
കുഞ്ഞിക്കുരുവിക്ക്
കുന്നിനു മീതെ
പറക്കാൻ മോഹം
മോഹിച്ചു മോഹിച്ചു കുഞ്ഞിക്കുരുവി ഒടുവിൽ
തന്റെയാഗ്രഹം അമ്മയോട് പറഞ്ഞു
ആകാശത്തിന്റെ അറ്റത്തൂടെ പറക്ക്ണ
പരുന്തിനെചൂണ്ടി
ആഹാ, എന്തു രസം!
എന്നവൾ ആശ്ചര്യംകൂറി
കുഞ്ഞു ചിറകുകൾ വലുതാവ് ണവരെ കാത്തിരിക്കാൻ
അച്ഛനും
കുണുങ്ങിപ്പറഞ്ഞു
ചേട്ടനോടും ചേച്ചിയോടും
അവൾ
തന്റെ
പറക്കൽമോഹം
പങ്കുവച്ചു
പറന്നുതുടങ്ങിയെങ്കിലും
പരുന്തിനോളം
പൊക്കം
‘അസാധ്യം ‘
എന്ന ഒറ്റപ്പദത്തിൽ
അവരും
തറപ്പിച്ചു
കുഞ്ഞന് സങ്കടം വന്നു
കുനിഞ്ഞിരുന്നു
കരഞ്ഞു കരഞ്ഞവൻ
ഉറങ്ങിപ്പോയി
അവിടെ
അനേകം
താഴ് വാരകൾക്കപ്പുറം
കുന്നുകളും
മലകളും
കാടും കടലും താണ്ടി
ഗിരിശിഖരങ്ങൾക്കു മീതെ
പാരിനും പരുന്തുകൾക്കും മീതെ കുഞ്ഞൻ
ഉയർന്നുയർന്നു പാറി!!
ചിറകൊടിക്കാത്ത
സമൂഹമേ
സാധ്യമായിടും
സുനിശ്ചിതം
മാറിടും കാലം
മാറ്റിടും ലോകം
ചിറകു വെട്ടാതെ,
പറപ്പാൻ തുനിഞ്ഞിടിൽ!
***







No Comments yet!