Skip to main content

അനൂപ് ഷാ കല്ലയ്യത്തിന്റെ രണ്ടു കവിതകള്‍

 

തീരാനിനി

ഗാന്ധിയെ കൊല്ലാനെടുത്ത
തയ്യാറെടുപ്പു-കനത്തില്‍
എഫേര്‍ട്ടിട്ടാലേ,
കവിതകളോരോന്നും
പൂര്‍ത്തിയാവൂ .

പെരുവെരലീന്നെരച്ച് കണ്ണിനാത്ത് പൊളക്കണോണ്ടോ?
നീര്‍ക്കെട്ട് വിട്ടിറങ്ങി പോവ്വാത്തോണ്ടോ ?
തീര്‍ക്കുന്ന-
ഓരോ കവിതയും
ഒരുപാട് തവണയുടെ തിരുത്താണ്.

പലപ്പോഴും,ഉടനെ-
തീരുമെന്നും തീര്‍ന്നെന്നും ഇതെന്നും-
ഈശോന്റെ മുന്നിലെ ബള്‍ബ്
പോലെ കെട്ടും തെളിഞ്ഞും;
‘വെള്ളത്തില് വരച്ച വര പോലെ’.

എന്തൊരു പാടാണ്-
ഗാന്ധിയെ കൊല്ലാന്‍.
എന്തൊരു പാടാണൊരു-
കവിത നിര്‍ത്താന്‍.

പ്രോബ്ലം ഉന്തി നില്‍ക്കുന്നു.
ആര്‍ഗുമെന്റുകളേറെ,
കിന്റെല് കണക്കെ-
കണ്ടന്റും റെഫെറെന്‍സും,
എങ്കിലും-
അങ്ങോട്ടഴഞ്ഞാവണില്ല;

ഗാന്ധി,
ഭൂമിയിലാകെ ഓടിനടന്ന് സമരം തെളിയിക്കുന്നു.
കവിത,
മിണ്ടുന്നവരുടെ കൂടെയിറങ്ങി പോകുന്നു.

തീരാനിനി;
ഗാന്ധി വിചാരിക്കണോ?
കവിത വിചാരിക്കണോ?

 

ആളെ വേണ്ടവര്‍

കരയാതിരിക്കുന്നെന്റെ
വീമ്പ് പറഞ്ഞ്
ഓരോ പകലും തുറന്ന്
ശീലിച്ചു പോയിരുന്നു.

നക്ഷത്രങ്ങളും വാതിലും പായും
പറഞ്ഞ് പിരികേറ്റിതാണ്-
സ്വപ്നത്തിനാത്തൂടെ കേറിച്ചെന്നൊന്നവളെ കെട്ടിപ്പിടിച്ചുറങ്ങ്.
വീക്കം പോട്ടെ
ചിറകനങ്ങട്ടെ

തള്ളിയിടാന്‍ കാത്തപോലെ,
ഉള്ളനങ്ങി;
കാര്യം-
നീയെന്റെ ഡ്രൈവിലൊരു
പബ്ലിഷ് ചെയ്യാത്ത കവിതയായ് കെടന്നിരുന്ന്,
എഡിറ്റ് ചെയ്യപ്പെട്ട്-
എഡിറ്റ് ചെയ്യപ്പെട്ട്.
അതേ ഡ്രൈവിന്റെ താഴെ
ബിന്നിലായ് ഞാന്‍,
ഉള്ളപോലെ ഇല്ലാത്തപോലെ.

മറിച്ച് നോക്കാണ്ടാ ജെറ്റിട്ടെ,
എന്റെ വാതിലിന്ന് നിന്റെ ജനല് വരെ ഇരുട്ട്,
പിന്നങ്ങോട്ട് തുറന്ന് കിടക്കുന്ന വെട്ടം.

ആഴം, നമ്മള്‍ കൈപിടിച്ച്
വെള്ളം, നമ്മള്‍ കൈപിടിച്ച്
ട്രാഫിക്, നമ്മള്‍ കൈപിടിച്ച്

അഴിഞ്ഞുകിടന്ന പയറുവള്ളില്-
തൂങ്ങി മേലേക്ക് കേറി.
മുറില് നീ;
ഉറക്കത്തില്‍ മാത്രമായ്-
സ്വപ്നത്തിലുണ്ടായിരുന്നില്ല.

ഞാന്‍ തിരിച്ച് പോവ്വാ.!
വാതില് തുറന്നിട്ടേക്കുവല്ലേ
ആരേലും വന്നാ
ഉറക്കത്തില് മാത്രമല്ലെ
സ്വപ്നത്തില് ഞാനില്ലല്ലോ.

 

******

 

 

No Comments yet!

Your Email address will not be published.