Skip to main content

ഇടങ്ങള്‍

യാത്ര,
നടന്നു കൊതിമാറാതെ
ഓര്‍മ്മകളെ അന്തിയുറക്കിപ്പോന്ന ഇടങ്ങളിലേക്കാണ്.
വലിച്ചെറിഞ്ഞിട്ടു പോന്ന
ബാല്യകാലത്തെ തൊടിയിലിന്നും പൊട്ടിയും ചിതറിയും
അവശേഷിപ്പിന്റെ ഭാഗമായ കളിപ്പാട്ടങ്ങള്‍
മാടി വിളിക്കുന്നുണ്ടോ??
തോന്നലാണ്.

കിളിമഞ്ഞ നിറത്തിലെ,
ചെറുപ്പത്തിലെന്നും കൂട്ടായിരുന്ന പാവയുടെ ചിണുങ്ങലിന്നും കാതുകളില്‍ അലക്കുന്നുണ്ട്.
മണ്ണിലലിയാന്‍
കഴിയാഞ്ഞോ എന്തോ ഇന്നുമത് ജീവിച്ചിരിക്കുന്നുണ്ടാവുമോ??
പഴയ തിളക്കമില്ലായ്മയില്‍
ആത്മവിശ്വാസം നഷ്ട്ടപ്പെട്ടിട്ടുണ്ടാവുമോ?
അറിയില്ല.

പ്രേമാവശയായിരുന്ന കൗമാരത്തെ, നഷ്ട്ടപ്രണയത്തോടെയവസാനിച്ചെന്നു വിധിച്ച സ്വപ്നങ്ങളെ,
ശരീരത്തിലെവിടെയോ ഇന്നും ജീവിച്ചിരിക്കുന്ന ഓര്‍മ്മകളെ
പൊടി തട്ടുമ്പോള്‍
എപ്പോഴും ചെന്ന് കേറാവുന്ന ഇടങ്ങളെ പരതുകയാണ്
ഞാന്‍…

സങ്കടങ്ങള്‍ക്കെപ്പോഴും
ഓടി ചെല്ലാനാവുന്നതും
കരഞ്ഞു തളരുമ്പോള്‍ ആശ്വസിപ്പിക്കാന്‍ പാകത്തക്കമുള്ളതുമായ
എന്റേതു മാത്രമായ ഇടങ്ങളെ…

 

No Comments yet!

Your Email address will not be published.