തൂക്കുകയറില്‍ സ്വയം കുരുക്കാന്‍ വെമ്പുന്ന പ്രാണന്‍ ശിഥില ഓര്‍മ്മകളില്‍ ചൂഴും. സ്വപ്നങ്ങള്‍ ശവപ്പെട്ടിക്കകത്താണ് എന്ന തോന്നല്‍ വെറും ഒരു മനോരഥക്കാഴ്ചയല്ല. പക്ഷേ രണ്ട് പ്രതിബിംബങ്ങളും ഇവിടെ സമാന്തരമായി രൂപകമാകുന്നുണ്ട്. ഗ്രീന്‍ ഹണ്ടേഴ്‌സിന്റെ എന്‍കൗണ്ടറില്‍ ചുട്ടുകൊല്ലപ്പെട്ട അഞ്ച് സഖാക്കള്‍ ശവപ്പെട്ടിക്കരികെ വന്ന് അഭിവാദ്യം ചെയ്യുന്നത് അയാള്‍ കണ്ടു. അവരുടെ മുഖവും നെഞ്ചും പൂര്‍ണ്ണമായും കുഴിഞ്ഞ് പോയിരുന്നു. അവരില്‍ പെണ്‍സഖാവിന്റെ അടിവയറില്‍ വലിയ മടയാക്കിയിരുന്നു. നാവിന്റെ അറ്റം പല്ല് കടിച്ച് ആഴ്ന്നിരുന്നു. വരയന്‍ മലയിലെ കുപ്പുസ്വാമിയും ശോഭയും അടങ്ങുന്ന സംഘമാണവര്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍. വഴിപിഴച്ചവനെ ആശ്വസിപ്പിക്കാന്‍ എത്തിയതാവണം. തോറ്റവര്‍ തോറ്റവനെ വണങ്ങിയതുമാകാം. പക്ഷേ തന്റെ ഏറ്റവും പ്രിയപ്പെട്ട സഖാക്കള്‍ തിരിഞ്ഞുനോക്കാത്തതില്‍ ശവം പൊട്ടിപ്പൊട്ടി വിതുമ്പി. തേയിലക്കൊളുന്തു നുള്ളുന്ന നിരാലംബകളുടെ മുഖം വെറുങ്ങലിച്ചിരുന്നു. രക്തം വാര്‍ന്നതു പോലെ. കണ്ണുനീര് വറ്റി വരണ്ടിരുന്നു. അവിശ്വാസത്തോടെ, നടുക്കത്തോടെ, തൂങ്ങിനില്‍ക്കുന്ന ശോഷിച്ച ശരീരത്തെ നോക്കി. കണ്ണ് പറിയാതെ നോക്കി. അവരുടെ ഉള്ള് പൊട്ടുന്നുണ്ട്. നുറുങ്ങുന്നുണ്ട്.
കൊളുന്തു നുള്ളുന്നവരെ എന്നും ചേര്‍ത്ത് നിര്‍ത്തിയിരുന്നു. നിര്‍ഭയം നേരിടാന്‍ കരുത്ത് പകര്‍ന്നിരുന്നു. തന്റെ നിസ്സഹായത അവരെ ഉലച്ചിട്ടുണ്ട്.
പ്രാണന്‍ സ്വയം കുരുക്കുന്നതിന് തൊട്ട് മുമ്പ് ചൂടിക്കട്ടിലില്‍ മലര്‍ന്ന് കിടന്ന് അയാള്‍ ഓര്‍മ്മകളെ തൊട്ടു. അത് നിഗൂഢമായ പ്രഹേളികയാണ്. തീപാറ്റകള്‍ വെന്ത് വീണു കൊണ്ടേയിരുന്നു.
കാഞ്ചന്‍ജംഗയിലെ രഹസ്യതുരങ്കത്തിലൂടെ നാല്‍വര്‍ സംഘത്തിന്റെ ഉറച്ച കാല്‍വെപ്പുകള്‍. ജനറല്‍ സെക്രട്ടറി മാവോയ്ക്ക് അയച്ച കത്താണ് വഴിത്തിരിവായത്.
അയാള്‍ ചൂടിക്കട്ടിലില്‍ ചെരിഞ്ഞ് കിടന്നു.
”സിലിഗുരിയിലെ നക്‌സല്‍ബാരിയില്‍ നിന്ന് ഇന്ത്യന്‍ വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് തുടങ്ങിയിരിക്കുന്നു.”
ആകാശവാണി പീക്കിങ്ങ് സന്ദേശം ഒരു ചരിത്ര അടയാളമാണ്.
”ഒരു പ്രേതരക്ഷണത്തിന്റെ അവശേഷിപ്പ്.” മനസ്സ് തിരുത്തി.
”ചീനയില്‍ മാവോ ആശയങ്ങള്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്.” ഏതോ ഒരു തിരുത്തല്‍വാദിയുടെ ആഹ്ലാദം വെള്ളിമീനുകളായി അടരുന്നുണ്ട്.
പേള്‍ഹാര്‍ബറില്‍ നിന്ന് പടിഞ്ഞാട്ടുള്ള ചെമ്മണ്‍ പാത നേപ്പാളിലേക്കുള്ള പാലത്തില്‍ എത്തും. പാലം കടന്ന് നൂറ് മീറ്റര്‍ കഴിഞ്ഞാല്‍ ഇടത് ഭാഗത്ത് ഒരു ചായക്കടയുണ്ട്. ജനറല്‍ സെക്രട്ടറി വ്യവസ്ഥപ്പെടുത്തിയ ഗൂഢയിടമായിരുന്നുവത്. മാവോവിന്റെ സന്ദേശവാഹകന്‍. ചീനക്കാരന് ചായക്കടയില്‍ വെച്ച് ചാരുമജുംദാറിന്റെ എട്ട് ലേഖനങ്ങളും മാവോവിനുള്ള കത്തും കൈമാറി. നിഴലുകള്‍ക്കിടയില്‍, കോടയുടെ ധൂമപടലങ്ങള്‍ക്കിടയില്‍ എവിടെയോ ചെന്നായ്ക്കളുടെ കണ്ണുകള്‍ പതിയിരിക്കുന്നുണ്ട്. സൂക്ഷിക്കണം. ഹിമ മലകളിലെ ഒരു പഹാടിയായിട്ടാണ് വന്നത്. പതിഞ്ഞ മൂക്കുള്ള അവന്‍ കമ്പിളി കൊണ്ട് പുതച്ചിരുന്നു. പഹാടികള്‍ കുത്തിനടക്കുന്ന കമ്പ് കയ്യില്‍ കരുതിയിരുന്നു. മങ്കികാപ്പില്‍ രണ്ട് കണ്ണും മൂക്കും വായയും മാത്രം പുറത്തേക്ക് ഒരു കീറലോടെ അവശേഷിച്ചിരുന്നു. ഒരുപക്ഷേ, പുതപ്പിനകത്ത് തുപ്പാക്കി കാണണം. സന്ദേശവാഹകന്‍ ഊമയായിരുന്നു. ഉരിയാടിയതേയില്ല. മണ്‍കോപ്പയിലെ ചൂടുള്ള സിലിഗുരി തേയിലച്ചായ മൊത്തി മൊത്തി കുടിച്ചു. ചീനക്കാരന്‍ തന്റെ ഉടല്‍ പുതച്ച കമ്പിളിയുടെ അകത്ത് നിന്ന് ഒരു മറുകുറിമാനം സ: ഖുദന്‍ മല്ലിക്കിന് കൈമാറി. കത്തില്‍ ചില നിശ്ചയങ്ങള്‍, തയ്യാറെടുപ്പുകള്‍, രഹസ്യങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. മാവോവിന്റെ കൈപ്പട, മാവോവിന്റെ ഒപ്പ് എല്ലാം കൗതുകത്തോടെ നോക്കി. മഷിയില്‍ മുക്കിയെടുത്ത തൂലികയാവണം. ഇംഗ്ലീഷ് അക്ഷരങ്ങള്‍ കടലാസില്‍ വല്ലാതെ പരന്നിരുന്നു.
മാവോവിന്റെത് നേരിട്ട് കാണാനുള്ള സന്ദേശമായിരുന്നു. കനു സന്യാല്‍ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു.
1966 ഡിസംബറില്‍, രഹസ്യതുരങ്കം വഴി. കാഞ്ചന്‍ജംഗയിലെ ഉറഞ്ഞ് കിടക്കുന്ന മഞ്ഞ് മലകള്‍ക്കിടയിലൂടെ നിണമണിഞ്ഞ കാലത്തിലേക്കുള്ള പ്രയാണം. ഷെപ്പേര്‍ഡുകളുടെ വേഷപ്രഛന്നതയിലൂടെ ആയിരുന്നു നാല്‍വര്‍സംഘം പുറപ്പെട്ട് പോയത്. സ: കൃഷ്ണഭക്ത ശര്‍മ്മ, സ: കനു സന്യാല്‍, സ: ഖോകന്‍ മജുംദാര്‍, സ: ഖുദന്‍ മാല്ലിക്ക്. ഞാണൊലിയുടെ പഥത്തിലേക്ക് അവര്‍ സ്വയം ആനയിക്കപ്പെടുകയായിരുന്നു.
ഹത്തിഘിസ ഉള്‍ഗ്രാമത്തിലെ തന്റെ കുടിലിന് ചുറ്റും ഗ്രാമീണര്‍ തടിച്ച് കൂടിയിട്ടുണ്ട്. തീപൊള്ളുന്ന സമരജീവിതത്തിനോടൊപ്പം കൂട്ട് നിന്ന സ: ശാന്തി മുണ്ടായുടെ മുഖം വാടിയിട്ടുണ്ട്. നെറ്റിയിലെ ഞരമ്പ് എഴുന്ന് നില്‍ക്കുന്നുണ്ട്. സഖാവിന്റെ തെറ്റായ സന്ദേശത്തെപ്പറ്റി അവള്‍ വ്യഥപ്പെടുന്നുണ്ട്. പോരാട്ടം ആത്മഹത്യയിലേക്ക് കുടിയിറക്കപ്പെട്ടത് അവളെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. പുറത്ത് വടികുത്തിയിരിക്കുന്ന സ: ജംഗാന്‍ സന്താളിന്റെ വിധവയും മൂകയായിട്ടുണ്ട്. ആത്മഹത്യ പരാജയത്തിന്റെ അടയാളമാണെന്ന ധാരണ തെറ്റാണ്. അത് ഒരു ബലിയാണ്. ശ്വാസത്തെ ഊരിയെടുക്കല്‍ കലാപമാണ്. അത് ഒരര്‍ത്ഥത്തില്‍ രക്തസാക്ഷിത്വമാണ്. നക്‌സല്‍ബാരി സമരത്തിന്റെ വ്യതിയാനങ്ങള്‍, നിശ്ചലതകള്‍, ശൂന്യതകള്‍ ഇവന്റെ ആത്മഹത്യക്ക് കാരണമാക്കിയിട്ടുണ്ട്. ഭഗത്സിംഗിനെ കൊലപ്പെടുത്തിയ ദിനം തന്നെ തന്റെ അവസാന നിശ്ചയം ആയത് ആകസ്മികമല്ല. ഹരാകിരി ഒരാത്മഹത്യയാണ്. കുരുക്കിലെ പിടച്ചിലും ഒരാശയസമരമാണ്.
1967 മെയ് മാസത്തില്‍ നക്‌സല്‍ബാരിയില്‍ കലാപം പൊട്ടിപുറപ്പെട്ടത് ചൈനീസ് പീപ്പിള്‍സ് ഡെയ്‌ലി രേഖപ്പെടുത്തി. ഒരുപക്ഷേ ആ മുന്നറിവിന് സാധ്യമാക്കിയത് നാല്‍വര്‍സംഘത്തിന്റെ കൂടിക്കാഴ്ചയും എട്ടു ലേഖനങ്ങളുമായിരിക്കണം. 1969 മെയ് ഒന്നിന് ഷഹിദ് മിനാറില്‍ ഉയര്‍ത്തിയ മാവോ സെദൂങ്ങിന്റെ കൂറ്റന്‍ കട്ടൗട്ടറിന്റെ ചുവടെ നക്‌സല്‍ബാരി പാര്‍ട്ടിയുടെ സൂതികര്‍മ്മം നടന്നു. ഇന്ന് ആ പാര്‍ട്ടി എത്ര ദലങ്ങളായി. എത്രയെണ്ണം പൊഴിഞ്ഞ് പോയി. പകകളുടെ, ഒറ്റുകളുടെ, ചതിവുകളുടെ ക്രുദ്ധതയില്‍ പരസ്പരം കലഹിച്ച് ഒടുങ്ങി. പ്രസ്ഥാനം കൊള്ളിയാനുകളുടെ സെമിത്തേരിയായി. 1967 മെയ് 25 പ്രസാദ് ജോട്ടിലെ പോലീസ് കൂട്ടക്കൊല ഒരു വഴിത്തിരിവായി. രണ്ടുകുട്ടികളും ഏഴ് സ്ത്രീകളുമടക്കം പതിനൊന്ന് പേര്‍ രക്തസാക്ഷികളായി. കര്‍ഷകസമിതികള്‍ സമരോന്മുഖമായി. ഖോറിബാരി, ഫാന്‍സിഡേവ, ചൗപുഖുറിയ, ഹത്തിഘിസ ഗ്രാമങ്ങള്‍ വിമോചിക്കപ്പെട്ട് തുടങ്ങിയിരുന്നു. പക്ഷേ ഈ കാലയളവില്‍ താനും കിസാന്‍ സഭയുടെ പ്രസിഡന്റായ ജംഗാള്‍ സന്താളും ഒളിവിലായിരുന്നു. ഒളിമുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ കടുത്ത ആസ്ത്മരോഗിയായ സ: ചാരു മജുംദാര്‍ ചെറുഗറില്ലാ യൂണിറ്റുകളുടെ സായുധസമരം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ജനം ഉന്മൂലന ഭീകരതയെ ഭയപ്പെട്ടു. ജനങ്ങള്‍ പ്രസ്ഥാനത്തില്‍ നിന്ന് അകന്നു. എത്രക്ഷണം ഒരു പ്രത്യയശാസ്രത്രം പതിരായി പൊലിഞ്ഞു. ചൈനീസ് പട്ടാളം ഇടിമുഴക്കത്തിന്റെ നാട്ടില്‍ നിന്ന് വന്ന നാല്‍വര്‍ സംഘത്തെ മാവോവിന്റെ മുന്നില്‍ കൊണ്ടുവന്നു. ദ്വിഭാഷി ബംഗാളിയില്‍ മൊഴിമാറ്റം നടത്തി.
മാവോ പുഞ്ചിരിയോടെ വളരെ സൗമ്യനായി പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി. ”കര്‍ഷകരെ വിശ്വാസത്തിലെടുക്കുക. ഗ്രാമീണമേഖലകളില്‍ താവളമുണ്ടാക്കുക. ഈ സമരത്തിലൂടെ നഗരങ്ങളെ വളയുക. കര്‍ഷക കലാപം മാറ്റൊലിയായി മാറ്റണം. സായുധകലാപം ഒരു സ്വാതന്ത്ര്യപോരാട്ടമാണ്. അല്ലാതെ വ്യക്തിഗതമായ കൊലപാതകങ്ങളല്ല.”
കൃഷ്ണഭക്തശര്‍മ്മ തന്റെ ഡയറിയില്‍ മാവോവിന്റെ വാക്കുകള്‍ കുറിച്ചുവെച്ചു. എവിടെയാണ് പാളിയത്. വര്‍ഗ്ഗബഹുജന സംഘടനകളോ, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോ, യുവജന വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭങ്ങളെ ഏകീകരിച്ചുള്ള രാഷ്ട്രീയമോ ഇല്ലാതെ ഓരോപ്രദേശത്തും ഗറില്ല സ്‌ക്വാഡുകളില്‍ ആക്ഷന്‍ നടന്നു. സ: ചാരുമജുംദാറിന്റെ സ്വപ്നാടനം കര്‍ഷകസമര പ്രസ്ഥാനങ്ങളെ വഴിതെറ്റിപ്പിച്ചു. അവസാനം ആശയപരമായി പരസ്പരം പോരടിക്കുന്ന സംഘങ്ങളായി മാറി. വര്‍ഗ്ഗശത്രുക്കളെ വിട്ട് സ്വന്തം പ്രവര്‍ത്തകരെ തന്നെ കൊലപ്പെടുത്തുക എന്ന രീതിയില്‍ മഹാപാതകമായി അത് ഒടുങ്ങുകയായിരുന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ ചൈനയുടെ അന്തിമ തീരുമാനത്തിനായി സൗരന്‍ ബോസ് നിയോഗിക്കപ്പെട്ടു. റോമില്‍ നിന്ന് ടിറാനയിലേക്കും തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍വേസില്‍ നിന്ന് 1970 സെപ്റ്റംബര്‍ 23 ന് ചൈനയിലേക്കും സൗരന്‍ബോസ് പുറപ്പെട്ടു. ചാരുമജുംദാറിന്റെ എട്ട് ഉന്മൂലന പ്രബന്ധവും മറ്റു രാഷ്ട്രീയ വിശകലനങ്ങളുമായിട്ടാണ് ലക്ഷ്യമിട്ടത്. പക്ഷേ ചൈനീസ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
”ഉന്മൂലന നയം ജനകീയമല്ല. ജനകീയ ചെറുത്തു നില്‍പ്പുകളില്ലാതെ പ്രസ്ഥാനം നിലനില്‍ക്കില്ല.” ”ചൈനയുടെ ചെയര്‍മാന്‍ ഞങ്ങളുടെ ചെയര്‍മാന്‍, ഇന്ത്യന്‍ വിപ്ലവം ഗറില്ലാ പോരാട്ടത്തില്‍ മുന്നേറുക.” എന്നീ പ്രസ്താവനകള്‍ പീക്കിംഗ് റേഡിയോ സംപ്രേഷണം ചെയ്യാത്തതിനെ പറ്റിയും കിംഗ്‌ഷെംഗ് വിശദീകരിക്കുന്നു.
‘ആ പ്രയോഗങ്ങള്‍ രാഷ്ട്രീയ വിരുദ്ധമാണ്. നക്‌സല്‍ബാരി സമരം ഭരണം പിടിച്ചെടുക്കാനല്ല. ഭൂമി പിടിച്ചെടുക്കാനാണ്.’ സിപിസി സൈക്ലോസ്‌റ്റൈല്‍ ചെയ്ത രേഖ സൗരന്‍ ബോസിന് കൊടുത്തു.
പക്ഷേ ചൈനീസ് വിമര്‍ശനം മജുംദാര്‍ നിശ്ശബ്ദമാക്കി. ശ്രീകാകുളം കലാപവുമായി ബന്ധപ്പെട്ട് വിശാഖപട്ടണം ജയിലില്‍ വെച്ച് അവര്‍ ചൈനീസ് രേഖയെ സംബന്ധിച്ച് പാര്‍ട്ടി സഖാക്കള്‍ക്ക് തുറന്ന കത്ത് എഴുതി. തടവറയിലുണ്ടായിരുന്ന സൗരന്‍ബോസ്, കനുസന്യാല്‍, നാഗഭൂഷന്‍ പടനായ്ക് എന്നിവരുടെ സംയുക്ത പ്രസ്താവനയായിരുന്നു അത്. തെറ്റ് പറ്റിയെന്ന് മജുംദാര്‍ പറയാതെ പറഞ്ഞുവോ.
1970 ജൂണിനു വിളിച്ചു ചേര്‍ത്ത ഭാഗികമായ കേന്ദ്രകമ്മിറ്റിയില്‍ വെച്ച് സഖാവ് പറഞ്ഞു. ആസ്ത്മയുടെ വലിവില്‍ വളഞ്ഞു കൊണ്ട് ആ വൃദ്ധന്‍ തന്റെ ഇരുണ്ട് പോയ ആശയത്തെ ആണയിട്ടു. ”മാവോ നമ്മുടെ ചെയര്‍മാന്‍ എന്ന് വിളിച്ചതും കര്‍ഷക സമരത്തില്‍ ദേശീയബൂര്‍ഷ്വാസിയുടെ പങ്ക് തള്ളിക്കളഞ്ഞതും ഐക്യമുന്നണി ജനകീയമുന്നേറ്റം തൊഴിലാളി യൂണിയനുകള്‍ എന്നിവയുടെ അനിവാര്യത തിരിച്ചറിയാതിരുന്നതും തെറ്റായിപ്പോയി.”
പക്ഷേ ഗറില്ലാ സ്‌ക്വാഡുകളുടെ നീക്കത്തെ മജുംദാര്‍ മനഃപൂര്‍വ്വം തള്ളിപ്പറഞ്ഞില്ല. പില്‍ക്കാലത്ത് അത് ചോദ്യം ചെയ്യപ്പെട്ടപ്പോഴേക്കും മജുംദാര്‍ കൊല്ലപ്പെട്ട് കഴിഞ്ഞിരുന്നു. കല്‍ക്കട്ട മിഡില്‍ ടണ്‍ റോഡിലുള്ള ഫ്‌ളാറ്റിലെ ഒളിസങ്കേതത്തില്‍ നിന്ന് 1972 ജൂലൈ 16ന് അര്‍ദ്ധരാത്രിയില്‍ സഖാവ് ചാരുമജുംദാര്‍ പിടിക്കപ്പെട്ടു. ആസ്ത്മ രോഗി അവശനിലയിലായിരുന്നു. ലാല്‍ബസാര്‍ ലോക്കപ്പില്‍ വെച്ച് ഒരു ദയാദാക്ഷിണ്യവും കൂടാതെ പാതകങ്ങള്‍ക്ക് വിധേയനായി. ആ വീര പരിവേഷം ചോരതുപ്പിയിരുന്നു.
എന്തിനാണ് ഈ അവസാന നിമിഷത്തില്‍ ഇതെല്ലാം ഓര്‍ത്ത് എടുക്കുന്നത്. ദുരന്തത്തിന്റെ ഹീനമായ കറുത്ത നിഴല്‍ പ്രാണനുമേല്‍ വീഴാന്‍ തുനിയുമ്പോള്‍ കനു സന്യാല്‍ ആത്മഗതം കൊണ്ടു.
”നഷ്ടപ്പെടുവാന്‍ സ്വപ്നങ്ങള്‍ മാത്രം.
കിട്ടാനുള്ളത് അപമൃതിയുടെ കുരുക്ക് മാത്രം?”
No Comments yet!