Skip to main content

അമ്മ

സെപ്തംബർ 5 ഗൗരി ലങ്കേഷിന്റെ ഏഴാമത്തെ ഓർമ്മ ദിവസമായിരുന്നു  

എന്റെ അമ്മ
ഇരുണ്ട ഉർവ്വരയായ ഭൂമി
പച്ചിലകളുടെ ഒരു തടം
അഴകാർന്ന പൂക്കളുടെ തിമിർപ്പ്
ഓരോ എരിയലിലും ആളിയ കരുത്ത്
ദുരിതങ്ങളിൽ വിരിഞ്ഞ പൂവ്
വിളഞ്ഞ കനി
മക്കളുടെ തൊഴികൾ
അവൾക്ക് സ്വർഗ്ഗീയ നിർവൃതി
തലയിലെ കൂട അവൾ ഇറക്കി വെച്ചു
ഒന്നു ഞരങ്ങി , കണ്ണുകൾ അടച്ചു
പിന്നീടൊരിക്കലും തുറന്നില്ല.

ചോളം കൊണ്ടവൾ പത്തായം നിറച്ചു
എന്റെ അച്ഛനെ പ്രീതിപ്പെടുത്താൻ
കൈകളിൽ ഒരു വള അണിയാൻ
ഓരോ മൺതരിയിലുമവൾ
വെള്ളം കോരി നനച്ചു
കുരുമുളകിനും കടലയ്ക്കും
ചാമയ്ക്കും ചോളത്തിനും
സ്വന്തം കൈകൾ കൊണ്ടവൾ
നിലമുഴുതു , വയൽ നിറയെ
പൂവിടുന്നതും കനി വിളയുന്നതും
നോക്കി നിന്നു
കീറിപ്പറിഞ്ഞ ഒരു സാരിയുടുത്ത്
തന്റെ യൗവനം മുഴുവൻ.

അവൾ മരിച്ചു
നടു കൂനിപ്പോയ ഈ വയസ്സിക്ക്
എത്ര വയസ്സ്?
എത്ര പൂർണ്ണ ചന്ദ്രന്മാരെ
അവൾ കണ്ടു?
തന്റെ കനലടുപ്പിൽ അവളെത്ര
ദോശകൾ ചുട്ടു ?
ചില്ലറത്തുട്ടുകൾക്കായി,
ചത്ത കന്നുകുട്ടിയെ ഓർത്ത്,
നശിച്ച വിളകൾക്ക് വേണ്ടി
ഈ സ്ത്രീയെത്ര കരഞ്ഞു ?
ഓടിപ്പോയ ഒരു വയസ്സി എരുമയെ തേടി
അവളെത്ര ഗ്രാമങ്ങളിൽ അലഞ്ഞു?.

സീതയോ സാവിത്രിയോ
ഊർമ്മിളയോ അല്ലിവൾ
ചരിത്രത്തിലും ഇതിഹാസങ്ങളിലും
നിങ്ങൾ കണ്ട
വിധേയയും മാന്യയും സുഭഗയുമായ
ഒരു പുണ്യ പത്നിയുമല്ല
ഗാന്ധിയുടേയോ രാമകൃഷ്ണന്റെയോ
മഹദ് പത്നിമാരുമായി
അവളെ താരതമ്യം ചെയ്യരുതേ !
നല്ല ഭാര്യമാർ ചെയ്യുമ്പോലെ
ഒന്ന് തൊഴുതു പോലുമില്ലിവൾ
എന്തിന്, നെററിയിൽ
കുങ്കുമം ചാർത്തിയുമില്ല.

ഒരു കാട്ടു കരടി പോലെ അവൾ
കുഞ്ഞുങ്ങളെ പെറ്റു കൂട്ടി
തന്റെ പുരുഷനെ പോറ്റി
സാരി കോന്തലയിൽ
നാണ്യത്തുട്ടുകൾ കെട്ടി വെച്ചു
കഷ്ടകാലത്തിന് വേണ്ടി
മുറിവേറ്റ കൊടിച്ചി പട്ടി പോലെ
മുരണ്ടു, പൊരുതി
ഒരു പെരും കുരങ്ങിനെ പോലെ
നിസ്സാര കാര്യങ്ങളിൽ ശണ്ഠ കൂടി
എല്ലാം വീടിന് വേണ്ടി
അവൾ പൊട്ടിത്തെറിച്ചത്
മകൻ വഴിപിഴയ്ക്കുമ്പോൾ
ഭർത്താവ് വേറെ മണപ്പിച്ച് നടക്കുമ്പോൾ.

ഒരു കാട്ടു കരടിക്ക്
ന്യായ മീമാംസകളൊന്നും വേണ്ട
നിങ്ങളുടെ ഭഗവദ് ഗീതയും വേണ്ട
അവൾ ജീവിച്ചത്
പുല്ലിനും ധാന്യങ്ങൾക്കും വേണ്ടി
അവളുടെ കുഞ്ഞുങ്ങൾക്കും
കഠിനമായ വേലകൾക്കും വേണ്ടി
അവൾക്ക് വേണം അരി
തലയ്ക്ക് മേലൊരു മേൽക്കൂര
പുതയ്ക്കാനൊരു പുതപ്പ്
ഒപ്പക്കാരൊപ്പം തുല്യതയോടെ നടപ്പ്.

ഈ സ്ത്രീക്കായി ഇതാ
അൽപം സ്നേഹം
അൽപം വാഴ്ത്ത്
നന്ദി നിറഞ്ഞ കണ്ണീര്
ഞങ്ങളെ പെറ്റതിന്
പോറ്റിയതിന്
ഈ മണ്ണിലും ചെളിയിലും
പൊറുത്തതിന്
ഏതോ കൊച്ചുവർത്തമാനത്തിനിടയിൽ
വീട്ടിൽ നിന്ന് വയലിലേക്കെന്ന പോൽ
അത്ര അനായാസം
ഞങ്ങളെ വിട്ടു പോയതിനും .

—–

( ഗൗരി ലങ്കേഷിന്റെ ഏഴാമത്തെ ഓർമ്മ ദിവസം ഗൗരിയോടൊപ്പം സ്വാഭാവികമായും അവരുടെ അച്ഛൻ, മരിച്ചു പോയ ലങ്കേഷും ഓർമ്മയിൽ വന്നു. ഏതാണ്ട് നാല് പതീറ്റാണ്ടുകൾക്ക് മുമ്പ് വായിച്ച ലങ്കേഷിന്റെ ഒരു കവിത മലയാളത്തിൽ വന്നതും ഓർത്തു. തന്റെ അമ്മ മരിച്ച സമയത്ത് ലങ്കേഷ് എഴുതിയ കവിതയാണ്. ആ കവിതാ പരിഭാഷ ഇപ്പോൾ എന്റെ കൈവശമില്ല. ആ കവിതയുടെ നാല് ഇംഗ്ലീഷ് പരിഭാഷകൾ ഞാൻ കണ്ടിട്ടുണ്ട്. എ.കെ. രാമാനുജൻ, എച്ച്.എസ്. കോമളേശ, എസ്.എൻ.ശ്രീധർ , എം.എസ്.നടരാജ് തുടങ്ങിയവർ ചെയ്തത്. ആ കവിതയുടെ പുനർവായനയും എനിക്ക് ഒരു വല്ലാത്ത അനുഭവമായിരുന്നു. ലങ്കേഷിന്റെയും ഗൗരി ലങ്കേഷിന്റെയും ഓർമ്മക്ക് ” അവ്വ ” എന്ന കവിത ഞാൻ വീണ്ടും പരിഭാഷപ്പെടുത്താൻ ശ്രമിച്ചു.
ഈ അമ്മ കാൽപനികവത്കരിക്കപ്പെട്ട, ആദർശവത്കരിക്കപ്പെട്ട അമ്മയല്ല. ലോകത്തിന്റെ കഠിനതകളെ മുഖാമുഖം നേരിടുകയും കൂസാതെ വെല്ലുവിളിക്കുകയും ചെയ്ത ഒരു സ്ത്രീ ഈ കവിതയിലുണ്ട്. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടപ്പോൾ എന്തിന് ഒരു സ്ത്രീയെ ഹിന്ദുത്വഭീകരർ കൊന്നുവെന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്. ഈ കവിത അതിന് ഉത്തരമായിരുന്നു .
സ്വന്തം ഭാഗധേയം കൈയിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അവർ ഭയപ്പെടുന്നു.)

 

No Comments yet!

Your Email address will not be published.