പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കലയുടെ കലാപനിറങ്ങൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ എക്സ്പ്രക്ഷനിസത്തിന്റെ മൂർദ്ധന്യാവസ്ഥയിലുണ്ടായ
ന്യൂ ഒബ്ജെക്ടിവിറ്റിയാണ് ആ പ്രക്ഷുബ്ദതയുടെ കനലുകൾ ജർമനിയിൽ
വാരിവിതറിയത്.
എല്ലാ പ്രതിരോധമാർഗ്ഗങ്ങളെയും ലളിതവൽക്കരിക്കുക എന്ന കാഴ്ചപാടാണ് ഒന്നാം ലോകയുദ്ധത്തിന് ശേഷം ജർമനിയുടെ സാഹചര്യങ്ങളിലുണ്ടായത്. എക്സ്പ്രഷനിസത്തിലെ അമൂർത്ത ചിന്തകൾക്കെതിരായിനിന്ന ഒരു ക്ഷുഭിത വിഭാവനമാണ് ന്യൂ ഒബ്ജെക്ടിവിറ്റി.

കാല്പനികമല്ലാത്ത ബിംബസംബോധനകളെ ചേർത്ത് യാഥാർഥ്യത്തിലേക്ക് സഞ്ചരിക്കാനുള്ള ഒരു ലളിതമായ പാത.
ആക്കാലങ്ങളിലെ ഭരണകൂട, സവർണ്ണ ഫാസിസത്തെ ചെറുത്തുനിന്നിരുന്ന ചിത്രകല, സംഗീതം, സാഹിത്യം, നാടകം, പരസ്യകല തുടങ്ങി എല്ലാ മേഖലകളും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതായിരുന്നു.
ദുരൂഹതകളില്ലാതെ ലളിതമായി കല കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്നുള്ള ഗഹനമായ ആലോചനകളുടെ ഫലമായുണ്ടായ വിവിധ പേരുകളിലറിയപ്പെട്ടിരുന്ന ചലനങ്ങൾ, ആക്കാലത്ത് വ്യഥകളനുഭവിക്കുന്ന ജനസമൂഹങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാൻ കെൽപ്പുള്ളവയായിരുന്നു.

ഇന്ന് നമ്മുടെ പുതിയ ഇന്ത്യൻ സാഹചര്യങ്ങളിൽ ടി.എം. കൃഷ്ണയെ പോലുള്ള സംഗീതജ്ഞർ പെരിയാറിന്റെയും നാരായണഗുരുവിന്റെയും മഹാചിന്തകൾ ശാസ്ത്രീയ സംഗീതത്തിലുപയോഗിക്കുമ്പോൾ ശുദ്ധസംഗീതം മനസ്സിലാകാത്തവരുടെ പക്ഷം എന്ന് വിവക്ഷിച്ചിരുന്ന ഒരിരുണ്ട വിഭാഗത്തെ ഇല്ലായ്മചെയ്യാൻ ഒരു പരിധിവരെ കഴിയുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. രാമനെയും കൃഷ്ണനെയും വർണിക്കുന്നതല്ലാത്തതൊന്നും ഞങ്ങൾ സംഗീതമായി അംഗീകരിക്കുകയില്ല എന്ന വരേണ്യവർഗ്ഗകാഴ്ചപാടുകൾക്ക് ആധുനികതയുടെ കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ടി.എം. കൃഷ്ണ വളർന്നുവന്നത്.
മറ്റു കലകളിൽ കലഹിച്ചുനിന്നവർ അനേകമുണ്ടെങ്കിലും ഇന്ത്യൻ സംഗീതത്തിൽ അത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. സത്യത്തിനു ഭാരമേറുന്ന കാലങ്ങളിൽ ഒരു കാഴ്ചപ്പാടും ബാധിക്കാതിരിക്കുന്ന കലാകാരനിൽ നിന്ന് ഒരു സമൂഹത്തിന് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് തിരിച്ചറിയുന്ന ഘട്ടങ്ങളിലാണ് സ്രഷ്ടാവും ആസ്വാദകരും സമൂഹവും സന്നിഗ്ദ്ധതകളിൽ കൂട്ടിമുട്ടുന്ന മൂന്ന് സമാന്തരരേഖകളായിത്തീരുന്നത്. കലയിലുണ്ടാവുന്ന വ്യതിയാനങ്ങളെ ആദ്യം എതിർക്കുകയും പിന്നീടത് ശ്രദ്ധിക്കുന്നില്ലെന്ന് അഭിനയിക്കുകയും അവസാനം അതംഗീകരിക്കാതെ നിലനിൽക്കാനാവില്ലെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുള്ള ഉപരിവർഗ്ഗപരാജയങ്ങൾ നമുക്ക് പല കലകളെയും മുൻനിർത്തി ചരിത്രങ്ങളിൽ ഒരുപാട് വായിച്ചെടുക്കാം.
ഇന്ന് ആഗോളതലത്തിൽ ഭരണകൂടങ്ങൾ സുരക്ഷിതമാവുന്നത്, തങ്ങൾക്ക് ഭരണഭീഷണികളൊട്ടും ഉണ്ടാവാത്ത വിധത്തിൽ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ച സമൃദ്ധമായ ഇക്കിളിയുടെയും വിനോദങ്ങളുടെയും നിർലോഭസൗകര്യങ്ങളാണ്. ഗൗരവചിന്തകൾക്കുമപ്പുറം ആ സാങ്കേതികതക്ക് നമ്മളിൽ നിറക്കാൻ കഴിഞ്ഞ സുഖശീതളിമയ്ക്കും ആഴത്തിലുള്ള പ്രവർത്തനങ്ങൾക്കും നമുക്കുള്ളിലെവിടെയോ അലസമായി ഉറങ്ങികിടന്നിരുന്ന പ്രതികരണബിന്ദുക്കളെപോലും നിർവീര്യമാക്കാൻ കഴിഞ്ഞു. ദേശവിരുദ്ധത, മതം തുടങ്ങിയ അതിലോലമായ സൂത്രവാക്യങ്ങളിലൂടെ കുറച്ചുകൂടി ബാക്കിയുണ്ടെന്നു കരുതിയിരുന്ന പ്രതിഷേധങ്ങളുടെ കാഠിന്യം ചായകോപ്പായിലേക്കൊതുക്കാനും അവർക്ക് ഭംഗ്യന്തരെണ സാധിച്ചു.







No Comments yet!