ഞാരോത്തെ പറമ്പിലെ മണ്ട പോയ തെങ്ങിനെപ്പറ്റി, അതിൻ പൊത്തിലിരിക്കുന്ന കിളിയെപ്പറ്റി പി.എ. നാസിമുദ്ദീന്റെ ഒരു കവിതയുണ്ട്. “ഞാരോത്തെ പറമ്പിലെ തെങ്ങും ഞാനും ഒരു പോലെ “എന്ന് തുടങ്ങുന്ന കവിതയാണെന്നാണ് ഓർമ്മ. മണ്ടപോയ തെങ്ങാണെങ്കിലും അതിൽ അഭയം തേടുന്ന കിളി ഒരു രൂപകമായി അടയാളപ്പെടുന്നു. ഒരു കല്പവൃക്ഷത്തിന്റെ അവസാന നാളിലും ഒരു കിളിക്ക് കൂടൊരുക്കുന്ന അതിന്റെ വാഴ്‌വിൽ കവിയും കവിതയും പാരസ്പര്യപ്പെടുന്നു.
സസ്യ -വൃക്ഷ ബിംബങ്ങളിലൂടെ മർത്ത്യജീവിതത്തിന്റെ ബഹുതലങ്ങൾ ആവിഷ്കരിക്കുന്ന രചനകൾ ഔചിത്യം കൊണ്ടും മൗലികമായ നോട്ടങ്ങൾ കൊണ്ടും ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്നതായാണ് അനുഭവം. ഒരു മരം വെട്ടേറ്റ് വീഴുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന മരത്തിന്റെ ദയനീയമായ നോട്ടം എൻ.എ. നസീർ തന്റെ കാടനുഭവങ്ങളിൽ പങ്കുവെക്കുന്നുണ്ട്. കവിത തന്നെ അതും. “ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന് ഒരില തന്റെ ചില്ലയോടോതി “എന്ന് എഴുതുന്ന സച്ചിദാനന്ദനും അതിനുമുമ്പ് ‘വൃക്ഷം’എന്ന കവിത എഴുതിയ വയലാറും ജൈവവും സാംസ്കാരികവുമായ അടരുകളിലേക്ക് ജീവിതത്തെയും അതു പകരുന്ന വൈകാരിക ബോധ്യങ്ങളെയും സന്നിവേശിപ്പിക്കുകയാണ് ചെയ്തത്.
ഇ. ജിനന്റെ ‘ചാരുകസേര’ എന്ന കവിത (വാക്കനൽ FB പേജ് ) വൃദ്ധത്വത്തെയും ‘വൃക്ഷത്വ’ത്തെയും ചേർത്ത് ഒരു പുതിയ നോട്ടം കവിതയിൽ വാക്കുകളുടെ ഇലവിരിച്ച് ആവിഷ്കരിക്കുകയാണ്. വൃദ്ധനാവുന്നത് വൃക്ഷവും കൂടിയാണ്. എത്ര നിലാവുകൾ പൂത്ത കൺചില്ലകളാണ് തനിക്കുണ്ടായിരുന്നതെന്ന് ഓർക്കാൻ മാത്രം ഇപ്പോൾ വിധി.
“വൃക്ഷത്തിന്റെ നെഞ്ചിൽ സങ്കടത്താളം കൊട്ടിയിരിപ്പൂമരങ്കൊത്തി ”
.. പൊള്ളും നെഞ്ചിൽ മരങ്കൊത്തി സങ്കടത്താളം കൊട്ടുമ്പോൾ ആരായുന്നതിൽ നിർദാക്ഷിണ്യമായ കാലത്തിന് മുന്നിൽ നിസ്സഹായമാകുന്ന മനുഷ്യാവസ്ഥയുണ്ട്. രണ്ടിലക്കൂമ്പിൽ പൊടിച്ച് തൊഴുകൈയോടെ ആകാശം നോക്കി മണ്ണിൽ പുലർന്ന ബാല്യകാലം… പണ്ട് മഴക്കാലത്ത് ആരോ നട്ടത്…അന്ന് തൊട്ടിന്നോളം വെയിലും മഴയും കൊണ്ടത്…എന്നെഴുതുമ്പോൾ വെയിൽ, മഴ എന്നീ വാക്കുകൾ അതിൽ കവിഞ്ഞ അർത്ഥങ്ങളിലേക്ക് രൂപപ്പെടുന്നു. മരണം മഴുവായ് വന്ന് വിളിക്കുന്നതും കാത്ത് കിടക്കുമ്പോഴും ഓർമ്മകൾ ഇതുവരെ കൊണ്ട മഴക്കാലത്തേക്ക് ചില്ല നീട്ടുന്നു.
“പണ്ടൊരു മഴക്കാല – /
ത്തായിരുന്നാരോ നട്ടൂ /
അന്നു തൊട്ടിന്നോളവും /
വെയിലും മഴയും കൊണ്ടു.
മരണം മഴുവായ് /
വന്നു വിളിക്കുന്നതും കാത്തു /
കിടക്കെ മരം വീണ്ടും /
ഓർക്കുന്നു മഴക്കാലം . ”
കാലാന്തരത്തിൽ
പൊള്ളയാകുമ്പോഴും മരങ്കൊത്തി കാതൽ കനത്തിൽ കൊത്തി ചിതൽ തേടുമ്പോഴും ബാക്കിയുള്ള ജീവന്റെ ശേഷിപ്പിൽ പരോപകാരത്തിന്റെ ഉയിർപ്പിലേക്ക് സംക്രമിക്കുകയാണ് ;വേരറ്റ് പോയാലും നേരുറ്റ ഒരു ജീവിതം കാത്ത് ….ഒരു കസേരയ്ക്കുള്ള ഉരുപ്പടിയെങ്കിലും അത് തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
“വൃദ്ധനോ വൃദ്ധയ്ക്കോ /ചാരി
കിടക്കാൻ
കസേരക്ക് /
ചാരും കൈത്താങ്ങും തീർക്കാൻ /
പോരുമീ വിരൽ വണ്ണം ”
എന്റെ തടി പൂതലിച്ചു പോയെന്നും കാതലിലിനി ഉളി നടത്തുവാനാവില്ലെന്നും പറയുന്ന ജിയുടെ ‘പെരുന്തച്ചനി ‘ൽ നിന്നും വിഭിന്നമാണ് വൃക്ഷത്തിന്റെ മനം.
ഇത്തിരി കാതൽ കൂടി ബാക്കിയുണ്ടെങ്കിൽ തന്നെപ്പോലെ വാർദ്ധക്യത്തിലെത്തിയവർക്ക് ചാരാൻ, കൈത്താങ്ങാകാൻ ഒരു വിരൽ വണ്ണം ഉരുപ്പടിയെങ്കിലും പ്രതീക്ഷിക്കുന്നു വൃക്ഷം. വൃക്ഷവും മനുഷ്യനും ജൈവ വലയങ്ങൾ കൊണ്ട് പാരസ്പര്യപ്പെടുന്ന ഭാവനാ നിർവഹണം ശ്രദ്ധേയം. കവിത അതിലളിതമായെങ്കിലും ജീവിതാവസ്ഥയെ അഭിസംബോധന ചെയ്യുകയാണ്. സ്നേഹത്തിന്റെ, പരോപകാരത്തിന്റെ, പ്രത്യാശയുടെ, കരളുറപ്പുള്ള വേരുകളിലും ജൈവബോധ്യങ്ങളുടെ ഉർവര ഭാവനയിലുമാണ് ഈ കവിത അതിന്റെ അസ്തിത്വം കാതൽക്കരുത്തായി വാക്കുകളുടെ ബഹു ശാഖകൾ കൊണ്ട് ആവിഷ്കരിക്കുന്നത്. വാക്കുകളുടെയും ആശയങ്ങളുടെയും ഔചിത്യം,സൂക്ഷ്മത, ഭാവ സംക്രമക്ഷമമായ ബിംബങ്ങളുടെ ക്രമീകരണം, വൈകാരികമായ ഒതുക്കം,ആഖ്യാനത്തിലെ കൃത്യത, ശില്പഭദ്രത, ഉചിതമായ താളക്രമം എന്നിവ കവിതയെ, കവിയെ എത്രമേൽ സ്വീകാര്യമാക്കുന്നു, അനിവാര്യമാക്കുന്നു എന്നതിന്റെ നിദർശനമാണ് ഈ കവിത.
*****
സൂക്ഷ്മം ശ്രദ്ധേ യം
ഒരുവായനക്കാരൻ്റെ കിളിവാ തിൽ
ഒരു കവിത യിലൂടെ പ്രകീർണ്ണപ്പെടുന്ന വെളിച്ച ത്തിൻറെ ചീളുകൾ
എന്റെ കവിതയുടെ കാതൽ തൊട്ടതിന്
നന്ദി.
നല്ല കാവ്യനോട്ടങ്ങൾ….❤️