
രാഷ്ട്രീയമായും സാമൂഹികമായും ഏറെ ആഘോഷിക്കപ്പെട്ട ഒരു സിനിമയാണ് 1925 ൽ ഐസൻസ്റ്റീൻ സംവിധാനം ചെയ്ത ബാറ്റിൽഷിപ്പ് പോട്ടെമ്കിൻ. ഇന്ന് നമ്മളിടപെടുന്ന സാങ്കേതികതയുടെ അത്യുന്നതങ്ങളിൽ പോലും ഈ സിനിമ ചിന്തകളിൽ ചെലുത്തിയ ആഘാതങ്ങളുടെ നിറവൈവിദ്ധ്യങ്ങൾ
ഐറിഷ് ചിത്രകാരനായ ഫ്രാൻസിസ് ബേക്കൻ തന്റെ ചിത്രങ്ങളിലൂടെ പറയുന്നത് വളരെ വിഭ്രാത്മകമായാണ്.
ഈ സിനിമയുടെ സ്വാധീനങ്ങൾ എല്ലാ മേഖലകളിലുള്ള കലാകാരന്മാരും ഗൗരവതരമായി ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും ബേക്കന്റെ പറച്ചിലുകൾ ഒരവിശ്വാസിയുടെ കാൻവാസിൽ രൂപപ്പെട്ട പ്രക്ഷുബ്ദതകളായാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.
ഈ സിനിമയിലെ പ്രധാന കഥാസന്ദർഭമായ ഒഡേസ്സ പടവുകളിലെ ദുരന്തങ്ങൾക്കിടയിൽ ഒരു ബീഭത്സമുഖം
ബേക്കൻ തന്റെ കാൻവാസിലേക്ക് പറിച്ചു നടുന്നത്, രണ്ടാം ലോക യുദ്ധകാലത്തു ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരായി പ്രതികരിക്കുന്നതിൽ പരാജയപ്പെട്ട പോപ്പ് പയസ് പന്ത്രണ്ടാമനെതിരെയുള്ള നിലപാടുകൾ വ്യത്യസ്തമായ ബ്രഷ് സ്ട്രോക്സിലൂടെയും ‘സ്‌ക്രീമിങ് പോപ്പ്’ എന്ന ശീർഷകത്തിലൂടെയുമാണ് ..!
1650 ൽ വെലാസ്കസ് വരച്ച ‘പോപ്പ് ഇന്നൊസെന്റ് 10’ എന്ന ചിത്രത്തിന്റെ പുനർപഠനമെന്ന നിലയിലാണ് കലാചരിത്രത്തിൽ അത് വ്യാഖ്യാനിക്കപ്പെട്ടത്.

അമ്പതിലധികം തലകളുടെ പഠനങ്ങൾ പോപ്പിന്റെതായി സൃഷ്ടിക്കപ്പെടുകയും ക്രിസ്ത്യാനിറ്റിക്ക് എതിരെ പ്രത്യക്ഷ ചുവടുകളും വെച്ച ബേക്കനാവട്ടെ വരച്ച ചിത്രങ്ങളിലധികവും ക്രിസ്ത്യാനിറ്റിയുമായി ബന്ധപ്പെട്ടതായിരുന്നുതാനും.
1933 ൽ വരച്ച ‘ക്രൂസിഫിക്ഷൻ‘ എന്ന ചിത്രത്തിനെ കുറിച്ച് ഒരഭിമുഖത്തിൽ ബേക്കൻ പറഞ്ഞത്
അറവുശാലയിൽ തൂങ്ങുന്ന മൃഗരൂപവുമായി യാതൊരു വ്യത്യാസവുമില്ലാത്തതാണ് മനുഷ്യശരീരമെന്നും അത് ജീസസിന്റെതാണെങ്കിൽ പോലും തനിക്കൊരു വ്യത്യാസവും തോന്നുന്നില്ല എന്നുമാണ്.

വളരെയേറെ ചർച്ച ചെയ്യപ്പെട്ട 1944 ൽ വരച്ച ‘ത്രീ ട്വിസ്റ്റഡ് ക്രീച്ചേഴ്‌സ്’ എന്ന ചിത്രം ക്രൂസിഫിക്ഷന്റെ രണ്ടാം ഘട്ടമായാണ് അദ്ദേഹം വിവക്ഷിച്ചിരുന്നത്. സ്ഫടികപ്പെട്ടികൾക്കകത്ത് വീർപ്പുമുട്ടുന്ന രൂപങ്ങൾ, തലകളുടെ വിവിധങ്ങളായ പഠനങ്ങളായിരുന്നു. അതിൽ വിഹ്വലതകളുണ്ടാക്കുന്നവയിലധികവും അദ്ദേഹത്തിന്റെ ആസ്ത്മാ രോഗത്തിന്റെ തീവ്രത കാണാവുന്ന സെൽഫ് പോർട്രൈറ്റുകളാണ്.

ശ്രേഷ്ഠമായ കുടുംബാന്തരീക്ഷത്തിലെ ചിട്ടയായ ജീവിതക്രമങ്ങളിൽ ആസ്വസ്തനായ ബേക്കൻ സ്വവർഗ്ഗനുരാഗിയാണെന്ന് പിതാവ് തിരിച്ചറിയുന്നത് പതിനേഴാം വയസ്സിലാണ്. ആ വർഷം തന്നെ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത്തിന് ശേഷം പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനമേഖല ലണ്ടനിലേക്ക് മാറ്റി.

ബേക്കൻ യൂറോപ്പിലുണ്ടാക്കിയ ഭ്രമാത്മകമായ ഒരു ദൃശ്യ സംസ്കാരത്തിന് ലണ്ടൻ സാക്ഷിയാവുന്നത് അങ്ങിനെയാണ്.
അദ്ദേഹത്തിന്റെ ആൺപങ്കാളിയായ ജോർജ് ഡയറിന്റെ മരണവും അദ്ദേഹവുമായുണ്ടായിരുന്ന ഊഷ്മളമായ ബന്ധങ്ങളെ കുറിച്ചും വളരെ കൃത്യമായ വിശദീകരണങ്ങൾ കാൻവാസിലൂടെ നൽകുകയും വ്യവസ്ഥാപിതമായ മതസങ്കൽപ്പങ്ങളെ വ്യക്തമായി എതിർത്തു നിൽക്കുമ്പോൾ പോലും വീശിഷ്ടമായ സ്ഥാനങ്ങളും പുരസ്കാരങ്ങളും നിരവധി നേടുകയുമുണ്ടായി. സമകാലിക കലാസമൂഹത്തിന്റെ ഉന്നതങ്ങളിൽ എൺപതിമൂന്ന് വര്ഷങ്ങളുടെ തീക്ഷണ വിചാരങ്ങൾ കൈമാറി 1992 ൽ സ്വാഭാവികമരണത്തിലേക്ക് ബേക്കൻ യാത്രയായി.







No Comments yet!