Skip to main content

ഓറുമ്മെച്ചുയി

ഓറുമ്മെച്ചുയി

അനുവയിപ്പ കുറെയ ഇന്ത
മറിഞ്ചു കടക്കണ്ടായിന്ത
അവന ഇടെലി ഓറുപ്പ കാണി
ആരുനെയും ഒന്റുനെയും
അറിഞ്ചണ്ടല്ലത്തെലും

മറന്തയി പോലെ
കാട്ടാതെ വെച്ചിന്തെ
ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും
മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കു

അറിവം കാണി
താകെ വീന്തൊരു
ചില്ലു പാത്തിരം പോലെ നീയു
പാതി പൊട്ടി മരെച്ചിന്തെന്റു
അറിഞ്ചടെക്കു കാലം ഒക്ക എടുത്തണ്ട

ഒന്റും കാണി ആരും തുണെ കാണി
ഉറുട്ടിലി ഓരുമ്മെലി തപ്പുത്തെ
ഓരുമ്മെച്ചുയി വയ്യെക്കു വലിച്ച
ആകത്തിലിക്കു നിന്ന ഉളത്തെക്കു

മനത്തിലി ഊറുത്തയി ഒക്ക ഒരുക്ക കൂടി
ഉറഞ്ചു ഉണങ്കിന്റ മിനെലി
നാനും എന്ന മനത്തിലിയ നീയും
മണ്ണടിയിന്റ മിനെലി
ചാലിമറിവ നിന്ന ഉളത്തെത്തുവ
നാനെത്തെരെ ഓരുമ്മെച്ചുയിനെ കൂടി മറിഞ്ചു കടക്കണും

*****

ഓര്‍മ്മച്ചുഴി

അനുഭവിക്കാന്‍ ഒരുപാട് ഉണ്ടായിരുന്നു
അതിജീവനമായിരുന്നു
അതിനിടയില്‍ ഓര്‍ത്തില്ല
ആരെയും ഒന്നിനെയും മനപ്പൂര്‍വ്വമല്ലെങ്കിലും…

ഒളിപ്പിച്ചിരുന്നു മറവിക്ക് പിന്നില്‍,
അനുസരണക്കേടു കാട്ടി നീ പുറത്തേക്ക് ഒഴുകുമ്പൊഴൊക്കെയും മതിലുകള്‍ കെട്ടി മനസിനു ചുറ്റും..

അറിഞ്ഞില്ല..താഴെ വീണൊരു
ചില്ലുപാത്രം കണക്കെ നീ
പാതി പൊട്ടി വിറങ്ങലിച്ചിരുന്നുവെന്ന്
അറിയുമ്പൊഴേക്കും
കാലം എല്ലാം കവര്‍ന്നിരുന്നു.

നിസ്സംഗത നിസ്സഹായത
ഓര്‍മ്മകളില്‍ ഞാനിരുട്ടില്‍ തപ്പി
ഓര്‍മ്മച്ചുഴി പിന്നിലേക്ക് വലിച്ചു
ആഴങ്ങളിലേക്ക് നിന്നിലേക്ക്..

ഉള്ളിലൂറിയതെല്ലാം ഒരിക്കല്‍ കൂടി ഉറഞ്ഞുണങ്ങും മുമ്പ്..
ഞാനും എന്നിലെ നീയും മണ്ണോടടിയും മുമ്പ് .. നിറഞ്ഞൊന്നൊഴുകാന്‍ നിന്നിലേക്കെത്താന്‍
ഞാനെത്ര ഓര്‍മ്മച്ചുഴികളെക്കൂടി
അതിജീവിക്കണം
***

 

No Comments yet!

Your Email address will not be published.