Skip to main content

ഗന്ധമാപിനി

ജിലാൻ – തന്റെ സ്വത്വം വെടിഞ്ഞ് ഒരു കാറ്റായി മാറാൻ കൊതിച്ചു : ചിറകു നഷ്ടപ്പെട്ട അവന് ഭൂമിയിൽത്തന്നെ കഴിയേണ്ടി വന്നു; പാദങ്ങളിൽ കെട്ടുപാടിന്റെ ചങ്ങല വിരിഞ്ഞു കെട്ടിയതു കാരണം മണ്ണിൽ ഇഴയേണ്ടി വന്നവൻ ! മണ്ണായും മഞ്ഞായും മഴയായും പുനർജ്ജനിച്ച് ഊർന്നു പോയും ഉടഞ്ഞു തൂങ്ങിയും ഉയർന്നുപൊങ്ങിയും ധൂപവേനലിന്റെ കാണാത്ത ഇഴയടുക്കുകളിൽ അവൻ തന്റെ രഹസ്യ സ്വപ്നത്തിന്റെ കാവൽക്കാരനായി ! കാറ്റായി മാറുക …
കാണാത്തവനായി മാറുക … തന്നെ അറിയുന്നവർക്ക് മുന്നിൽ സാന്നിദ്ധ്യം നിറക്കുക;

ജിലാൻ – അവനിപ്പോൾ സ്വപ്നം കാണുന്നത് എന്താണ് ?

ഗന്ധങ്ങൾ ഓർമ്മകൾ പോലെ കൂടെ പോരുന്നവയാണെങ്കിലോ ? എണ്ണിയാലൊടുങ്ങാത്ത വിഷാദക്കൂമ്പാരങ്ങളുടെ നടുവിലിരുന്ന് പുരാതനമായ ഒരു സലിക മീട്ടുമ്പോലെ നമ്മുക്കതിനെ വേർത്തിരിച്ചെടുക്കാനാകുമോ ?
റുക്കൈന സെറാൻ – ഇറാനിയൻ ഊദിന്റെ നിർമ്മാണപ്പുര തീയ്യിൽ പുകയുമ്പോൾ നിശ്വസിക്കാനാവാതെ സർവ്വ കോശങ്ങളിലേക്കും പടർന്നു കയറിയ അതേ ഗന്ധമുള്ളവൾ ! സിരകളിൽ നോവാറുവാൻ ഉപ്പുകല്ലുവെച്ച് കാലത്തിന്റെ പഴുപ്പു മാറ്റിയവൾ – വേദനയുടെ രാജകുമാരി – ജിലാന്റെ നാഡീസ്പന്ദനം …

ഹൃദയം കൊണ്ട് നമ്മൾ സ്പർശിക്കുന്നവയൊക്കെയും മുൻ ജന്മത്തിൽ നമ്മുടെ പിന്തുടർച്ചയാകുമോ !
സ്വപ്നങ്ങളുടെ കറുപ്പിൽ അവളൊരു പരവതാനി വിരിച്ചു. മുകളിൽ മറയില്ലാത്ത തുറസ്സായ ഒരു ഒറ്റവീട്ടിൽ രാത്രി മരുഭൂമിയിലിരുന്ന് അവൾ ആ എഴുത്ത് വായിച്ചു;
“ഞാൻ നിന്റെ നാട്ടിലേക്ക് വന്നാൽ നീ എന്തു തരും? നീ പറയാറുള്ള ഓറഞ്ച് പൂക്കൾക്ക് നടുവിലുള്ള ഒറ്റവീട് അത് പൂവിടുന്ന കാലമായില്ലേ!
നിന്റെ പിതാവ് ജോലി ചെയ്യുന്ന ഖനിയിൽ നിന്ന് വിയർത്തൊട്ടി വരുമ്പോൾ അദ്ദേഹത്തിന് കൊടുക്കാൻ ഒരു സോപ്പ് ഞാൻ കരുതി വെച്ചിട്ടുണ്ട്! പറയു സെറാൻ…”

ഇവിടെ കലാപമാണ് ജിലാൻ; നിനക്കിപ്പോൾ കിട്ടുന്ന എന്നെക്കുറിച്ചുള്ള ഓർമ്മകൾ പോലും ഇവിടെ വന്നാൽ ശിഥിലമാകും. ഈ എഴുത്ത് നിനക്ക് കിട്ടി അതിന്റെ മറുപടിയായി നീ അയക്കുന്ന കത്ത് വായിക്കുന്നതു വരെ ജീവൻ നിലനിർത്തുക മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യം… കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും ഭ്രാന്തമായി കുട്ടികളുടെ നിലവിളി കേൾക്കാനുണ്ട്. മരണത്തെ ഒരു മിസൈലിന്റെ രൂപത്തിലോ യുദ്ധ വിമാനത്തിൽ നിന്നും വർഷിക്കുന്ന ഒരു കൂറ്റൻ ബോംബിന്റെ രൂപത്തിലോ ഞാൻ കാണുന്നുണ്ട്. നിന്റെ ആഗ്രഹങ്ങളുടെ ഉന്മാദത്തെ എന്റെ ആശങ്കയുടെ നിഴൽ വിഴുങ്ങുകയാണ്.

മറുപടിയെഴുതിയ ഒരു ഐറിഷ് കടലാസ് അവൾ തന്റെ മുഖത്തിനടുത്തേക്ക് അടുപ്പിച്ചു. പതുക്കെ അതിന്റെ ഗന്ധം അവളുടെ അകത്തേക്ക് പ്രവഹിച്ചു; ഊദിന്റെ വിട്ടു പോകാത്ത ഗന്ധം. യുദ്ധക്കെടുതികൾ നട്ടു വളർത്തിയ കൂറ്റൻ കെട്ടിടങ്ങളുടേയും മസ്ജിദുകളുടേയും മിനാരങ്ങളുടേയും അവശിഷ്ടങ്ങളിൽ ആ നഗരം പ്രാചീനമായൊരു മരുഭൂമിയെ നോക്കിക്കിടന്നു. സുഷിരങ്ങളിലൂടെ ഇരച്ചു കയറുന്ന പുകച്ചുരുളുകളും കത്തിയ പച്ച മാംസത്തിന്റെ ഗന്ധവും മനുഷ്യനും മരണത്തിനും ഇടയിലുള്ള ദൂരത്തെ അടുത്തു കൊണ്ടുവരികയാണെന്ന്  അവൾക്ക് തോന്നി. ആകാശത്തേക്ക് മുഖമുയർത്തി തന്റെ പിതാവിന്റെ വിയർപ്പിന്റെ മണമുള്ള ആ കടലാസ്  തലക്കു മുകളിൽ ചിരിക്കുന്നു നിലാവിനെ നോക്കി കഷണങ്ങളാക്കി കീറി കളഞ്ഞു.

നൂൽപ്പാലങ്ങൾക്ക് കുറുകെ തീർത്ത ജീവിതത്തിൽ ഇനിയൊരു പൂർണ്ണ ചന്ദ്രനെക്കൂടെ കാണുക ദുസ്സാദ്ധ്യമായ ഒരു കാര്യമാണ്.മരണം അതു, കൂടെത്തന്നെയുണ്ട്. ഒരർത്ഥത്തിൽ പ്രണയവുമതുപോലെത്തന്നെ. യുദ്ധം എടുത്തു കൊണ്ടു പോയ തന്റെ കാലുകളിലേക്കും നിലത്തുള്ള കടലാസു തുണ്ടുകളിലേക്കും നോക്കി സെറാൻ ചിരിച്ചു. പ്രണയമിതു പോലെ ആദ്യം നമ്മുടെ ഹൃദയമെടുക്കുന്നു. പിന്നെ തലച്ചോറ്. ജീവൻ കൊടുക്കുന്നതു വരെ അനുദിനം യുദ്ധത്തിലേർപ്പെട്ട് നാം സ്വയം നമ്മെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിലത്തിരിക്കുമ്പോൾ മുട്ടിന് താഴേക്ക് മുറിഞ്ഞു പോയ കാലുകൾ നിവർത്തി വെക്കാം. അഴിയിലൂടെ ആരോ അകത്തേക്ക് എറിഞ്ഞു പോയ ഒരു സഞ്ചിയിൽ നിറയെ മരുന്നായിരുന്നു. അകത്തുള്ളവരെ നോക്കിയായിരിക്കില്ല ആരുടേയും ആതുര സേവനം. യുദ്ധാസക്തിയോട് നീതി പുലർത്തുവാൻ കാരണങ്ങൾ ചിലതെങ്കിലും ആവശ്യമായി വരും. നിരങ്ങി നീങ്ങിയാൽ അടുക്കള എന്ന അവശേഷിച്ച ആ മൺകൂന വരെ എത്താം. വേദന കൊണ്ട് പുളയുമ്പോൾ അല്പനേരം കൈ പുറകിലേക്ക് കുത്തി ഒന്ന് നടു നിവർത്തും. മുകളിലേക്കു നോക്കും; മരിച്ചു പോയവരെ ഓർക്കും. ഒരു കൂരയിലുണ്ടായിരുന്ന നാലു പേരോടൊപ്പം തനിക്കു ലഭിക്കാതെ പോയ ആ ആനുകൂല്യത്തെ ഓർത്തു ഉറക്കെ കരയും. മഹാരാഷ്ട്രങ്ങൾ മറന്നു തുടങ്ങിയ ഒരു ചെറുരാജ്യത്തിന്റെ നിലവിളി കേൾക്കാൻ ഒരാളും വരില്ല. രണ്ടാഴ്ച്ച മുമ്പ്  ഹെലിക്കോപ്റ്ററിൽ നിന്നും താഴേക്കു വീണ ഒരു ചാക്കിൽ ഇനി കുറച്ചു കൂടി ബാക്കിയുണ്ട്. വിശപ്പിനെക്കുറിച്ചോർക്കുമ്പോൾ മരണവും മരണത്തെക്കുറിച്ചോർക്കുമ്പോൾ പ്രണയവും ശരീരത്തിലൂടെ ഇരച്ചു കയറുന്നു.
“ഇരുട്ടിൽ ഒറ്റയ്ക്കാവുമ്പോൾ ഭയമുണ്ടോ! ആയിരം മൈലുകൾ അപ്പുറത്തു നിന്നും ഞാൻ വരാൻ തയ്യാറെടുക്കുകയാണ് സെറാൻ. എന്റെ വാക്കിന് നിന്റെ സംരക്ഷണത്തോളം ഉറപ്പുണ്ട്. എന്റെ പേരിന് കാവൽ എന്നൊരു അർത്ഥം കൂടിയുണ്ട്. ജോലിക്കായി ഞാനിവിടെ വന്നില്ലായിരുന്നെങ്കിൽ ഈ നിലാവിനോളം വെളിച്ചം നിനക്ക് ഞാൻ തന്നേനെ ! ”

ജിലാൻ ഓർമ്മയിൽ ജീവിക്കുന്നവനാണ്. അവന് വർത്തമാനകാലം നിറയെ ഓർമ്മകളാണ്. ഭാവിയിലേക്ക് വേണ്ടി അവൻ ഇന്നിന്റെ നിമിഷങ്ങളെക്കൊത്തി ഓർമ്മകളാക്കുന്നു. എന്തു ചെയ്യാം; തനിക്ക് നഷ്ടമായതിനെക്കുറിച്ച് അവന് അറിയുകപോലും ഇല്ല. എന്റെ സങ്കടങ്ങൾ അവന്റെ ഗന്ധമാപിനികളാൽ അളക്കുവാൻ കഴിയുമായിരുന്നെങ്കിൽ?
അർത്ഥമില്ലാത്ത ചിന്തകൾ ഇതുപോലെ ഒരു ലക്ഷ്യവുമില്ലാതെ മനസ്സിൽ പതിച്ചുകൊണ്ടിരിക്കും. ഒരു അക്ഷരത്തിൽ തുടങ്ങി ചിലപ്പോൾ സങ്കല്പങ്ങളുടെ കാണാക്കയങ്ങളിലേക്ക് നമ്മെ കൊണ്ടു പോകും: ഒടുവിൽ ജീവിതം പോലെ പൊടുന്നനെ കുത്തനെ താഴേക്കിറക്കും. രാത്രിയെ സ്നേഹിച്ചു തുടങ്ങിയത് ഈ കലാപം വന്നതിന് ശേഷമാണ്. രാത്രിയിൽ യുദ്ധം നിർത്തിവെക്കാൻ ഉത്തരവുണ്ട്. ഒറ്റവെട്ടിന് തീർപ്പാക്കാൻ കഴിയാതെ അടുത്ത വെട്ടിനും കഴുത്തിനും ഇടയിലുള്ള നിമിഷത്തിൽ എന്ന പോലെ രാത്രിയാകുമ്പോൾ ഈ നഗരം യുദ്ധത്തിന് കാതോർത്ത് നിശ്ശബ്ദമായി ഇരിക്കും. മരണമാഗ്രഹിച്ച് എത്ര കാലം ഇതുപോലെ ഒരു മനുഷ്യന് കാത്തു കിടക്കാനാകും. മാതാപിതാക്കളോടൊപ്പം തനിക്കു നഷ്ടമായത് തന്റെ ഇച്ഛാശക്തി കൂടിയാണെന്ന് സെറാൻ തിരിച്ചറിഞ്ഞു..
ജിലാന്റെ മടങ്ങി വരവ് താൻ ആഗ്രഹിക്കുന്നില്ല. കാലഹരണപ്പെട്ട നിയമങ്ങളാൽ തുറങ്കിലടക്കപ്പെട്ട ഈ ജനതക്ക് മരണത്തിലൂടെയെങ്കിലും മോചനം കിട്ടട്ടെ. എത്ര ആരോഗ്യവാനാണെങ്കിലും ഈ മോക്ഷനഗരത്തിലേക്ക് പ്രണയാഭ്യർത്ഥനയുമായി ഒരു കാമുകനേയും കാലം പറഞ്ഞയക്കാതിരിക്കട്ടെ. അവന്റെ എഴുത്തുകൾ മാത്രം എന്റെ രക്തത്തിലൂടെ പ്രവഹിക്കട്ടെ. തെളിവിനു വേണ്ടി പോലും അവന്റെ ഒരക്ഷരവും ഈ അവനിയിൽ അവശേഷിച്ചു കൂടാ. മൺകലത്തിൽ വിശപ്പ് തിളക്കുന്നു; ജീവിതം ഒരു തീനാളമായി അടുപ്പിൽ എരിയുന്നു. സെറാൻ ജിലാന്റെ എഴുത്തുകൾ ഒന്നൊന്നായി അഗ്നിക്ക് വിട്ടുകൊടുക്കുന്നു. അക്ഷരങ്ങൾക്ക് തീ പിടിക്കുമ്പോൾ ഏതോ പരിണാമകാലത്ത് മറഞ്ഞുപോയ പേരറിയാത്ത ജീവിയെപ്പോലെ മരണം മുന്നിൽ നിൽക്കുന്നു.
മൺകലത്തിലെ ധാന്യം സെറാൻ മരത്തിന്റെ ഒരു തവികൊണ്ട് ഇളക്കി. കറങ്ങിക്കൊണ്ടിരിക്കുന്ന ജലവും പാതി വെന്ത ധാന്യവും മൺകൂന പോലെ ചിതറിക്കിടക്കുന്ന അടുക്കളയുടെ മേൽക്കൂരയിലെ നിലാവിനെ വട്ടം കറക്കിക്കൊണ്ടിരുന്നു! ചത്തു പോയതും പിടയുന്നതുമായ പ്രാണികളെ അവൾ  തവികൊണ്ട് കോരി നിലത്ത് തട്ടിക്കളഞ്ഞു. ജീവൻ അത് സർവ്വലോകചരാചരങ്ങളുടേയും ആത്മാവകാശമാണ്. ആ ആത്മാവകാശത്തിലെ അണുക്കളാണ് നമ്മൾ !

ചത്തുപോയ പ്രാണികൾക്ക് മുകളിലൂടെ ജീവനുള്ളവ അരിച്ചരിച്ചു നീങ്ങിയകന്നു. തവിടിന്റെയും വെന്ത പ്രാണികളുടേയും കൂടി സമ്മിശ്രമായ ഒരു ഗന്ധം ആ മുറിയിൽ വ്യാപിച്ചു. ഒരു വിറകു കൊള്ളിയൊഴികെ മറ്റെല്ലാം തന്റെ രക്തമുറഞ്ഞ കൈകൾ കൊണ്ട് അവൾ പുറത്തേക്ക് മാറ്റി. കലത്തിലെ വെള്ളത്തിനും പാതിവെന്ത ധാന്യത്തിനും ചൂടാറുവാനായി അവൾ കാത്തിരുന്നു. മണ്ണിലേക്കു നീട്ടിവെച്ച തന്റെ മുറിഞ്ഞ കാലുകളും ആകാശത്തേക്കുയർത്തിയ രക്തം ഖനീഭവിച്ച കൈകളും കൊണ്ട് അവൾ പ്രാർത്ഥനയാരംഭിച്ചു;
അന്നം തന്നതിന്,
വസ്ത്രങ്ങൾ തന്നതിന്,
ജീവൻ തന്നതിന്,
മാനം നിലനിർത്തുവാൻ  ഉടയോൻ്റെ സംരക്ഷണം ഫലത്തിൻ്റെ പുറംതോട് പോലെ തന്നെ കാത്തതിന്.     അരക്ഷിതമായഅവസ്ഥയിലും പ്രാർത്ഥന അവൾ മുടക്കാറില്ല.
മരീചിക പോലെ നീണ്ടു കിടക്കുന്ന പ്രതീക്ഷ കുറേ രാത്രികളായി  അവസാനിച്ചുകൊണ്ടിരിക്കുകയാണ്.
ദുസ്വപ്നം പോലെ, ഇപ്പോൾ കറുത്ത രൂപങ്ങൾ കണ്ണിൽ കമ്പിളി മൂടാറുണ്ട് ! അല്ല..അതൊന്നും ദുസ്വപ്നമല്ല; തെറ്റിയ ദിനചര്യയിൽ പകലേത് രാത്രിയേതെന്ന് അറിയാതെ ഈ മൺകൂനയ്ക്കുള്ളിൽ ജീവിതം നീങ്ങുമ്പോൾ  ഇടയ്ക്ക് വാടി വീഴുന്ന നിമിഷങ്ങളിൽ മരിച്ചു പോയവർ തന്നോട് സംസാരിക്കുന്നതാണ്.
“സെറാൻ – മരിക്കാൻ നിനക്ക് ഭയമാണോ? വർണ്ണങ്ങളുടെ ഈ ലോകം വിട്ടു പോരാൻ നിനക്ക് …”
മരിച്ചു പോയവർ, പ്രിയപ്പെട്ടവർ, അവരുടെ കൂടെയുള്ള നിമിഷങ്ങൾ… ഒന്നൊന്നായി സെറാന്റെ ഇരുട്ടു മൂടിയ കണ്ണിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

“ഭയമോ … എന്റെ പ്രിയപ്പെട്ടവർ ഓരോരുത്തരും മരിച്ചു പോയിരിക്കുന്നു; ഒരാളൊഴികെ! എങ്കിലും മരിച്ചു പോകേണ്ടത് അനിവാര്യമായ ഈ കെടുതിയിൽ പ്രിയമുള്ളവരുടെ അരികിലേക്ക് പോകുന്നതിന് താൻ ഭയപ്പെടേണ്ടത് എന്തിനാണ്? ജീവിതം ഒരു അടുക്കു പാത്രത്തിലെ കാറ്റു പോലെയാണ്. ഒരിക്കൽ തുറന്നു കഴിഞ്ഞാൽപ്പിന്നെ അതേ കാറ്റുമായി നമ്മുക്കതിനെ അടച്ചു വെക്കാൻ കഴിയില്ല. അന്തരീക്ഷം മാറുന്നതനുസരിച്ച് അതിലെ ഉള്ളടക്കവും മാറുന്നു; ജനിച്ചത് ഒരു കാറ്റുപോലെയെങ്കിൽ മരിക്കുന്നതും അങ്ങനെത്തന്നെ…. ജിലാൻ ഒരു കാറ്റായി മാറി  താൻ മരിച്ചു ചെല്ലുന്ന ലോകത്തിലേക്കും പ്രതീക്ഷകളുടെ മേഘവാഹകനായി ഹൃദയത്തിൽ മഴ പെയ്യിക്കാൻ ഒരു നാൾ വരുമായിരിക്കാം. അതുകൊണ്ട് മരണം തന്റെ ദുഃസ്വപ്നത്തിനേക്കാളുപരി, താൻ കാണുന്ന അഭൗമമായ ഒരു  സ്വപ്നം തന്നെയാണതെന്ന് സെറാൻ ഉറച്ചു വിശ്വസിക്കുന്നു.
പ്രാർത്ഥനയുടെ അവസാനം ഭൂമിക്കുമേൽ തല വെച്ച് അവൾക്ക് കൈവന്ന സൗഭാഗ്യങ്ങളെക്കൂടി ഒന്നുകൂടെ ഓർത്തു. ചൂടാറിയധാന്യം എടുത്ത് ഭക്ഷിക്കാനൊരുങ്ങുമ്പോൾ, ജിലാന്റെ കത്തുകൾ കടും നീലനിറത്തിൽ വെണ്ണീരുപോലെ ഓർമ്മകൾ കൊണ്ട് സമൃദ്ധമാക്കപ്പെട്ടിരുന്നു.
മഹാരാഷ്ട്രങ്ങൾ, ആ ഇരുട്ടിൽ യുദ്ധത്തിലൂടെ പരസ്യമായി ഉടമ്പടികൾ ലംഘിക്കാനൊരുങ്ങി. ഒരു തീഗോളം പാതിരാത്രിയിൽ അവളുടെ മൺകൂനക്കു നേരെ ആകാശത്തു നിന്നും പുറപ്പെട്ടു കഴിഞ്ഞു. തമോഗർത്തം നക്ഷത്രഗംഗയെ വിഴുങ്ങും പോൽ ഭൂമി ഹൃദയം തുറന്ന് അതിനെ വരവേൽക്കുവാനിരുന്നു; ഗന്ധങ്ങൾ ഊരി വെച്ച ശൈത്യകാലത്തെ ആ രാത്രിക്ക് ദൈർഘ്യം കൂടുതലായിരുന്നു.
അല്ലാ… ആ രാത്രി പിന്നീട് പുലർന്നതേയില്ല…

 

 

*******

 

 

No Comments yet!

Your Email address will not be published.