Skip to main content

ഭിക്ഷക്കാരുടെ ഇടം

വളരെ രാവിലെ തന്നെ
അവര്‍ തെരുവോരത്ത് ഒത്തു കൂടും.
എവിടെ നിന്നാണെന്ന്
ആര്‍ക്കും അറിഞ്ഞുകൂടാ
പുരുഷന്മാര്‍, സ്ത്രീകള്‍, ഒരു ചെറിയ കുട്ടി-
ചില്ലറ ജോലികള്‍ക്കായി കാത്ത് നില്‍ക്കും-
ചായം പൂശല്‍, കൊത്തു പണി, അല്ലെങ്കില്‍ വെറുതെ ശുചിയാക്കല്‍.
സ്ത്രീകള്‍ കൂട്ടംചേര്‍ന്ന് നില്‍ക്കും
ഗ്രാമീണര്‍ – അവരുടെ ഇരുണ്ട തിളങ്ങുന്ന ശരീരങ്ങള്‍
സംഘമായി ജോലിക്കായി
മുള്‍മുനയില്‍
കാത്ത് നില്‍ക്കും.
പല നാടുകളില്‍ നിന്നുള്ള
കുടിയേറ്റക്കാര്‍
കന്നു കാലികളെ
മേയ്ക്കുന്നത് പോലെ
നഗരത്തിലേക്ക് നീങ്ങി തുടങ്ങും.
‘ഭിക്ഷക്കാരുടെ ഇടത്തേക്ക്’.
പ്രതിനിധികള്‍, ജോലികളും
അവര്‍ക്ക് കിട്ടണ്ട ഇടപാട് കാശും ചോദിച്ചു
വന്നു ചേരും.
അല്ലെങ്കില്‍ ആവശ്യക്കാരനായ ഒരു വീട്ടുടമ വന്നെത്തും.
സ്ത്രീകള്‍ തനിച്ചു പോവാറില്ല
അവരുടെ കാര്യങ്ങള്‍ നോക്കി ഒരുമിച്ച് ജോലി ചെയ്യും.
അവര്‍ എവിടെ ആയാലും.
കുടിലുകള്‍ കെട്ടും.
ഇഷ്ടികയ്ക്കു മേല്‍
ഇഷ്ടിക കയറ്റി വെച്ച്
അവര്‍ മറ്റുള്ളവര്‍ക്കായി
വീട് പണിയും,
കുഴി തോണ്ടും,
ആളിറങ്ങാവുന്ന ദ്വാരങ്ങളില്‍ നിന്ന്
ചെളി കോരും.
അവര്‍ നഗരത്തിന്റെ അതിരുകളില്‍ ജീവിക്കുന്നു
എന്നാല്‍ അവര്‍ പൗരന്മാരല്ല.
അവര്‍ മാസങ്ങളോളം
ഒരുമിച്ച് താമസിക്കും
വിശ്വാസത്തോടെ
ആസ്പര്‍ശ്യരായി,
അവഗണിക്കപ്പെട്ട്.
പക്ഷെ നഗരത്തിന്റെ
പുരോഗതിക്കു വേണ്ടി
അവരുടെ കുടിലുകളാണ്
ആദ്യം പൊളിച്ച് മാറ്റുക.
അവര്‍ക്ക് ഈ നഗരവാസികളുടെ
കാര്യങ്ങള്‍ പിടി കിട്ടുന്നില്ല
അവര്‍ എന്തു കൊണ്ടാണ് അന്യരെ പോലെ പെരുമാറുന്നത്?
അവര്‍ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും
അവര്‍ എന്ത് കൊണ്ട് മര്യാദ ഇല്ലാത്തവരാവുന്നു?
അരുവിയോട് പറ്റിച്ചേര്‍ന്ന്
റയില്‍ പാളങ്ങള്‍ക്ക്
അരികിലായി അവര്‍ മറപ്പുരകള്‍ തീര്‍ക്കും.
എവിടെ നിന്നെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ
സമ്പന്നമായ നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളിലേക്ക്
അവര്‍ വീണ്ടും വന്നെത്തും ‘ഭിക്ഷക്കാരുടെ ഇടത്ത്’
ഒത്തു ചേരും.

Narayan Surve

*****

വിവര്‍ത്തനം : ബിന്ദു ജഗദീഷ്


 

*Bikari Naka is the name given to a street corner where casual,skilled and unskilled workers assemble in search for work.)

Original Marathi poem titled Bigari Naka from the text titled Naya Manasache agaman by Narayana Surve.
Naya Manasache Agaman, Narayana Surve, Popular Prakashan, Mumbai 1995.

 

No Comments yet!

Your Email address will not be published.