തലവേദന
ഇരുള്‍മുറിയില്‍ നിന്നയാള്‍ ഓടിവന്നു-
തലവേദനയാണയാള്‍ക്ക്.
പത്തുരാത്രികള്‍ അയാള്‍ ഉറങ്ങിയിട്ടേയില്ല
കഴിച്ച അനേകം ഗുളികകളും പൊടികളും
അയാള്‍ക്ക് ആശ്വാസം നല്‍കിയതുമില്ല.
ഇന്ന് സഹിക്കാനാവാത്ത കോപത്തോടെ
അയാള്‍ തല ചുമരില്‍ ഇടിച്ചു,
നാലായി അതുടഞ്ഞു.
തലച്ചോറും കുറച്ച് അസ്ഥിക്കഷണങ്ങളും
എല്ലായിടത്തും ചിതറിത്തെറിച്ചു.
പരീക്ഷണാര്‍ത്ഥം അയാള്‍ തന്റെ
കൈകളും കാലുകളും സ്പര്‍ശിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ മറ്റൊരു ശിരസ്സ്
മേഘങ്ങളില്‍ നിന്ന് ചിരിച്ചുകൊണ്ട്
ഒഴുകിവരുകയും
അയാളുടെ കഴുത്തില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു.
പുതിയ ശിരസ്സിന്റെ മൂക്കും കണ്ണുകളും വായും
അതിസുന്ദരം,
യാതനയുടെ ജ്വാലകള്‍ ഒട്ടുമില്ലാത്ത ഒന്ന്!
തെരുവില്‍ പെണ്‍കുട്ടികള്‍
അവനെ മുഖം തിരിച്ചു നോക്കി.
പതിനൊന്നാം ദിനം
അയാള്‍ ഉറങ്ങും-
പൂര്‍ണ്ണതൃപ്തനായ മനുഷ്യന്റെ ഉറക്കം.

വിരലുകള്‍
പതുക്കെ, തീന്‍മേശയ്ക്കു കുറുകെ
സിഗററ്റുകളിലേക്ക് വിരലുകള്‍ ചലിച്ചു.
ഒരു പെന്‍സില്‍ പിടിച്ച് വിരലുകള്‍
താളുകള്‍ക്കു പിറകെ താളുകളായി
വിരലുകള്‍ മറിച്ചുകൊണ്ടിരുന്നു.
അഞ്ചു ജോഡി വിരലുകള്‍
ഒരുജോഡി പാദുകങ്ങളെ പിന്തുടരുന്നു.
അവ തെരുവിലേക്ക് ഇറങ്ങി വരുന്നു-
മടങ്ങുന്നു; മെഴുകുതിരി കത്തിക്കുന്നു;
അതിനു പിന്നിലുള്ള മുപ്പതു വര്‍ഷങ്ങളാലും
അതിനു മുന്നിലുള്ള മുപ്പതു വര്‍ഷങ്ങളാലും
അവയ്ക്കിടയിലെ വെല്ലുവിളിക്കപ്പെടാത്ത കാലത്താലും
ഒരു ശിരസ്സിനെയത് ഉജ്ജ്വലിപ്പിക്കുന്നു.
ഒരു ക്ഷൗരക്കത്തി
സൂര്യപ്രകാശത്തില്‍ മിന്നുന്നതു കാണ്‍കെ
വിരലുകള്‍ കുതിക്കുന്നു, അതു പിടിക്കാന്‍
ഒരു വിരല്‍ അതിന്റെ വക്കിലൂടെയോടുന്നു-
അതിന്റെ മൂര്‍ച്ചയറിയാന്‍.
വിരലുകള്‍ മറ്റു വിരലുകളെ
അനേകം കാര്യങ്ങളെയറിയിക്കുന്നു
അവ പാതയിലൂടെ താഴേയ്ക്കു വരുമ്പോള്‍
കത്തി തൊണ്ടയ്ക്കരികിലെത്തുമ്പോള്‍
കഴുത്തിലേക്ക് കത്തിയാഴ്ത്തുന്നു വിരലുകള്‍-
തൊലിയിലൂടെ, രക്തത്തിലൂടെ
മാംസത്തിലൂടെ കത്തിയോടൊപ്പം ചലിച്ച്
ശ്വാസനാളങ്ങളുടെ ബൃഹത്സംഖ്യയിലേക്ക്.
***
വിവര്‍ത്തനം: പി.എസ്. മനോജ്കുമാര്‍







No Comments yet!