Skip to main content

ഹാൻ കാങ്ങിന്റെ രണ്ടു കവിതകള്‍

 

 

ശ്വേതശലഭം

നേർരേഖപോലെ
നീളാ,യിജ്ജീവിതം
വട്ടത്തിലും ചിലത്
വളയും, അതവളറിഞ്ഞു
കഴിഞ്ഞതൊന്നും കാണ്മീല, തോൾമേലിലൂടെ
ഏന്തി നോക്കിലും.
കൊടുംമഞ്ഞു മൂടീടും ഇതുവഴി, ഇന്നോ, നിറയെ ഇളംപച്ച
വേനൽ-പുല്ലുകൾ,
ഒരു ശ്വേതശലഭം തത്തിതത്തി അവളുടെ ദൃഷ്ടിയിൽ,
ചുവടുകൾക്കരികെ, അച്ചിറകടികണ്ടോർത്താൾ,
വ്യാകുലഹൃത്തിൻ
മിടിപ്പല്ലോ ഇതും.
ചുറ്റുമുള്ള മരങ്ങൾ, പതുക്കെ മൃഗരൂപമായ്, എന്തിനോ തിക്കിത്തിരക്കി,
വിചിത്ര-മാദക ഗന്ധം,
തീപോലെപ്പരക്കുന്നു,
നേർത്ത വായുവിലൂടെ, വെളിച്ചത്തിലേക്ക്.

 

തിളക്കം

തിളങ്ങുന്ന ധാതുക്കളിൽ,
വെള്ളി, സ്വർണ്ണം, വൈരം,
എന്താണ് ജനത്തിന്
കുലീനമെന്ന് തോന്നാൻ?
ഒരു സിദ്ധാന്തം പറയുന്നു
ആദിമ മനുഷ്യന് തിളങ്ങുന്ന വെള്ളം
തുടിക്കുന്ന ജീവനാണ്.
കുടിക്കാവുന്ന,
ജീവൻ നല്കുന്ന
ജലമേ സുതാര്യമാകൂ.
എവിടേയും
മരുഭൂവിൽ, കാട്ടിൽ, നാറുന്ന ചതുപ്പിൽ
ദീർഘദൂരം നടന്നു വരുന്നവർ
ദൂരെ, തിളങ്ങുന്ന വെള്ളം
തിരിച്ചറിയും, അവരിൽ
സന്തോഷം തുളച്ചുകയറും.
അത് ജീവനാകുന്നു
അത് സുന്ദരമാകുന്നു.

 

2024 ലെ നൊബേല്‍ പ്രൈസ് ഹാന്‍ കാങ്ങിനായിരുന്നു

******

One Reply to “ഹാൻ കാങ്ങിന്റെ രണ്ടു കവിതകള്‍”

  1. ഗോപാലകൃഷ്ണൻ നടുവത്തേരി,

    ചെണ്ട അതിഗംഭീരം. ശീർഷകം തന്നെ അത്യുത്തമം ഓരോ സ്പർശനത്തിലും വൈവിധ്യമാർന്ന ശബ്ദ ലയങ്ങൾ സൃഷ്ടിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ… 👍🏼

Your Email address will not be published.