Skip to main content

ഭയം

സമുദ്രത്തിൽ പ്രവേശിക്കും മുൻപ്
പുഴ ഭയത്താൽ വിറകൊള്ളുമെന്ന് പറയാറുണ്ട്.

അവൾ യാത്ര ചെയ്ത പാതയിലേക്ക്
തിരിഞ്ഞു നോക്കി

പർവത ശൃംഗങ്ങളിൽ നിന്ന്
കാടുകളും ഗ്രാമങ്ങളും കടന്ന്
നീണ്ടു
വളഞ്ഞു പുളഞ്ഞ വഴി.

അവൾക്ക് മുന്നിൽ കാണുന്നതോ
അഗാധമായ സമുദ്രം
അതിൽ പ്രവേശിക്കുകയെന്നാൽ
എന്നെന്നേക്കുമായി അപ്രത്യക്ഷയാവുക എന്നാണ്.

പക്ഷെ മറ്റു വഴികളില്ല
പുഴക്ക് തിരികെ പോകാനാവില്ല
ആർക്കും തിരികെ പോകാനാവില്ല
ജീവിതത്തിൽ തിരിച്ചുപോക്ക്
അസാധ്യമാണ്.

സമുദ്രത്തിൽ പ്രവേശിക്കുക എന്ന അപകടഘട്ടം
പുഴ തരണം ചെയ്യേണ്ടതുണ്ട്.

എങ്കിൽ മാത്രമേ ഭയം
അപ്രത്യക്ഷമാവൂ
കാരണം അപ്പോഴാണ്
പുഴ മനസിലാക്കുക
സമുദ്രത്തിൽ അപ്രത്യക്ഷമാവുകയല്ല;
പകരം,
സമുദ്രമായി തീരുകയാണെന്ന്.

***

No Comments yet!

Your Email address will not be published.