Skip to main content

കുതിരയില്‍നിന്ന് ഈഴച്ചെമ്പകത്തിലേക്കുള്ള ദൂരം

1980കളില്‍ വേര്‍പെട്ടുപോയ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായിരുന്ന ടി.എം. കുര്യാക്കോസ് അന്നത്തെ സാകേതം എന്ന ലിറ്റില്‍ മാഗസിനില്‍ ഒ.വി. വിജയന്റെ സാഹിത്യജീവിതത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ‘ഖസാക്കില്‍ നിന്ന് ധര്‍മ്മപുരിയിലേക്കുള്ള ദൂരം’ എന്നായിരുന്നു ആ പഠനത്തിന്റെ ശീര്‍ഷകം. അതിനോട് സാമ്യപ്പെട്ടാണ് ഈ ലേഖനത്തിന്റെ പേര് രൂപപ്പെടുത്തിയിട്ടുള്ളത്. ഇവിടെയത് രണ്ട് കാലത്തിലേക്കും രണ്ട് എഴുത്തുകാരിലേക്കും, രണ്ട് സാഹിത്യരൂപങ്ങളിലേക്കും കൂടുമാറുന്നുവെന്ന വ്യത്യാസമുണ്ട്. കെ.എ. ജയശീലന്റെ ‘കുതിര’ എന്ന കവിതയും എം.നന്ദകുമാറിന്റെ ‘ഈഴച്ചെമ്പകത്തിന്റെ ഗന്ധം’ എന്ന കഥയും തമ്മിലുള്ള ദൂരം അന്‍പതാണ്ടാണ്. ഈ രണ്ടു രചനകള്‍ക്കും അവ രചിക്കപ്പെട്ട കാലത്തിന്റെ ആഖ്യാനവിധങ്ങളെ അതിക്രമിച്ച് മുന്നേറാനും മൗലികവും സവിശേഷവുമായൊരു ശില്പസൗന്ദര്യം സ്വാംശീകരിക്കാനും സാധ്യമായിട്ടുണ്ടെന്ന് കാണാം. കവിതയില്‍ അകാല്‍പനികപദകോശവിന്യാസവും കഥയില്‍ അസാധാരണമാംവിധം ഗന്ധബിംബങ്ങളുടെ സന്നിവേശവും പ്രതിപാദനവീര്യമായിത്തീരുന്നുണ്ട്. കവിതയ്ക്കകത്തേക്ക് കഥാത്മകതയും കഥയ്ക്കുള്ളില്‍ കാവ്യസൗന്ദര്യമുദ്രകളുള്ള ഭാഷാകരുക്കളും വന്നുനിറയുകയാണ്. കാലത്തില്‍നിന്നും തെന്നിയും തെറ്റിച്ചുമുള്ള ക്രിയാത്മകഘടകങ്ങളാല്‍ നീറിപ്പിടിക്കുന്നവയാണ് ഇരുരചനകളുമെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ പഠനത്തില്‍ 1973-നെ അഭിമുഖം നിര്‍ത്തിക്കൊണ്ട് 2023 അപഗ്രഥിക്കപ്പെടുന്നു. കവിതയില്‍നിന്നും കഥയിലേക്കുള്ള ദൂരത്തിനിടയില്‍ വിച്ഛേദത്തിന്റെ കല എങ്ങനെയായിരുന്നുവെന്ന് കണ്ടെത്തുവാനുള്ള പരിശ്രമംകൂടിയാണ് ഇവിടെയുള്ളത്. കേട്ടറിഞ്ഞ സങ്കല്‍പ്പത്തിന് അതിനടിത്തറയായി നിലകൊണ്ട യാഥാര്‍ത്ഥ്യവുമായുള്ള അതിര്‍ത്തി ഭേദിച്ച് വളരാനാവുമോ? ഈ വിസ്മയപ്രക്രിയ സംഭവിക്കുന്ന കാലത്തെ ശൈശവം എന്ന് പേരിട്ടു വിളിക്കുന്നതായി കെ.എ. ജയശീലന്റെ ‘കുതിര’ എന്ന കവിതയില്‍ കാണ്മാനാവും. ശൈശവത്തോട് സാമ്യപ്പെടുത്താനാവുന്നത് കവിത കൊരുക്കുന്നതിനുള്ള ഭാവനാപ്രാപ്തിയെയാവുന്നു. 1973ല്‍ രചിക്കപ്പെട്ട ഈ കവിതയില്‍ കുട്ടിയായിരുന്ന കാലം ഓര്‍ത്തെടുക്കുന്ന മുതിര്‍ന്നയാളുടെ ആകാംക്ഷകളും അതിവിസ്മയങ്ങളും നിലച്ച, ഒരുതരം ചതഞ്ഞ ഗദ്യഭാഷണരൂപമാണ് ആഖ്യാനവൃത്തിയാവുന്നത്. കവിതയ്ക്കകത്ത് ‘വീട്ടാവശ്യ’മെന്നത് പ്രത്യക്ഷപ്പെടുക ശൈശവത്തിനും ഭാവനാമണ്ഡലത്തിനും പുറത്തൊരിടത്തുള്ള സ്ഥലകല്‍പ്പന സ്വന്തമാക്കിക്കൊണ്ടാണ്. അധികാരത്തിന്റെ പ്രതീകമാകുന്ന പിതൃസ്വരൂപം നിലകൊള്ളുന്നത് അവിടെയാണ്. കവിതയുടെ വിരുദ്ധധ്രുവമാണത്. അച്ഛന്‍ മുതല്‍ ഭരണകൂടം വരെ’ കത്തിയും മുള്ളും കരണ്ടിയും’ സമീപസ്ഥമാക്കും. കത്തിയും മുള്ളും ഒക്കെയാണ് കുതിരയുടെ അണിയലങ്ങളെന്ന് ബോധ്യപ്പെടുത്തുകവഴി കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള നീതിരഹിതയിടപെടലിന്റെ കാരുണ്യമില്ലായ്മയും ദര്‍ശിക്കാവുന്നതാണ്.

അപ്പോഴും ഭാവന കൊള്ളുന്നവര്‍ ഉള്ളില്‍ കുതിരയുമായി സവാരി ചെയ്തുകൊണ്ടേയിരിക്കും. അതിക്രമസ്വഭാവമുള്ള മൂല്യബോധങ്ങളെ വാരിപ്പുണരാനുള്ള വെമ്പലാണത്. വരാത്ത കുതിര വന്ന കുതിരയെക്കാള്‍ മഹാസജീവതയുള്ളയൊന്നായി മാറുന്നത് അങ്ങനെയാണ്. വിവരണാത്മകമായി പതുങ്ങനെ ഒഴുകുന്ന കവിതയില്‍ പറഞ്ഞിടത്തുനിന്നോ എഴുതിയിടത്തുനിന്നോ കേട്ടതെല്ലാം കട്ടിളപ്പടിമേല്‍കിടന്ന് തളിര്‍ത്ത് പൂവിടാന്‍ തുടങ്ങും. പൂവിട്ടുവരുന്നതിനിടയില്‍ ഭാവനയ്ക്ക് അപ്രതീക്ഷിതമരണഗതിയും കൈവരും. ശൈശവം നിലയ്ക്കുംമട്ടില്‍ പൂക്കളല്ല, ചിത്രശലഭങ്ങള്‍ തന്നെയാണ് പറന്നുപോയതെന്ന ഉറപ്പിക്കല്‍ യുക്തിബോധത്തിന്റെ തടവിലായികഴിഞ്ഞിരിക്കും. കുമാരനാശാന്റെ പറക്കുന്ന പൂക്കളെക്കാള്‍ ശക്തിസൗന്ദര്യങ്ങളോടെ കെ.എ. ജയശീലന്റെ കുതിര പടവെട്ടുന്നത് പോലെ പറക്കുകയായിരുന്നു. കാവ്യാന്ത്യത്തിലും ജീവിതാന്ത്യത്തിലും കളിത്തട്ടിലേക്ക് കടന്നുവരുന്ന ‘ശൈശവത്തേയും വഹിച്ചുകൊണ്ടു പറക്കുന്ന കുതിര’എന്ന അത്യപൂര്‍വ്വ മെറ്റഫറില്‍ കവിത റദ്ദ് ചെയ്ത് ജീവിക്കാനുള്ള ആജ്ഞാശക്തികളുടെ ഉടമ്പടിതീര്‍ക്കല്‍ പൊടിപൊടിക്കുന്നുണ്ട്. ശഠിച്ചു എന്ന ക്രിയാരൂപത്തില്‍നിന്നും പറന്നുവെന്നിടത്തെത്തുമ്പോള്‍ എത്രവേഗമാണ് കെ.എ. ജയശീലന്റെ ‘കുതിര ‘എന്ന കവിതയില്‍ ഒരു ജീവിതവൃത്തം ചുരുള് നിവര്ന്നുതന്നതെന്ന് ഓര്‍ക്കുക.

ഉചിതോചിതമായ ക്രിയാരൂപങ്ങള്‍ കാവ്യശരീരത്തില്‍ ഘടിപ്പിക്കുകവഴി ലഭ്യമാവുന്ന ഭാവപരമായ മിഴിവും കാണുക. ശഠിച്ചുനിന്നതിനെയെല്ലാം മറവി കൊണ്ട് പറപറപ്പിക്കാനുള്ള വ്യഗ്രത കൈമുതലായുള്ള അധികാരരൂപങ്ങളോട് കണക്കറ്റ് കലഹിക്കുന്ന ആന്തരികസ്വത്വം കൂട്ടിരിപ്പായുള്ള കവിതയാണിത്. താന്‍ സൃഷ്ടിച്ച ഒരു ആശയം അതിനുള്ള പദങ്ങളിലൂടെയങ്ങ് ഭാഷപ്പെടുത്തലാണ് കാളിദാസരീതിയെന്ന് ജോസഫ് മുണ്ടശ്ശേരി രേഖപ്പെടുത്തിയിട്ടുള്ളതും ഓര്‍മ്മിക്കുക. ഉടച്ചുവാര്‍ത്തെടുത്ത ഭാവന അടിമുടിനിന്ന് കിലുങ്ങിയ ഈ കവിതയില്‍ ഒരിടത്തും സ്ഥിരംഭാവനാസന്നാഹമായ റൊമാന്റിക് മലയാള കാവ്യപദകോശം പടികടന്ന് വന്നില്ല.ഇതുതന്നെയാണ് ഈ കവിതയുടെ കാലാതീതമായ കൈമുതലുകളിലൊന്ന്. ആടയാഭരണങ്ങള്‍ അണിഞ്ഞുതന്നെ നിലകൊള്ളാന്‍ വെമ്പല്‍കാട്ടിയ മലയാളകവിതയുടെ ആധുനികതാകാലത്ത് അവ ഒഴിവാക്കാന്‍ തയ്യാറായ ഉത്തരാധുനികവിവേകം കെ എ ജയശീലന്റെ കവിതകളുടെ പൊതുമുഖമുദ്രയായി മനസ്സിലാക്കാവുന്നതുമാണ്. സാമ്യമകന്ന ഉദ്യാനകഥനം മലയാളത്തിന് അത്ര പുതുമയല്ല. ഉണ്ണായിവാര്യരോളമെ ങ്കിലും അതിന് പഴക്കമുണ്ട്. നിറവും ഗന്ധവുമുള്ള പൂക്കളുടെ സമൃദ്ധി സാധാരണ കവിതകളിലാണ് ഏറെ പ്രിയമാവുന്നത്. ആളിപ്പടരുന്ന ഉന്മാദഗന്ധം ഈഴച്ചെമ്പകമെന്ന കള്ളിപ്പാലയ്ക്ക് കല്‍പ്പിച്ചുനല്‍കിയത് വയലാര്‍ രാമവര്‍മ്മയെന്ന ചലച്ചിത്രഗാനരചയിതാവായിരുന്നുവല്ലോ.

2023ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എം നന്ദകുമാറിന്റെ ‘ഈഴച്ചെമ്പകത്തിന്റെ ഗന്ധം’* എന്ന കഥയുടെ ആഖ്യാനഭൂപടമാകെ വളഞ്ഞും പുളഞ്ഞുമൊഴുകുന്ന ഗന്ധസാമ്രാജ്യം കാണ്മാനാവും. സാധാരണ കഥാഭാവനയുടെ ഭ്രമണപഥങ്ങളില്‍ അത്ര സുലഭമാവാത്ത മണത്തിന്റെ അള്ളിപ്പിടിക്കലിവിടെയുണ്ട്. നാലുപാടും പട്ടണമിരമ്പുന്നതിനിടയിലുള്ള ശാന്തമായൊരു ലോകമാണ് കഥയ്ക്കുള്ളിലെ നഗരോദ്യാനം. കിളിമുതല്‍ പഴുതാരവരെ സന്ദര്‍ശനത്തിനെത്തുന്ന ഇടം. മനുഷ്യവരവ് വളരെ പരിമിതമാണ്. ഉദ്യാനപരിപാലനത്തെ ഗന്ധങ്ങളുടെ കലാരൂപമായി നോക്കിക്കണ്ട വൃദ്ധനായ പരിപാലകനാണ് കഥാകേന്ദ്രമാകുന്നത്. അയാള്‍ക്കൊപ്പം തന്നെ പൊതുവേ ദുര്‍ബലമായ മൂക്കിന്റെ ഇന്ദ്രിയാനുഭവവും കഥാശരീരം പങ്കിടുന്നുണ്ട്. ജീവിതത്തിന്റെ മാത്തമാറ്റിക്കല്‍ കൃത്യതകളില്‍ നിന്നും തെറിച്ചുപോകുംവിധമുള്ള വലിയൊരു അനിശ്ചിതത്വവും ഏകാന്തതയുമാണ് വൃദ്ധനെന്ന് ബോധ്യപ്പെടുന്നു. ശമ്പളം കൈപ്പറ്റിയതിന് കിട്ടിയ രശീതികള്‍ പോലും അപ്പോള്‍ തന്നെ ഓടയിലേക്ക് എറിഞ്ഞുകളയുന്ന അപൂര്‍വാനുഭവചാരുത ഈ കഥാപാത്രത്തിനുണ്ട്. അനാഥത്വത്തില്‍നിന്നും ദുഃസ്വപ്നങ്ങളില്‍നിന്നും അയാള്‍ക്ക് അഭയരൂപമാവുന്നത് പൂന്തോട്ടത്തിലെ ഉള്‍വഴികളും ഉന്മാദഗന്ധങ്ങളുമാവുന്നു. ഈഴച്ചെമ്പകത്തിന്റെ വേരുകളില്‍ ഒറ്റയ്ക്ക് വന്നിരുന്ന ഒരു മെലിഞ്ഞ പെണ്‍കുട്ടിയിലേക്ക് അനേകഗന്ധവാഹിനിയായ കഥാഖ്യാനശില്പം പടര്‍ന്നുപോവുന്നത് കാണാം.

പനിനീര്‍പ്പൂവിന്റെയും മഞ്ഞച്ചെണ്ടുമല്ലിയുടെ യുമെല്ലാം സമ്മോഹനസൗഭാഗ്യങ്ങളുമായാണ് നന്ദകുമാര്‍ ഈ പെണ്‍കഥാപാത്രത്തെ ഇണക്കിച്ചേര്‍ത്തുനിര്‍ത്തുന്നത്. അപ്പോഴും അവളെ ചുറ്റിപ്പറ്റി വിഷാദത്തിന്റെ മണവും സമാഗതമാവുന്നുണ്ട്. ഗന്ധത്തിനൊപ്പം ശബ്ദലാവണ്യം കൂടി കഥയ്ക്കുള്ളില്‍ ഇരമ്പിക്കയറുന്നത് ഇവളോട് ചേര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ പൂന്തോട്ടം സന്ദര്‍ശിക്കുമ്പോഴാണ്. അപ്പോഴും മുഴങ്ങുന്ന പൊട്ടിച്ചിരികളും ചുംബനമുദ്രകളും അണിഞ്ഞ വൈകുന്നേരങ്ങള്‍ വിചിത്രമായൊരുതരം സ്രവഗന്ധത്തെ ഓര്‍മ്മിപ്പിക്കുന്നു. വിട്ടൊഴിയാത്ത ഗന്ധബിംബങ്ങളുടെ വിരലുകളില്‍ തൊട്ടുനിന്നാണ് സര്‍വ്വകാലികമായ ജീവിതസങ്കടങ്ങള്‍ വരഞ്ഞിടുന്നതെന്ന് കാണാം. നിസ്സാരമായ തൊഴില്‍കൊണ്ട് കുടുംബം പോറ്റുന്ന പെണ്‍കഥാപാത്രം വഞ്ചിക്കപ്പെടുമ്പോള്‍ ചീയുന്ന ഇലകളുടെ മണമാണ് ചതിക്കുള്ളതെന്ന് പറയുന്നതിലെ ചമല്‍ക്കാരം ശ്രദ്ധേയം തന്നെ. ഗന്ധവൈവിദ്ധ്യത്തെ അഭിമുഖം നിര്‍ത്തിക്കൊണ്ട് പുരുഷോപഭോഗത്തിന്റെ ക്രൗര്യവും അകളങ്കഭാവങ്ങളും കഥയില്‍ പ്രകാശമാനമാവുന്നു. കഥാന്ത്യമാവുമ്പോള്‍ കാലൊടിഞ്ഞ കുരുവിയായും തിരസ്‌കൃതമായ മണമായും ശബ്ദരഹിതനിലവിളിയായും അവള്‍ രൂപാന്തരപ്പെടുന്നു. മൂന്ന് ഇന്ദ്രിയാനുഭവങ്ങളുടെ പടര്‍പ്പിലേക്ക് ഒരു കഥാപാത്രം ഉള്ളിടറിയും ചിതറിയും ചെല്ലുന്നത് നന്ദകുമാറിന്റെ ആഖ്യാനപാടവത്തിന് ഉദാഹരണമാണ്. ഉദ്യാനപാലകന്റെ അനുഭവലോകത്തേയും ഇതിനോട് സമീകരിക്കുന്നുണ്ട്. സ്വയം കണ്ണാടിനോട്ടവും മനംപുരട്ടലുണ്ടാക്കുന്ന ഒരുതരം മണവും അതിശാന്തമായ ശബ്ദക്രമീകരണവും ഓര്‍മ്മിക്കുക. ഒരൊറ്റ വെട്ടില്‍ത്തന്നെ മരണമണം നിറയുകയാണ്. ഈ ധീരപ്രതികരണത്തിനു ശേഷം ഗന്ധങ്ങളുടെ തുളച്ചുകയറുന്ന നൃത്തം കഥയ്ക്കുള്ളില്‍ കടന്നുവരുന്നു. എന്നാല്‍ രാത്രിയോടെ എല്ലാ ഗന്ധങ്ങളും അന്യവും അപരിചിതവുമാവുന്നു. ഉന്നത ഗന്ധകലാവിഷ്‌കാരം മരണം തന്നെയെന്ന തിരിച്ചറിവിലേക്ക് ഉദ്യാനപാലകന്‍ മാറുന്നു. മണം തേടിവരുന്ന പോലീസ്‌നായ അപ്പോഴും അയാളെ ഭയപ്പെടുത്തുന്നില്ല. പൂന്തോട്ടം അപരിചിതമാവുമ്പോഴും താന്‍ നടപ്പിലാക്കിയ കര്‍മ്മനിര്‍വഹണത്തിന്റെ അഭിമാനഗന്ധത്തിലമരുകയാണ് ഉദ്യാനപാലകന്‍. ഈ കഥ സംവിധാനം ചെയ്യപ്പെട്ടതിന്റെ അപൂര്‍വത തന്നെയാണ് ഏറെ ശ്രദ്ധേയമാവുന്നത്. 50 വര്‍ഷത്തിന്റെ അകലം എത്ര നേര്‍ത്തതായി മാറുകയാണ്.

* ഈഴച്ചെമ്പകത്തിന്റെ ഗന്ധം : മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2023 നവംബര്‍ (19-25) ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ.

——————————–
* ഈ ലേഖനത്തിനോടൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ ചെണ്ടയുടേതല്ല. ഇത് ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തിട്ടുളളതാണ്. ഈ ലേഖനം കൂടുതല്‍ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

No Comments yet!

Your Email address will not be published.