മലയാള സാഹിത്യത്തിലെ പ്രണയസങ്കല്പങ്ങളെ മാറ്റിമറിച്ച ബഷീറിന്റെ മതിലുകളിലെ നാരായണിയെ തേടിയുള്ള ചിന്തകളുടെ യാത്രയാണിത്… മതിലുകളില്‍ നിന്ന് ആരംഭിച്ച് നീല വെളിച്ചത്തില്‍ ചെന്നെത്തുന്ന അത്ഭുത കുമിളകളുടെ സത്യം തേടിയുള്ള ചിന്തകളുടെ യാത്ര… വരൂ, നമുക്ക് ഒരു യാത്ര പോവാം… തെളിവുകളുടെ ഒരു കണിക പോലും ഇല്ലാത്ത ചിന്തകളുടെ അത്ഭുത കുമിളകള്‍ നിറഞ്ഞുനില്‍ക്കുന്ന വിശാലമായ ഹൃദയത്തിലേക്കുള്ള യാത്ര…
യാത്രയെന്ന് കേള്‍ക്കുമ്പോഴേക്കും എല്ലാം കെട്ടിക്കൂട്ടി ഈ വലിയ ഭാണ്ഠക്കെട്ടുമായി ഇതെങ്ങോട്ടോ..? ഇതിനും വലിയ ഭാരം നമ്മുക്ക് ചുമക്കേണ്ടതുണ്ട്… ചിന്തകളുടെ… അനേകം ചിന്തകളുടെ ഭാരം ചുമക്കേണ്ടതുണ്ട്… ചിന്തകളുടെ… അനേകം ചിന്തകളുടെ ഭാരം ചുമന്ന് മതിലുകള്‍ കടന്ന് മാളികകള്‍ കടന്ന് നീലവെളിച്ചവും നോക്കി വിശാലമായ ഹൃദയത്തിലേക്കുള്ള യാത്ര…
അസ്വാതന്ത്ര്യത്തിന്റെ മതിലുകള്‍ക്കിടയിലൂടെ അവര്‍ നടന്നുനീങ്ങി… മതിലുകളുടെ… മതിലുകളുടെ… അനേകം മതിലുകളുടെ മറവിലേക്ക് പതിയെ ഒരാള്‍ തനിച്ചാകുന്നു… മതിലുകള്‍ക്കപ്പുറം ഒരു സുന്ദരിയായ സ്ത്രീയെ പര്‍ദ്ദ ഇട്ടു മൂടിവെച്ചപോലെ ആരും ഇന്ന് വരെ ശിക്ഷിക്കപ്പെടാത്ത തടവറ പോലെ ഒരു മാളിക… ആ വെളുത്ത വസ്ത്രധാരി അവിടെ തനിച്ചാകുന്നു…
‘ഏകാന്തമായ ഒരു തടവറ പോലെ ഏകാന്തമായ ഒരിടം…’
ഒരു പഴയ മാളിക മുകളിലും താഴെയുമായി ധാരാളം മുറികള്‍. വെള്ളത്തിനു പെപ്പും… പറമ്പില്‍ ധാരാളം വൃക്ഷങ്ങള്‍, പറമ്പിനുചുറ്റും മതില്‍ക്കെട്ട്, പബ്ലിക് റോഡിന്റെ അരികത്താണു വീട്. ചുരുകിപ്പറഞ്ഞാല്‍ പബ്ലിക് റോഡിന്റെ ഒരു മതില്‍ വ്യാത്യാസത്തിനുമപ്പുറം കാലങ്ങളായി ആരും ചെന്നെത്താത്ത ഒരു തടവറ പോലെ ആ മാളിക. ഒരുപക്ഷേ, ആ പൂട്ടിയിട്ട ഇരുമ്പ് വാതിലിനു മുന്നില്‍ നില്‍ക്കുമ്പോള്‍…
‘ സ്വതന്ത്രലോകത്തുനിന്ന് ഒരു ഇരുമ്പഴി തുറക്കുന്നു. ഒരു പ്രത്യേക മതില്‍ക്കെട്ടിനുള്ളില്‍ കടക്കുന്നു. വളരെ വൃക്ഷങ്ങള്‍, കുറെ കോട്ടേജുകള്‍, ചുറ്റും മതിലുകള്‍ വലതുവശത്തെ മതിലിനുമപ്പുറം വിശാലമായ സ്വതന്ത്രലോകം. പബ്ലിക് റോഡ് പോലെ… ഇടതുവശത്തെ മതിലിനപ്പുറത്ത് പെണ്‍ ജയില്‍.”
ഒരു നിമിഷം സാഹിത്യകാരന്‍ ഓര്‍മ്മകളില്‍ തരിച്ചുനിന്നിരിക്കാം… തന്റെ ഏകാന്ത സുന്ദരങ്ങളായ രാത്രികള്‍… ഏകാന്ത സുന്ദരമായ പകലുകള്‍… അങ്ങനെ തന്റെ ഒരുപിടി ഓര്‍മ്മകളുമായി സാഹിത്യകാരന്‍ മാളികയിലേക്ക് പ്രവേശിക്കുന്നു. തന്റെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്കു വേണ്ടിയാകാം, മുറ്റത്തൊരു തോട്ടമുണ്ടാക്കണം എന്ന് സാഹിത്യകാരന് തോന്നിയത്. അതും പനിനീര്‍ പൂക്കള്‍, അങ്ങനെ ഈ സ്വതന്ത്ര തടവറയും സ്വന്തമാക്കി സാഹിത്യകാരന്‍ അവിടെ താമസിക്കുന്നു. കഥകള്‍ പതിയെ അയാളെത്തേടി എത്തുന്നു…
‘ദുര്‍മരണം… ദുര്‍മരണം… ദുര്‍മരണം…’
ഈ കാലമത്രയും മനുഷ്യരില്‍ നിന്ന് ഈ മാളികയെ മാറ്റിനിര്‍ത്തിയ ഭാര്‍ഗവി എന്ന പ്രേതകഥ അയാളും അറിയുന്നു. എന്നാല്‍ ഭാര്‍ഗവി തന്നെ ഉപദ്രവിക്കില്ല എന്നും തനിക്ക് മന്ത്രം അറിയാം എന്നും പറയുന്നു.
”എന്താണ് ആ മന്ത്രം…. എങ്ങനെ കിട്ടി…’
‘പണ്ട് സാഹിത്യകാരന്‍ ഒരു സന്ന്യാസിയായിരുന്നു. അയാള്‍ ചെന്നു താമസിച്ചിട്ടിലാത്ത വിശുദ്ധ മസ്ജിദുകള്‍, പുണ്യ ക്ഷേത്രങ്ങള്‍ ഇന്ത്യയിലില്ല. ചെന്നു കുളിച്ചിട്ടില്ലാത്ത പുണ്യ നദികളുമില്ല. കടലോരങ്ങള്‍, കൊടുമുടികള്‍, താഴ്വരകള്‍, വനാന്തരങ്ങള്‍, മരുഭൂമികള്‍, തകര്‍ന്നടിഞ്ഞ ദേവാലയങ്ങള്‍…”
എന്നാല്‍ ഇതുകൊണ്ട് ഭാര്‍ഗവി പേടിക്കുമോ? ജയില്‍ വാര്‍ഡന്‍ പേടിച്ചിരിക്കാം… !
പക്ഷെ ഭാര്‍ഗവി…?
ഇല്ല … ഒരിക്കലും ഇല്ല…
അപ്പോള്‍ ഭാര്‍ഗവിയെ നിലക്കു നിര്‍ത്തിയ ആ മന്ത്രം എന്താണ്?
അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ നിന്ന് താന്‍ ഇന്നുവരെ കാണാത്ത ആ പെണ്‍ ഗന്ധത്തില്‍ നിന്ന്, തനിക്ക് ലഭിച്ച സ്‌നേഹത്തില്‍ നിന്ന് സ്വതന്ത്രന്‍ ആകേണ്ടിവന്ന സാഹിത്യകാരനെ കാത്തിരിക്കുന്നത് പ്രേമകാരണത്താല്‍ സ്വന്തം ജീവന്‍ വെടിഞ്ഞ കാമുകി…
അയാള്‍ ഇതുവരെ കാണാത്ത രണ്ടു കാമുകിമാര്‍. പ്രായം 21, 22..! എഴുത്തും വായനയും ഇഷ്ടപ്പെടുന്ന അത്യാവശ്യത്തിനു വിദ്യാഭ്യാസമുളള രണ്ടു കാമുകിമാര്‍… ഒപ്പം സാഹിത്യകാരനും… ഈ ചിന്തകള്‍ ആയിരിക്കാം ഭാര്‍ഗവിയെ തന്റെ വരുത്തിയിലാക്കാനുള്ള മന്ത്രം തനിക്ക് അറിയാം എന്ന് സാഹിത്യകാരന്‍ പറഞ്ഞത്. അതെ ആ മന്ത്രം പ്രേമമാണ്… പ്രേമല്ലാതെ എന്ത് മന്ത്രം? ഏകാന്തമായ ദിനങ്ങള്‍… മുകളിലെ മുറിയില്‍ ഒഴിഞ്ഞ കസേരക്കു മുന്നില്‍ ഇരിക്കുമ്പോള്‍ തന്റെ നഷ്ടപ്രണയത്തിന്റെ അടയാളം ഈ ഭൂഗോളത്തില്‍ തനിക്കു മുമ്പില്‍ കാണുന്നു… മുഖസ്തുതിയല്ല… പരമസത്യം…
‘മതിലുകള്‍…മതിലുകള്‍…മതിലുകള്‍…’
തന്റെ നാരായണിയുടെ അടയാളം… ആ മാളികയുടെ മതിലുകള്‍… ഇരുണ്ട ചുമരുകള്‍ സാഹിത്യകാരനെ വല്ലാതെ പിടിച്ചുകുലുക്കി എന്നു വരാം… അയാള്‍ ആരോടാണ്
സംസാരിക്കുന്നത്..?
എന്തും വിഴുങ്ങുവാന്‍ സന്നദ്ധമായി വാപൊളിച്ചു നില്‍ക്കുന്ന കിണറിനോടാണൊ?
വൃക്ഷങ്ങള്‍, വീട്, വായു, ഭൂമി, ആകാശം, പ്രപഞ്ചം… മതിലുകള്‍… നീലനിലാവ്… റോസാപ്പൂക്കള്‍…
ആരോടാണ്…?
തന്റെ മനസ്സിലെ അസ്വസ്ഥതയോടാണോ? ഒടുവില്‍ അയാള്‍ ആ സത്യം മനസ്സിലാക്കുന്നു. താന്‍ സംസാരിക്കുന്നത് ഒരാശയത്തോടാണ്. പ്രണയം സ്വപ്നമായി മാറിയ ഒരാശയത്തോട്. തന്റെ ഏകാന്തമായ ഈ തടവറ ജീവിതത്തില്‍ നാരായണിയെ പോലെ ഭാര്‍ഗവിയും സാഹിത്യക്കാരന് കൂട്ടായി വരുന്നു. അങ്ങനെ പ്രണയം നഷ്ടപ്പെട്ടുപോയ രണ്ടുപേര്‍… അതോ മൂന്നു പേരോ… അതോ അതിലേറെയൊ പേര്‍… അവിടെ പരിചയപ്പെടുന്നു. സാഹിത്യക്കാരന്‍ മാളിയുടെ മുറ്റത്ത് തോട്ടമുണ്ടാക്കുന്നു…
‘ പനിനീര്‍പ്പൂക്കള്‍ നിറയെയുള്ള ഒരു പൂന്തോട്ടം”
ഒരു രാത്രി എഴുത്താന്‍ ഇരിക്കവെ വിളക്ക് അണയുന്നു. മണ്ണെണ്ണയെടുക്കാന്‍ പുറത്തുപോയ സാഹിത്യകാരന്‍ തിരിച്ചുവരുമ്പോള്‍ കാണുന്നത് മുറിയില്‍ ഇരുട്ട് വീണ ചുമരുകളില്‍ നീല വെളിച്ചം മുങ്ങി നില്‍ക്കുന്നു…!
നീലവെളിച്ചം..! മണ്ണെണ്ണയില്ലാതെ അണഞ്ഞുപോയ വിളക്ക് എങ്ങനെ… ആരാല്‍ കൊളുത്തപ്പെട്ടു.. ഭാര്‍ഗവീനിലയത്തില്‍ ഈ നീലവെളിച്ചം എവിടെ നിന്നുണ്ടായി..?
കൊല്ലം 1964. തിരുവനന്തപുരത്തെ കൗമുദി ഓഫീസിലെ ഫോണ്‍ ശബ്ദിക്കുന്നു… എടുത്തപ്പോള്‍ പരുഷമായ ശബ്ദം…
‘ഞാന്‍ വൈക്കം മുഹമ്മദ് ബഷീര്‍…”
കൗമുദി ബാലകൃഷ്ണന്റെ കടുംകൈ ബഷീറിനെ വീണ്ടും തിരുവനന്തപുരത്തേക്ക് എത്തിച്ചു.
എന്താണെന്നല്ലേ… ബഷീറിന്റെ അനുവാദമില്ലാതെ എടുത്തുകൊണ്ടുവന്ന ഭാര്‍ഗവി നിലയം തിരക്കഥ തിരിച്ചുവാങ്ങി കൊണ്ടുപോകാന്‍. എന്തായാലും നാരായണിയുടെ ഓര്‍മ്മകള്‍ ഉള്ള മണ്ണില്‍ ബഷീര്‍ വീണ്ടും എത്തിയിരിക്കുന്നു… ഭാര്‍ഗവീനിലയത്തിന് പകരം മറ്റൊരു കഥ കൗമുദി ആവശ്യപ്പെടുന്നു. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം തന്റെ ജയില്‍ ഓര്‍മകള്‍ ഒരു കഥയായി എഴുതി തരാം എന്ന് ബഷീര്‍ വാക്കു നല്‍കുന്നു. തിരുവനന്തപുരത്ത് തമ്പാാനൂരുള്ള അരിസ്റ്റോ ഹോട്ടലിന്റെ അനെക്‌സില്‍ നീണ്ട നാല് ദിവസങ്ങള്‍…
മതിലുകള്‍ എന്ന പേരില്‍ ഒരു ചെറിയ പ്രേകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? നമ്മള്‍ സാധാരണമായി കാലം എന്നൊക്കെ പറയാറുണ്ടല്ലൊ, ആ മഹാകാലത്തിന്റെ അക്കരെ നിന്നുള്ളതാണ്. ബഷീര്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഇക്കരെയും… ഒരിടത്ത് തന്റെ അത്ഭുതസുന്ദരി തിരക്കഥയാകുന്നു… മറ്റൊരിടത്ത് അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍നിന്ന് പൊട്ടിമുളച്ച പ്രണയസങ്കല്‍പ്പങ്ങളെല്ലാം പൊളിച്ചെഴുതിയ നാരായണി മതിലുകള്‍ ആകുന്നു…
‘ഏകാന്തമായ ഹൃദയം അതിന്റെ മഹാതീരത്തുനിന്നു വന്നുചേരുന്ന ഒരു ശോകഗാനമാണിത്.”
മതിലുകളോ..? അതോ ഭാര്‍ഗവിനിലയമോ..?
‘ഏകാന്തതയുടെ മഹാതീരം…’
കഥയുടെ രചന ആരംഭിച്ചിരിക്കുന്നു. ഒരു പ്രാവശ്യം ചെല്ലുമ്പോള്‍ എഴുതിത്തീര്‍ന്നത് പത്ത് പേജാകാം. പിന്നീടത് ഇരുപത്തഞ്ചു പേജാവും, ഇനിയൊരിക്കലാവട്ടെ ഈ ഇരുപത്തഞ്ചുപേജ് അപ്രത്യക്ഷമായി; പകരം ഏഴെട്ടു പേജായി ചുരുങ്ങിയിരിക്കും. ഭാര്‍ഗവിയെ പറ്റി എഴുതിയ പേപ്പറുകള്‍ ആവിശ്യമില്ലാത്തത് എന്ന് തോന്നിയത് ആരോ കത്തിച്ച് ചാരമാക്കിയ പോലെ… ഇവിടെയും ആ പേപ്പറുകള്‍ ആരോ ചാരമാക്കിയിരിക്കുന്നു. അങ്ങനെ മതിലുകളുടെ പണി പൂര്‍ണ്ണതയിലേക്ക് എത്തുന്നു. ഒപ്പം, ഭാര്‍ഗവിനിലയം എന്ന തിരക്കഥയും.
ഒരു ചന്ദ്രോദയം, ഇന്നലെത്തെയോ, നാളെത്തെയോ അല്ല. സമയകാലങ്ങളെ പിന്നീട്… ഇന്നലെയുടെ അനന്തകോടി യുഗങ്ങളില്‍ ലയിച്ചുപോയ കുറെയധികം ജനന-മരണങ്ങളും കണ്ണുനീരും പുഞ്ചിരിയും പിന്നിട്ട് മേഘങ്ങളുടെ ഘോരഗര്‍ജനങ്ങളും ഇടിവാളിന്റെ ഉഗ്രമായ തിളക്കങ്ങളും പിന്നിട്ട് പേമാരിയും കൊടുങ്കാറ്റും പിന്നിട്ട്, ശാപഗ്രസ്തവും അനുഗ്രഹീതവുമായ കുറെയധികം ദിനരാത്രങ്ങളെ പിന്നിട്ട് എന്നത്തെയും പോലെ, പ്രശാന്തസുന്ദരിയായി… തൂവെള്ളപ്പൊടിയുടെ പരിപൂര്‍ണ വൃത്തമായി ഉദിച്ചുപൊന്തുകയായി ഒരു പൂര്‍ണ ചന്ദ്രന്‍…
കഴുകി വെടിപ്പാക്കിയ നീലാകാശം… പൂര്‍ണ്ണ ചന്ദ്രനും നക്ഷത്രങ്ങളും. വളരെ മുഴുപൊടെ തിളങ്ങുന്ന നക്ഷതങ്ങള്‍, കോടി… അനന്തകോടി… എണ്ണമില്ലാത്ത നക്ഷത്രങ്ങള്‍. പൂര്‍ണ വൃത്തത്തില്‍ ചന്ദ്രന്‍. നിശ്ശബ്ദ പ്രപഞ്ചം… എന്നാല്‍ ഏതോ ദിവ്യമായ നിശ്ശബ്ദ സംഗീതം പോലെ… ഒരു സിതാറിന്റെ അറ്റം ചലിപ്പിക്കുന്ന വെള്ള വസ്ത്രധാരി… തടവറയ്ക്കുള്ളിലെ സാഹിത്യകാരനാ..? അതോ, അദ്ദേഹത്തിന്റെ ഉള്ളിലെ കാമുകനോ..? അതോ, മറ്റാരെങ്കില്ലോ..? ആരാണ് ശശികുമാര്‍..?
ശശികുമാര്‍ കിടക്കുമ്പോള്‍ അപ്പുറത്ത് മതിലിനു മീതെകൂടി കോവണി ഉയരുന്നു…
മതിലിനു മീതെ നീലാകാശത്തില്‍ ഉണങ്ങിയ കമ്പുയരുന്നപോലെ കോവണി ഉയരുന്നു… ഉയരുന്നു… ഉയരുന്നു… ഭാര്‍ഗവിയുടെ തല മതിലിനു മീതെ പൊങ്ങുന്നു. ഭാര്‍ഗവി മുഴുവനായും മതിലിനും മുകളില്‍ എത്തുന്നു. അവള്‍ മാവിന്‍കൊമ്പില്‍ പിടിച്ചുകൊണ്ട് ശശിക്കുമാറിനെ നോക്കി മന്ദഹസിക്കുന്നു… മന്ദഹസിക്കുന്നു… മന്ദഹസിക്കുന്നു…
‘ആരാണ് ഭാര്‍ഗവി..?’
അയാള്‍ക്കു നഷ്ടപ്പെട്ട പ്രണയത്തിന്റെ പ്രതീകമോ…? അതോ… അയാള്‍ ഇന്നുവരെ കാണാത്ത മതിലിനപുറത്തെ സുന്ദരിയുടെ പ്രതിച്ഛായയോ…
‘നാരായണി… നീ… എവിടെയാണ്..?
തടവറയില്‍ അടയ്ക്കപ്പെട്ട സാഹിത്യകാരന്റെ ഏകാന്ത സ്വപ്നങ്ങളിലെ സുന്ദരിയാണോ നാരായണി… നീ.. എന്തുതന്നെയായാലും നിന്റെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്…
‘മതിലുകള്‍… മതിലുകള്‍… മതിലുകള്‍…’
പായല്‍ ഇരുട്ട് പരത്തിയ കോണ്‍ക്രീറ്റ് പാളിയെ പോലെ പൂപ്പലുള്ള ഭാര്‍ഗവീനിലയത്തിലെ മതില്‍ക്കെട്ട്. തടവറയിലെ അസ്വാതന്ത്ര്യത്തിന്റെ മതില്‍ക്കെട്ടുകള്‍ കടന്ന് നാരായണിയെ കണ്ടിട്ടുണ്ട് എന്ന് ബഷീര്‍ വിശ്വസിക്കുന്ന ജീവനുള്ള ഒരേ ഒരാള്‍… ബഷീറിന്റെയും നാരായണിയുടെയും പ്രണയത്തിന് സാക്ഷിയായവരുടെ പിന്‍ തലമുറക്കാര്‍ അണ്ണാന്‍മാര്‍ ഭാര്‍ഗവീനിലയത്തിലെ മതില്‍ക്കെട്ടില്‍ എത്തുന്നു.
മതിലിന്റെ ഇപ്പുറത്ത് ഭാര്‍ഗവി… അപ്പുറത്ത് ശശികുമാര്‍. തടവറയില്‍ കിടക്കുന്ന ബഷീറിന്റെ തടവറയില്‍ അകപ്പെട്ടതു കൊണ്ടാണോ… അതോ… തടവറയില്‍ നഷ്ടപ്പെട്ട ബഷീറിന്റെ പ്രണയത്തിന്‍ തടവറയില്‍ അകപ്പെട്ടതു കൊണ്ടാണോ… എന്തുകൊണ്ടാണ്… അവര്‍ ഇരുവരും വെളുത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരിക്കുന്നത്. കൈയില്‍ ഇലയും തണ്ടുമുള്ള ചുവന്ന റോസാപ്പൂക്കള്‍ ഒരോ റോസാപ്പൂവിലും ഒരോകമ്പിലും ഒരോ ഇലയിലും ചുംബിക്കുന്നു. ജ്വലിക്കുന്ന തീക്കെട്ടപോലെ ചുവന്ന റോസാപ്പൂവ് മതിലിന്റെ മുകളിലൂടെ വീഴുന്നു… ഭാര്‍ഗവിയും നാരായണിയും ഇരുകൈകളില്‍ സ്വീകരിക്കുന്നു. ഒരു മഹാ സാമ്രാജ്യം കിട്ടിയ സന്തോഷത്തോടെ തുരുതുരെ ചുബിക്കുന്നു. അവര്‍ പൂക്കള്‍ എല്ലാം എടുത്തു വെക്കാന്‍ പോവുകയാണ്… ഹൃദയത്തിനുള്ളില്‍… ബൗസിനുളളില്‍..!
‘നാരായണിയുടെയും ഭാര്‍ഗവിയുടെയും പ്രണയ ചിഹ്നങ്ങള്‍ ഒന്നിക്കുന്നു”
സ്വന്തമായൊരു പനിനീര്‍തോട്ടം തനിക്ക് ലഭിച്ചിട്ടും നാരാണിയുടെ പ്രണയം നഷ്ടപ്പെട്ടുപോകുന്നു. റോസപ്പൂവിനും മുല്ലപ്പൂപിനും കായ് ഉണ്ടാക്കല്ലന്ന് അറിഞ്ഞ് മാമ്പൂക്കള്‍ കൊണ്ട് ബൊക്കെ ഉണ്ടാക്കാന്‍ ഭാര്‍ഗവിയെ പ്രേരിപ്പിച്ചത് നാരായണി എന്ന ഭൂതകാല ഓര്‍മ്മകളാണോ..? റോസാപ്പൂക്കള്‍ക്ക് കായ ഉണ്ടാകില്ലെന്ന് അറിഞ്ഞിട്ടും ഭാര്‍ഗവി എന്തിന് തന്റെ ഹൃദയത്തില്‍ റോസപ്പൂക്കള്‍ ചേര്‍ത്തുവെച്ചു!? എല്ലാം മന്ത്രമാണ്… മന്ത്രം… ‘പ്രണയം” എന്ന മന്ത്രം… ബജറാ വറത്ത് പൊടിച്ചത് സഞ്ചിയിലാക്കി ബഷീറിനു നല്‍കിയതിന്റെ ഓര്‍മ്മക്കണോ കുതിരവട്ടത്തിന്റെ കൈയില്‍ പൊതികള്‍ കൊടുത്തയച്ചത്…?
”വില്ലന്റെ കൂടെ കഥാനായിക ഒളിച്ചോടിപ്പോയിരിക്കുന്നു..!”
ആരാണ് പപ്പുന്റെ കഥയിലെ നായിക?! ആരാണ് പപ്പു..? ഡയറക്ടര്‍, പ്രൊഡ്യൂസര്‍, നടന്‍, നാടകകൃത്ത്… അങ്ങനെ… ആരൊക്കെയാണ് പപ്പു…! എന്തിനെയും ഒരു ചെറിയ പുഞ്ചിരിയോടെ കാണുന്ന ബഷീറിന്റെ ചിന്തകളുടെ മറ്റൊരു രൂപമാണോ പപ്പു…? വില്ലന്റെ കൂടെ ഒളിച്ചോടിയ കഥാനായിക ആരാണ്…?
പപ്പുന്റെ നാടകത്തില്‍ പെണ്ണുങ്ങളെല്ലാം ആണുങ്ങളാണ്…! അപ്പോള്‍ വില്ലന്റെ കൂടെ ഒളിച്ചോടിപ്പോയത് ആരാണ്…?! ഇതിന് എല്ലാം ഉത്തരം തരാന്‍ കഴിയുന്നത് ഒരാള്‍ക്ക് മാത്രം…
‘സാഹിത്യകാരന്‍… സാഹിത്യകാരന്‍… സാഹിത്യകാരന്‍… ‘
തെളിവുകളുടെ ഒരു കണിക പോലും ഇല്ലാത്ത ചിന്തകളുടെ അത്ഭുത കുമിളകള്‍ നിറഞ്ഞ ഈ യാത്ര താല്‍കാലികമായി ഞാന്‍ അവസാനിപ്പിക്കുന്നു. നിങ്ങള്‍ തുടര്‍ന്നുകൊള്ളുക. കാരണം ഈ യാത്ര ഒരു തുടക്കമോ അവസാനമോ അല്ല; മറിച്ച്, കാലങ്ങള്‍ക്കു മുന്‍പ് തുടങ്ങിവെച്ച യാത്രകളുടെ തുടര്‍ച്ച മാത്രമാണിത്. അതിനാല്‍ നിങ്ങള്‍ ഈ യാത്ര തുടര്‍ന്നുകൊള്ളുക…
ഞാനിവിടെ പറഞ്ഞുവെക്കുന്നതിനേക്കാള്‍ കൂടുതല്‍ പറയാതെ പോകുന്നവയാണ്. കാരണം, ആരോ ഒരാള്‍ എന്നെ തടഞ്ഞുവെക്കുന്നപോലെ… അതുകൊണ്ടുതന്നെ ആ ചിന്തകള്‍ നിങ്ങള്‍ യാത്രചെയ്തു കണ്ടെത്തുക…
എന്നാലും ആരാണ് എന്നെ തടഞ്ഞത്…? നാരായണിയോ…? ഭാര്‍ഗവിയോ…? അതോ ചാരുകസേരയില്‍ ഇരുന്ന് മന്ദഹസിക്കുന്ന മലയാള സാഹിത്യത്തിലെ മഹാമേരുവായ ആ കഷണ്ടി തലയനോ…?
ആരോ ഒരാള്‍…
മന്ദഹസിക്കുന്നു… മന്ദഹസിക്കുന്നു… മന്ദഹസിക്കുന്നു…
ചാരുകസേരയ്ക്ക് അരികില്‍ എഴുത്തു പലകയില്‍ ഭാര്‍ഗവിനിലയം തിരക്കഥ എഴുതി വച്ചിരിക്കുന്നു… കാലങ്ങള്‍ക്കപ്പുറം ആരുടെയൊക്കെയോ സ്വപ്നങ്ങള്‍ സഫലമാകുന്നു. ഭാര്‍ഗവീനിലയം നീലവെളിച്ചം എന്ന പേരില്‍ കളര്‍ സിനിമയാക്കുന്നു. മറ്റേതെങ്കിലും ലോകത്ത് ബഷീര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, തന്റെ തിരക്കഥയെ ഓര്‍ത്ത്… തന്റെ നഷ്ട പ്രണയങ്ങളെ ഓര്‍ത്ത് അയാള്‍ ഇങ്ങനെ ചിന്തിച്ചിരിക്കാം…
”തെറ്റില്ലാത്ത ഒരു സിനിമയാണ് നീ…”
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അതിന്റെ തന്നെ കാഴ്ചയുടെ ചുരുക്കെഴുത്താണ് ഞാന്‍…
മറ്റൊരു ഭാഷയിലേക്കുള്ള ക്രമപ്പെടുത്തലിന്റെ പകര്‍പ്പവകാശം ഒറ്റയാള്‍ നിരൂപണമല്ല…’
കണ്ടു… കണ്ടിരിക്കെ… അവളൊരു സിനിമയാകുന്നു…
”കണ്ടു… കണ്ടിരിക്കെ… അവളൊരു സിനിമയാകുന്നു…’
പ്രിയ അധ്യാപകന്‍ ടിനോ സാറിന്റെ ‘ആണ്‍ വേലികളില്‍ ആണ്‍ശലഭങ്ങളെന്ന പോല്‍’ എന്ന കവിതാ സമാഹാരത്തിലെ ഒരു കൊച്ചു കവിത കടമെടുത്തുക്കൊണ്ട് താല്‍ക്കാലികമായി ഈ യാത്ര ഞാന്‍ നിര്‍ത്തുന്നു…
നിങ്ങള്‍ തുടര്‍ന്നു കൊള്ളുക…
‘ഇരുണ്ട ചുമരുകളില്‍ വിരിഞ്ഞ നീല റോസാപ്പൂക്കളെ തേടിയുള്ള യത്ര നിങ്ങള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു…’ഇനി ഞാന്‍ വിശ്രമിക്കട്ടെ…
No Comments yet!