കുന്നംകുളത്തിനടുത്തുള്ള ഇയ്യാൽ എന്ന സ്ഥലത്തെ ഒരു ചെറിയ കുറ്റിക്കാട്ടിലാണ് അർണ പർണങ്ങൾ കൊണ്ട് പർണശാലയും കെട്ടി, രാമൻ എന്ന കുറുക്കനും അവന്റെ സീത കുറുക്കത്തിയും പാർത്തു വന്നിരുന്നത്. ലവകുശ എന്ന് യഥാക്രമം പേരുകളുള്ള രണ്ട് കുട്ടിക്കുറുക്കന്മാരും അവർക്കുണ്ടായിരുന്നു. അക്കാലത്ത് നാട്ടിൽ എന്തോ വലിയ ആപത്ത് സംഭവിച്ചതായി രാമന് തോന്നിത്തുടങ്ങി. വീടുകളിൽ ആളുകളെ കാണുന്നില്ല, കടകൾ തുറക്കുന്നില്ല. വെട്ടുവഴികളിലൂടെ കടന്നൽ കൂടിളകിയതുപോലെ തിരക്കു കൂട്ടുന്ന യാത്രക്കാരോ വാഹനങ്ങളോ പോകുന്നത് നിലച്ചിരിക്കുന്നു. ചിലപ്പോൾ മാത്രം മരണവണ്ടികൾ നിർത്താതെ ഓരിയിട്ട് കിതച്ചോടുന്നുമുണ്ട്.
വലിയ തന്ത്രശാലികളായ മനുഷ്യർക്കിതെന്തു പറ്റി ? ! നരിമാൻ ചിന്തയിലാണ്ടു.
നാടെല്ലാം സ്വന്തമാണെങ്കിലും രാത്രി മാത്രമെ പുറത്തിറങ്ങാവൂ എന്ന നാട്ടുനിയമമനുസരിക്കേണ്ടതുകൊണ്ട് വൈകുന്നേരം വരെ കുറുനരി തിരകളടക്കി കാത്തിരുന്നു. ഭാര്യയെയും മക്കളെയും പോറ്റാത്തവൻ എന്ന പേരുദോഷം ഇയ്യിടെ വാങ്ങിച്ചിട്ടുണ്ട്. കാലുപിടിച്ച് സത്യം ചെയ്തിട്ടാണ് സീതയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചത്. കുട്ടികളെ പ്രതി ജീവിതം പുനരാരംഭിച്ചിട്ടേയുള്ളൂ. ഇനി എങ്ങിനെ മുന്നോട്ടു നീങ്ങും? രാമന്റെയുള്ളിൽ ഭയാശങ്കകളുടെ കാട്ടുതീ പടരാൻ തുടങ്ങിയിരിക്കുന്നു. രാത്രി പുറത്തിറങ്ങിയ രാമൻ മനുഷ്യ സഞ്ചാരമില്ലാത്ത ഇടവഴികളിലൂടെ കരിയില കൂമ്പാരങ്ങളും പടർപുല്ലുകളും ശ്രദ്ധാപൂർവം വകഞ്ഞു മാറ്റി നീരവം നീങ്ങവെ അടുത്ത ഒരു വീട്ടിൽ നിന്നും ഉച്ചത്തിലുള്ള മനുഷ്യ ശബ്ദങ്ങൾ കേൾക്കാനിടയായി. രാമൻ അവിടെത്തന്നെ അനങ്ങാതെ നിന്നു. തലയുയർത്തി എല്ലാം ശ്രദ്ധിച്ചു. ആ വീടിന്റെ ജനൽ പഴുതുകളിലൂടെ വെളിച്ചത്തിന്റെ വർണപാളികൾ പുറത്തേക്ക് തെറിച്ചു വീഴുന്നുണ്ട്, ഒപ്പം സംഭാഷണങ്ങളും. എന്നാൽ പരിസരം നിർജ്ജനമായിരുന്നു.
അധികം വൈകാതെ അത് ടി വി യിൽ നിന്നുള്ള വാർത്തകളാണെന്ന് കുറുക്കനു മനസിലായി. അവൻ പതുക്കെ ചെന്ന് ജനലിന് താഴെ പതുങ്ങി നിന്നു. ഏറേനേരം വാർത്ത കേട്ട രാമൻ നടുങ്ങി പരവശനായി. കൊറോണ മഹാദീനം ന്യൂനമർദ്ദത്തിലെ ചുഴലി പോലെ നാട്ടിൽ ചുറ്റിപ്പടർന്നു പരക്കുകയാണ്. മനുഷ്യരുടെ ഈ ഗ്രഹത്തിലെ അതിവാസം ഇതോടെ പരിസമാപ്തിയിലെത്തുമോ എന്നോർത്ത് രാമന് വലിയ സങ്കടമുണ്ടായി.
അവൻ തിരിച്ചു നടന്നു. അവനെ വിശപ്പ് വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. കോഴിക്കടയുടെ പരിസരമെല്ലാം വളരെ സൂക്ഷ്മതയോടെ അവൻ പരതി നോക്കി. എന്നാൽ ഗുണമൊന്നുമുണ്ടാകാതിരുന്നതിനാൽ രാമൻ അടുത്ത സ്ഥലത്തേക്ക് പലായനം ചെയ്തു. നാട്ടു വെളിച്ചമൊട്ടും ഇല്ലാതിരുന്നിട്ടും പന്നിത്തടത്തെ പാടങ്ങളെല്ലാം അരിച്ചുപെറുക്കിയിട്ട് ഒരു ഞണ്ടിനേയോ ഒരു ഞവനിയേയോ കണ്ടുകിട്ടാതെ രാമൻ പാടവരമ്പിൽ തളർന്നിരുന്നു.
പണ്ടത്തെപ്പോലെ പഴയ മരയഴിയിട്ട കോഴിക്കൂടുകളിൽ ഇന്ന് ആരും കോഴികളെ വളർത്തുന്നില്ലെന്ന് അവനറിയാമായിരുന്നു. ഇന്ന് കോഴികൾ ധാരാളമുണ്ട്, വലിയ കൂടുകളിൽ കനത്ത കമ്പിവലകളടിച്ച് ഉറപ്പും സുരക്ഷിതവുമാക്കിയാണ് ആളുകൾ കച്ചവടത്തിനായി കോഴികളെ പോറ്റുന്നത് അവിടെ നല്ല ഉച്ചത്തിലുള്ള വെളിച്ചങ്ങളും കെണികളും അവർ ഒരുക്കി വെച്ചിട്ടുണ്ട്. അപ്പോൾ അവിടേക്ക് അടുക്കാൻപോലും കഴിയുകയില്ലെന്ന് കുറുക്കന്മാരും മനസ്സിലാക്കിയിട്ടുണ്ട്. വെള്ളരിപ്പാടങ്ങളുടെ പ്രാചീനമായ ഓർമ്മകളുണർന്നപ്പോൾ രാമൻ ഒരു പച്ചക്കറി കടയുടെ പുറകിലേക്ക് നടന്നു. അവിടെ കൂട്ടിയിട്ടിരുന്ന പച്ചക്കറികളുടെ നാറുന്ന കൂട്ടങ്ങളിൽ നിന്ന് ചില ചീഞ്ഞ വെള്ളരിക്കകളുടെ അവശിഷ്ടങ്ങൾ അവൻ അറപ്പോടെ അകത്താക്കി വലിയ നിരാശയോടെ വീട്ടിലേക്കു തിരിച്ചു. അനന്തരം വിശപ്പിനെതിരെ മുന്തിരിത്തോപ്പുകളും വെള്ളരിപ്പാടങ്ങളും സ്വപ്നം കണ്ട് കുറുക്കനുറങ്ങി. രാവിലെ ഇടിവെട്ടും മഴയുടെ കലാപങ്ങളുമാണ് രാമനെ ഉണർത്തിയത്. ഉണർന്നിട്ടെന്തു കാര്യം, വയറ്റിലേക്ക് എന്തേങ്കിലും ചെല്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ. ഭാര്യയും കുട്ടികളും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അവർ ഏതോ ദുരിതാശ്വാസ കേന്ദ്രത്തിന്റെ പിന്നാംപുറത്ത്
ഒളിഞ്ഞു കിടപ്പുണ്ടാകും, എച്ചിലുകൾക്കായി.വായ കീറിയതു കൊണ്ട് ഭക്ഷണത്തിന് വിധിയുണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് രാമൻ വീണ്ടും ചുരുണ്ടു കൂടി കിടന്നു. ഒടുവിൽ വെളിച്ചം ഇലച്ചാർത്തു കളിലൂടെ കണ്ണിലടിച്ചപ്പോൾ കുറുക്കൻ പതുക്കെ എഴുന്നേറ്റു. എന്തായാലും ഇന്ന് പകൽ പുറത്തിറങ്ങുക തന്നെയെന്നുറച്ച് അവൻ പഴയ ഒരു കൈലേസെടുത്ത് മുഖം മൂടിക്കെട്ടി കുന്നംകുളം ലക്ഷ്യമാക്കി നടന്നു. കടകൾ കണ്ണുകളടച്ച് വലിയ മയക്കത്തിലേക്കാണ്ടു പോയിരിക്കുന്നു. അവൻ ചന്തയുടെ പരിസരത്തേക്കു തന്നെ നീങ്ങി. കടലെടുത്തു പോയിട്ടും ശേഷിച്ച ജനപഥാവശിഷ്ടങ്ങൾ പോലെ കെട്ടിടങ്ങൾ അവിടെ നിർജ്ജീവമായി തങ്ങിനില്പുണ്ട്.
കുറുക്കൻ വീണ്ടും മുന്നോട്ടു നടന്നു. അവനെ അതിശയിപ്പിച്ചു കൊണ്ട് അതാ ഉക്രുമാപ്ലയുടെ പഴക്കട തുറന്നു വെച്ചിരിക്കുന്നു. “ജമ്പു ഫലാനി പക്വാനി വിദന്തി വിമലേ ജലേ..” ശ്ലോകം വന്ന് ജമ്പുകനിൽ അറിയാതെ നിറഞ്ഞു. അവൻ നേരെ കടക്കു മുന്നിലേക്കു നടന്നു. അവിടെ മൂന്നു പേർക്ക് മാത്രമെ ഒരേ സമയം വ്യാപാരത്തിലിടപെടാനാവൂ അതുകൊണ്ട് നരി അല്പം മാറി നിന്നു. വലിയ പ്രലോഭനങ്ങൾ ഉണ്ടാക്കിക്കൊണ്ട് വെളുപ്പ് കറുപ്പ് വയലറ്റ് പച്ച നിറങ്ങളിൽ കുരുവില്ലാത്തതും ഉള്ളതുമായ മുന്തിരിക്കുലകൾ കടയിൽ തൂങ്ങി നില്ക്കുകയാണ്. അവൻ അസ്വസ്ഥനായി.
“എന്തു വേണം?” ഉക്രു മുതലാളി അലക്ഷ്യമായി ചോദിച്ചു.
“ഇതുകൾ ശരിക്കും മുന്തിരി തന്നെയാണോ?” രാമൻ സംശയം ഉന്നയിച്ചു.
“പിന്നല്ലാതെ, ഇത് കളിക്കാൻ വെച്ചിട്ടുള്ളതല്ല, ലെബനോണിൽ നിന്ന് ഇറക്കുമതി ചെയ്ത ചരക്കാണിത്.” കടക്കാരന്റെ കനത്ത മറുപടി വീണ്ടുമുണ്ടാകാവുന്ന ചോദ്യങ്ങൾക്ക് വിരാമമിട്ടു. കുന്നംകുളമല്ലേ എന്തിനും വ്യാജൻ ഇറക്കുന്നവരാണ്. കുറുക്കൻ പക്ഷേ അതു പറഞ്ഞില്ല. പകരം അവൻ വിനയത്തോടെ വില ചോദിക്കുക മാത്രം ചെയ്തു.
“കുരുവില്ലാത്തതിന് കിലോക്ക് നൂറ്റിയിരുപതു ഉറുപ്പിക, കുരുവുള്ളതിന് നൂറുറുപ്പിക”, “വേഗമാകട്ടെ, ഏതു വേണം ?” കടക്കാരൻ തിരക്കുകൂട്ടി.
“പുളിക്കുമോ?” കുറുക്കൻ ചോദിച്ചു. “ദേഷ്യം പിടിപ്പിക്കരുത്, വേണമെങ്കിൽ വാങ്ങിപ്പോ”, മുതലാളി വലിയ നീരസത്തോടെ പറഞ്ഞു.
“എന്നാൽ ഒരെണ്ണം സാമ്പിൾ തരൂ”.
“സാമ്പിൾ ഒരു മുന്തിരിക്ക് രണ്ടുറുപ്പിക”
“അത് പുളിച്ചാലോ?”
“അപ്പൊ കാശു വേണ്ട.”
കടക്കാരൻ ഒരു മുന്തിരി കുലയിൽ നിന്നും അടർത്തിയെടുത്ത്, പ്ലാസ്റ്റിക് കയറുകൾ കെട്ടി പ്രവേശന മാർഗ്ഗമടച്ച കടയുടെ മുന്നിലെ മേശയിൽ വെച്ച് രണ്ടു രൂപക്കു വേണ്ടി കൈ നീട്ടി നിന്നു. രാമക്കുറുക്കൻ കൊതിയോടെ ആ മുന്തിരിയെടുത്ത് വായിലിട്ടു. അധിമധുരമായിരുന്നു അതിന്. ഒരു നയാ പൈസ പോലും കയ്യിലില്ലാതെ എന്തു ചെയ്യും, അവൻ ഉടനെ ഒരടവെടുത്തു.
“അയ്യോ, പുളിയോടു പുളി ഇത്, അച്ചാറിടാം.” “നുണ പറയുന്ന നസ്രാണീ !” എന്ന് പ്രാകിക്കൊണ്ട് രാമൻ ഉടനെ അവിടെ നിന്ന് നിഷ്ക്രമിച്ചു. കടക്കാരൻ എറിഞ്ഞ വടി ലാക്കു തെറ്റി കുറുക്കന്റെ കാലിനടുത്തു കൂടെ പാളിപ്പോയി. അപായസൂചന മണത്ത നരി ശരവേഗത്തിൽ പ്രാണനും കൊണ്ട് പാഞ്ഞു പോയി. പിറ്റേ ദിവസം രാവിലെ പുറത്തു നിന്നുള്ള കാൽപ്പെരുമാറ്റങ്ങളും അടക്കിപ്പിടിച്ച സംസാരങ്ങളും
കേട്ടുകൊണ്ടാണ് രാമക്കുറുക്കൻ ഉണർന്നത്. അവൻ വേഗം തന്നെ എണീറ്റ് പുറത്തു കടന്നു നോക്കി. അതാ മുന്നിൽ രണ്ടു പോലീസുകാർ !
എന്താണ് സാർ? ചെറിയ ഭയത്തിന്റെ മിന്നലാട്ടം ഉള്ളിൽ തുടിച്ചുവെങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഓർമ്മയില്ലാത്തതിനാൽ അധീരനാകാതെ കുറുക്കൻ അതിഥികളോട് ചോദിച്ചു.
“നിന്റെ പേരെന്താ?”
“രാമൻ.”
“അപ്പോൾ ശ്രീരാമനാരാണ്?”
“അങ്ങിനെയാണ് സർട്ടിഫിക്കറ്റിലെ മുഴുവൻ പേര്.”
“സി.വി.ശ്രീരാമനും വി.കെ.ശ്രീരാമനും മറ്റുമായി നിനക്കെന്താ ബന്ധം?”
“അവർ വലിയ എഴുത്തുകാരും കഥാകാരന്മാരും സിനിമാക്കാരുമല്ലേ സാർ!” “ഞാനാണെങ്കിൽ വെറുമൊരു കഥാപാത്രം മാത്രം ” കുറുക്കൻ ആദരവോടെ പറഞ്ഞു.
പോലീസുകാർക്ക് ദേഷ്യം വന്നു. അവർ ഉടനെ കാര്യത്തിലേക്കു കടന്നു. “നീ ഇന്നലെ രാവിലെ 10-30 നും 11 നുമിടക്ക് കുന്നംകുളം പട്ടണത്തിലെ ഉക്രു മാപ്ളയുടെ പഴക്കടയിൽ ചെന്നിരുന്നോ?” പോലീസുകാർ ചോദ്യം ചെയ്തു തുടങ്ങി.
“ഉവ്വ്.” കുറുക്കൻ സത്യം പറഞ്ഞു.
“മോഷണം, പീടിക ഭേദനം അപകീർത്തിപ്പെടുത്തൽ, നുണപ്രചരണം തുടങ്ങിയ വകുപ്പുകൾ ചാർത്തി നിനക്കെതിരെ ഉക്രു കോടതിയിൽ അന്യായം ബോധിപ്പിച്ചിട്ടുണ്ട്.” “നിന്റെ തിരിച്ചറിയൽ രേഖകളെടുത്ത് ഉടനെ വാ” പോലീസുകാർ ധൃതികൂട്ടി.
കുറ്റാരോപണങ്ങൾ കേട്ട് രാമൻ വല്ലാതെ വിരണ്ടു. അതിവേഗം സ്വസ്ഥത വീണ്ടെടുത്ത അവൻ രേഖകൾ എടുക്കാനെന്ന ഭാവേന വീടിനകത്തേക്കു കടന്നു. പെട്ടെന്ന് പുറകിലൂടെ ഓടി വേലി ചാടി നേരെ കിഴക്കോട്ട് വെച്ചടിച്ചു. കുറുക്കന്റെ കൗശലങ്ങൾ നേരത്തെ അറിയാമായിരുന്നതുകൊണ്ട് പോലീസുകാർ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉടനെ അവരും കുറുക്കനെ അനുധാവനം ചെയ്തു. വിശന്നു പൊരിയുന്ന കുറുക്കന്റെ ഉള്ള് നിരാശയും പ്രതികാരവും കൊണ്ട് കത്തിക്കാളി. അതിവേഗം ഓടുമ്പോഴും ഈ ഊരാകൂടുക്കിൽ നിന്നും എങ്ങിനെ കുതറി മാറും എന്നായിരുന്നു. അവന്റെ ചിന്ത. ചേറപ്പായി വക്കീലിനെ കണ്ടാൽ കേസിന്റെ കാര്യത്തിൽ താല്ക്കാലിക ശാന്തിയുണ്ടാകാം. പക്ഷേ രക്ഷപ്പെട്ട് അവിടെ എങ്ങിനെയെത്തും? കൂടാതെ ഈ വിശപ്പിന്റെ കരണ്ടു കീറുന്ന നീറ്റലിന് എന്താണൊരു പോംവഴി? കുറുക്കന്റെ ചിന്തയും ഓട്ടവും ഒരുപോലെ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു, മഹാവ്യാധിയുടെ ഈ പഞ്ഞകാലത്ത്, നായ്ക്കൾക്കും പൂച്ചകൾക്കും പക്ഷികൾക്കു പോലും മനുഷ്യൻ തീറ്റ കൊടുക്കുന്നുണ്ട്. എന്നാൽ വനവാസികളായ കുറു നരികൾക്ക് ഒരു ദാനവും കിട്ടുന്നില്ല. പരിദേവനങ്ങൾ കേൾക്കാൻ പോലും ആരുമില്ലല്ലോ എന്നോർത്ത് കുറുക്കൻ സങ്കടം കൊണ്ടു.
കൊടുത്താൽ തിരിച്ചു കിട്ടും എന്ന കച്ചവട ബോധം മനുഷ്യരിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. സ്വയം കൃതാനർത്ഥം ഉണ്ടാക്കിയതും അവർ തന്നെയാണല്ലോ ! ഓടുമ്പോൾ ചിന്ത ഏറെ കയറി പോകുന്നതു കൊണ്ട് ഓട്ടത്തിന്റെ വേഗത കുറയുന്നുണ്ടോ?! പോലീസുകാരുടെ പാദരക്ഷകളുടെ പ ട പ ട ചെത്തം അടുത്തടുത്ത് വരുന്നതായി രാമന് തോന്നി. അവൻ ഒന്നു തിരിഞ്ഞു നോക്കി. പോലീസുകാർ രണ്ടും ഏതാണ്ട് രണ്ടു വാര അടുത്തെത്തിയിരിക്കുന്നു. കീഴ്ശ്വാസത്തിന്റെ കണ്ണീർ വാതകം പൊട്ടിക്കാൻ പല തവണ ഉച്ചത്തിൽ ശ്രമിച്ചു നോക്കി എന്നാൽ രാമന് അതിനു കഴിയുന്നില്ല.
അവന്റെ വെറും വയർ നനഞ്ഞ ചാക്കു പോലെ ഒട്ടിക്കിടക്കുകയാണ്. കുറുക്കൻ സർവശക്തിയുമെടുത്ത് അവസാന ഓട്ടത്തിലേക്ക് കടന്നു. പെട്ടെന്ന് ഒരു വെളുത്തു തടിച്ച പൂച്ച കുറുക്കനു കുറുകെ നിരത്തു മുറിച്ച് അസ്ത്രം കണക്കെ കടന്നു പോയി. പരസ്പരം കൂട്ടിമുട്ടി വീഴുമെന്നും അതോടെ പിടിയിലാകുമെന്നുമുള്ള ഭീതിയുടെ ഒരഗ്നിനാളം രാമന്റെ ഉള്ളു പൊള്ളിച്ചു. കുറുക്കൻ ഓട്ടം തുടരുക തന്നെയാണ്. തൊട്ടുപുറകെ പോലീസും. ത്രികാലജ്ഞാനിയായ മാർജാരന്റെ മാർഗ്ഗരോധം എന്തോ നിമിത്തം വെളിപ്പെടുന്ന പോലെ അവന് തോന്നാനിടയായി. പൂച്ച വഴി ഒ.വി.വിജയന്റെ ഒരു കഥയിലേക്ക് വെളിപാടു തുറന്നു കിട്ടിയ കുറുക്കൻ ശങ്കാവിഹീനനായി പകർന്നോടി. രാമൻ ഓട്ടത്തിനിടയിൽ തെളിഞ്ഞു കണ്ട വേലൂർ പള്ളി അവസാനത്തെ അഭയമായി മാറുമെന്ന് അവന് തോന്നി. പള്ളി മതിൽ വെപ്രാളത്തോടെ അവൻ മറികടന്നു. അകത്തെ പച്ചപ്പുല്ലിന്റെ ശാന്തിയിലൂടെ നീങ്ങവെ പൂത്തൻ പാനയിലെ ഈരടികളിലെ ആവർത്തിക്കുന്ന അവസാന വാക്കുകൾ ഓർത്ത് രാമൻ കണ്ണീരൊഴുക്കി.
ഉടനെ പള്ളിക്കടുത്തുള്ള ഇരുനിലകെട്ടിടത്തിലെ അർണോസ് പാതിരിയുടെ വായനാമുറിയിലേക്ക് അവൻ പാളിക്കടന്നു. ഒട്ടും വൈകാതെ അലമാരയുടെ മുകളിലെ തട്ടിൽ പൊടിപിടിച്ച് കാത്തിരുന്ന പഞ്ചതന്ത്രം കഥകളുടെ ആ വലിയ പുസ്തകത്തിനിടയിലേക്ക് രാമൻ ഒളിച്ചു കടന്നു.
അനന്തരം പുസ്തകത്താളുകൾക്കിടയിൽ പതിഞ്ഞു കിടന്നു കൊണ്ട് രാമൻ എന്ന കുറുക്കൻ അപ്രത്യക്ഷനായി.
No Comments yet!