- ശാസ്ത്രപ്രവർത്തനങ്ങൾക്കല്ല, മറിച്ച് ഐതിഹ്യ നിർമ്മാണങ്ങൾക്കും പ്രചാരണത്തിനുമാണ് സർക്കാർ ഫണ്ടുകൾ മാറ്റിവയ്ക്കുന്നത്.
അധിനിവേശ ഭരണത്തിന്റെ കാലത്ത് പാശ്ചാത്യ ശാസ്ത്രത്തോട് ഇന്ത്യയിലെ തദ്ദേശീയ ബുദ്ധിജീവിതം എന്തു സമീപനമാണ് സ്വീകരിച്ചിരുന്നത്? വിവേചനരഹിതമായ ഒരു തെരഞ്ഞെടുപ്പായിരുന്നു അതെന്നു പറയുക അസാധ്യമാണ്. ചിലർ പാശ്ചാത്യ കാരണയുക്തിയെയും ശാസ്ത്രത്തെയും മുൻവിധികളില്ലാതെ സ്വീകരിച്ചപ്പോൾ, ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചവരുംഉണ്ടായിരുന്നു. സന്ദിഗ്ദ്ധതകളും അനിശ്ചിതത്വങ്ങളും നന്നായി പ്രകടമായിരുന്നെന്നു പറയണം. 1813 ലെ ചാർട്ടർ നിയമത്തിന്റെതുടർച്ചയായി അനുവദിക്കപ്പെട്ട ഒരു ലക്ഷം രൂപ ഉപയോഗിച്ച് സംസ്‌കൃത കോളേജുകൾ സ്ഥാപിക്കാനുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഓറിയന്റലിസ്റ്റുകളുടെ ശ്രമത്തെ ബ്രഹ്‌മസമാജത്തിന്റെ സ്ഥാപകനായ രാജാറാം മോഹൻ റോയ് എതിർക്കുകയും പുതുതായി സ്ഥാപിക്കപ്പെടുന്ന സ്‌കൂളുകളിൽ പാശ്ചാത്യരീതിയിലുള്ള ഗണിതശാസ്ത്രവും രസതന്ത്രവും തത്വചിന്തയുമാണ് പഠിപ്പിക്കേണ്ടതെന്ന് വാദിക്കുകയും ചെയ്യുന്നത് ഇത്തരം സന്ദിഗ്ദ്ധതകളെയാണല്ലോ വെളിപ്പെടുത്തുന്നത്. പാശ്ചാത്യ മാതൃകയിൽ വിശ്വാസമർപ്പിച്ചു പ്രവർത്തിച്ചിരുന്നവർക്ക് തുല്യനിലയിൽ കളിക്കാൻ പറ്റിയ നിലം ലഭ്യമായിരുന്നില്ലെന്ന് ആദ്യമേ ഓർക്കേണ്ടതുണ്ട്. ബ്രിട്ടനിൽ നിന്നോ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നോ വന്ന ശാസ്ത്രജ്ഞന്മാർക്കും തദ്ദേശീയരായ ശാസ്ത്രജ്ഞന്മാർക്കും ഇടയിൽ കൃത്യമായ വിഭജനവും വിവേചനവും നിലനിന്നിരുന്നു. പാശ്ചാത്യ ശാസ്ത്രത്തിന്റെ ഇന്ത്യയിലെ സ്ഥാപനവല്ക്കരണം വളരെ സങ്കീർണ്ണമായ ഘടനയുള്ളതായിരുന്നു.
അധിനിവേശ ഭരണകൂടവും ഉദ്യോഗസ്ഥ മേധാവിത്വവും വ്യക്തികളായ ശാസ്ത്രജ്ഞന്മാരും തദ്ദേശീയ ബുദ്ധിജീവിതത്തോട് കാണിച്ച വിവേചനം പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലും തുടരുന്നതു കാണാം. 1880 ൽ പി.എൻ. ബോസ്ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ചേരുന്നതു വരെ ഏതെങ്കിലും ഒരു ഇന്ത്യക്കാരൻ ശാസ്ത്രമേഖലയിൽ ഉയർന്നപദവിയിൽ പ്രവൃത്തിയെടുത്തിരുന്നില്ല. 1920 ൽ, ഇന്ത്യയിലെ രസതന്ത്ര സ്‌കൂളിന്റെ സ്ഥാപകനായ പ്രഫുല്ലചന്ദ്ര റേ നൽകുന്ന ഒരു കണക്കനുസരിച്ച് ഇന്ത്യയിലെ പതിനൊന്ന് ശാസ്ത്ര സംരംഭങ്ങളിൽ വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 213പേരിൽ പതിനെട്ടു പേർ മാത്രമാണ് തദ്ദേശീയരായി ഉണ്ടായിരുന്നത്. പ്രകൃതിശാസ്ത്രങ്ങളിൽ എന്തെങ്കിലും അസ്സലായിട്ടുള്ള കണ്ടെത്തലുകളോ മറ്റു പ്രവർത്തനങ്ങളോ നടത്താൻ ഇന്ത്യക്കാർക്കു കഴിവില്ലെന്ന ജെ.ജി.മെഡ്‌ലിക്കോട്ടിന്റെ (അദ്ദേഹം 1890 ൽ ഇന്ത്യയിലെ ഭൂഗർഭശാസ്ത്ര സർവ്വേ വകുപ്പിന്റെ തലവനായിരുന്നു) അഭിപ്രായം വി.വി. കൃഷ്ണ ഉദ്ധരിക്കുന്നുണ്ട്. ശാസ്ത്രീയചിന്ത ഇന്ത്യൻ മനസ്സുകളുടെ സ്വഭാവത്തിനു ചേർന്നതല്ലെന്ന സാമുവൽ ലോബിനെ പോലുള്ളവരുടെ അഭിപ്രായങ്ങളും ഇന്ത്യയിലെയും അറേബ്യയിലെയും മുഴുവൻ സാഹിത്യ ശേഖരമെടുത്താലും ഒരു നല്ല യൂറോപ്യൻ ലൈബ്രറിയുടെ ഒരൊറ്റ ഷെൽഫിന്റെ വില മതിക്കുകയില്ലെന്ന മെക്കാളെയുടെ വാക്കുകളുടെ അനുരണനങ്ങളായി കേൾക്കാവുന്നതാണ്. ജെ.സി.ബോസിനെപോലുള്ള സർഗ്ഗധനനായ ഒരു ഭൗതിക ശാസ്ത്രജ്ഞന് തന്റെ ഗവേഷണ പ്രവർത്തനങ്ങൾക്കിടയിൽ എത്രയോ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്! എന്നാൽ, ഇന്ത്യക്കാരുടെ ജ്യോതിശാസ്ത്ര രചനകൾ പ്രാധാന്യമുള്ളവയാണെന്നു പറഞ്ഞ വില്യം ജോൺസും ഗണിത ശാസ്ത്രജ്ഞനായ റൂബൻ ബറോയും ഇൻഡോളജിസ്റ്റായ ഹെൻട്രി തോമസ് കോൾബ്രൂക്കും ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തിന്റെ നേട്ടങ്ങളെ തിരിച്ചറിഞ്ഞവരായിരുന്നു. എന്നാല്‍ അവരുടെ നിലപാടുകൾ മെക്കാളെയുടെ വരവോടെ വിസ്മൃതമായി.
- സംസ്‌കൃത കോളജുകൾ സ്ഥാപിക്കാനുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശ്രമത്തെ രാജാറാം മോഹൻ റോയ് എതിർക്കുകയും പാശ്ചാത്യരീതിയിലുള്ള ഗണിതശാസ്ത്രവും രസതന്ത്രവും തത്വചിന്തയും പഠിപ്പിക്കണമെന്ന് വാദിക്കുകയും ചെയ്തു
ഇന്ത്യയിൽ നിലവിലിരുന്ന ജ്ഞാനരൂപങ്ങളിൽ നിന്നുള്ള അറിവുകളെ നേരിട്ടു തന്നെ പാശ്ചാത്യശാസ്ത്രം സ്വാംശീകരിച്ചിരുന്നുവെന്നു കൂടി കാണണം. മലബാർ തീരത്തു കണ്ടുവരുന്ന സസ്യങ്ങളെ കുറിച്ച് നാട്ടുവൈദ്യന്മാർ ആർജ്ജിച്ചിരുന്ന അറിവിനെ ഹോർത്തൂസ് മലബാറിക്കുസിലൂടെ മലബാറിന്റെ ഡച്ചു ഗവർണറായിരുന്ന ഹെൻട്രി വാൻ റീഡ്‌സ് സമാഹരിച്ചതിന്റെ സ്വാധീനംലിന്നെയ്‌സ് വികസിപ്പിച്ചെടുത്ത ജീവജാതികളുടെ വർഗീകരണത്തിൽ കണ്ടെത്താവുന്നതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പും യൂറോപ്പിതര രാജ്യങ്ങളും തമ്മിലുള്ള കരണപ്രതികരണങ്ങളും പരസ്പര ബന്ധവും ആധുനിക ശാസ്ത്രത്തിന്റെ രൂപീകരണത്തെ സഹായിച്ചിട്ടുണ്ടെന്നു കാണാവുന്ന സന്ദർഭവുമാണിത്. പാശ്ചാത്യശാസ്ത്രമെന്നു വിവക്ഷിക്കപ്പെടുന്ന പലതും കോളനികളിലാണ് നിർമ്മിതമായത്. ഉദാഹരണത്തിന്, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട് പത്തൊമ്പതാംനൂറ്റാണ്ടിൽ യൂറോപ്പിൽ ഉയർന്നുവന്ന ശാസ്ത്രവ്യവഹാരങ്ങൾക്ക് സാമ്രാജ്യത്തിന്റെ അതിർത്തികളും സ്ഥലവും നിർവ്വചിക്കുന്നതിനായി കൊളോണിയൽ ഭരണാധികാരികളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന വിവിധതരത്തിലുള്ള സർവേകളും ഭൂപടനിർമ്മാണങ്ങളും വലിയ സംഭാവനകളാണ് നൽകിയത്. ആധുനിക ശാസ്ത്രത്തിന്റെ വിത്തുകൾ ഇന്ത്യയിൽ ആദ്യമായി വിതയ്ക്കപ്പെട്ടത് ബംഗാളിലായിരുന്നു. മഹേന്ദ്ര ലാൽ സിർക്കാർ, യുജീൻ ലാഫൊന്റ് എന്നീ ശാസ്ത്ര പ്രചാരകരുടെ പ്രവർത്തനങ്ങൾ പ്രത്യേകംഎടുത്തു പറയണം.
ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ പ്രവർത്തനത്തിൽ 1914ലെ ഇന്ത്യൻ ശാസ്ത്രകോൺഗ്രസ് ഒരു പ്രധാന ചവിട്ടുപടിയായി മാറി. തുടർച്ചയായ സമ്മർദ്ദങ്ങളുടെ ഫലമെന്നോണം ഇന്ത്യയെ വ്യവസായവത്കരിക്കാനുള്ള തീരുമാനമുണ്ടാകുന്നു. 1916 ൽ ഹോളണ്ടിന്റെ അധ്യക്ഷതയിൽ വ്യാവസായിക കമ്മീഷൻ രൂപീകരിക്കപ്പെടുകയും ചെയ്തു. വ്യവസായവത്കരണത്തിനു വേണ്ടിയുള്ള തീരമാനങ്ങൾ വ്യത്യസ്തമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. ബ്രിട്ടീഷ് വികസന നയങ്ങളെ വിമർശിച്ച മദൻ മോഹൻ മാളവ്യ ഇംഗ്ലീഷ് വികസന മാതൃക അനുയോജ്യമല്ലെന്ന നിലപാടു സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ വികസനത്തെ കുറിച്ചുള്ള സങ്കല്പനങ്ങൾ കൂടി കടന്നു വരുന്നതോടെ ഈ വിഷയത്തിലുള്ള ചർച്ചകൾ പ്രശ്‌നപൂരിതമായി. ശാസ്ത്രഗവേഷണത്തിലും ശാസ്ത്രത്തിന്റെ ഉപയോഗത്തിലും ചില അതിർത്തികൾ നിർദ്ദേശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഗാന്ധിജി പറയുന്നുണ്ട്. ഗാന്ധിയൻ വികസനവീക്ഷണങ്ങളുടെ നിശിത വിമർശകനായി പ്രത്യക്ഷപ്പെട്ടത് മേഘനാഥ് സാഹയായിരുന്നു. ശാസ്ത്ര ഗവേഷണത്തിന്റെ ഉറച്ച അടിസ്ഥാനത്തിലുള്ള വ്യാവസായിക വികസനത്തിനു വേണ്ടി അദ്ദേഹം വാദിച്ചു. ശുദ്ധ ശാസ്ത്രത്തിലുള്ള പ്രവർത്തനങ്ങൾക്കു തടയിട്ടു കൊണ്ട് വ്യാവസായികവത്കരണത്തിനു വേണ്ടി വാദിക്കുന്നതിനെ അദ്ദേഹം എതിർത്തു. പ്രായോഗിക ഗവേഷണത്തിനു വേണ്ടി എം. വിശ്വേശ്വരയ്യയെ പോലുള്ള എഞ്ചിനീയർമാർ ഉയർത്തിയ വാദങ്ങളോടുള്ള പ്രതികരണമായിരുന്നു ഇത്. ഭട്‌നഗറിനെയും ഭാഭയെയും പോലുള്ള ശാസ്ത്രജ്ഞന്മാർ ശാസ്ത്ര ഗവേഷണത്തിനായി പരീക്ഷണശാലകളും ഗവേഷണസ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ ഊന്നിയത്. എം. വിശ്വേശ്വരയ്യ ആസൂത്രണത്തിന്റെ ആവശ്യകതയെ കുറിച്ച് സൂചിപ്പിക്കുകയും മേഘനാഥ് സാഹആസൂത്രണത്തെ കുറിച്ച് ദേശീയ രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ദേശീയ ആസൂത്രണ സമിതി രൂപീകരിക്കണമെന്ന് 1937 ൽ തന്നെ സാഹ അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രബോസിനോട് നിർദ്ദേശിക്കുന്നുണ്ട്.
- ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തുന്ന ഹിന്ദുത്വത്തിനു ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളെ നിഷേധിക്കാനോ അതു ജനതയെ ബോധ്യപ്പെടുത്താനോ കഴിയില്ല. വേദപുസ്തകങ്ങളിലെ സൂക്തങ്ങൾ ശാസ്ത്രനിയമങ്ങളും സിദ്ധാന്തങ്ങളും ഇതര രൂപത്തിൽ എഴുതിയതാണെന്നു വാദിക്കുന്ന കൗശലം അങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്.
ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ വ്യവസ്ഥ ദേശീയ സമര നേതൃത്വത്തോടൊപ്പമാണ് ഉയർന്നുവന്നതെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നത് 1947ലല്ല, ശാസ്ത്രകോൺഗ്രസ് നടന്ന 1914 ലാണ്എന്ന മക്‌ലിയോഡിന്റെ അഭിപ്രായവും ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൽ, അധികാരക്കൈമാറ്റത്തിനു ശേഷം, ശാസ്ത്ര പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാനഘടനയുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുമ്പോൾ ജെ.ഡി.ബർണാലിനെ പോലുള്ള ഒരു ശാസ്ത്ര ചിന്തകന്റെ വീക്ഷണങ്ങളോട് നെഹ്‌റുവിയൻ നയങ്ങൾ കൂടിച്ചേരുന്നതു കാണാം. ഇന്ത്യയെ പോലുളള രാജ്യങ്ങളുടെ ശാസ്ത്രനയങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന രീതിയിൽ സമൂഹപരിവർത്തനത്തിനുളള ഉപകരണമാക്കി ശാസ്ത്രത്തെ പരിവർത്തിപ്പിക്കുകയെന്ന ലക്ഷ്യമാണ് ബർണാലിന് ഉണ്ടായിരുന്നത്. എന്നാൽ, ഇവിടെയും സന്ദിഗ്ദ്ധതയോടെ ചില കാര്യങ്ങൾ കൂട്ടിച്ചേർക്കണം. ഇന്ത്യയിലെ വ്യവസായവത്കരണത്തോടു ചേർത്തു പറയേണ്ട ഇന്ത്യൻ മുതലാളിവർഗം രൂപം കൊള്ളുന്നതും അഭ്യസിക്കപ്പെടുന്നതും വികസിക്കുന്നതും ആംഗല സാമ്രാജ്യത്വത്തിനു കീഴിലാണെന്ന കാര്യം സവിശേഷമായി ശ്രദ്ധിക്കണം.നാടുവാഴിത്തവും സാമ്രാജ്യത്വവും ഇന്ത്യയിലെ മുതലാളിവർഗവും സൗഹൃദപൂർവം പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ മണ്ഡലം ഇവിടെരൂപപ്പെട്ടു കഴിഞ്ഞിരുന്നു. അധികാരക്കൈമാറ്റത്തിനു ശേഷവും ഈ സൗഹൃദ രാഷ്ട്രീയ മണ്ഡലം നിലനിർത്തപ്പെടുന്നതു കാണാം.സ്വതന്ത്രവും സ്വാശ്രിതവുമായ ഒരു ശാസ്ത്രവ്യവസ്ഥയും ഗവേഷണമണ്ഡലങ്ങളും സ്ഥാപിതമാകുന്നതിനു ഇത്തരമൊരു ചങ്ങാത്തം പൂർണ്ണമായും സഹായകരമായിരുന്നില്ല.
മേഘനാഥ് സാഹ
വരേണ്യവും ജാതീയവുമായ മൂല്യങ്ങൾ ഇന്ത്യൻ ശാസ്ത്രവ്യവസ്ഥയെ എല്ലായ്‌പ്പോഴും കീഴ്‌പ്പെടുത്തിയിരുന്നു. അധിനിവേശ ശക്തികളുടെ കീഴിൽ ശാസ്ത്രപ്രവർത്തനം നടത്തിയിരുന്ന ഇന്ത്യയിലെ മധ്യവർഗം അപകർഷതാബോധത്തിനു കീഴ്‌പ്പെട്ടിരുന്നുവെന്നുതീർച്ച! തങ്ങളുടെ കീഴിൽ പണിയെടുക്കുന്നവരുടെ മേൽ അധികാരം പ്രയോഗിക്കുന്നതിന്റെയും സ്വയം ഉത്കർഷത്തിന്റെ മേലങ്കി അണിയുന്നതിന്റെയും രൂപങ്ങളിലായിരുന്നു, ഈ അപകർഷത പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യമായി സിദ്ധിച്ചിരുന്നത് ജാതിവ്യവസ്ഥയുടെയും വരേണ്യതയുടെയും പുരുഷാധികാരത്തിന്റെയും മൂല്യങ്ങളായിരുന്നതിനാൽ എല്ലാ വ്യവഹാരങ്ങളിലും ഈ പ്രതിലോമ മൂല്യങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഐഹികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾക്ക് പ്രാധാന്യം കൈവരാതിരിക്കുകയും അനുലോമമല്ലാത്ത പാരമ്പര്യ മൂല്യങ്ങളാൽ നയിക്കപ്പെടുകയും ചെയ്യുന്നവർ വൈജ്ഞാനിക രംഗത്ത് സ്വയം സൃഷ്ടിച്ചെടുത്ത നേട്ടങ്ങളെ പോലും അധികാരസ്ഥാനങ്ങൾ നേടുന്നതിനും അവ നിലനിർത്തുന്നതിനുമുള്ള ഉപകരണങ്ങളായിട്ടാണ് നോക്കിക്കണ്ടത്. ശാസ്ത്രജ്ഞനെന്ന നിലയ്‌ക്കോ അധ്യാപകനെന്ന നിലയ്‌ക്കോ ഉള്ള തങ്ങളുടെ പദവികളെ പോലും അധികാര പ്രയോഗത്തിന്നുപയോഗിക്കുന്നതു കാണാവുന്നതാണ്. വിജ്ഞാനവും അധികാരവും തമ്മിലുള്ള ബന്ധം സാധാരണ ജീവിത വ്യവഹാരങ്ങളിൽ പോലും വലിയ തോതിൽ പ്രകടമാകുന്നതും കാണാം.
സി.വി.രാമന്റെ ബൗദ്ധിക ജീവിതത്തെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയ ആഭാ സുർ, രാമന്റെ ബ്രാഹ്‌മണിക സൗന്ദര്യശാസ്ത്രം അദ്ദേഹത്തിന്റെ ഭൗതിക ശാസ്ത്രത്തെയും സ്വാധീനിച്ചതായി കണ്ടെത്തുന്നുണ്ട്. സി.വി.രാമന്റെ ബ്രാഹ്‌മണിക ലോകവീക്ഷണം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ സാമൂഹിക ജീവിതത്തെയും ശാസ്ത്ര പ്രവർത്തനങ്ങളെയും എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നു ആഭ അന്വേഷിക്കുന്നു. ഭൗതികശാസ്ത്രരംഗത്ത് എക്കാലവും വിലമതിക്കുന്ന അയോണീകരണ സമീകരണം കൊണ്ട് ലോക ശ്രദ്ധയെ ആകർഷിച്ചിരുന്ന ശാസ്ത്രജ്ഞനായ മേഘനാഥ് സാഹയുടെ ജീവിതം ഇന്ത്യൻ ശാസ്ത്രവ്യവസ്ഥയിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിനും ഉച്ചനീചത്വങ്ങൾക്കും തെളിവുകൾ നൽകുന്നതാണ്. എല്ലാ കോണുകളിൽ നിന്നും താഴ്ന്ന ജാതിക്കാരനെന്ന വിവേചനം സാഹ അനുഭവിച്ചിരുന്നു. സാഹ മുന്നിട്ടിറങ്ങി നടപ്പിലാക്കാൻ ശ്രമിക്കുന്ന ശാസ്ത്രപ്രവർത്തനങ്ങൾക്കു ധനസഹായം നല്കാൻ മുതിരുന്നവരെ പോലും പിന്തിരിപ്പിക്കുന്ന സമീപനം മറ്റു ശാസ്ത്രജ്ഞന്മാർ സ്വീകരിച്ചിരുന്നു. ജനപക്ഷത്തു നിന്നുകൊണ്ട് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഉപയോഗങ്ങൾക്കു വേണ്ടി വാദിക്കുന്ന സാഹയുടെ നിലപാടുകൾക്ക് ഭരണകേന്ദ്രങ്ങളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. സാഹയുടെ ജനാധിപത്യപരമായ സമീപനങ്ങളും പ്രധാനമന്ത്രിയോടുപോലും വിഭിന്നാഭിപ്രായങ്ങൾ തുറന്നുപറയുന്നതിനുള്ള ആർജ്ജവവും അദ്ദേഹത്തെ അനഭിമതനാക്കുന്നതായിരുന്നു. കമലാ സോഹോനി, അന്നമാണി, ലളിത ചന്ദ്രശേഖർ, സുനന്ദ ബായി എന്നീ മഹിളകൾ രാമൻ ഇൻസ്റ്റിറ്റ്യൂട്ടിലും ജാനകി അമ്മാൾ കോയമ്പത്തൂരിലെ കരിമ്പു ഗവേഷണകേന്ദ്രത്തിലും അനുഭവിച്ച വിവേചനങ്ങൾ ഇന്ത്യൻ ശാസ്ത്രവ്യവസ്ഥയുടെ ആദ്യകാലത്തെ പുരുഷാധിപത്യഭാവത്തെ വ്യക്തമാക്കുന്നതാണ്. ഇപ്പോഴും വര്‍ദ്ധമാനമായ രൂപത്തിൽ ഇതു തുടരുന്നു.
- ഉപഗ്രഹങ്ങളുടെ വിക്ഷേപണസമയത്ത് ഔദ്യോഗിക സമ്മതത്തോടെ ഗണപതിപൂജ നടത്തുന്ന ശാസ്ത്രജ്ഞന്മാരെ ഇവിടെയേ കാണാൻ കഴിയൂ.
ഇപ്പോൾ, ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾക്ക് പ്രാമുഖ്യമുള്ള ഭരണകൂടം സ്ഥാപിതമായതിനെ തുടർന്ന്, ശാസ്ത്ര വ്യവസ്ഥയിലെ പ്രതിലോമ വീക്ഷണം ഇതരരൂപങ്ങളിൽ, വളരെ പ്രകടമായി പുറത്തേക്കു കാണാം. ഉപഗ്രഹങ്ങളുടെ വിക്ഷേപണസമയത്ത് ഔദ്യോഗിക സമ്മതത്തോടെ ഗണപതിപൂജ നടത്തുന്ന ശാസ്ത്രജ്ഞന്മാരെ ഇവിടെയേ കാണാൻ കഴിയൂ. ആണവബോംബിന്റെ നിർമ്മാണത്തിലൂടെ ഒരു ജനതയെ മുഴുവൻ ഹിസ്റ്റീരിയ ബാധിച്ചവരെ പോലെ തിമിർത്താടാൻ പ്രേരിപ്പിക്കുന്നവരും ഹിന്ദുത്വശക്തികളുടെ അയൽ രാജ്യങ്ങളോടുള്ള അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തെയും യുദ്ധക്കൊതിയെയും പ്രോത്സാഹിപ്പിക്കുന്നവരും നമ്മുടെ ശാസ്ത്ര ലോകത്തുണ്ട്. ചാണകത്തിന് ആണവവികിരണങ്ങളെ തടയാൻ കഴിവുണ്ടെന്നും നമ്മുടെ പുരാതന സംസ്‌കാരം ഭൂമിക്കു പുറത്തുള്ള ഒരു ഉയർന്ന നാഗരികതയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ശ്രീകൃഷ്ണൻ ഒരു അന്യഗ്രഹനാഗരികതയിൽ നിന്നും വന്നതാണെന്നും മറ്റും പ്രസംഗിക്കുന്ന ശാസ്ത്രജ്ഞന്മാർ മനുജോസഫിന്റെ നോവലിലെ കഥാപാത്രങ്ങൾ മാത്രമല്ല, ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളിലും അവരുണ്ട്.
ഈയിടെ ഒരു മലയാള സാഹിത്യകാരനും മകനും ചേർന്ന് ഒരു ഭഗവത്ഗീതാശ്ലോകത്തിൽ നിന്നും ഇരുപതാം നൂറ്റാണ്ടിലെ ഫിസിക്‌സിനെ മുഴുവൻ വ്യാഖ്യാനിച്ചെടുത്ത ദയനീയമായ കാഴ്ചയും നാം കാണുകയുണ്ടായി. ശാസ്ത്രത്തെയും ദേശീയതയെയും കണ്ണിചേർക്കുന്ന ഏതൊരു വിചാരവും സമകാല ഇന്ത്യയിലെ ഹൈന്ദവ ദേശീയതയുടെ മതാത്മകവും ശാസ്ത്രാവബോധ വിരുദ്ധവുമായ പ്രവർത്തനങ്ങളുടെ ഗൗരവതരമായ വിമർശമായിരിക്കാൻ സ്വയം നിർബ്ബന്ധിക്കപ്പെടുന്നുണ്ട്. സാംസ്‌കാരികമായ ആധികാരികതയെ കുറിച്ച് നിരർത്ഥകമായി പുലമ്പിക്കൊണ്ട് ശാസ്ത്രത്തെ ഐതിഹ്യകഥകളാക്കി പരിവർത്തിപ്പിക്കുകയും തങ്ങളുടേതാക്കി ദുഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് സാംസ്‌കാരിക ദേശീയതയിലൂന്നുന്ന ഹിന്ദുത്വശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്. സാംസ്‌കാരികമായ ആധികാരികതയും അധീശത്വവും സ്ഥാപിച്ചെടുക്കാനുള്ള അതിന്റെ ശ്രമങ്ങളിൽ ആധുനികശാസ്ത്രത്തെ ഒരു ഉപകരണമാക്കി മാറ്റിത്തീർക്കുന്നു. വേദാന്തത്തിന്റെ അതിഭൗതികം സഹസ്രാബ്ദങ്ങൾക്കു മുന്നേ ഗ്രഹിച്ചു കഴിഞ്ഞിരുന്നകാര്യങ്ങളെ പാശ്ചാത്യവത്കരിച്ചു വികൃതമാക്കി അവതരിപ്പിക്കുകയാണ് ആധുനികശാസ്ത്രം ചെയ്യുന്നതെന്ന് ഇത് ആരോപിക്കുന്നു. ഈ ആരോപണത്തിന്റെ രാഷ്ട്രീയമായ നീതീകരണത്തിന് ഉത്തരാധുനികതയും അധിനിവേശാനന്തരതയും മറ്റും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിൽ നിന്നും പകുതി വെന്ത ചില കാര്യങ്ങളെ ഇവർ സ്വീകരിക്കുന്നു.
പ്രാന്തവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ കുറിച്ചോ നാനാത്വങ്ങളെ കുറിച്ചോ ഉത്തരാധുനികത മുന്നോട്ടു വയ്ക്കുന്ന പുരോഗാമിയായ കാര്യങ്ങളെ തള്ളിക്കളയുകയും ആപേക്ഷികതാ വാദത്തിന്റെയും ഐകരൂപ്യ വാദത്തിന്റെയും അയുക്തികതയെയും പ്രതിലോമപരതയെയും ഹർഷാരവങ്ങളോടെ പുൽകുകയും ചെയ്യുന്ന സാംസ്‌കാരിക ദേശീയതയുടെ വക്താക്കൾ ആധുനിക ശാസ്ത്രത്തെ തങ്ങളുടെ പഴഞ്ചൻ കഥ തന്നെയെന്ന് ഉറപ്പിക്കാൻ ശ്രമിക്കുന്നു. ഉത്തരാധുനികതയുടെ പക്ഷത്തു നിൽക്കുന്നവർ തന്നെ ഹിന്ദുത്വത്തിന്റെ ശക്തികൾക്കെതിരെ നിലപാടുകൾ സ്വീകരിക്കാൻ സന്നദ്ധരാകുന്നുണ്ടെങ്കിലും ഉത്തരാധുനികതയുടെ ചില നിലപാടുകൾ (പല ഉത്തരാധുനികതകൾ ഉണ്ടല്ലോ!) ഹിന്ദുത്വത്തിന്റെ വക്താക്കളെ ത്വരിപ്പിക്കുന്നുണ്ട്. ഹിന്ദുത്വത്തിന്റെ പ്രതിലോമപരമായ ആശയലോകത്തെ വിവൃതമാക്കുന്നതിൽ ബദ്ധശ്രദ്ധയായ മീരാനന്ദ എന്ന ശാസ്ത്രജ്ഞ സമകാലത്തെ ഹൈന്ദവവത്കരണപ്രക്രിയയിൽ പുത്തൻ ബുദ്ധിജീവിതം വഹിക്കുന്ന പങ്കിനെ കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ഐഹികീകരണത്തെ എതിർക്കുകയും ശാസ്ത്രത്തിന്റെ ഉപകരണവാദപരമായ സമീപനങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു പ്രതിലോമ പ്രസ്ഥാനമായി മീരാനന്ദഹിന്ദുത്വത്തെ നിർവ്വചിക്കുന്നു.
വലതുപക്ഷ പിന്തിരിപ്പത്തത്തെ പോഷിപ്പിക്കുന്നതിൽ ഉത്തരാധുനികതയുടെയും അധിനിവേശാനന്തരതയുടെയും ബുദ്ധിജീവികൾ വഹിച്ച പങ്കിനെ അവർ എടുത്തുപറയുകയും വിമർശിക്കുകയും ചെയ്യുന്നു. പ്രാക് ഗോത്ര സമൂഹത്തിന്റെ വിശ്വാസങ്ങളെയും ‘ജ്ഞാന’ത്തെയും ആധുനിക ശാസ്ത്രത്തിന്റെ സവിശേഷമായ വ്യാഖ്യാനങ്ങളിലൂടെ ഹിന്ദുത്വശക്തികൾ ന്യായീകരിക്കാൻ ശ്രമിക്കുന്നതിൽ ദമിതമായിരിക്കുന്ന താല്പര്യങ്ങൾ എന്തെല്ലാമാണ്? തങ്ങളുടെ മതം ശാസ്ത്രീയമാണെന്നു സ്ഥാപിക്കാനുള്ള ഔത്സുക്യമാണിത്. ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തുന്ന ഹിന്ദുത്വത്തിനു ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളെ നിഷേധിക്കാനോ അതു ജനതയെ ബോധ്യപ്പെടുത്താനോ കഴിയില്ല. വേദപുസ്തകങ്ങളിലെ സൂക്തങ്ങൾ ശാസ്ത്രനിയമങ്ങളും സിദ്ധാന്തങ്ങളും ഇതര രൂപത്തിൽ എഴുതിയതാണെന്നു വാദിക്കുന്ന കൗശലം അങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്. നിരന്തരം പരിണമിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവഹാരം മുന്നോട്ടുവയ്ക്കുന്ന ജ്ഞാനത്തോട് സത്യപുസ്തകങ്ങളിലെ ശാശ്വത നിയമങ്ങളെ സമീകരിക്കുന്ന വിഡ്ഢിത്തത്തിന് ചില ലക്ഷ്യങ്ങളുണ്ട്. അത് ആധുനികമായ ജ്ഞാനത്തോടൊപ്പം ശ്രേഷ്ഠമാണെന്നു ഭാവിക്കുകയും ഒരു സുവർണ്ണ ഭൂതകാലത്തെ കുറിച്ചുള്ള ധാരണകളെ പകരുകയും നിഗൂഢതയുടെ മൂലകങ്ങളെ പ്രേക്ഷിക്കുകയും ചെയ്യുന്നു. നിഗൂഢമാക്കപ്പെടുന്ന ജ്ഞാനം മധ്യവർഗത്തിന്റെ സുരക്ഷിതത്വ താൽപ്പര്യങ്ങളോടൊപ്പം ചേർന്ന് അന്ധമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും, വിജ്ഞാന വിസ്‌ഫോടനങ്ങളുടെ കാലത്തു പോലും, പുനരുല്പാദിപ്പിക്കുന്നു. നിഗൂഢവല്ക്കരിക്കപ്പെട്ട ലോകം അധീശത്വത്തിനു പ്രിയങ്കരമാണ്.
- ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഹിന്ദുത്വത്തിന്റെ സമീപനങ്ങൾക്കനുസരിച്ചു മാറ്റി നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ശാസ്ത്രപ്രവർത്തനങ്ങൾക്കല്ല, മറിച്ച് ഐതിഹ്യ നിർമ്മാണങ്ങൾക്കും പ്രചാരണത്തിനുമാണ് സർക്കാർ ഫണ്ടുകൾ മാറ്റിവയ്ക്കപ്പെടുന്നതു
ശാസ്ത്രജ്ഞാനം പോലും നിഗൂഢവത്കരിക്കപ്പെടുന്നതിൽ അധീശത്വത്തിന്റെ അതിജീവന താല്പര്യങ്ങൾക്കു വലിയ പങ്കുണ്ട്. കോർപ്പറേറ്റു ശക്തികളുടെ വിപണി താല്പര്യങ്ങളുമായി കൂടി ഇതു ബന്ധപ്പെട്ടു നില്ക്കുന്നു. വരേണ്യ ശക്തികളുടെ വർഗ്ഗീയ രാഷ്ട്രീയത്തെയും ഇതു തൃപ്തിപ്പെടുത്തുന്നു. ഹിന്ദുത്വവാദത്തിന്റെ സമീപനങ്ങൾ ശാസ്ത്ര കോൺഗ്രസുകളിലും ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും എത്തിച്ചേരുന്നിടത്തോളം വ്യാപകമായിട്ടുണ്ട്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഹിന്ദുത്വത്തിന്റെ സമീപനങ്ങൾക്കനുസരിച്ചു മാറ്റി നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ശാസ്ത്രപ്രവർത്തനങ്ങൾക്കല്ല, മറിച്ച് ഐതിഹ്യ നിർമ്മാണങ്ങൾക്കും പ്രചാരണത്തിനുമാണ് സർക്കാർ ഫണ്ടുകൾ മാറ്റിവയ്ക്കപ്പെടുന്നതും വിനിയോഗിക്കപ്പെടുന്നതും എന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആര്യശാസ്ത്രത്തിനു വേണ്ടിയുള്ള ഹിറ്റ്‌ലറുടെ വാദങ്ങൾ പോലെ ഹിന്ദുശാസ്ത്രത്തിനു വേണ്ടിയുള്ള മുറവിളികൾ ഉയരുന്നു. ഇന്ത്യയിലെ ശാസ്ത്ര പ്രവർത്തനങ്ങളെയും ഗവേഷണങ്ങളെയും തകർക്കുന്നതിലേക്കാണ് ഇത് എത്തിച്ചേരുകയെന്നത് അനുമാനിക്കാവുന്നതേയുള്ളൂ. സാംസ്‌കാരിക ദേശീയതാവാദം നമ്മുടെ രാജ്യത്തെ ശാസ്ത്രപ്രവർത്തനത്തെ കൂടി നിരുത്സാഹപ്പെടുത്തുകയും നശിപ്പിക്കുകയുമാണ്.
No Comments yet!