Skip to main content

നിഗൂഢസ്ഥലികൾ നിറഞ്ഞ ചിത്രങ്ങൾ

അനുഭവങ്ങൾ മരിക്കാതിരുന്നാൽ
നമുക്ക് മരണമില്ല
അതിനാൽ ഓരോ അനുഭവത്തിനും
ഞാൻ വാക്കു കണ്ടെത്തി
ആ വാക്കുകൾ ശിലകളിൽ പകർത്തിവെച്ചു… 

ബാലചന്ദ്രൻ ചുള്ളിക്കാട് ‘മ്യുത്യുഞ്ജയം’ എന്ന കവിതയിൽ അനുഭവങ്ങളെ വാക്കുകളായി മാറ്റുകയും അവയെ ശിലകളിൽ പകർത്തിവെച്ചതായും എഴുതുന്നുണ്ട്. അതുപോലെ അനുഭവങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന ഒരു ചിത്രകാരനെക്കുറിച്ചാണീ കുറിപ്പ്.

Kerala Celebrity
ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

കോട്ടയം ഇരവിനല്ലൂർ സ്വദേശിയായ പ്രസാദ്കുമാർ മാവേലിക്കരയിലുള്ള രാജാരവിവർമ്മ കോളേജിൽ നിന്നാണ് ചിത്രകലയിൽ പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ അദ്ധ്യാപകനായി ജോലി നോക്കുന്നു. അദ്ധ്യാപകവൃത്തിയ്ക്കു ശേഷം വീട്ടിലേ സ്റ്റൂഡിയോവിലേക്കെത്തുമ്പോൾ, തൻ്റെ അനുഭവങ്ങളെ ക്രോഡീകരിച്ചെടുത്ത്, ആത്മഭാഷണങ്ങളിലൂടെ ചിത്രലിപികളാക്കി ചിത്രപ്രതലത്തിലേക്ക് കൊണ്ടുവരുന്നു. ആ ചിത്രങ്ങളിൽ നിഗൂഢമായ സമസ്യകൾക്ക് ഉത്തരങ്ങൾ അന്വേഷിക്കുന്ന ഒരാളെ നമുക്ക് കാണാം.

Prasad Kumar’s Self Portrait

ആദ്യം അദ്ദേഹത്തിൻ്റെ കൊളാഷ് ചിത്രങ്ങളെക്കുറിച്ചാണ് എഴുതുന്നത്. യുദ്ധത്തിൻ്റെയും സംഘർഷത്തിൻ്റേയും അനേകം ബിംബങ്ങളുള്ള ചിത്രങ്ങളിലെല്ലാം, ദൃശ്യശ്രാവ്യാനുഭവങ്ങളെ വിവേചനാറിവുകളോടെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതായി കാണാം. വിഷയങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാഗസിനുകളിൽ നിന്നും ന്യൂസ് പേപ്പറുകളിൽ നിന്നും ചിത്രങ്ങളും അക്ഷരങ്ങളും വെട്ടിയെടുത്ത്, കാൻവാസിൽ ഒരു ചിത്രം ചെയ്യുന്നതുപോലെ ഒട്ടിച്ചെടുത്ത്, ആവശ്യമെങ്കിൽ രേഖകളുടെയും ചായത്തിൻ്റേയും അകമ്പടിയോടെ ചെയ്യുന്ന ചിത്രങ്ങളാണ് കൊളാഷുകൾ. യുദ്ധങ്ങൾ അനാഥരാക്കുന്ന കുട്ടികളെ ഈ ചിത്രങ്ങളിലെമ്പാടും കാണാം. ഇതിൻ്റെ കൂടെത്തന്നെ ശ്രദ്ധിക്കേണ്ട ചിത്രങ്ങളാണ് പ്രസാദ്കുമാറിൻ്റെ കുട്ടികളുടെ ഛായാചിത്രങ്ങൾ. കൂടെ മുതിർന്നവരുടേയും ചിത്രങ്ങൾ വരക്കാറുണ്ടെങ്കിലും കുട്ടികളുടെ ചിത്രങ്ങളിലെ ഭാവപ്രകാശനം വളരെ സൂക്ഷ്മതയോടെ ചിത്രീകരിച്ചിരിക്കുന്നതായി കാണാം. Dry Pastels ലും Water Colour ലും ചെയ്തിരിക്കുന്ന ഈ ചിത്രങ്ങളെല്ലാം chiaroscuro രീതിയിലാണ് ചെയ്തിരിക്കുന്നത്. വെളിച്ചത്തിൻ്റേയും ഇരുട്ടിൻ്റേയും ശക്തവും നാടകീയവുമായ കൂട്ടിചേർക്കലുകളിലൂടെ, വികാരങ്ങളുടെ വേലിയേറ്റങ്ങൾ വളരെ ഭദ്രമായി ഇവരുടെ ഛായാചിത്രങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതായി കാണാം.

പ്രസാദ് കുമാറിന്റെ രചനകള്‍

ചിത്രകാരൻ്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ നമ്മേ സ്വാഗതം ചെയ്ത് തലയാട്ടി നിലക്കുന്ന ഒരു കൂട്ടം ചെടികളെ ശ്രദ്ധിക്കാതിരിക്കുവാൻ നമുക്ക് കഴിയില്ല. പ്രസാദ്കുമാറിൻ്റെ ഒഴിവുസമയ ഹോബിയായ ബോൺസായ് കൃഷിയിലൂടെ ഉണ്ടാക്കിയെടുത്ത ചെടികളാണിവ. ചില ചെടികളെ/മരങ്ങളെ തൻ്റെ ഇഛയ്ക്കനുസരിച്ച് വളച്ചു പിരിച്ച് ഉയരം വെയ്ക്കുവാൻ അനുവദിക്കാതെ വളർത്തി എടുക്കുന്ന രീതിയാണ് ബോൺസായി രീതി. ഈ ചെടികളിലൂടെ ചിത്രകാരൻ, അദ്ദേഹത്തിൻ്റെ ചില ചിത്രങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ആ ചിത്രങ്ങളിലെ മരങ്ങളെയെല്ലാം, വളരുവാൻ/ ഉയരുവാൻ സമ്മതിക്കാതെ വളച്ചു, പിരിച്ച്, പൂട്ടിട്ട് വെച്ചിരിക്കുന്നതായി കാണാം. തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്ന്, അത് ശാരീരികവും മാനസികവുമാവാം, സടകുടഞ്ഞ് ഉയർത്തെഴുന്നേറ്റുവരുന്ന ഒരു മാനസികാവസ്ഥയുടെ ബഹിർസ്ഥുരണമായി ഈ ചിത്രങ്ങൾ മാറുന്നു എന്നു പറയുന്നതിൽ തെറ്റാന്നുമില്ലെന്ന് തോന്നുന്നു. വളർച്ചയെ മുരടിപ്പിക്കുവാൻ ശ്രമിക്കുന്ന അന്തരീക്ഷത്തിൽ, പക്ഷേ, പുതിയ നാമ്പുകൾ കിളിർത്തെഴുന്നേറ്റു വരുന്നത് ചിത്രങ്ങളിൽ ദൃശ്യമാണ്. സർഗാത്മകതയുടെ വാതായനങ്ങൾ തുറക്കുവാൻ ശ്രമിക്കുന്ന ഒരു മനസ്സിനെ ചിത്രങ്ങളിലെല്ലാം കാണാം.

പ്രസാദ് കുമാറിന്റെ രചനകള്‍

പ്രസാദ്കുമാറിൻ്റെ രണ്ടു ചിത്രങ്ങളെ കുറിച്ചുകൂടി ഞാനിവിടെ പറയട്ടെ. ഒന്ന്, പ്രശസ്ത ചിത്രകാരനായിരുന്ന KCS പണിക്കരുടെ The Dog എന്ന ചിത്രം എങ്ങിനെ തൻ്റെ ഒരു ചിത്രത്തിനു വേണ്ടി ഉപയോഗിച്ചു എന്നതാണ്. അമൂർത്തമായ അക്ഷരങ്ങളും, നായയും, കാക്കയും ഇടകലർന്ന അന്തരീക്ഷ സൃഷ്ടിയിൽ നന്മെ വിസ്മയിപ്പിക്കുന്ന ഈ ചിത്രത്തെ, തൻ്റെ ചിത്രപ്രതലത്തിൻ്റെ പിന്നിലെ ഇടിഞ്ഞുപൊളിഞ്ഞ ചുമരിൽ തൂങ്ങിക്കിടക്കുന്നതായും, ചിത്രത്തിൻ്റെ മുൻവശത്ത് ചപ്പുചവറുകൾ ചിതറിക്കിടക്കുന്നതിൻ്റെ സമീപത്ത് ഒരു നായയേയും, കാക്കയേയും, ( മറ്റു ചിത്രങ്ങളിൽ നായ്കളേയും, കാക്കകളേയും, കൂട്ടത്തിൽ ഒരു പുരുഷനേയും കുട്ടിയേയും കാണാം.) ചിത്രീകരിച്ചിരിക്കുന്ന ചിത്രം നോക്കു. അമൂർത്തതയുടേയും മൂർത്തതയുടേയും സമഞ്ജസമായ കൂട്ടിചേർക്കലിൻ്റേയും യഥാതഥ ചിത്രീകരണത്തിലൂടെയും ഇപ്പോഴും മാറ്റമില്ലാതെയിരിക്കുന്ന സാംസ്കാരിക പൈതൃകങ്ങളുടെ അഴുകിയ അവസ്ഥയിലേക്കാണ് ചിത്രകാരൻ, കാഴ്ചക്കാരൻ്റെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇതേ ശ്രദ്ധ ക്ഷണിക്കൽ രാജാരവിവർമ്മയുടെ ഒന്നുരണ്ടു ചിത്രങ്ങളുടെ പശ്ചാത്തല ദൃശ്യങ്ങളിലൂടെ കാണിക്കുന്നുണ്ട്.

Galaxy of Musicians by Raja Ravi Varma - ΕΛΛΗΝΟ-ΙΝΔΙΚΗ ΕΤΑΙΡΕΙΑ ΠΟΛΙΤΙΣΜΟΥ & ΑΝΑΠΤΥΞΗΣ
Raja Ravi Varma

ആ ചിത്രത്തിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി നിലക്കുന്ന ചുവരുകളിൽ തൂങ്ങിക്കിടക്കുന്നത് രവിവർമ്മയുടെ “അരയന്നവും ശകുന്തളയും”, പിന്നെ ”സരോദ് വായിയ്ക്കുന്ന ഒരു നായർ സ്ത്രീ”യുടേയും ചിത്രങ്ങളാണ്. ഈ രണ്ടു ചിത്രങ്ങൾക്കും നടുവിൽ ഇരുണ്ട നിറമുള്ള ഒരു പെൺകുട്ടി ഇടിഞ്ഞ ചുമരിൻ മുകളിലൂടെ ഏന്തി വലിഞ്ഞ് മറുപുറത്ത് എന്താണെന്ന് ആകാംക്ഷയോടെ നോക്കുന്നതായി കാണാം. ഇവിടെ രവിവർമ്മ ചിത്രങ്ങളിലെ വെളുപ്പിൻ്റെ ശോഭയ്ക്ക് വിരുദ്ധമായി ഇരുണ്ട നിറമുള്ള ഒരു കുട്ടിയുടെ ചിത്രീകരണത്തിലൂടെ, നിറങ്ങളുടെ സംഘർഷങ്ങളെ ഉൾഭയമില്ലാതെ ചിത്രകാരൻ പുനർവ്യാഖ്യാനം ചെയ്യുകയാണ്. ഈ സീരീസിലുള്ള ചിത്രങ്ങളെല്ലാം നിഗൂഢമായ രീതിയിലൂടെയാണ് കാഴ്ചക്കാരനോട് സംസാരിക്കുന്നത്.

ചിത്രങ്ങളിലൂടെ പറയുന്ന കാര്യങ്ങൾ നമുക്ക് പരിഹരിക്കുവാൻ ശ്രമിക്കാമെന്നേയുള്ളു. ചിത്രങ്ങൾ നിഗൂഢമെന്നതുപോലെ അതിൻ്റെ ഒരു ഭാഗം തന്നെയാണ് നമ്മളും.

Buy Where Is Science Going? (Classic Reprint) Book Online at Low Prices in India | Where Is Science Going? (Classic Reprint) Reviews & Ratings - Amazon.in

പ്രശസ്ത ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന മാക്സ് പ്ലാങ്ക്, ”where is science going” എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് എഴുതിക്കൊണ്ട് ഞാൻ ഈ എഴുത്ത് നിറുത്തട്ടെ.

“പ്രകൃതിയുടെ ആത്യന്തികരഹസ്യം പരിഹരിക്കുവാൻ ശാസ്ത്രത്തിന് കഴിയില്ല. കാരണം, അവസാനവിശകലനത്തിൽ നമ്മൾ തന്നെ പ്രകൃതിയുടെ ഭാഗമാണ്. അതിനാൽ നമ്മൾ പരിഹരിക്കുവാൻ ശ്രമിക്കുന്ന നിഗൂഢതയുടെ ഭാഗമാണ് നമ്മളും.”

No Comments yet!

Your Email address will not be published.