ദൂരെയൊരു ദീപം
തീതുപ്പിപ്പൊലിയുന്നു.
അരികത്തുരുകുന്ന
പകലിന്നുശേഷം
നിണമൊലിപ്പിക്കുന്നരാത്രി.
കരിയിലയ്ക്കുള്ളിലെ പ്രാണന്‍,
തനുവില്‍നിന്നൊഴിയാന്‍
മടിക്കുന്നു.
അടിയറവു പറയിച്ച ശിഷ്ടകാലം.
മണ്ണിന്നടിയിലെ
പുഴയതാ,
മഴയുടെയാരവം കാത്തങ്ങുറങ്ങുന്നു.
തൊട്ടാലശുദ്ധയാം
ഞാനെന്ന ചിന്തയെ
തൊട്ടാവാടി
തണ്ടിലെടുക്കുന്നു.
നിറംകെട്ട വാക്കിനാല്‍
തമ്മിലശുദ്ധരായ് തീര്‍ന്നതറിയാതെ
നമ്മളോ
കണ്ണാലുടക്കി വലിക്കുന്നു.
മണ്ണിര,
യുള്ളിലെ നനവിനെ,
കുഴിയാന
നനയാത്ത മണ്ണിനെ, കാലങ്ങളായി
ഞാന്‍ നിന്നെയും കണ്ണാലളക്കുന്നു.
‘മരംകൊത്തീ,
പേരില് മരമില്ലേ, യെന്നിട്ടുമെന്തേ
മരപ്രാണനെ
കൊത്തിവലിച്ചു നീ കൊക്കിലെടുക്കുന്നു?’
വെയിലെത്രവട്ടം
പേരു വിളിച്ചിട്ടും
മിണ്ടാത്ത വിത്തിനെ,
മഴ,
യൊരൊറ്റവിളികൊണ്ട്
തട്ടിയുണര്‍ത്തുന്നു.
‘ബലിച്ചോറിതാ കാക്കേ’
കൈകൊട്ടി വന്നീല,
മീന്തല കണ്ടപ്പോള്‍
വിളിക്കാതെയെത്തി!
ഈ കുഞ്ഞുപൂവിന്റെ,
യിതളെത്രമൃദുവെന്ന് പുഴുപോലും
കേള്‍ക്കാതെയോതുന്നു
നീഹാരം.
ജീര്‍ണിച്ച ചിറകിന്റെ ചിരിമായ്ച്ചു കളയുന്നു,
ഈയലീ
പുതുമഴയെത്തുന്നതറിയാതെ.
മഴയുടെ മന്ത്രണം,
വെയിലിന്റെ ചിത്രണം,
പ്രാണപ്രതിഷ്ഠയ്ക്ക്
മണ്ണിതു കനിയണം.
കൊണ്ടങ്ങറിയണം
മണ്ണിന്റെ മനസ്സിനെ,
ചുണ്ടത്തറിയണം
ചുംബനപ്പൂമണം,
തമ്മില്‍ തിരയണം
നീയല്ലേ ഞാനെന്ന്.
ഞാനാണ്
നീയെന്നതിശയം കൂറണം.
നമ്മളൊന്നാണെങ്കിലും
രണ്ടൊറ്റകളെന്നതു തമ്മിലറിയണം.
***







No Comments yet!