Skip to main content

സ്ത്രൈണ ഋതു

 

ഒരു വിത്ത്
അതിന്റെ ജീവന്റെ
കറുത്ത ചിറകനക്കത്തെ
കനത്ത ഏകാന്തതയെ
വിഷാദഭരിതമായ സങ്കടത്തെ
കടുത്ത വിശപ്പിനെ
എന്റെയുദരത്തിലേക്ക്
പകർന്നൊഴിക്കുന്നു.

എന്റെ സിരകളിൽ
ഒരു മരത്തിന്റെ ഇളംചൂടുള്ള ചോര,
അനേകരഹസ്യങ്ങളുടെ കാടായി നിറഞ്ഞു പൂക്കുന്നു.
ധ്യാനത്തിന്റെ ചെറുധൂളികളായി അവയെല്ലാം
പല നിറങ്ങളിൽ പുഞ്ചിരിക്കുന്നു.
അതെന്നെ
പ്രണയഭരിതമായ ഭാഷയിൽ
സ്ത്രൈണഋതുവായി
വിവർത്തനം ചെയ്യുന്നു.

മുറിവുകളിൽ തിടംവച്ച വേദന
തണുത്ത് തെളിഞ്ഞൊരു നീരുറവയാവുന്നു.
വെള്ളത്തിന്റെ പ്രാചീനകോശമായി
ഞാനെന്നിൽ തന്നെ
നിറഞ്ഞു കവിയുന്നു.

വരൾച്ചകളിൽ നിന്ന് കുതറി
പാറക്കൂട്ടങ്ങൾക്കിടയിലൂടെ
ഉരുണ്ടുപിരണ്ടൊരു കാറ്റ്
കയറ്റം കയറി വരുന്നുണ്ട്
മുഖമുരഞ്ഞ് നീറുന്നുണ്ടെങ്കിലും
മുളങ്കാട്ടിനുള്ളിലെ കിളികളെ ഓർമ്മിപ്പിക്കും വിധം
ചുണ്ടിലൊരു മുറിപ്പാട്ടിന്റെ
ഈണമുണരുന്നു.

നിലാവുണ്ണുന്ന മലകൾക്ക് താഴെ
മരങ്ങളും
ചെടികളും
സ്വന്തം വിയർപ്പിന്റെ ഓർമ്മയിറ്റുന്ന
മണങ്ങളെ
മൗനങ്ങളെ
അതീവ ലളിതമായ
ഒരു തുടർച്ചയിലേക്കെന്നവണ്ണം
കനമഴിച്ച് നേർപ്പിച്ചെടുക്കുന്നു

കുപ്പായച്ചുളിവുകളിൽ നിന്ന്
ഉപ്പുതരികളെ കുടഞ്ഞുടുത്ത്
മുടി കോതിക്കെട്ടി
ഒരു മഴ മണ്ണിലടുപ്പുപൂട്ടുന്നു.

മണ്ണിരകൾ
മുളയിലകൾക്ക് താഴെ
ഭൂമിയെ ചെറുതരികളായി
ഉരുട്ടിയെടുക്കുന്നു.

രാത്രിയുടെ തോട്പൊട്ടിച്ചൊരു മൗനം
വീടുവിട്ടിറങ്ങുന്നു.
മുകളിലേയ്ക്ക്
ചാരിവെച്ച വഴിപോലെ
അകലങ്ങളെ തുളച്ച്
ഒരു പന്തമെരിഞ്ഞു കത്തുന്നു

വെളിച്ചത്തിന്റെ ചിറപൊട്ടിയ
തടാകകരയിലേക്ക്
കരിനീലനിറമുള്ള
സൂചിമുഖി പക്ഷികൾ
ഒരുമിച്ച് പറന്നിറങ്ങുന്നതിന്റെ
വിദൂരദൃശ്യം.

എന്നോളമാഴത്തിൽ,
പൂക്കളതിന്റെ മണം കൊണ്ട് നിറഞ്ഞയാകാശം കാണുന്നു.
ഒരിലയുടെ നെഞ്ചിൽ
ഇളംവെയിൽ പരക്കുന്നു
അടിവയറ്റിൽ കൈവച്ച്
ഓർമ്മകളുടെ ചെറുതുടിപ്പുകൾ
നനഞ്ഞുകുതിർന്ന്
പച്ചപീലിനീർത്തി
നൂറ്റാണ്ടുകളുടെ സ്വപ്നം കാണുന്നു.
മഴവില്ലുകൾ
ചോപ്പ
പച്ച
നീല
മഞ്ഞയെന്ന് ഊഞ്ഞാലു കെട്ടുന്നു.

മനുഷ്യർ മാത്രം
പുഴ മുറിച്ച് കടക്കുമ്പോലെ
മണ്ണു തൊടാതെ
എന്നെ കടന്നുപോവുന്നു.

 

*******

 

No Comments yet!

Your Email address will not be published.