അമ്മേ, എന്റെ കാലിൽ പേരെഴുതൂ
മായാത്ത മഷികൊണ്ട്.
നനഞ്ഞാൽ ഒലിച്ചു പോകാത്ത,
ചൂടിൽ ഉരുകാത്ത
മഷികൊണ്ട്.
അമ്മേ, എന്റെ കാലിൽ പേരെഴുതൂ,
വൃത്തിയായി, നല്ല കട്ടിയായി എഴുതൂ,
അമ്മയുടെ ആ പ്രത്യേക കൈപ്പടയിൽ.
ഉറങ്ങാൻ പോവുമ്പോൾ
എന്റെ അമ്മയുടെ കൈപ്പട കണ്ടെന്ന്
എനിക്ക് ആശ്വസിക്കാമല്ലോ.
അമ്മേ, എന്റെ കാലിൽ പേരെഴുതൂ,
എന്റെ അനിയത്തിമാരുടേയും സഹോദരന്മാരുടേയും
കാലിലും പേരെഴുതൂ,
അങ്ങിനെ ഞങ്ങളെല്ലാം ഒരുമിക്കും,
നിന്റെ മക്കളെന്ന് ഞങ്ങൾ അറിയപ്പെടും.
അമ്മേ, എന്റെ കാലിൽ പേരെഴുതൂ,
അച്ഛന്റേയും അമ്മയുടേയും പേരുകൾ
നിങ്ങളുടെ കാലിലും എഴുതിവെക്കാൻ മറക്കരുത്.
നമ്മൾ ഒരു കുടുംബമായിരുന്നുവെന്ന്
അങ്ങിനെ എല്ലാവരും അറിയും.
അമ്മേ, എന്റെ കാലിൽ പേരെഴുതൂ,
ബോംബുകൾ നമ്മുടെ വീടിന്റെ മുകളിൽ വീഴുമ്പോൾ,
ചുവരുകളിടിഞ്ഞ് നമ്മുടെ അസ്ഥികളും തലയോട്ടികളും
ചിതറുമ്പോൾ,
നമ്മുടെ കാലുകൾ ആ കഥ പറയും.
ഓടിപ്പോകാൻ നമുക്കൊരു ഇടവും
ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ലെന്ന്.
പലസ്തീൻ-അമേരിക്കൻ കവയിത്രിയായ സെയ്ന അസമിന്റെ നെഞ്ച് നുറുക്കുന്ന കവിത. മലയാളത്തിലാക്കാതിരിക്കാൻ സാധിച്ചില്ല. അല്പം സ്വാതന്ത്ര്യം അവിടെയുമിവിടെയും എടുത്തിട്ടുണ്ട്. ഗാസയിലെ മനുഷ്യർക്ക്, അവിടെ പൊലിഞ്ഞുപോയ നമ്മുടെ കുഞ്ഞുങ്ങൾക്ക്, ഈ മൊഴിമാറ്റം സമർപ്പിക്കുന്നു.
*****
No Comments yet!