സമകാലിക മലയാള കവിത
സമകാലിക മലയാള കവിത രാവിലെ ഒരു കുറ്റി പുട്ടും മൂന്ന് ഏത്തപ്പഴവും നാല് പുഴുങ്ങിയ മുട്ടയും രണ്ട് ഗ്ലാസ് പാലും കുടിച്ച് ഓഫീസില്‍ പോയി.
സമകാലിക മലയാള കവിത ഉച്ചക്ക് സദ്യയോടൊപ്പം മൂന്നൂട്ടം പായസവും നക്കി തുടച്ച് ഇല കാലിയാക്കിയ ക്ഷീണത്തില്‍ ഓഫീസിലിരുന്നുറങ്ങി.
സമകാലിക മലയാള കവിത വൈകിട്ട് വിത്തൗട്ട് ചായയോടൊപ്പം ഏഴ് ഉഴുന്ന് വടയും അകത്താക്കി ഓഫീസ് വിട്ടു.
സമകാലിക മലയാള കവിത രാത്രി ഏഴ് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കുഴച്ചടിച്ചേമ്പക്കം വിട്ട് മെത്തയില്‍ കേറി സുഖമായുറങ്ങി.
സമകാലിക മലയാള കവിത അര്‍ദ്ധരാത്രി ചാടിയെണീറ്റ് വൃത്തത്തില്‍ മൂത്രിച്ച് വീണ്ടും ഉറങ്ങി.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.
സമകാലിക മലയാള കവിതയുടെ വാട്‌സാപ്പില്‍ കവിസമ്മേളനത്തിനുള്ള ക്ഷണങ്ങള്‍ വന്നുക്കൊണ്ടിരുന്നു..
ക്ഷണങ്ങളില്‍ സമകാലിക മലയാള കവിതയ്ക്കിഷ്ടമായത് വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ വേദിയായിരുന്നു.
സമകാലിക മലയാള കവിത ജൂബയിട്ടു
സഞ്ചി തൂക്കി
ഹീറോപ്പേനക്കുത്തി
താനാണ് മലയാളത്തിലെ സമകാലിക കവിതയെന്നുറപ്പിക്കാന്‍ കണ്ണാടിയില്‍ നോക്കി.
സമകാലിക മലയാള കവിതയുടെ കണ്ണാടിയല്ലേ..?
അങ്ങനെയല്ലേ തോന്നിപ്പിക്കൂ..
സമകാലിക മലയാള കവിത
കാറില്‍ കയറി
കാര്‍സ്റ്റീരിയോയില്‍ നാറാണത്ത് ഭ്രാന്തന്‍ കേട്ട് കേട്ട് വൈലോപ്പിള്ളി സംസ്‌കൃതിഭവന് മുന്നിലെത്തി.
വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ മുറ്റത്ത് നിന്ന മലയാളത്തിലെ ബേറെ ബേറെ ബേറിട്ട കവിതകളെയൊന്നും സമകാലിക മലയാള കവിത ഗൗനിച്ചില്ല.
സംഘാടകര്‍ സമകാലിക മലയാള കവിതയ്ക്ക് ബൊക്കെ കൊടുത്ത് വേദിയിലേക്കാനയിച്ചു.
സമകാലിക മലയാള കവിതയുടെ ഊഴമെത്തി.
സമകാലിക മലയാള കവിത ശ്രുതിപ്പെട്ടി മൈക്കിന്നോരം വെച്ച് ഒരുപാട് മലയാള കവിതകളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണ് സമകാലിക മലയാള കവിതയെന്ന് തുടങ്ങുന്ന വരികളിലൂടെയങ്ങ് സദസ്യരുടെ കര്‍ണ്ണങ്ങളില്‍ സമകാലിക മലയാള കവിത ഉരുക്കിയൊഴിച്ചൂ രണ്ട് മണിക്കൂര്‍..!
ഹൊ..! സമ്മയ്ക്കണം 2025 ലെ സമകാലിക മലയാള കവിതയെ!
**********
തെരുവ് കവിത
അങ്ങനെയൊരു കവിത
മലയാളത്തിലുണ്ട് സാറേ.
അങ്ങനെയൊരു കവിത മലയാളത്തിലുണ്ട് മാഡം.
അങ്ങനെയൊരു കവിതയുടെസ്ട്രക്ചര്‍ ഇങ്ങനെയിങ്ങനെയിരിക്കും തമ്പുരാനേ.
അങ്ങനെയൊരു കവിതയുടെ ഡിക്ഷന്‍ ഇങ്ങനെയിരിക്കും തമ്പുരാട്ടീ.
അങ്ങനെയൊരു കവിതയ്ക്ക് ഇന്നലെ കാലം ചെയ്ത മാര്‍പ്പാപ്പയുടെ വിശാല മാനുഷികമൂല്യങ്ങളൊന്നുമില്ല സഭേ.
അങ്ങനെയൊരു കവിതയ്ക്ക് കുറച്ച് മനുഷ്യരെ സ്‌നേഹിക്കാനേ അറിയാവൂ ചാനലുകളേ.
അങ്ങനെയൊരു കവിതയ്ക്ക് ശത്രുക്കളുണ്ട് ബുദ്ധാ.
അങ്ങനെയൊരു കവിതയ്ക്ക്
മിത്രങ്ങളുണ്ട് ചാണക്യാ.
അങ്ങനെയൊരു കവിതയ്ക്ക് സിലബസില്ല പ്രൊഫസറേ.
അങ്ങനെയൊരു കവിതയ്ക്ക്
ബന്ധുക്കളില്ല എഴുത്തച്ഛാ.
അങ്ങനെയൊരു കവിതയ്ക്ക്
പൊണ്ടാട്ടിയില്ല പാണ്ഡവരേ.
അങ്ങനെയൊരു കവിതയ്ക്ക്
കാതലിയില്ല മഞ്ജു വാര്യരേ.
അങ്ങനെയൊരു കവിതയ്ക്ക്
നാലുകെട്ടില്ല എം. ടീ.
അങ്ങനെയൊരു കവിതയ്ക്ക് എ. ടി. എം. കാര്‍ഡുകളില്ല ഇലോണ്‍ മസ്‌കേ.
അങ്ങനെയൊരു കവിതയ്ക്ക് സ്ഥിരം
പാറ്റേണില്ല നിക്കനോര്‍ പാര്‍റേ.
അങ്ങനെയൊരു കവിതയ്ക്ക്
കമ്മ്യൂണിസത്തില്‍ വിശ്വാസമില്ല
ഡാര്‍വിനേ.
അങ്ങനെയൊരു കവിതയ്ക്ക്
ആറ്റൂരിന്റെ തറവാടില്ല ദളിതരേ.
അങ്ങനെയൊരു കവിതയ്ക്ക് എ. പി. നോളജ് സിറ്റിയലംഗത്വമില്ല ഔലിയാ.
അങ്ങനൈായൊരു കവിതയ്ക്ക് സമസ്ത നറേഷനില്ല തങ്ങളുപ്പൂപ്പാ.
അങ്ങനെയൊരു കവിതയ്ക്ക് ജമാഅത്തവിഹിതമില്ല സേട്ടേ.
അങ്ങനെയൊരു കവിതയ്ക്ക് മുജാഹിദ് താടിയില്ല ജിന്നുകളേ.
അങ്ങനെയൊരു കവിതയ്ക്ക്
സൂഫീ നൃത്തമറിയില്ല നര്‍ഗ്ഗീസ് ഫക്രീ.
അങ്ങനെയൊരു കവിതയ്ക്ക്
കറാമത്തുകളറിയില്ല അജ്മീര്‍
ഹോജാവേ.
അങ്ങനെയൊരു കവിതയ്ക്ക്
ശാസ്ത്രീയഗാനമറിയില്ല യേശുദാസേ.
അങ്ങനെയൊരു കവിതയ്ക്ക്
ബാഗ്ദാദറിയില്ല കുരീപ്പുഴേ.
അങ്ങനെയൊരു കവിത
36 വയസ്സായപ്പോള്‍
ഗZz ആആആആനപ്പുറത്തേറി
മാര്‍പ്പാപ്പേ.
അങ്ങനെയൊരു കവിത
ഗZzzzആആആആനപ്പുറത്തിരുന്ന് യുവാല്‍ നോവ ഹരാരിയുടെ നാടിന്റെ കോണിപ്പുകളില്‍ കല്ലെറിഞ്ഞു.
അങ്ങനെയൊരു കവിതയുടെ
എക്‌സ്ട്രീം ഇടപെടലുകള്‍ തിരോന്തരം
വെള്ളക്കോട്ടയ്ക്ക് മുന്നിലിരുന്ന്.
അങ്ങനെയൊരു കവിതയുണ്ട്
എഡിറ്റര്‍മാരേ.
അങ്ങനെയൊരു കവിതയുടെ മറ്റൊരു പേരാണ് തെരുബ് കബ്ത.
No Comments yet!