Skip to main content

മഹ് മൂദ് ദര്‍വീശിന്റെ കവിതകള്‍

പെണ്‍കുട്ടി/നിലവിളി

കടല്‍ക്കരയില്‍ ഒരു പെണ്‍കുട്ടി,
പെണ്‍കുട്ടിക്ക് ഒരു കുടുംബമുണ്ട്,
കുടുംബത്തിന് ഒരു വീടുമുണ്ട്.
കടലില്‍ ഒരു പടക്കപ്പല്‍ ഒരു നേരമ്പോക്കിനു വെടിവച്ചുവീഴ്ത്തുകയാണ്,
കടല്‍ക്കരയില്‍ ഉലാത്താനിറങ്ങിയവരെ:
നാല്, അഞ്ച്, ഏഴു പേര്‍
മണലില്‍ ചടഞ്ഞുവീഴുന്നു.
അല്പനേരത്തേക്ക് പെണ്‍കുട്ടിയുടെ ജീവന്‍ സുരക്ഷിതമാണ്,
എന്തെന്നാല്‍, അവ്യക്തമായ ഒരു കൈ,
ഏതെന്നറിയാത്ത ഒരു ദിവ്യഹസ്തം, അവളെ സഹായിക്കുന്നുണ്ട്;
അവള്‍ ഉറക്കെ വിളിയ്ക്കുന്നു:
‘അച്ഛാ, അച്ഛാ! നമുക്കു വീട്ടില്‍ പോകാം,
കടല്‍ നമ്മളെപ്പോലുള്ളവര്‍ക്കുള്ളതല്ല!’
അവളുടെ അച്ഛന്‍ മറുപടി പറയുന്നില്ല,
സ്വന്തം നിഴല്‍ ശവക്കച്ചയാക്കിക്കിടക്കുകയാണല്ലോ അയാള്‍.

അസ്തമയത്തിനു നേര്‍ക്കു കാറ്റു വീശുമ്പോള്‍

ഈന്തപ്പനകളില്‍ ചോര, മേഘങ്ങളില്‍ ചോര.

അവളുടെ നിലവിളിയവളെ
കടല്‍ക്കരയില്‍ നിന്നകലേക്കകലേക്കു കൊണ്ടുപോകുന്നു,
ഉയരത്തിലേക്കുയരത്തിലേക്കു കൊണ്ടുപോകുന്നു.
രാത്രിയിലവള്‍ കരയിലൂടെ നിലവിളിച്ചുകൊണ്ടോടുന്നു.
മാറ്റൊലിയ്ക്കു മാറ്റൊലിയില്ല,
അങ്ങനെയവള്‍ ഇപ്പോള്‍ക്കിട്ടിയ വാര്‍ത്തയിലെ തീരാത്ത നിലവിളിയാകുന്നു,
അതപ്പോഴേക്കും ഇപ്പോള്‍ക്കിട്ടിയ വാര്‍ത്തയല്ലാതായിക്കഴിഞ്ഞിരുന്നു,
രണ്ടു ജനാലകളും ഒരു വാതിലുമുള്ള ഒരു വീടിനു ബോംബിടാന്‍

യുദ്ധവിമാനം തിരിച്ചുവരുമ്പോള്‍.

*

 

ശത്രു

 

ഞാനവിടെ ഒരുമാസം മുമ്പുണ്ടായിരുന്നു. ഞാനവിടെ ഒരുകൊല്ലം മുമ്പുണ്ടായിരുന്നു. ഞാനവിടെ എന്നുമുണ്ടായിരുന്നു, മറ്റെവിടെയും ഒരിക്കലും ഞാനുണ്ടായിരുന്നില്ല എന്നപോലെ. ഇപ്പോള്‍ സംഭവിക്കുന്ന ഇതേ കാര്യം 1982ലും ഞങ്ങള്‍ക്കു സംഭവിച്ചിരുന്നു, ഞങ്ങളെ ഉപരോധിക്കുകയും കൊല്ലുകയും ചെയ്തിരുന്നു, എതിര്‍ത്തുവന്ന നരകത്തോടു ഞങ്ങള്‍ യുദ്ധം ചെയ്തിരുന്നു. മരണങ്ങള്‍/രക്തസാക്ഷികള്‍ ഒന്നിനൊന്നു സദൃശമല്ല. അവരിലോരോ ആള്‍ക്കും വ്യതിരിക്തമായ ശരീരഘടനയും വ്യതിരിക്തമായ മുഖലക്ഷണങ്ങളും വ്യത്യസ്തമായ കണ്ണുകളും വ്യത്യസ്തമായ പേരും പ്രായവുമായിരുന്നു. കൊലയാളികളാവട്ടെ, ഒരേപോലുള്ളവരും. വ്യത്യസ്തമായ യന്ത്രഭാഗങ്ങളായി മാറിയ ഒരേ ജീവിയാണവര്‍. അവര്‍ ഇലക്ട്രോണിക് ബട്ടണുകളില്‍ അമര്‍ത്തുന്നു, കൊല്ലുന്നു, മറയുന്നു. അവന്‍ ഞങ്ങളെ കാണുന്നുണ്ട്, എന്നാല്‍ ഞങ്ങള്‍ അവനെ കാണുന്നില്ല; അതവന്‍ ഭൂതമായതുകൊണ്ടല്ല, ഒരാശയത്തിനു മേലുള്ള ഉരുക്കുമുഖംമൂടിയാണവന്‍ എന്നതുകൊണ്ടാണ്- അവനു ലക്ഷണങ്ങളില്ല, കണ്ണുകളില്ല, പ്രായമില്ല, പേരുമില്ല. ഒരേയൊരു പേരേ അവനുള്ളു: ശത്രു.

*

 

വിവ: വി. രവികുമാര്‍

 

(മഹ് മൂദ് ദര്‍വീശിന്റെ അവസാനത്തെ കവിതാസമാഹാരമായ ‘ഒരു പുഴ ദാഹിച്ചുമരിക്കുന്നു’ എന്ന പുസ്തകത്തില്‍ നിന്ന്. ഈ പുസ്തകം ഐറിസ് ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോപ്പികള്‍ക്ക് 7356370521)

 

No Comments yet!

Your Email address will not be published.