കബറിൽ പുതച്ചു കിടക്കുന്നതു പോലെ
പുതച്ചു നടക്കേണ്ടവളല്ല നീ.
കടൽ പോലെ ആകാശത്തോട്
ഇണചേർന്നു നില്ക്കേണ്ടവൾ
ഭൂമിയെ രതിമൂർച്ഛയിൽ
ആലിംഗനം ചെയ്യേണ്ടവൾ
അധികാര ദണ്ഡ് ആഴ്ന്നിറങ്ങുമ്പോൾ
ആകാശത്തോളമുയർന്നു പൊന്തേണ്ടവൾ
സ്നേഹസ്പർശം കൊണ്ട്
വസന്തം തീർക്കുമ്പോൾ
വിഷം ചീറ്റുന്ന കാലത്ത്
നിന്റെ മുഷ്ടികൾ
ഉയർന്നു തന്നെ നിൽക്കണം.
പെറ്റു കൂട്ടിയതൊക്കെയും
തടവിലാകുമെന്നാകിൽ,
തെരുവിൽ കൂട്ടമായ് ചേരണം
ഇണചേരുവാൻ മാത്രമല്ല
ഇണങ്ങി ചേരുവാനുമാകണം.
നുണകൾ കൊണ്ടവർ തിരുത്തുമെല്ലാം
തച്ചു തകർത്തു മുന്നേറുവാൻ
നിന്റെ നാവുകൾ പൊന്തണം !
വിഷം ചുരത്തും ദണ്ഡുകൾ
അറുത്തുമാറ്റുക കൂട്ടരെ.
ഇണചേർന്നു പെറ്റതൊക്കെയും
ഒറ്റ ജാതിയെന്നോർക്ക നാം
നീതിയില്ല അതെങ്കിൽ നാം
പെറ്റുപോകില്ല നാളെയെ
ജീവിതത്തിലില്ല നീതിയെങ്കിൽ
കബറിലെന്തു വിശാലത
കബറിലെന്തിനു തുല്യത
No Comments yet!