ഇടശ്ശേരി മാവ് പോലെ
കവിതയിൽ തണൽ വിരിച്ചോ
തളിർത്തോ
പൂത്തോ
എന്ന ഖേദമില്ലാതെ
വലം വെക്കും
വേഗം കുറച്ച്
ഫാസ്റ്റും ടി.ടിയും സൂപ്പറും സ്വിഫ്റ്റും
ബുദ്ധനും ഞാനും ഇടശ്ശേരിയും എന്ന മട്ടിൽ
അത്രമേൽ വിനീതമായ്
കിളരം കുറഞ്ഞ ഉടലിൽ
ഇളംപച്ചത്തളിർപ്പ്
ചാരും യൂണിയൻ ബോർഡ്.
വരിയും ചുവപ്പരങ്ങ്.
ആ…. ആൽ
അരയാൽ
സ്റ്റാൻഡിൻ
നടുവിൽ
ലാഞ്ചിയും ജങ്കാറും
കപ്പലും തിരയും
കനോലിയും കനാലും
ബസ്സും
നാൽവരി നിരയെടുപ്പും
അക്ബർ ട്രാവൽസുമായ്
മഹായാനങ്ങളുടെ ഗതിവിഗതിചരിത സാക്ഷിയെന്നപോൽ
തറയോ
കുളമോ
ഇല്ലാതെ
നിർവികാരതയുടെ ആലഭാരവുമായി
തഥാഗത സ്പർശമേൽക്കാത്ത മന്ദസ്മിത നിലാവായി
‘ഒരു പൊന്നാനിക്കാരന്റെ
മനോരാജ്യ ‘മെന്നപോൽ
ഇപ്പോൾ
കൊടുങ്ങല്ലൂരിനും കോഴിക്കോടിനുമിടയിൽ
അറിഞ്ഞോ അറിയാതെയോ ഇറങ്ങിപ്പോയ
വേണ്ടപ്പെട്ട ആരെയോ കാത്തെന്നപോലെ
പോരിശയുടെ
പൊൻനിലത്ത്
ഒറ്റാന്തടി.
സ്റ്റാൻഡിനഭിമുഖം
പഴം നിറച്ച പൊന്നാനി മധുരമായ് പലഹാരമാലയായ് വരവേൽക്കും
ഹുബ്ബൻ വ കറാമത്തൻ മട്ടിൽ
‘നമ്മൾ ‘ എന്ന മക്കാനി.
കൺകണ്ട ചെറുപ്പത്തിലേയുണ്ട്
ഈ വേരും നിനവുമെന്ന്
ഓരോ ആപ്പ് ചായയും ഖിസ്സയും ….
* പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനകത്തുള്ള അരയാൽ. ബസ് സ്റ്റാൻഡിന് അഭിമുഖം ഉള്ള ‘നമ്മൾ ‘ എന്ന് പേരായ ഹോട്ടൽ. ഈ കവിതയിൽ രേഖപ്പെട്ട കാഴ്ചകൾ.
* ഹുബ്ബൻ വ കറാമത്തൻ – സ്നേഹത്തോടും ആദരവോടും കൂടി
****
ആദ്യ വായനയിൽ ഒന്നും മനസ്സിലായില്ല. പിന്നീട് മനസ്സിലാക്കാൻ വേണ്ടി വായിച്ചു. സംശയമുള്ള പദങ്ങൾക്കുള്ള അടിക്കുറിപ്പുമായപ്പോൾ കാര്യങ്ങൾ എളുപ്പമായി. ലാഞ്ചിയും ജങ്കാറും കപ്പലും തിരയുന്ന തീരം. രണ്ടു തരത്തിലും ‘തിര ‘യാണല്ലോ? (തിരയുകയാണലോ ?) കനോലിയും കനാലും കനോലിക്കനാലും , അക്ബർ ബസ്സും തിരയുന്നത് ഈ പൊന്നാനിയെയല്ലേ. പൊന്നാനിയിൽ ചെന്നുപെട്ടാൽ ഇത്തരം ചിന്താധാരകൾ ഉയർന്നുവരിക സ്വാഭാവികം മാത്രം. നിലപാടുതറയും പുന്നയൂർക്കുളവും ഇല്ലെങ്കിൽ പൊന്നാനി നിർവികാരിതമായി പോകുന്നതിൽ എന്താണ് കുഴപ്പം തഥാഗതൻമാർക്ക് അവിടെ ഒന്നും മാർക്കു ചെയ്യാനില്ല എന്ന കാര്യവും നാം സ്മരിക്കണം. പൊരിശയുടെ പൊൻ നിലമാണ് പൊന്നാനിയ്ക്ക് പൊന്നാനിയെന്ന പേരു കിട്ടാൻ കാരണം.
ഭാഗീകമായി പൊന്നാനിക്കാരനായ കവി കാക്കശ്ശേരിയുടെ മനോരാജ്യങ്ങൾ നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്