Skip to main content

മൗനമുദ്രിതം

 

പഴങ്കഥകൾ നിമജ്ജനം ചെയ്ത
സ്വനവീചികളെന്നും ഭയമാണെനിക്ക് .
ജരണദേവതയുടെ
പാദ പതന നിസ്വനം ഭീതിയുണർത്തുമ്പോഴും
മാഞ്ഞ് പോവുന്നില്ല
പതിരുകളില്ലാത്ത പഴങ്കഥകൾ .

വളർത്തു നായ തൻ ദീന വിലാപം .
മറുവിളിയുടെ പ്രതിധ്വനിയുയർത്തി കാലൻകോഴി.
പാർവണനിലാവിൽ വഴിഞ്ഞൊഴുകും
പാലപ്പൂമണം.
വൈരാഗ്യത്തിന്റെ മൂർച്ച തിളങ്ങുമ്പോൾ
പുറത്ത് പോയി തിരികെയെത്താൻ വൈകിയാൽ
എവിടെയൊ എന്തൊക്കെയൊ അശനിപാതങ്ങൾക്ക് കാതോർത്ത് ഞാനങ്ങനെ….
ചില വാക്കുകൾ ,
ചിരികൾ ,
നോട്ടം
അപരിചിതത്വത്തിന്റെ ഗിരിശൃംഖങ്ങൾ.
നിശബ്ദനായ്, നിശ്ചേഷ്ഠനായ്…
ഞാനിതല്ലെന്നെല്ലാവരും.

എല്ലാം നിറഞ്ഞമൗനം
ഒരുനാൾ പൊട്ടിച്ചിതറി
വലിയൊരു ശബ്ദമായ്
തീരുമെന്നൊരാശങ്കയാൽ
ഞാനെന്നെ തളച്ചിട്ടിരിയ്ക്കുന്നു
ചങ്ങലകളില്ലാതെ….

 

****

 

No Comments yet!

Your Email address will not be published.