Skip to main content

എന്റെ ഹൃദയമെന്നോട് ക്ഷമിക്കട്ടെ

സൂര്യനും ചന്ദ്രനുമെന്നോട് ക്ഷമിക്കട്ടെ

നിങ്ങളെ പ്രതി ദിവസത്തെ
പകലെന്നും രാത്രിയെന്നും
തരം തിരിച്ചതിന്

അതിന്റെ കുപ്പിച്ചില്ലിനാൽ
ആത്മാവിലെമ്പാടും
കീറിമുറിച്ചതിന്
കണ്ണുകളെന്നോട് പൊറുക്കട്ടെ

എനിക്കറിവുള്ള മനുഷ്യരുടെ
മുഖങ്ങളിലേക്ക്
ഞാനത്യാർത്തിയോടെ വിശന്നതിന്
ദരിദ്രനായതിന്-
കാതുകളെന്നോട് ക്ഷമിക്കട്ടെ…

മിത്രത്തിന്റെയും
ശത്രുവിന്റെയും
നാവിന്റെ വാൾമുനയാൽ
രക്തസാക്ഷിയായതിന്

എനിക്കറിവില്ലാത്ത പദങ്ങളുടെ ഭാരം
ശിരസ്സിന് ഞാൻ നൽകിയതിന്

ഭൂമിയെന്നോട് പൊറുക്കട്ടെ…

ഒരു വേരുമില്ലാതെ
നിന്നിലിത്രയേറെയലഞ്ഞതിന്

ഒരിടത്തും ചടഞ്ഞ് കൂടി
ഇരിക്കാത്തതിന്

താഴ്വരയിൽ നിന്നും
മരുഭൂമികളിലേക്ക് സഞ്ചരിച്ചതിന്

എന്റെ സുഹൃത്തുക്കളെന്നോട് ക്ഷമിക്കട്ടെ…

മുറിവുകൂടാത്ത വ്രണങ്ങളെ
ഓർമ്മകളെന്ന് ഞാൻ വിളിച്ചതിന്

വറ്റിപ്പോയൊരു പുഴയിൽ
ഇപ്പോഴും വെള്ളമുണ്ടെന്ന്
വിശ്വസിക്കുന്നതിന്

അഭയാർത്ഥികളെന്നോട് ക്ഷമിക്കട്ടെ

സ്വന്തമായൊരു രാജ്യമുണ്ടായിട്ടും
അഭയാർത്ഥിയായതിന്

വീട്ടിലേക്കുള്ള വഴി മറന്ന് പോയതിന്

കുടുംബത്തിന്റെ താക്കോൽ
കളഞ്ഞ് പോയതിന്

എന്റെ ഹൃദയമെന്നോട് ക്ഷമിക്കട്ടെ

ചിറകുണ്ടായിട്ടും
ഈ ആകാശത്തെ നിഷേധിച്ചതിന്

പ്രിയപ്പെട്ടൊരു സ്ത്രീയുണ്ടായിട്ടും
വസന്തമെത്താതെ മരിച്ചതിന്

കവിതയിലെ എന്റെ ലളിതമായ പദങ്ങളേ
എന്നോട് ക്ഷമിക്കൂ

ദു:ഖങ്ങളെ ആനന്ദമായി സ്വീകരിച്ചതിന്
സ്‌നേഹത്തെ മുറിവുകളായി താലോലിച്ചതിന്.

***

No Comments yet!

Your Email address will not be published.