Skip to main content

EDVARD MUNCH – ക്യാൻവാസുകളിലെ വ്യഥകളും വിഭ്രമങ്ങളും

നോർവേജിയൻ ചിത്രകലാചരിത്രം പത്തൊമ്പതാം നൂറ്റാണ്ട് മുതൽ പറയുന്നത് കുറേകൂടി തേജസ്സുറ്റതാണ്.
പ്രധാനമായും അത് എഡ്വാർഡ് മഞ്ചിന്റെ കാലം മുതൽ രൂപപ്പെട്ടുവന്നു എന്ന് പറയാം സമകാലീനനായ ക്രിസ്ത്യൻ ക്രൊഗ് വല്ലാതെ സ്വാദീനിച്ചിട്ടുണ്ടെങ്കിലും മഞ്ച് താണ്ടിയ വേദനയുടെ വഴികൾ താരതമ്മ്യേനെ ദുർഘടമായതുകൊണ്ടാണ് ക്രൊഗിന്റെ വഴികളിൽ നിന്ന് ഒരുപാട് ഭിന്നിച്ചു പോകാൻ അദ്ദേഹത്തിനായത്.

The Sick Child', Edvard Munch, 1907 | Tate
The Sick Child’, Edvard Munch, 1907

ആറുവയസ്സിൽ അമ്മയെ നഷ്ടപ്പെടുകയും കുറച്ചു വർഷങ്ങൾക്കു ശേഷം അതേ അസുഖം മൂലം സഹോദരിയെ നഷ്ടപ്പെടുകയും ചെയ്ത ആഘാതത്തിൽ രണ്ടാമത്തെ സഹോദരിയുടെ മാനസിക സമനിലക്കുണ്ടായ താളഭംഗങ്ങൾ
മഞ്ചിന്റെ മാനസിക ഘടനക്കേല്പിച്ച പരിക്കുകൾ പിന്നീട് വരച്ച ‘സിക്ക് ചൈൽഡ്’, ‘പ്യുബെർട്ടി’, ‘ദ ഡേ ആഫ്റ്റർ’തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രക്ഷുബ്ദ വികാരങ്ങളായി നമ്മുടെ ശിരസ്സിലേക്കിരച്ചുകയറുന്നവയാണ്.

File:Edvard Munch-The Day After.jpg - Wikimedia Commons
Edvard Munch-The Day After

1889 ൽ ഓസ്‌ലോ ഔട്ടം പ്രദർശനത്തിലെ മൂന്ന് പ്രധാന ചിത്രങ്ങളായിരുന്നു ഇവ. പിതാവിന്റെ മരണശേഷം ലഹരിക്കടിമപ്പെട്ട മഞ്ച് ഒരു വർഷത്തിന് ശേഷം 1990ൽ ‘ഡേ ഓൺ കാൾ‘ എന്ന ചിത്രത്തോട് കൂടിയുള്ള തിരിച്ചുവരവ് ജോർജ് സൂറയുടെ പോയിന്റിലിസത്തിൽ ആകൃഷ്ടനായി നിയോ ഇമ്പ്രെഷണിസ്റ് രീതികൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു. തൊട്ടടുത്ത വർഷം വരച്ച ‘റൂ ലാഫായെറ്റി’ എന്ന ചിത്രം ഇമ്പ്രെഷനിസ്റ്റ് രീതിയിലേക്ക് തിരിച്ചു വന്ന് കലാനിരൂപകരെ അമ്പരപ്പിച്ചുവെങ്കിലും മഞ്ചിന്റെ ജീവിതവഴികളുടെ മിടിപ്പുകൾ വായിച്ചെടുക്കാവുന്ന ‘ദി ഫ്രീസ് ഓഫ് ലൈഫ്’ എന്ന പരമ്പര ആറു വർഷത്തെ ദീർഘ സമയമെടുത്തു വരച്ചവസാനിക്കുന്നിടത്ത് വീണ്ടും നിരൂപകരുടെ ആശ്ചര്യതലങ്ങളുടെ ആഴമേറുകയായിരുന്നു.
ഈ പരമ്പരയുടെ ഭാഗമായി 1893 ൽ വരച്ച ‘ദി സ്ക്രീം’ എന്ന ചിത്രത്തിനെ കുറിച്ച് മഞ്ച് തന്നെ വിശദീകരിക്കുന്നുണ്ട്.
ഒരിക്കൽ ഒരു സായം സന്ധ്യയിൽ സുഹൃത്തിനോടൊപ്പം നടക്കുകയായിരുന്ന ഞാൻ പൊടുന്നനെ ആകാശം ചുവപ്പ് നിറമാകുന്നതും പിന്നെ നീലനിറമാകുന്നതും കണ്ട് പരിഭ്രമിച്ചലറിവിളിച്ചു .. അതേ അലർച്ച അപ്പോൾ എനിക്കവിടെനിന്ന് തിരിച്ചു എന്റെ ചെവികളിൽ ഇരട്ടിയായി പ്രതിധ്വനിച്ചു. രണ്ടു കൈകളെ കൊണ്ടുപോലും എനിക്കെന്റെ ചെവികളെ പ്രതിരോധിക്കുക ദുഷ്കരമായിരുന്നു.

എന്റെ സുഹൃത്ത് അപ്പോഴും ശാന്തനായി നടന്നുപോയ്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മാനസിക ഭ്രമങ്ങളുടെ ഇത്തരത്തിലുള്ള തുലനമില്ലായ്മ മഞ്ചിന്റെ എല്ലാ സൃഷ്ടികളിലും കാണാം. അമ്പതോളം വകഭേദങ്ങളിലെഴുതിയ ദി സ്ക്രീം കലയുമായി ബന്ധമില്ലാത്ത മേഖലകളിൽ പോലും പല ആശയങ്ങളെയും പ്രതിനിധീകരിച്ചു ഇന്നും നിലകൊള്ളുന്നുണ്ട്..!

ട്യൂല ലാഴ്സണുമായുള്ള തണുത്തു വിറങ്ങലിച്ച പ്രണയകാലങ്ങളിൽ നിരന്തരമായി ശവശരീരത്തെ ചുംബിച്ചുകൊണ്ടിരിക്കുന്നതിന്റെ പാരമ്യതയിലാണ് താൻ ഇറ്റലിയിലേക്കോടിപോയി മദ്യത്തിനടിമയായതെന്നാണ് മഞ്ച് തന്നെ പറഞ്ഞിട്ടുള്ളത്.! അദ്ദേഹത്തിനൊരിക്കലും ആസ്വദിക്കാനാവാതിരുന്ന ആ പ്രണയാനന്തരം ഒരു വർഷമാണ് മഞ്ച് ചിത്രങ്ങൾ വരക്കാതിരുന്നത്.

Edvard Munch: The Frieze of Life 4, Life Anxiety – The Eclectic Light  Company
Edvard Munch: The Frieze of Life

ആ ഒരു വർഷത്തെ ഊർജ്ജസംഭരണമാണ് ഗുരുതരമായ നാഡീരോഗത്തെ പോലും വകവെക്കാതെ ദി ഫ്രീസ് ഓഫ് ലൈഫ് എന്നപരമ്പര 1909 ൽ അദ്ദേഹത്തിന് അവസാനിപ്പിക്കാനായത്. ഓസ്‌ലോയിലെ ഫീർ ചോകളേറ്റ് കമ്പനിക്ക് പന്ത്രണ്ടോളം ചിത്രങ്ങൾ വിൽക്കുകയും ആ പണം കൊണ്ട് പതിനൊന്നു ഏക്കറിലുള്ള ഐക്ലെ എസ്റ്റേറ്റ് വാങ്ങി സ്റ്റുഡിയോയും ഗാലറിയും മറ്റും പണിയാനുള്ള നിർമ്മാണ പ്രവർത്തനങ്ങളുമായുള്ള ഇരുപതെട്ട് വർഷങ്ങൾക്കൊടുവിൽ രാത്രി ഉറക്കത്തിൽ മഞ്ച് യാത്ര പറയുമ്പോൾ 1940 മുതൽ നാസി പട്ടാളം ആക്രമിച്ചു നോർവെ പിടിച്ചെടുത്തത്തിൽ സ്വന്തം എസ്റ്റേറ്റ് അടച്ചിട്ടു പ്രതിഷേധത്തിന് നാലുവർഷം പൂർത്തിയാവുകയായിരുന്നു.
നാസികളാൽ നാടുകടത്തപ്പെട്ട എൺപത്തിരണ്ട് ചിത്രങ്ങളടക്കം ആയിരത്തിലേറെ പെയിന്റിംഗ്കളും നൂറോളം ശില്പങ്ങളും ഡ്രോയിങ്ങുകളും ബാക്കിവെച്ച് മഞ്ച് വിടവാങ്ങിയത് ഇനിയും പരീക്ഷിച്ചു തീർന്നിട്ടില്ലാതിരുന്ന എക്സ്പ്രഷനിസത്തിന് വളരെ വ്യത്യസ്തമായ ഒരു പരിപ്രേക്ഷ്യം ഉണ്ടാക്കിയതിന് ശേഷമായിരുന്നു.

എഡ്വാര്‍ഡ് മഞ്ച് (1863 – 1944)

One Reply to “EDVARD MUNCH – ക്യാൻവാസുകളിലെ വ്യഥകളും വിഭ്രമങ്ങളും”

Your Email address will not be published.