ്‌.

മരണാസന്നമായിരിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങൾ

അമേരിക്കൻ ജനാധിപത്യ സ്ഥാപനങ്ങൾ മരണാസന്നമായിരിക്കുന്നു. ഭരണകക്ഷിയായ ഗുണ്ടാ വർഗത്തെ ആർക്കും നിയന്ത്രിക്കാൻ കഴിയുന്നില്ല; അല്ലെങ്കിൽ മനസില്ല. ലോബി നിറഞ്ഞ കോൺഗ്രസ് ഉപയോഗശൂന്യമായ അനുബന്ധമാണ്. യുദ്ധം പ്രഖ്യാപിക്കാനും നിയമനിർമ്മാണം പാസാക്കാനുമുള്ള അവകാശം ഉൾപ്പെടെ ഭരണഘടനാ അധികാരം വളരെ മുമ്പുതന്നെ അവർ ഉപേക്ഷിച്ചു. 2025ൽ നിയമത്തിൽ ഒപ്പിടാൻ ട്രംപിന്റെ മേശയിലേക്ക് 38 ബില്ലുകളേ അയച്ചുള്ളൂ; ബൈഡൻ ഭരണ കാലത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന അംഗീകാരനിഷേധ പ്രമേയങ്ങളായിരുന്നു ഏറെയും. എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയാണ്‌ ട്രംപിന്റെ ഭരണം. ജെഫ് ബെസോസ് മുതൽ ലാറി എല്ലിസൺ വരെയുള്ള കോർപ്പറേറ്റുകളുടെയും പ്രഭുക്കന്മാരുടെയും ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ, പലസ്തീനികളുടെ തുടർച്ചയായ വംശഹത്യ, ഇറാൻ, യെമൻ, വെനിസ്വേല തുടങ്ങിയവയ്‌ക്കെതിരായ ആക്രമണങ്ങൾ, ശതകോടീശ്വരൻ വർഗത്തിന്റെ കൊള്ളയടിക്കലുകൾ എന്നിവയുൾപ്പെടെയുള്ള ഭരണകൂട കുറ്റകൃത്യങ്ങളുടെ പ്രതിധ്വനിയാണ്. ശതകോടി ഡോളറുകളാൽ നിറഞ്ഞ തെരഞ്ഞെടുപ്പുകൾ വെറുംതമാശ. ഉടമ്പടികളും കരാറുകളും ചർച്ച ചെയ്യുക, യുദ്ധം തടയുക, സഖ്യങ്ങൾ കെട്ടിപ്പടുക്കുക എന്നിവയുമായി ബന്ധപ്പെട്ട നയതന്ത്ര സേന പൊളിച്ചുമാറ്റി. ലോസ് ഏഞ്ചൽസ്, പോർട്ട്‌ലാൻഡ്, ചിക്കാഗോ എന്നിവിടങ്ങളിലേക്ക് നാഷണൽ ഗാർഡിനെ വിന്യസിക്കുന്നത് തടയുന്നത് ഉൾപ്പെടെ ധീരരായ ജഡ്ജിമാരുടെ ചില വിധികൾ ഉണ്ടായിരുന്നിട്ടും കോടതികൾ കോർപ്പറേറ്റ് അധികാരത്തിന്റെ കെണികളാണ്‌. ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കളെ നിശബ്ദരാക്കുകയെന്ന പ്രധാന ദൗത്യം നിർവഹിക്കുന്ന നീതിന്യായ വകുപ്പിന്റെ മേൽനോട്ടത്തിലാണ് അവ. കോർപ്പറേറ്റ് കരാറുള്ള ഡെമോക്രാറ്റിക് പാർടി പ്രതിപക്ഷം എന്ന് പറയപ്പെടുന്നു, അഴിമതി നിറഞ്ഞതും വെറുക്കപ്പെട്ടതുമായ നേതൃത്വം തൂത്തുവാരപ്പെടുമെന്ന് അറിയാവുന്നതിനാൽ ജനകീയ ബഹുജന പ്രസ്ഥാനങ്ങളെയും പണിമുടക്കുകളെയും – തടയുകയുമാണ്‌. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയെ ഡെമോക്രാറ്റിക് പാർടി നേതാക്കൾ കുഷ്ഠരോഗിയായി കണക്കാക്കുന്നു. ഏകമാനമായ സ്വേച്ഛാധിപത്യങ്ങൾ രാഷ്ട്രീയത്തെ ഏറ്റവും ലളിതമായ രൂപത്തിലേക്ക് ചുരുക്കു. അവ കൊള്ളക്കാരുടെ പറുദീസയാണ്. വാൾസ്ട്രീറ്റിലോ സിലിക്കൺ വാലിയിലോ വൈറ്റ് ഹൗസിലോ ആകട്ടെ ഗുണ്ടാസംഘങ്ങൾ സ്വന്തം രാജ്യത്തെ നരഭോജനം ചെയ്യുകയും മറ്റ് രാജ്യങ്ങളുടെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയും ചെയ്യുന്നു.സ്വേച്ഛാധിപത്യം സാമൂഹിക ക്രമത്തെ കീഴ്മേൽ മറിക്കുന്നു. സത്യസന്ധത, കഠിനാധ്വാനം, കാരുണ്യം, ഐക്യദാർഢ്യം, ആത്മത്യാഗം എന്നിവ അതിൽ അഭികാമ്യമല്ല. അമേരിക്ക ജനാധിപത്യ രാജ്യമാണെന്ന് ആർക്കെങ്കിലും ഗൗരവമായി വാദിക്കാൻ കഴിയുമോ? പ്രവർത്തിക്കുന്ന അത്തരം ഏതെങ്കിലും സ്ഥാപനങ്ങളുണ്ടോ? രാജ്യത്തെ പരമോന്നത കോടതി ട്രംപിന് രാജാവിന് സമാനമായ അധികാരവും പ്രതിരോധശേഷിയും നൽകുന്നതിന്റെ കെടുതികൾ വേറെ.

No Comments yet!

Your Email address will not be published.