Skip to main content

പ്രേതാത്മാക്കളുടെ ഭൂമി

നമ്മുടെ ആചാരവിശ്വാസങ്ങളില്‍, പൂരോത്സവങ്ങളില്‍, നാട്ടുചൊല്ലുകളില്‍, സ്ഥലനാമങ്ങളില്‍…
ചരിത്രം ദമിതമായിരിക്കുന്നുണ്ട്. രാജാക്കന്മാരുടെയും യജമാനന്മാരുടെയും ധീര, വീരസാഹസചരിതങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ വലിയ പര്‍വ്വതങ്ങള്‍ താണ്ടിയ സാധാരണമനുഷ്യരുടെയും നാടിന്റെയും ചരിത്രവും ജീവിതവും ഇവയിലെല്ലാം ഒളിഞ്ഞുകിടക്കുന്നു. മനുഷ്യരെന്ന നിലയില്‍ നാം താണ്ടിയ ദൂരങ്ങളെ അറിയുന്നതിന് കൊട്ടാരവിദൂഷകന്മാമാരുടെ രചനകളേക്കാളും സമൂഹമനസ്സിന്റെ ഈ ഓര്‍മ്മകളെ ആശ്രയിക്കുന്നതാകും ഉചിതമെന്നു തോന്നാം. അവ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നുണ്ടായിരിക്കും. കെ.എന്‍. പ്രശാന്ത് എഴുതിയ കുരിപ്പുമാടിന്റെ
കഥ വായിക്കുമ്പോള്‍ ഇങ്ങനെ ചില വിചാരങ്ങളിലേക്കു നാം നയിക്കപ്പെട്ടേക്കാം.

കെ.എന്‍. പ്രശാന്ത്

‘കുരിപ്പുമാട്’ എന്ന കഥ ആദ്യമേ നമ്മെ ആകര്‍ഷിക്കുന്നത് അതിന്റെ അസാധാരണമായ ശില്പഭംഗി കൊണ്ടാണ്. അതീവചാരുതയാര്‍ന്ന നാട്ടുഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന കഥയില്‍, പ്രമേയം ആഖ്യാനഭാഷാശില്‍പ്പത്തില്‍ നിന്നും വേര്‍പ്പെടുത്തി പറയാനാവാത്ത വിധം ഒന്നുചേര്‍ന്നിരിക്കുന്നു.
ഇത്രമേല്‍ സഫലമായ ചേര്‍ന്നിരുപ്പ് വിരളമത്രേ! ആഖ്യാനം ആഖ്യാനശില്‍പ്പം തന്നെ എന്ന ചൊല്ലിനു വലിയ ന്യായീകരണവുമായി ‘കുരിപ്പുമാട്’ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍, ‘കല ജീവിതം തന്നെ’ എന്ന ഏറെ സാധാരണമായ പറച്ചിലുകള്‍ക്കപ്പുറം കഥാഖ്യാനം ജീവിതം തന്നെയായി മാറിത്തീരുന്ന ചില സന്ദര്‍ഭങ്ങള്‍ക്കാണ് ഈ കഥയിലൂടെ കടന്നു പോകുന്നവര്‍ സാക്ഷ്യം വഹിക്കുക! കഥയുടെ പ്രമേയം, ജീവിതം, ആഖ്യാനശില്‍പ്പം ഇവ മൂന്നും പരസ്പരം ലയിച്ച് ഏകരൂപമായി ‘കുരിപ്പുമാട്’ രൂപം കൊണ്ടിരിക്കുന്നു. പ്രശാന്തിന്റെ കഥ വായിക്കുമ്പോള്‍ കഥാപാത്രങ്ങളും പരിസരങ്ങളും ദൃശ്യചിത്രത്തിലെന്ന പോലെ നമ്മുടെ മുന്നില്‍ പ്രത്യക്ഷമാകുകയും നാം നേരിട്ടു
കാണുകയും ചെയ്യുന്നു. ‘ഏയ് ചെറിയമ്പ്വോട്ടാ, ആരി ബാഗത്ത് എളേക്ക വാര്ന്ന മഗേശന്‍’ എന്നു ചോദിക്കുന്ന മദ്ധ്യവയസ്‌ക്കന്‍ കഥ വായിക്കുമ്പോള്‍ എന്റെ മുന്നിലുണ്ടായിരുന്നു.

”ഈ ചെറ്യ അനുബവം വെച്ചിറ്റാ നീ കഥ എയ്താന്‍ പോന്നത്! എഴ്ത്ത്കാരന്‍ അനുബവിച്ചത് വായിക്ക്‌ന്നോനേം അനുബവിപ്പിക്കലാന്ന് സാഹിത്യം. അല്ലാതെ വേവാത്ത ഭാവന വെറ്‌തെ തിര്കിക്കേറ്റലല്ല.” എന്ന് ഒരു കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കാന്‍ കഴിയുന്നിടത്തോളം കഥാരചനയുടെ പ്രശ്‌നവല്‍ക്കരണങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും സ്വയം വിമര്‍ശനങ്ങളിലൂടെയും ഈ കഥാകാരന്‍ കടന്നുപോയിട്ടുണ്ടെന്നു പറയണം. ഇതോടൊപ്പം മീന്‍പിടുത്തക്കാരന്റെ കഥയെഴുതിയ വലിയ എഴുത്തുകാരന്‍ ഈ കഥയില്‍ പരാമര്‍ശിക്കപ്പെടുന്നു. കഥകള്‍ എഴുതാന്‍ കഴിയാതായപ്പോള്‍ തലയിലേക്കു വെടിവെച്ചു സ്വയം മരിച്ച യഥാര്‍ത്ഥ കഥാകാരന്‍. കഥ ഫോട്ടോ എടുക്കലല്ലെന്ന ബോദ്ധ്യം, ‘ഈ കാണുന്ന മീന്‍ നിങ്ങളുടെ മനസ്സില്‍ കിടന്നു വളരണം. കഥയില്‍ ഇതൊരു തിമിംഗലം ആവണം.’ എന്ന ബോദ്ധ്യം കഥയിലെ കഥാപാത്രത്തിന്റേതു മാത്രമല്ല, കെ എന്‍ പ്രശാന്ത് എന്ന കഥാകാരന്റേതു കൂടിയാണ്.

ലോകമെമ്പാടും കാണുന്ന, എല്ലാ മേഖലകളിലും എല്ലാ വ്യവഹാരങ്ങളിലും കാണുന്ന പ്രാന്തവല്‍ക്കരണത്തെ പോലെ, കഥാസാഹിത്യത്തിലെ പ്രാന്തവല്‍ക്കരണത്തെ കുറിച്ച് ഈ കഥ പറയുന്നുണ്ട്. ”ഇത്രേം വെല്യ കായലിന് എന്തെല്ലാം കഥയ്ണ്ട്! അതെല്ലാം എഴ്തണം” എന്നാശിച്ച മഗേശന് പിന്നെ മനസ്സിലാകുന്നുണ്ട്, ”നമ്മളു കഥ പറയുമ്പോ കേക്കാന്‍ ആള്ണ്ടാവലാന്ന് പ്രധാനമെന്ന്. ഒറ്റയ്ക്ക് പറയ്ന്ന കഥയിലൊന്നും ഒരു കഥയൂല്ലാന്ന്.” കഥയുടെ മൗലികതയുടെ കാലം കഴിഞ്ഞുവെന്നും ഇത് കഥയിലെ പാസ്റ്റിഷിന്റെയും കൊളാഷിന്റെയും ഒക്കെ കാലമാണെന്നും ഉത്തരാധുനികതയ്ക്കു തോന്നിയത് അത് മദ്ധ്യവര്‍ഗ്ഗത്തോടൊപ്പം നിന്നു സംസാരിച്ച സന്ദര്‍ഭങ്ങളിലായിരിക്കണം. പ്രാന്തവല്‍കൃതരുടെ കഥകള്‍ ഇനിയും പറയപ്പെട്ടിട്ടില്ല. കഥയുള്ളവന് കഥ പറയാനുള്ള ഭാഷയോ അവസരങ്ങളോ നിഷേധിക്കപ്പെടുന്നുവെന്ന ഖേദം മഗേശന്റെ വര്‍ത്തമാനത്തില്‍ ഉരുണ്ടുകൂടുന്നത് ഈ കഥയില്‍ നിന്നും കേള്‍ക്കാം. മീന്‍ പിടിക്കാന്‍ പോകുന്ന ഒരാളുടെ കഥ മഗേശനും എഴുതിയിരുന്നു. മീന്‍ കിട്ടാത്ത രാത്രികളില്‍ ഒരു മീന്‍കൊത്തിച്ചാത്തനായി രൂപം മാറി കായലിന്റെ അടിത്തട്ടില്‍ നിന്നും മീനുകളെ കൊത്തിവരുന്ന തന്റെ അച്ഛന്‍ മണ്ണടിയന്‍ പിര്ക്കിന്റെ ജീവിതമാണ് അവന്‍ എഴുതിയത്. പിര്ക്ക് എന്ന പേരുകേട്ടാല്‍ ചിരി വരുന്നവര്‍ക്ക് ഈ കഥ കേട്ടാലും പുച്ഛമേയുണ്ടാകൂ. തന്റെ പേര് ഒരു മാഷിന്റെ പരിഹാസമാണെന്നും മഗേശന്‍ പറയുന്നുണ്ട്.

മഹേഷിന്റെ ‘ഹ’യ്ക്കു പകരം അച്ഛന്‍ തെറ്റിപ്പറഞ്ഞ ‘ഗ’ ചേര്‍ത്ത് തന്റെ പേര് മഗേശന്‍ എന്നാക്കിയ മാഷിന്റെ മുഖത്തുണ്ടായിരുന്ന പുച്ഛം കലര്‍ന്ന ചിരി ലോകത്തിനു മുഴുവന്‍ ഉണ്ടെന്നും അതു തന്റെ കഥയോടുമുണ്ടെന്നും അവന്‍ പിന്നീടു ഗ്രഹിച്ചിരിക്കുന്നു.

സമകാല കഥാരചനയുടെ പ്രശ്‌നവല്‍ക്കരണങ്ങളിലൂടെ കടന്നുപോകുമ്പോഴും കെ എന്‍ പ്രശാന്തിന്റെ കഥ യഥാര്‍ത്ഥത്തില്‍ കഥയെ കുറിച്ചുള്ള ഒരു കഥയല്ല. മറിച്ച്, പ്രാന്തവല്‍കൃതജീവിതങ്ങളെ ഫോക്കസ് ചെയ്യുന്ന ഒരു ആഖ്യാനമാണത്. കഥയിലെ പ്രശ്‌നവല്‍ക്കരണങ്ങള്‍ സാന്ദര്‍ഭികമായി ഉയര്‍ന്നുവരുന്നതാണ്. കഥയില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥലരാശി തന്നെ പ്രാന്തവല്‍കൃതരായ മനുഷ്യര്‍ എത്തിപ്പെട്ടിരുന്ന ദുസ്സഹമായ സ്ഥിതിയുടെ
രേഖീകരണമായി മാറുന്നുണ്ട്.

കവ്വായി കായലിലെ രണ്ടു ചെറുദ്വീപുകള്‍; തുരുത്തുകള്‍ – സെലസ്റ്റിയല്‍ ഓപ്പറ എന്ന റിസോര്‍ട്ടും കുരിപ്പുമാടും – ഈ കഥയില്‍ പ്രധാന സ്ഥലരാശികളായി പ്രത്യക്ഷപ്പെടുന്നു. ഭൗതികസവിശേഷതകളും അവ വഹിക്കുന്ന പ്രതീകാത്മകതകളും വഴി വ്യത്യസ്തരീതികളില്‍ ആഖ്യാനത്തെ രൂപപ്പെടുത്തുന്ന ഇടങ്ങളാണിവ. സെലസ്റ്റിയല്‍ ഓപ്പറ – ഭ്രമത്തിന്റെ ഒരു സ്ഥലം. ആധുനികം. ആകര്‍ഷകം. പ്രലോഭിപ്പിക്കുന്നത്. ‘എല്ലാം ലഭ്യമാണ്, പണം നല്‍കിയാല്‍ മതി’. ചാവിന്റെ സൂക്കേടിന്റെ കാലത്ത് ലോക്ക്ഡൗണ്‍ ബാധകമാകാത്തിടം. അത് നിയമവിരുദ്ധമായ പറുദീസ. സാമ്പത്തികവും സാമൂഹികവുമായ വിഭജനത്തിന്റെ പ്രതീകം. സമ്പന്നതയുടെയും സുഖഭോഗത്തിന്റെയും ഇടം. സമ്പന്നര്‍ സ്വയം പരിരക്ഷിക്കുന്ന സ്ഥലം. സിഗ്‌നലുകളെ
തടയുന്ന ജാമറിനെ കുറിച്ചുള്ള പരാമര്‍ശം പുറംലോകത്തില്‍ നിന്നു മാത്രമല്ല, സാമൂഹികമായ ഉത്തരവാദിത്തത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള അതിന്റെ ആഗ്രഹത്തെയും സൂചിപ്പിക്കുന്നു. ഇത് കുരിപ്പുമാടിന്റെ ഇരുണ്ട ഭൂതകാലവുമായി ഇടയുന്നു.

കുരിപ്പുമാട് – ആള്‍പാര്‍പ്പില്ലാത്തതും മനുഷ്യര്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാന്‍ പറ്റാത്തതുമായ ഇടം. പണ്ട് വസൂരി വന്ന് ചോരയും ചലവും പൊട്ടിയൊഴുകിയിട്ടും ചാവാതെ കിടന്ന പാവങ്ങളെയും അയിത്തജാതിക്കാരെയും കൊണ്ടുവന്നു തള്ളിയ സ്ഥലം. ചത്തുവീണതും ചാവാതെ കുരുത്തതുമായ എല്ലാ മനുഷ്യരും പ്രേതങ്ങളായി ഇവിടെ കൂടിയിരിക്കുന്നു.
കുരിപ്പ് എന്നവാക്ക് വസുരിപ്പൊള്ളലിനെ സൂചിപ്പിക്കുന്നുണ്ട്. മാട് മൃഗത്തെയല്ല, നിസ്വരായ ആ മനുഷ്യരെയാകണം പ്രതീകവല്‍ക്കരിക്കുന്നത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരും പരസ്പരം
വേര്‍പെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നിടം. മരണത്തിന്റെ ദ്വീപ്. അത് കുറ്റബോധത്തിന്റെയും പരിഹരിക്കപ്പെടാത്ത സംഘര്‍ഷത്തിന്റെയും ഉണങ്ങാത്ത മുറിവുകളുടെയും ഭാരത്തെ പ്രതിനിധീകരിക്കുന്നു. ഒരു ചരിത്രത്തിനും മായ്ക്കാന്‍
കഴിയാത്തിടം. അങ്ങോട്ടു പോകാന്‍ എല്ലാര്‍ക്കും പേടിയാണ്.

മഗേശന്‍ അഭിയോടും കഥയെഴുതാനായി കഥ കേള്‍ക്കാന്‍ വന്ന കഥാകാരനായ അവന്റെ കൂട്ടുകാരനോടും ഒരു കഥ പറയുന്നു. ഒണ്ടേമ്മാടിലെ സെലസ്റ്റിയല്‍ ഓപ്പറയിലേക്ക് ഒളിച്ചു കയറാന്‍ കായലിലൂടെ വള്ളത്തില്‍ പോയ പ്രജിത്തിന്റെയും ശരത്തിന്റെയും കഥയാണത്. കഥയ്ക്കുള്ളിലെ കഥയായി അത് എഴുതപ്പെടുന്നു. അവരെ വള്ളത്തില്‍ കയറ്റി തുഴയുന്ന വൃദ്ധന്‍ കൈതക്കാട്ടെ കുരിപ്പു ബാധിച്ച അടിയാളരെ വല്യ ഓടത്തില്‍ കൊണ്ടുപോയ കഥ പറയുന്നുണ്ട്. കഥയ്ക്കുള്ളിലെ കഥയുടെ ഉള്ളിലെ കഥ. കഥ അടിവേരുകളോളം ഭൂമിയുടെ ചരിത്രത്തോളം പോകുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. അയാളുടെ കഥയും പാട്ടും വര്‍ത്തമാനവും ചൂട്ടുകറ്റയിലെ വെളിച്ചം കൂടിയും അവരെ പേടിപ്പിക്കുന്നു. അവര്‍ – പ്രജിത്തും ശരത്തും – എത്തിപ്പെട്ടത് കുരിപ്പുമാടായിരുന്നു. പിന്നെ, കായലില്‍ കിടന്ന പ്രജിത്തിനെ അവിടെ നിന്നും രക്ഷപ്പെടുത്തിയ മഗേശനോട് അവന്‍ പറയുന്നത് ‘നീയാന്ന് നമ്മളെ ആടെക്കൊണ്ട് വിട്ട്‌ന്’ എന്നാണ്. അവന്‍ തന്റൊപ്പം ഉണ്ടായിരുന്നവനെ തിരയുന്നുണ്ട്. ആ രാത്രി അവരെ തുരുത്തു മാറ്റി വിട്ടത് തന്റെ അച്ഛനാണെന്നു മഗേശനു തോന്നുന്നുണ്ട്. പ്രേതഭുമിയുടെ കഥകള്‍ വസൂരി ബാധിച്ച് അവിടെ തള്ളപ്പെട്ട നീചജാതിക്കാരായ മനുഷ്യരുടെയും അനുതാപമില്ലാത്ത യജമാനന്മാരുടെയും ചരിത്രത്തെ പിന്നെയും ഉയര്‍ത്തിയെടുക്കുന്നതു നാം കാണുന്നു. ഒടുങ്ങാത്ത കുറ്റബോധവും ഭയവും പേറുന്നുവെങ്കിലും അതിനെ മറയ്ക്കാന്‍ സുരക്ഷക്കും സുഖത്തിനുമുള്ള ആകാംക്ഷകളുമായി റിസോര്‍ട്ടുകളിലേക്കു പോകാനാഗ്രഹിക്കുന്നവരെ അതു വേട്ടയാടുന്നു. പ്രജിത്തിനെയും ശരത്തിനെയും അഭിയെയും പേടിപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന പ്രേതാത്മാക്കള്‍ മഗേശനെ ബാധിക്കുന്നതേയില്ല. പ്രേതഭയത്തിന്റെ വര്‍ഗ്ഗ, വര്‍ണ്ണവ്യത്യാസങ്ങള്‍ കഥയില്‍ രേഖിതമാകുന്നു എന്നാണര്‍ത്ഥം.

തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു പോകാമെന്നു പറയുന്ന മഗേശനോട് ധൃതി പറഞ്ഞ് അഭി അതു നിരസിക്കുമ്പോള്‍,’സ്വയം മുന്തിയ ജാത്യാന്നു വിചാരിക്ക്ന്നവരെ ഞാന്‍ മന്ഷനില് കൂട്ടലില്ല’ എന്നു ചിരിക്കുന്നവനെ നാം പിന്നെ കഥയില്‍ കേള്‍ക്കുന്നുണ്ട്. കേരളത്തിലെ എല്ലാ മനുഷ്യരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ബ്രാഹ്‌മണ്യബോധത്തിനുള്ള വലിയ പ്രഹരമായി മാറുന്ന വാക്കുകള്‍ ഫ്രാന്‍സ് ഫാനന്റെ വാക്കുകളുടെ അനുരണനങ്ങള്‍ പോലെ അനുഭവപ്പെടുന്നു. അഭിയുടെയും കൂട്ടുകാരനായ കഥാകാരന്റെയും കുരിപ്പുമാടനുഭവവും കൂടി എഴുതിക്കൊണ്ടേ പ്രശാന്ത് കഥ അവസാനിപ്പിക്കുന്നുള്ളൂ.

ദൈവങ്ങളുടെ വരങ്ങളും അനുഗ്രഹങ്ങളും മേലാളരെ എപ്പോഴും തുണച്ചു കൊണ്ടേയിരിക്കുമ്പോഴും അസ്പര്‍ശ്യര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രേതാത്മാക്കള്‍ കൂട്ടായിരിക്കുന്നു. മേലാളന്റെ സുരക്ഷാകാംക്ഷകളെയും ഭ്രമങ്ങളെയും ഈ പ്രേതാത്മാക്കള്‍ ഭയപ്പെടുത്തുന്നു. യജമാനരെ പഴയകാല ചെയ്തികളെ കുറിച്ചുള്ള കുറ്റബോധത്തിലേക്കു നയിക്കുന്നു. കെ എന്‍ പ്രശാന്തിന്റെ കഥ നമ്മുടെ ആചാരവിശ്വാസങ്ങളില്‍ മറഞ്ഞിരിക്കുന്ന ഭൂതകാലചരിത്രത്തെ വിവൃതമാക്കുന്നുണ്ട്. അതില്‍ ദൈവഭക്തിയിലുപരി പാപബോധവും ഭയവും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.

 


കുരിപ്പുമാട്
രചന : കെ.എന്‍. പ്രശാന്ത്
ചിത്രീകരണം : സചീന്ദ്രന്‍ കാറഡുക്ക
സമകാലിക മലയാളം ഓണപ്പതിപ്പ് – 2022

No Comments yet!

Your Email address will not be published.