Skip to main content

ഹോചിമിന്റെ തടവറക്കവിതകൾ

നിലാവ്

തടവുകാർക്ക്
മദ്യമോ പൂക്കളോ ലഭിക്കുകില്ല.
പക്ഷേ, അതിമോഹനമീ രാത്രി
നമുക്കിതെങ്ങനെ ആഘോഷിക്കാം?
വാതായനത്തിനരികിലേക്ക്
നടക്കുന്നു, ഞാൻ-
തറച്ചു നോക്കുന്നു, ചന്ദ്രനെ.
അപ്പോൾ, പുഞ്ചിരിക്കുന്നു
വാതായനത്തിലൂടെ
കവിയെ നോക്കി
ചന്ദ്രൻ.

വഴിയിൽ

കൈകാലുകൾ
മുറുക്കികെട്ടിയിട്ടുണ്ടെങ്കിലും
കേൾക്കാമെനിക്ക് മലകൾക്കപ്പുറത്ത്
കിളിപ്പാട്ടുകൾ.
കാടുമുഴുക്കെപ്പടർന്നിരിക്കുന്നു
വസന്തപുഷ്പങ്ങളുടെ നറുമണം.
ഈ ദീർഘയാത്രയിലെ ഏകാന്തതയെ
ശമിപ്പിക്കുന്ന ഇവയെ
ആസ്വദിക്കുന്നതിൽനിന്നുമെന്നെ
ആർക്കു തടയാനാവും?

നാന്നിങ്ങിലേക്കുള്ള പാതയിൽ

മയമുള്ള കയറിനെ
ഇരുമ്പു ചങ്ങല
സ്ഥാനഭ്രഷ്ടമാക്കിയിരിക്കുന്നു.
ഞാൻ മരതകവളയങ്ങൾ
ധരിച്ചിരിക്കുന്നെന്നു തോന്നിപ്പിക്കുംവിധം
ഓരോ ചവിട്ടടിയിലും അവ കിലുങ്ങുന്നു.
തടവുപുള്ളിയാണെന്നിരിക്കിലും
ചാരനെന്നു മുദ്രകുത്തപ്പെട്ടവനെങ്കിലും
പ്രാചീനനായ
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ
ഗാംഭീര്യത്തോടെ
ഞാൻ നടന്നു നീങ്ങുന്നു.

നിയന്ത്രണങ്ങൾ

സ്വാതന്ത്ര്യമില്ലാതെ ജീവിക്കുകയെന്നത്
യഥാർത്ഥത്തിൽ ഹീനമായ അവസ്ഥയാണ്.
പ്രകൃതിയുടെ വിളികൾപോലും
നിയന്ത്രണങ്ങളോടെയാണ്
ക്രമീകരിക്കപ്പെടുന്നത്.
വാതിൽ തുറക്കുമ്പോൾ
തൂറാൻ നേരമായിട്ടുണ്ടാവില്ല.
തൂറാൻ മുട്ടുമ്പോളാകട്ടെ
വാതിൽ അടഞ്ഞു കിടക്കും.

ഉറക്കമില്ലാത്ത രാത്രികൾ

അവസാനിക്കാത്ത രാവുകളിലൂടെ,
വരാൻ ഉറക്കം വിസമ്മതിക്കുമ്പോൾ
തടവുജീവിതത്തെക്കുറിച്ച്
നൂറിലേറെ കവിതകൾ ഞാനെഴുതുന്നു.
ഓരോ ശ്ലോകത്തിനവസാനത്തിലും
ഞാനുപേക്ഷിക്കുന്നു തൂലിക.
പിന്നെ, ഇരുമ്പഴികൾക്കിടയിലൂടെ
സ്വതന്ത്രമായ ആകാശത്തേക്ക് നോക്കും.

‘ആയിരം കവികളുടെ സമാഹാരം’ വായിക്കുമ്പോൾ

പ്രാചീനർക്ക് പ്രകൃതിഭംഗിയെക്കുറിച്ച്
പാടാനായിരുന്നു ഇഷ്ടം.
മഞ്ഞും പൂക്കളും,
ചന്ദ്രനും കാറ്റും
മൂടൽമഞ്ഞ്, മലകൾ, പുഴകൾ.
ഇരുമ്പും ഉരുക്കും ചേർത്ത്
ഇന്ന് നമുക്ക് കവിതകളുണ്ടാക്കണം.
ആക്രമണം നയിക്കാനും
കവിയ്ക്ക് അറിവുണ്ടാകണം.

ശരത്കാല രാത്രി

കവാടത്തിനുമുന്നിൽ
തോക്കുപിടിച്ച് നിൽപ്പുണ്ട്
പാറാവുകാരൻ.
മുകളിൽ, അസുന്ദരമേഘങ്ങൾ
ചന്ദ്രനെ കൊണ്ടുപോകുന്നു.
സേനാവ്യൂഹം ചമച്ച്
കൊതുകുകൾ
പോർവിമാനങ്ങളെപ്പോലെ
ആക്രമിക്കുമ്പോൾ
യുദ്ധകൗശലമുള്ള പീരങ്കിപ്പടപോലെ
വളയുന്നു, മൂട്ടകൾ.
ഹൃദയം ജന്മനാട്ടിലേക്ക്
ഒരായിരം ലി* ദൂരം സഞ്ചരിക്കുന്നു.
ആയിരം നൂലുകളുള്ള ഒരു ചരടുപോലെ
എന്റെ സ്വപ്നം സങ്കടവുമായി
കെട്ടുപിണയുന്നു.
നിഷ്കളങ്കൻ,
ഞാനൊരാണ്ട് തടവറയിൽ
കഴിഞ്ഞിരിക്കുന്നു.
മഷിയായ് കണ്ണീരുപയോഗിച്ച്
ചിന്തകളെ ഞാൻ
കവിതകളാക്കുന്നു.

*ഒരു ലി= 0.311 മൈൽ

തടവിനുശേഷം മലകളിൽ ഒരു നടത്തം

മേഘങ്ങൾ പുണരുന്നു ശിഖരങ്ങളെ
ശിഖരങ്ങൾ പുണരുന്നു മേഘങ്ങളെ.
താഴെ, കണ്ണാടിപോൽ തിളങ്ങുന്നു നദി
അകളങ്കിതം, ശുദ്ധം.
തെക്കൻ മാനത്തേക്കു നോക്കി
പഴയ ചങ്ങാതികളെ കിനാവുകണ്ട്‌
പടിഞ്ഞാറൻ മലകളുടെ ശിഖരത്തിൽ
അലയുമ്പോൾ,
ഉത്തേജിതമാകുന്നു ഹൃദയം.

——————-

No Comments yet!

Your Email address will not be published.