ദേശരക്ഷാ നിയമമനുസരിച്ച്
നിയമ നിര്‍വഹണ വിഭാഗത്തിന്റെ
ഏത് ഒരുത്തനും അധികാരമുണ്ട്
വേഷം മാറി നിങ്ങളുടെ വീട്ടില്‍ കടക്കാന്‍
നിങ്ങള്‍ ഉറങ്ങുമ്പോഴും
വീട്ടില്‍ ഇല്ലാതിരിക്കുമ്പോളും
കിടക്കക്കടിയിലോ
പെട്ടികളിലോ, സഞ്ചികളിലോ
കംപ്യൂട്ടറിലെ അശ്ലീലതകള്‍ക്കിടയിലോ
എന്തൊക്കയോ ഒളിപ്പിച്ചു വെച്ചുവെന്ന
സംശയത്താല്‍.
നിങ്ങള്‍ രാജ്യസ്‌നേഹിയല്ലേ?
വായിക്കുന്നതിന്റെയെല്ലാം പട്ടിക
ആവശ്യപ്പെടാതെ തന്നെ
അന്വേഷണ ഏജന്‍സികള്‍ക്കു
സമ്മര്‍പ്പിക്കുന്നില്ല?
അയല്‍ക്കാരുടെ മേല്‍കണ്ണില്ലേ?
അവര്‍ മധ്യപൂര്‍വ്വ സംഗീതം കേള്‍ക്കുന്നത്,
പുകയിലയല്ലാതെ വല്ലതും പുകക്കുന്നത്
ശരിയല്ലാതെ പുസ്തകങ്ങള്‍ വായിക്കുന്നത്
-എല്ലാം രാജ്യദ്രാഹമാണ്.
ജനങ്ങള്‍ ലൈംഗികതയില്‍
അധികം മുഴുകുന്നുണ്ടോ?
പങ്കാളികള്‍ എത്തരക്കാരാണ്?
ശരിയായി ചിന്തിക്കുന്നവര്‍
എല്ലാം മനസ്സിലാക്കി വിവരമറിയിക്കും.
പള്ളിയും സ്പര്‍ദ്ധയും തമ്മിലുള്ള വിഭജനത്തില്‍
നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
‘തിന്‍മയാണ് എല്ലായിടത്തും’ നമ്മുടെ
പ്രസിഡന്റ് പറയുന്നു ‘അതിനെ ചെറുക്കണം’
അധികവും കറുത്ത കൗമാരക്കാരാണ് പ്രതികള്‍
അവരുടെ ദുസ്വഭാവം എല്ലാവര്‍ക്കുമറിയാം.
ഞങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി
നിങ്ങളുടെ ഹോട്ടല്‍ ബില്ലുകള്‍ ശേഖരിക്കുന്നുണ്ട്.
ആറു തവണ ഹമൂസ്* ഓര്‍ഡര്‍ ചെയ്തില്ലേ?
രണ്ടു തവണ ഫലാഫില്‍*,
കുഞ്ഞാട് നാലു പ്രാവശ്യം.
ഇതൊന്നും ശരിയല്ല.
നിങ്ങളുടെ പ്രസിഡന്റ് മാട്ടിറച്ചിയും
പന്നിത്തുടയും മാത്രമേ കഴിക്കുന്നുള്ളൂ.
സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ
എള്ള് എന്തുചെയ്യാനാണ്
നിങ്ങള്‍ ഉദ്ദേശിക്കുന്നത്?
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് രേഖകള്‍ പരിശാധിച്ചു.
ഏപ്രില്‍ 11ന് എട്ട് ചാക്ക് വളം വാങ്ങിയിട്ടുണ്ട്.
പിന്നെ ആണിയും. ഓര്‍ക്കുക:
സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കാനുള്ളതാണത്!
നമ്മുടെ പ്രസിഡന്റ് സംസാരിക്കുന്നതിനിടെ
48 പ്രാവശ്യം നിങ്ങള്‍ ടെലിവിഷന്‍ നിര്‍ത്തി
സാരോപദേശങ്ങളും ക്രിസ്ത്യന്‍ സംരഭങ്ങളും
ആയിരുന്നു പരിപാടി.
ഔദ്യോഗിക അഭിസംബോധന നടത്തുമ്പോള്‍
നിങ്ങള്‍ വെറുപ്പോടെ ചാരുകസേരയില്‍ കിടന്ന്
അശ്ലീലങ്ങള്‍ പറഞ്ഞ് പരിഹസിച്ചു.
പരിശുദ്ധ പിതാവിന്റെ ഉദ്ധരണികള്‍
വികലമാക്കി ഇ-മെയില്‍ ചെയ്തു.
അദ്ദേഹത്തെ കുറ്റപ്പേര് വിളിച്ചു.
പ്രസിഡന്റിനെയോ, അദ്ദേഹത്തിന്റെ
പണിയെയോ വിമര്‍ശിക്കാന്‍ പാടില്ല.
അതുപോലെ ഭരണനേതൃത്വത്തെയും
രാജ്യത്തെ ഓരോ ആണിന്റെയും പെണ്ണിന്റെയും
സംസാരവും ചലനവും അവര്‍ അറിയുന്നുണ്ട്.
സംശയത്തിന്റെ പേരില്‍ മാത്രം
നിങ്ങളെ കസ്റ്റഡിയിലെടുക്കാം.
എന്താ, എതിര്‍ക്കണമെന്നുണ്ടോ?
വേണ്ടത്ര കാരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.
നിയമസഹായം തേടാനോ,
സ്വയം പ്രതിരോധിക്കാനോ അവകാശമില്ല.
സ്വാഗതം, പുതിയ തടങ്കല്‍ പാളയത്തിലേക്ക്.
——-
*അറബി ഭക്ഷണം
( പ്രമുഖ അമേരിക്കന്‍ എഴുത്തുകാരിയായ മാര്‍ജ് പിയേഴ്‌സി പുരോഗമന രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമെന്ന നിലയില്‍ പ്രസിദ്ധയാണ്. നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ‘Third Child’ ‘ ഉള്‍പ്പെടെയുള്ള നോവലുകളും ”Colours passing through us’, ‘Louder, I can’t Hear you yet’ ഉള്‍പ്പെടെ നിരവധി കവിതാ സമാഹാരങ്ങളും അവരെ പൊരുതുന്ന സാഹിത്യകാരി എന്ന പേരിനര്‍ഹയാക്കി ).
No Comments yet!