സന്ധ്യ അയാളുടെ മുന്നിൽ നവ വധുവെപ്പോലെ മഞ്ഞപ്പട്ട് അണിഞ്ഞു ഒരുങ്ങി നിന്നു. മുടിക്കെട്ടിൽ നിന്നെന്നപോലെ ഇലച്ചാർത്തിൽ നിന്നും മഴവെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. വെളിച്ചം ഇരുട്ടിന് വഴിമാറാൻ തുടങ്ങി. അങ്ങ് ദൂരെ അറബിക്കടൽ ചുവന്ന് തുടുത്തിട്ടുണ്ടാവാം. നിശാഗന്ധികൾ നേർത്ത മണം പൊഴിച്ചു, അയാളുടെ സ്വപ്നങ്ങൾ ആൾരൂപം പ്രാപിച്ച് ഇറങ്ങിവന്നു. വലിയ ഒരു ജനക്കൂട്ടം മുറ്റം നിറഞ്ഞു. ആ പ്രവാഹം വഴിയിലേക്കും തുടർന്ന് നിരത്തിലേക്കും പടർന്നു. പരിചിതങ്ങൾ, സുപരിചിതങ്ങൾ, ചിരപരിചിതങ്ങളുമായ മുഖങ്ങൾ. തിരക്കിൽ തിക്കിത്തിരക്കി ആരെയോ തിരയുകയായിരുന്നു അയാൾ. അപ്പോഴാണറിഞ്ഞത് സ്വപ്നക്കൂട്ടിൽനിന്നും ആരൊക്കെയോ മൂന്നുനാലുപേർകൂടി പുറത്തുവരാനുണ്ടെന്നു. പിന്തിരിഞ്ഞുവരാൻ ശ്രമിച്ചു, പക്ഷെ കഴിയുന്നില്ല. ആൾക്കൂട്ടം മുന്നോട്ട് തള്ളിനീക്കിക്കൊണ്ടേയിരുന്നു. ഒരാളും തന്നെ തിരിച്ചറിയുന്നില്ലെന്ന സത്യം മനസിലാക്കി തിരികെ വരാനുള്ള വിഫലമായ ശ്രമം തുടർന്നു. കൂടെയുള്ളവർ അയാളുടെ കൈപിടിച്ച് വലിച്ചകൊണ്ടുപോയി. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉന്തിയും തട്ടിത്തെറിപ്പിച്ചും കടന്നുപോയി. ഉറക്കെക്കരയാൻ തോന്നി ശബ്ദം പൊങ്ങുന്നില്ല. സ്വപ്നക്കൂട്ടിൽനിന്നും ഇറങ്ങിവരാത്തവരുടെ കൂട്ടത്തിലുണ്ട് താൻ തിരഞ്ഞുകൊണ്ടിരിക്കുന്ന മൂന്നുപേരെന്ന തിരിച്ചറിവ് ഹൃദയത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാനാകാതെ നിസഹായനായി അവരുടെ കൂടെ മുന്നോട്ടു നീങ്ങി. ഒരു നദിക്കരയിലെത്തി. കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളം. ഒഴുക്കുണ്ടോയെന്ന് മനസിലാവുന്നില്ല. എല്ലാവരും ചേർന്ന് അയാളെ പൂർണ്ണനഗ്നനാക്കി. അത്രയുംനേരം നിശബ്ദമായിരുന്ന അവിടം ശബ്ദമുഖരിതമായി. സ്ത്രീകളും കുട്ടികളും നൃത്തംചവിട്ടാൻ തുടങ്ങി. പുരുഷന്മാരുടെ ആർപ്പും അട്ടഹാസവും കാതടപ്പിക്കുംവിധം ഭയാനകമായിരുന്നു. ഓരോരുത്തരായി വിവസ്ത്രരായിക്കൊണ്ടിരുന്നു. അധികം വൈകാതെ എല്ലാവരും…. നൃത്തം തുടർന്നുകൊണ്ടേയിരുന്നു. കൂട്ടത്തിലാരോ ഒരാൾ അയാളെ നദിയിലേക്ക് തള്ളി. മുഴുവൻ ശക്തിയുമെടുത്തു അതിവേഗം മുന്നോട്ട്നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോഴും കര ശാന്തമായിരുന്നില്ല. അയാൾക്ക് രൂപം നഷ്ടപ്പെട്ടിരുന്നു. വെള്ളത്തിൽ അലിഞ്ഞുചേർന്നാണ് നീന്തുന്നത്. ഓർമ്മകളും, ചിന്തയും, സ്പർശനവും നഷ്ടമായിരിക്കുന്നു.
No Comments yet!