Skip to main content

ഉരഗം

 

അകലെ നീ പാർക്കുന്ന നഗരം കാണുവാൻ
രൂപം മാറി ഒരു ഉരഗമായി
ഉയരമുള്ള ഒരു വൃക്ഷത്തിൽ കയറിയിരുന്ന്
നിന്നെത്തിരക്കി.
ഒരു ഫ്ളാറ്റിൽ ഒറ്റയ്ക്കിരിക്കുന്ന
നിന്നെ
എന്റെ കറങ്ങുന്ന കൃഷ്ണമണികൾ കണ്ടുപിടിച്ചു.
പെട്ടെന്ന് ഞാൻ നീട്ടിയ നാവ്
ദൂരെ നഗരത്തിൽ നീയിരിക്കുന്ന മുറിവരെ എത്തി
ഒന്നും അറിയാതെ വെറുതെയിരിക്കുന്ന നിന്റെ
ഹൃദയത്തെ തൊടുവാനായ് ആഞ്ഞു.

 

നൈർമ്മല്യം

പ്രഭാതത്തിൽ പുഴ
നിശബ്ദമായിരിക്കുന്നതും
ഓളങ്ങൾ വെറുതെ വിതുമ്പുന്നതും
മീൻതോണി പുഴയ്ക്കു നടുവിൽ
ഇളംവെയിൽ കാഞ്ഞ് ഒറ്റയ്ക്ക് നിൽക്കുന്നതും
ഇങ്ങനെയെല്ലാമാവാം നിർമ്മലമായ പ്രേമം
പ്രഭാതങ്ങളാൽ അലംകൃതമാകുന്നത്…..

 

No Comments yet!

Your Email address will not be published.