Skip to main content

മേതിൽ രാധാകൃഷ്ണൻ – ഭാഷയുടെ ‘എഞ്ചിനീയറിംഗും’, സൈദ്ധാന്തിക വായനയുടെ സാധ്യതകളും

ശാസ്ത്രത്തെ ജനപ്രിയമാക്കിയ മേതില്‍ രാധാകൃഷ്ണന് ഇ-മലയാളി പുരസ്‌കാരം

“എന്റെ എഴുത്ത് എഞ്ചിനീയറിംഗാണ്; ഈസ്തറ്റിക്കല്ല” എന്ന മേതിൽ രാധാകൃഷ്ണന്റെ പ്രസ്താവന, മലയാള സാഹിത്യത്തിലെ പതിവ് ഈസ്തറ്റിക് ധാരണകളോട് ഒരു നിർണായകമായ ബൗദ്ധിക ഇടവേള സൃഷ്ടിക്കുന്നതാണ്. സാഹിത്യത്തെ പ്രധാനമായും വികാരാത്മക അനുഭവത്തിന്റെ മേഖലയായി കാണുന്ന പാരമ്പര്യത്തെ മറികടന്ന്, എഴുത്തിനെ ഒരു ഘടനാത്മക-ബൗദ്ധിക നിർമ്മിതിപ്രക്രിയയായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. ഈ നിലയിൽ മേതിലിന്റെ സാഹിത്യത്തെ സമീപിക്കുമ്പോൾ, സമകാലീന സൈദ്ധാന്തിക ചിന്തകളുടെ വെളിച്ചത്തിൽ ഇരുട്ടിലും) അതിനെ വായിക്കാനുള്ള വിപുലസാധ്യതകൾ തുറക്കപ്പെടുന്നു.

ഭാഷയുടെ സ്ഥിരതയെ ചോദ്യം ചെയ്യുന്ന സമീപനം മേതിലിന്റെ എഴുത്തിൽ കാണുമ്പോൾ, അത് ദെറിദയുടെ ഡീകൺസ്ട്രക്ഷൻ സിദ്ധാന്തവുമായി സുഗമം ബന്ധിപ്പിക്കാവുന്നതാണ്. അർത്ഥം ഒരു കേന്ദ്രത്തിൽ സ്ഥിരപ്പെടാതെ നിരന്തരം നീങ്ങുന്ന ഒരു ചലനാത്മക ഘടനയായി പ്രത്യക്ഷപ്പെടുന്നു. ഈ സാഹചര്യത്തിൽ മേതിലിന്റെ പാഠങ്ങൾ, ഭാഷയുടെ അന്തർവൈരുദ്ധ്യങ്ങളെയും, അർത്ഥത്തിന്റെ നിരന്തരമായ മാറ്റങ്ങളെയും മുന്നോട്ട് കൊണ്ടുവരുന്ന ഒരു ഡീകൺസ്ട്രക്ടീവ് പ്രക്രിയയായി കാണാം.

Michel Foucault | French Philosopher, Historian & Social Theorist | Britannica
Michel Foucault

അതുപോലെ, ഫൂക്കോയുടെ ഡിസ്കോഴ്സ് സിദ്ധാന്തം മേതിലിന്റെ എഴുത്തിനെ മനസ്സിലാക്കാനുള്ള മറ്റൊരപഗ്രഥനവഴിയാണ്. ഫൂക്കോ ചൂണ്ടിക്കാട്ടിയതുപോലെ; ഭാഷയും,ജ്ഞാനവും, അധികാരഘടനകളുമായി അടുക്കിപ്പിണഞ്ഞിരിക്കുന്നു. മേതിലിന്റെ രചനകളിൽ ഭാഷ വെറും ആശയപ്രകടനത്തിന്റെ മാധ്യമമായല്ല; മറിച്ച് ജ്ഞാനരൂപീകരണത്തിന്റെ സങ്കീർണ്ണമായ പ്രക്രിയകളെ ചോദ്യം ചെയ്യുന്ന ഒരു വിമർശനാത്മക ഉപകരണവുമായി സജീവം പ്രവർത്തിക്കുന്നു.

റൊളാങ് ബാർത്തിന്റെ “The Death of the Author” എന്ന ആശയം മേതിലിന്റെ പാഠങ്ങളെ വായിക്കുമ്പോൾ പ്രത്യേക പ്രസക്തിയുറ്റതുമാണ്. ബാർത്തിന്റെ നിലപാടുപോലെ, പാഠത്തിന്റെ അർത്ഥം എഴുത്തുകാരന്റെ ഉദ്ദേശത്തിൽ മാത്രം അധിഷ്ഠിതമല്ല; അത് വായനയുടെ പ്രവർത്തനനൈരന്തര്യത്തിലൂടെയാണ് രൂപപ്പെടുന്നത്. മേതിലിന്റെ കഥകളിലെ സങ്കീർണ്ണമായ ഘടന വായനക്കാരനെ ഒരു സജീവ സഹസ്രഷ്ടാവായി മാറ്റുന്നു. അർത്ഥം ഇവിടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നല്ല; മറിച്ച് വായനയുടെ പ്രക്രിയയിൽ നിരന്തരം പുനർനിർമിക്കപ്പെടുന്ന ഒന്നത്രെ!

Introduction to Jacques Lacan - Eternalised
Jacques Lacan

ഈ സൈദ്ധാന്തിക വായനയെ കൂടുതൽ ആഴത്തിലാക്കുക ജാക് ലക്കാന്റെ ഭാഷയും, അവബോധാതീതവും സംബന്ധിച്ച സിദ്ധാന്തങ്ങളാണ്. ലക്കാൻ ചൂണ്ടിക്കാണിച്ചതു പോലെ, അവബോധാതീതം ഭാഷയുടെ ഘടനയിൽ പ്രവർത്തിക്കുന്നു. മേതിലിന്റെ എഴുത്തിൽ കാണുന്ന ഭാഷാപ്രയോഗം പലപ്പോഴും ലളിതമായ വിവരണരീതിയെ മറികടന്ന്, ചിഹ്നങ്ങളുടെ സങ്കീർണ്ണമായ ഇടപെടലുകളിലൂടെ അർത്ഥം രൂപപ്പെടുന്ന ഒരു മാനസിക-ഭാഷാപരമായ ഘടന സൃഷ്ടിക്കുന്നു. ഇതുവഴി പാഠം ഒരു മാനസിക-ചിഹ്നാത്മക മേഖലയായി മാറുന്നു.

ഇതോടൊപ്പം ഗിൽസ് ഡല്യൂസിന്റെ “Rhizome” സങ്കൽപ്പം മേതിലിന്റെ എഴുത്തിനെ വായിക്കാൻ ഉതകുന്ന മറ്റൊരു നിർണായക ഉപാധിയാണ്. ഡല്യൂസ് നിർദ്ദേശിച്ച റൈസോമാറ്റിക് ഘടനയിൽ അറിവും അർത്ഥവും ഒരു കേന്ദ്രത്തിൽ നിന്ന് വികസിക്കുന്നതല്ല; മറിച്ച് പല ദിശകളിലേക്കും പരന്നുകൊണ്ടിരിക്കുന്ന ഒരു ബഹുകേന്ദ്ര ഘടനയാണ്. മേതിലിന്റെ സാഹിതീപാഠങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള ഒരു ബഹുമുഖ ചിന്താസഞ്ചാരത്തെ സൃഷ്ടിക്കുന്നു. അവ ഒരു ലീനിയർ കഥാസഞ്ചാരത്തെ പിന്തുടരുന്നില്ലെന്ന് മാത്രമല്ല; ആശയങ്ങളുടെ വ്യാപകവും, അനിയന്ത്രിതവുമായ ബന്ധങ്ങളിലൂടെ മുന്നേറുകയും ചെയ്യുന്നു.

അവസാനമായി, പിയർ ബോർഡിയുവിന്റെ “Cultural Field” എന്ന സങ്കൽപ്പത്തിന്റെ വെളിച്ചത്തിലും (നിഴലിലും!) മേതിലിന്റെ സാഹിത്യത്തെ വായിക്കാം. ബോർഡിയു ചൂണ്ടിക്കാണിച്ചതുപോലെ, ഓരോ സാഹിത്യപ്രവർത്തനവും ഒരു പ്രത്യേക സാംസ്കാരിക മേഖലയിലെ ശക്തിബന്ധങ്ങളുടെ ഭാഗമാണ്. ഈ നിലയിൽ മേതിൽ രാധാകൃഷ്ണന്റെ എഴുത്ത്, മലയാള സാഹിത്യത്തിലെ വികാരാധിഷ്ഠിത മുഖ്യധാരാ പ്രവണതകളോട് പ്രത്യയശാസ്ത്രപരമായ പ്രതിരോധം സൃഷ്ടിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ രചനകൾ സാഹിത്യത്തിന്റെ സാംസ്കാരിക മേഖലയിലെ വ്യത്യസ്തമായ ഒരു ബൗദ്ധിക നിലപാട് സ്ഥാപിക്കാൻ ശ്രമിക്കുന്നു.

തസറാക് - മേതിൽ രാധാകൃഷ്ണന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം - തസറാക്

ഈ എല്ലാ സൈദ്ധാന്തിക പശ്ചാത്തലങ്ങളിലും നിന്ന് നോക്കുമ്പോൾ, മേതിൽ രാധാകൃഷ്ണന്റെ സാഹിത്യം ഒരു ലളിതമായ സൃഷ്ടിപ്രവർത്തനമല്ല. അത് ഭാഷയുടെ ഘടന, അർത്ഥത്തിന്റെ സഞ്ചാരം, ജ്ഞാനത്തിന്റെ രൂപീകരണം, സാംസ്കാരിക ശക്തിബന്ധങ്ങൾ എന്നിവയെ ചോദ്യം ചെയ്യുന്ന ഒരു സങ്കീർണ്ണമായ ബൗദ്ധിക സാഹിത്യപ്രവർത്തനമായത്രെ; രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, മേതിലിന്റെ എഴുത്ത് മലയാള സാഹിത്യത്തിലെ വികാരാധിഷ്ഠിത വിനിമയങ്ങളെ മറികടന്ന്, ഭാഷയെ ഒരു ചിന്താപരമായ പരീക്ഷണശാലയാക്കി മാറ്റുന്ന അപൂർവമായ ഇടപെടലായി വേണം വിലയിരുത്തപ്പെടാൻ!”

No Comments yet!

Your Email address will not be published.