
ജോണി മിറാന്‍ഡ എഴുതിയ ‘പപ്പാഞ്ഞിയുടെ ചിത്രം’ എന്ന കഥ ജീവിതത്തെയും കലയെയും ഏറെ സവിശേഷമായി അസാധാരണമായ വിധത്തില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ആഖ്യാനമാണ്. ജീവിതവും കലയും തമ്മിലുള്ള ബന്ധം ഈ രൂപത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടില്ല. അള്‍സോച്ച എന്ന പോര്‍ട്രൈറ്റ് ചിത്രകാരന്റെ കഥയാണത്. ഒരു ഛായാചിത്രരചയിതാവിന്റെ തകര്‍ന്ന ആന്തരികലോകത്തിലേക്കു നീളുന്ന കലാപരമായ അന്വേഷണമാണ് ഈ കഥയുടെ കാതല്‍.
പൂര്‍ണ്ണതക്കായി യത്നിക്കുന്ന ഒരു ചിത്രകാരനായി അള്‍സോച്ചയെ ചിത്രീകരിച്ചുകൊണ്ടാണ് ആഖ്യാനം ആരംഭിക്കുന്നത്. തന്റെ നവീകരിക്കപ്പെടുന്ന മനസ്സിന്നനുസരിച്ച് പോര്‍ട്രേറ്റുകളെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്ന ചിത്രകാരനാണ് അയാളെന്ന് നമുക്കു തോന്നുന്നു. കലാകാരന്റെ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടിനൊപ്പം കലയെ പരിണമിക്കേണ്ട യാഥാര്‍ത്ഥ്യമായിട്ടാണ് അള്‍സോച്ച കാണുന്നത്. തന്റെ പപ്പയുടെ ചിത്രം നാലു പ്രാവശ്യത്തോളം അയാള്‍ മാറ്റിവരയ്ക്കുന്നു. അള്‍സോച്ച പപ്പയെക്കുറിച്ച് നെയ്തെടുക്കുന്ന വിചാരങ്ങളും അയാളില്‍ വളരുന്ന പപ്പയും വീണ്ടും വീണ്ടും വരയ്ക്കുന്ന പോര്‍ട്രേയ്റ്റില്‍ പുതിയ രൂപത്തില്‍ വെളിപ്പെടുന്നത് നാം കാണുന്നു. പപ്പയുടെ ഛായാചിത്രം വീണ്ടും വരയ്ക്കാനുള്ള അയാളുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ കലാപരമായ നവീകരണത്തെ മാത്രമല്ല പൂര്‍ണ്ണമായും പകര്‍ത്താന്‍ കഴിയാത്ത ഏതോ ആന്തരികസത്യത്തിനായുള്ള വിശ്രമമില്ലാത്ത അന്വേഷണത്തെയും സൂചിപ്പിക്കുന്നു. അള്‍സോച്ച വരയ്ക്കുന്ന തന്റെ പപ്പയുടെ ഓരോ ഛായാചിത്രവും അയാളുടെ ഓര്‍മ്മകള്‍ക്കും മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടിനും ഇടയിലുള്ള സംഭാഷണങ്ങളായി മാറുന്നുണ്ട്. ഓര്‍മ്മയെന്ന പോലെ കലയും ഒരിക്കലും പൂര്‍ണ്ണമല്ല. അത് കാലത്തിനും ബോധത്തിനും അനുസരണമെന്നോണം പരിണമിക്കുന്നു. എങ്കിലും കലാകാരന് പൂര്‍ണ്ണതയ്ക്കായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യത്തിനും കലാകാരന്റെ ആഗ്രഹത്തിനും പ്രവൃത്തികള്‍ക്കും ഇടയിലെ വൈരുദ്ധ്യത്തിനു തന്നെ ഒരു ദുരന്തഛായയുണ്ട്. അള്‍സോച്ചയുടെ കുടുംബവും ജീവിതപശ്ചാത്തലവും അയാള്‍ അഭിമുഖീകരിക്കുന്ന ട്രാജഡിയെ വര്‍ദ്ധമാനമാക്കുന്നതാണ്.
നിറങ്ങള്‍ കലര്‍ത്തുന്നതിലെ ഗണിതകൃത്യത അള്‍സോച്ചയുടെ മനസ്സിനെ വ്യക്തമാക്കുന്നുണ്ട്. ഈ കൃത്യത കലാപരമായ പൂര്‍ത്തീകരണത്തിനു സഹായകമാകുമെന്ന് അയാള്‍ കാണുന്നുണ്ടാകണം. അള്‍സോച്ചയുടെ ജീവിതത്തെ കീഴടക്കുന്ന കുഴപ്പങ്ങളുടെ അനാവരണം ഇതില്‍ നിന്നും വ്യത്യസ്തമായ മാനങ്ങളുള്ളതാണ്. അയാളുടെ പപ്പാഞ്ഞി(പപ്പയുടെ പപ്പ)യുടെ ഛായാചിത്രം വരയ്ക്കാനുള്ള ശ്രമത്തോടെ കഥ പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നു. പപ്പാഞ്ഞിയെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പലരുടെയും ഓര്‍മ്മയുടെ ശകലങ്ങള്‍, വിവരണങ്ങള്‍, കുടുംബസാമ്യം എന്നിവയില്‍ നിന്ന് അള്‍സോച്ച പപ്പാഞ്ഞിയുടെ സദൃശചിത്രം മനസ്സില്‍ നിര്‍മ്മിക്കുന്നു. പപ്പാഞ്ഞിയുടെ മുഖം തേടിയുള്ള അള്‍സോച്ചയുടെ അന്വേഷണം യാഥാര്‍ത്ഥ്യത്തിനു വേണ്ടിയുള്ള നിരന്തരമായ പരിശ്രമമാണ്.

കലാപരമായ ഭാവനയുടെ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ വംശപരമ്പരയെ കുറിച്ചുള്ള ഒരു അന്വേഷണമായി മാറുന്നു. പപ്പാഞ്ഞിയുടെ ചിത്രം വരയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പപ്പാഞ്ഞിയോട് ഏറ്റവുമധികം സാദൃശ്യം തനിക്കാണെന്ന് അള്‍സോച്ച മനസ്സിലാക്കുന്നുണ്ട്. അയാള്‍ ചിത്രം വരയ്ക്കുന്നു. പിന്നെ, പപ്പാഞ്ഞിയെ കുറിച്ച് കൂടുതല്‍ കഥകള്‍ അറിയുന്നതോടെ അയാള്‍ ഏതോ അജ്ഞാതമായ മനോഭാവത്തിലേക്കു മാറിത്തീരുന്നു. അള്‍സോച്ചയുടെ പപ്പ ഉള്‍പ്പെടെ സ്വന്തം മക്കള്‍ പപ്പാഞ്ഞിയെ കൊലപ്പെടുത്തുകയായിരുന്നു എന്നറിയുമ്പോള്‍ അയാള്‍ വരയ്ക്കുന്ന ഛായാചിത്രം ആദരാഞ്ജലിയില്‍ നിന്നും രൂപം കൊള്ളുന്ന സര്‍ഗ്ഗരചനയില്‍ നിന്നും കുറ്റബോധത്തിന്റെയും പൂര്വ്വികപാപത്തിന്റെയും ചുമടായി മാറിത്തീരുന്നു. പപ്പാഞ്ഞിയുടെ ചിത്രത്തിനും തന്റെ വീടിനു തന്നെയും തീയിടുന്ന അള്‍സോച്ചയുടെ രൗദ്രഭാവങ്ങള്‍ ആ മനുഷ്യനില്‍ രൂപം കൊള്ളുന്ന അസംതൃപ്തിയേയും അസ്വാസ്ഥ്യത്തേയും നിസ്സഹായാവസ്ഥയേയും കാണിക്കുന്നതാണ്. മതബോധവും അസ്വാസ്ഥ്യം നിറഞ്ഞ സ്നേഹവും കലാകാരന്റെ സഹജമായ വൈകാരികതീക്ഷ്ണതകളും എല്ലാം ചേര്‍ന്ന് വലിഞ്ഞുമുറുകുന്ന കാഴ്ചയെ അള്‍സോച്ചയില്‍ ഒരുക്കുന്ന കഥാകാരന് നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കുന്നു. കഥയുടെ അന്ത്യത്തില്‍ പപ്പാഞ്ഞിയുടെ ഛായാചിത്രവും പൂര്വ്വികഭവനവും കത്തിച്ചുകളയുന്ന അള്‍സോച്ച തന്റെ കുറ്റബോധത്തിന്റെ ഭൗതികമായ അടയാളങ്ങള്‍ ഇല്ലാതാക്കാനാണോ ശ്രമിക്കുന്നത്
പപ്പാഞ്ഞിയുടെ ഛായാചിത്രം വരയ്ക്കാനുള്ള അള്‍സോച്ചയുടെ കലാപരമായ ശ്രമങ്ങള്‍ പൂര്‍വ്വികരുടെ ചരിത്രത്തിലെ നൃശംസതയെ വെളിപ്പെടുത്തുന്നതിലാണ് എത്തിച്ചേരുന്നത്. താന്‍ വരച്ച പപ്പാഞ്ഞിയുടെ ഛായാചിത്രത്തില്‍ പ്രത്യക്ഷമാകുന്ന തുറിച്ച കണ്ണുകളും കടിച്ചുകീറാന്‍ വെമ്പുന്ന പല്ലുകളും ആ കൊലപാതകത്തിലെ അക്രമത്തെ വെളിപ്പെടുത്തുന്നതാണ്. ഛായാചിത്രത്തിന്റെ അവിശ്വസനീയമായ പരിണാമം തെറ്റിനെ വിവൃതമാക്കുന്ന കല എന്ന സങ്കല്‍പ്പനത്തിലേക്കു നീണ്ടുചെല്ലുന്നതുമാണ്. കുടുംബത്തിലെ ദുരിതങ്ങളെ – പപ്പയുടെ അകാലമരണം, അമ്മയുടെ ഭ്രാന്ത്, തെക്ലയുടെ രോഗം – പൂര്വ്വികപാപത്തിന്റെ അനന്തരഫലങ്ങളായി അയാള്‍ മനസ്സിലേറ്റുന്നുണ്ട്. പപ്പാഞ്ഞിയെ പൂര്‍വ്വികര്‍ കൊലപ്പെടുത്തുന്നത് അള്‍സോച്ചയുടെ ധാര്‍മ്മികഭാരമായി മാറുന്നു. വിശ്വസാഹിത്യത്തിലെ ചില കഥാപാത്രങ്ങളെപ്പോലെ സത്യാന്വേഷണത്തിനും സ്വയംനാശത്തിനും ഇടയില്‍ ആടുന്നു, ഇയാളും. അദ്ദേഹത്തിന്റെ ഭ്രാന്തമായ ചിരിയും രൗദ്രമായ മുഖവും മാനസികതകര്‍ച്ചയെ കാണിക്കുന്നു.
അള്‍സോച്ചയുടെ ലൈംഗികജീവിതം അയാളില്‍ സംഭവിക്കുന്ന സംഭ്രമപൂര്‍ണ്ണമായ പരിണാമത്തിനു കാരണമാണെന്നു പറയാന്‍ കഴിയുന്ന ധാതുക്കള്‍ കഥയില്‍ ലഭ്യമല്ല. അള്‍സോച്ചയുടെ ഭാര്യ തേക്ല രോഗിണിയാണെന്ന കാര്യത്തെ മുന്‍നിര്‍ത്തിയും അങ്ങനെ പറയാന്‍ കഴിയില്ല. മറിച്ച്, തേക്ലയുടെ രോഗത്തിനു കാരണം പോലും തന്റെ കുടുംബത്തെ ചൂഴ്ന്നുനില്ക്കുന്ന പാപഭാരമാണെന്ന് അയാള്‍ക്കു തോന്നുന്നുണ്ടെന്നു കരുതാനാണ് ന്യായം. തേക്ലയെ ശുശ്രൂഷിക്കാന്‍ വരുന്നത് അവരുടെ അനിയത്തി എമിലിയാണ്. അള്സോച്ചയുടെയടുത്ത് ചിത്രം വരയ്ക്കാനും ബോര്‍ഡുകളെഴുതാനും വരുന്ന നെല്സന് ചിറ്റയായ എമിലിയുമായി അടുക്കുന്നുണ്ട്, പ്രണയത്തിലാകുന്നുണ്ട്. പിന്നെ, തേക്ലയുടെ മരണത്തിനുശേഷം എമിലിയെ അള്‍സോച്ച വിവാഹം കഴിക്കുന്നു. നെല്‍സനുമായുള്ള എമിലിയുടെ ബന്ധം അള്‍സോച്ചയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ സൂചനകളില്ല. അള്സോച്ചക്ക് എമിലിയോടുള്ള താല്‍പ്പര്യത്തെ പരോക്ഷമായി ചിത്രണം ചെയ്യുന്ന സന്ദര്‍ഭം പപ്പാഞ്ഞിയുടെ ചിത്രം കണ്ട് അവള് പറയുന്ന പ്രശംസാവചനങ്ങള്‍ കേള്ക്കുന്നവന് അവളെ കെട്ടിപ്പിടിച്ച് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാത്രമാണ്. അമ്മയുടെ നിര്‍ബ്ബന്ധപ്രകാരമാണ് എമിലി വിവാഹത്തിനു സമ്മതിക്കുന്നതെങ്കിലും വിവാഹശേഷം അവര്‍ സന്തുഷ്ടരായി ജീവിക്കുന്നു. എന്തുകൊണ്ട് തന്റെ സുന്ദരിയായ ചേച്ചി മറിയയെ വേണ്ടെന്നുവച്ച് തന്നെ വിവാഹം കഴിച്ചുവെന്ന എമിലിയുടെ ചോദ്യത്തിന് അയാള്‍ മറുപടി നല്‍കുന്നുണ്ട്. ലൈംഗികജീവിതത്തിലെ പരാജയമോ മറ്റെന്തെങ്കിലുമോ അല്ല, അയാളിലെ കലാകാരന്റെ ധര്മ്മബുദ്ധിക്ക് വിള്ളലേല്‍പ്പിക്കുന്ന അറിവാണ് അള്‍സോച്ചയെ മാനസികമായി തകര്‍ക്കുന്നത്.
റോഡ്രിഗ്സ് കുടുംബത്തിലെ വലിയ പപ്പ മരിച്ച സമയത്താണ് പപ്പാഞ്ഞിയുടേത് ഒരു സ്വാഭാവിക മരണം ആയിരുന്നില്ലെന്ന് അയാള്‍ ഒരു സംഭാഷണമധ്യേ കേള്‍ക്കുന്നത്. പ്രാണനു വേണ്ടി പപ്പാഞ്ഞിയുടെ വീര്‍പ്പുമുട്ടിയുള്ള നിലവിളി കേട്ടവരുണ്ടത്രേ. ഒളിഞ്ഞു നോക്കി ആ കാഴ്ച്ച നേരിട്ടു കണ്ടവരുമുണ്ട്. അത് നാട്ടുകാര്‍ക്കിടയില്‍ രഹസ്യമായിരുന്നില്ലത്രേ. പക്ഷേ താന്‍ എന്തുകൊണ്ട് ഇത്രനാളും അറിഞ്ഞില്ല എന്ന് അള്‍സോച്ച ഖേദിക്കുന്നുണ്ട്. പപ്പാഞ്ഞിയെ കഴുത്തുഞെരിച്ചു കൊന്ന മുറി ഏതായിരിക്കുമെന്ന് അയാള്‍ ആലോചിക്കുന്നു. പപ്പാഞ്ഞിയുടെ ചിത്രം ഇരിക്കുന്ന മുറിയാകാനാണ് സാദ്ധ്യതയെന്ന് അയാള്‍ വിചാരിക്കുന്നു. അള്‍സോച്ച ഒരു ദുരന്ത കലാകാരനായി മാറുന്നു. കലയില്‍ പൂര്‍ണ്ണത തേടുന്നവന് ജീവിതഭാരങ്ങളോടും പൂര്‍വ്വികരുടെ പാപത്തോടും കൂട്ടിയിടിക്കുന്നു. തീ പൂര്‍വ്വികരുടെ വീടിനെ മാത്രമല്ല, അയാളുടെ മനസ്സിനെയും വിഴുങ്ങുന്നുണ്ട്. ശുദ്ധീകരണത്തിന്റെ രൂപകം കൂടി ആയേക്കാവുന്ന തീ ഭൂതകാലത്തെയും കലാകാരനെയും വിഴുങ്ങുന്ന നാശം കൂടിയാണ്. അത് കലയെ തന്നെ നശിപ്പിക്കുന്നു. സ്വത്വനാശത്തെ അടയാളപ്പെടുത്തുന്നു. നിശ്ചിതമായ ജീവിതാനുഭവത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കല എത്തിച്ചേരുന്നതിന്റെ ആഴത്തിലുള്ള പര്യവേക്ഷണമായി പപ്പാഞ്ഞിയുടെ ചിത്രകല മാറുന്നതായി വായനക്കാര്‍ക്കു തോന്നാം. ജീവിതം തടഞ്ഞുവയ്ക്കുന്നവയ്ക്ക് രൂപം നല്‍കാനും ചരിത്രം മായ്ച്ചുകളഞ്ഞവയെ ഉയര്‍ത്തിയെടുക്കാനുമുള്ള കലയുടെ അസാധാരണമായ പാടവം മിറാന്‍ഡയുടെ ആഖ്യാനത്തില്‍ തെളിയുന്നു. കല തലമുറകള്‍ക്കിടയിലും ഓര്‍മ്മയ്ക്കും ഭാവനയ്ക്കും ഇടയിലും ഒരു പാലമായി മാറുന്നു.

പപ്പയുടെ ചിത്രം പല തവണ വരയ്ക്കുന്ന അള്‍സോച്ച സൂര്യകാന്തിപ്പൂക്കളെയും കിടപ്പുമുറിയെയും ഛായാചിത്രങ്ങളെയും വീണ്ടും വീണ്ടും വരച്ച വാന്‍ഗോഗിനെ ഓര്‍മ്മിപ്പിക്കും. വാന്‍ഗോഗിന്റെ ദരിദ്രവും പീഡിതവുമായ ജീവിതത്തിന് അള്‍സോച്ചയുടെ ഗാര്ഹികദുരിതവുമായി – തെക്ലയുടെ രോഗം, കുടുംബത്തിലെ പിരിമുറുക്കങ്ങള്‍, അടിച്ചൊതുക്കിയ ലൈംഗികത – ചില സമാനതകള്‍ കണ്ടെത്താനും കഴിഞ്ഞേക്കും. ചിത്രകലയിലെ മുഴുകലിലൂടെ ഇരുവരും ഇതു നികത്താന്‍ ശ്രമിക്കുന്നു. പൂര്‍വ്വിക ഭവനം കത്തിച്ചുകളയുന്ന അള്‍സോച്ചയുടെ രൗദ്രഭാവം മാനസികരോഗത്തിലേക്കുള്ള വാന്‍ഗോഗിന്റെ വീഴ്ചയ്ക്കു സമാനമാണ്.

ദുരന്ത ചിത്രകാരന്റെ ആദിരൂപമായി അള്‍സോച്ച പ്രത്യക്ഷപ്പെടുന്നുണ്ടോ? മഹാന്മാരായ ചിത്രകാരന്മാരുടെ ഒരു സാങ്കല്‍പ്പിക സമന്വയം. വാന്ഗോഗില് നിന്ന് അയാള്‍ക്ക് ആസക്തിയും ഭ്രാന്തും ലഭിക്കുന്നു. ഗോയയില്‍ നിന്ന് മറഞ്ഞിരിക്കുന്ന അക്രമം തുറന്നുകാട്ടാനുള്ള ശേഷി കിട്ടുന്നു. എഡ്വേര്‍ഡ് മങ്കില്‍ നിന്നും മരണത്തിന്റെയും രോഗത്തിന്റെയും ഭാരം സ്വായത്തമാക്കുന്നു. എങ്കിലും, ചരിത്രത്തിലെ ചിത്രകാരന്മാരില് നിന്നും വ്യത്യസ്തമായി, അള്‍സോച്ചയുടെ കഥ ഛായാചിത്രത്തെ തീയിടുന്ന ഉന്മൂലനത്തിലാണ് അവസാനിക്കുന്നത്. കലയും ജീവിതവും തമ്മിലുള്ള അസാധാരണമായ ബന്ധത്തെ അല്സോച്ചയുടെ ജീവിതം നാടകീയമാക്കുന്നു. സര്ഗാത്മകപ്രേരണകള് എങ്ങനെ ദമിതയാഥാര്ത്ഥ്യങ്ങളെ വെളിപ്പെടുത്തുമെന്നും അസഹനീയമായ കുറ്റബോധത്തെ അഴിച്ചുവിടുമെന്നും കാണിക്കുന്നു.

അപ്പോളോണിയന്‍ ക്രമത്തിനും (രൂപം, ഐക്യം, കൃത്യത) ഡയോണിഷ്യന്‍ കുഴപ്പത്തിനും ( കഷ്ടപ്പാട്, നാശം) ഇടയിലുള്ള സംഘര്‍ഷത്തില്‍ നിന്നാണ് കല ഉടലെടുക്കുന്നതെന്ന് ‘ദുരന്തത്തിന്റെ ജനനം’ എന്ന കൃതിയില്‍ നീത്ഷേ പറയുന്നുണ്ട്. കഥയിലെ അള്‍സോച്ചയുടെ ചിത്രണം ഈ പ്രസ്താവത്തെ എങ്ങനെയൊക്കെയോ ഉള്‍ക്കൊള്ളുന്നതാണ്. ക്രമത്തിനും പൂര്ണതയ്ക്കുമുള്ള അപ്പോളോണിയന്‍ ആഗ്രഹവും ഛായാചിത്രവും വീടും കത്തിക്കുന്ന ഡയോണിഷ്യന്‍ ഭ്രാന്തും അള്സോച്ചയിലുണ്ട്. ദുരന്തത്തില്‍ നിന്ന് വേര്‍തിരിക്കാനാവാത്ത അള്‍സോച്ചയുടെ ജീവിതം നീത്ഷേയുടെ കലയെക്കുറിച്ചുള്ള ദര്‍ശനത്തെ കഥാഖ്യാനമാക്കുന്നു.

അപരിചിതമായ ലോകത്തിലൂടെ നടക്കുന്ന അനുഭവമാണ് പപ്പാഞ്ഞിയുടെ ചിത്രം എന്ന കഥ നല്‍കുന്നത്. കഥാപാത്രങ്ങളുടെ സ്വഭാവചിത്രണത്തില്‍ ജോണി മിറാന്‍ഡ പുലര്‍ത്തുന്ന മിടുക്ക് ഈ രചനയിലും തെളിഞ്ഞു കാണാം. സാന്മാര്ഗ്ഗികഭയം ബാധിച്ചവര്‍ പേ പിടിച്ചവരെ പോലെ പെരുമാറുന്ന സന്ദര്‍ഭങ്ങള്‍ ജോണി മിറാന്‍ഡ പല കഥകളിലും ആലേഖനം ചെയ്യുന്നുണ്ട്.
പല കഥകളിലും അനുഭവക്ഷമമാകുന്ന മതവിശ്വാസത്തിന്റെ നനുത്ത ഭാരവും ഈ കഥ പേറുന്നു. ജീവിതം യാത്രക്കിടയില്‍ ഉലഞ്ഞു കൊണ്ടിരിക്കുന്ന ഒരു തോണിയാണെന്ന പ്രതീതി ഈ രചന സൃഷ്ടിക്കുന്നു.
കൊച്ചിയുടെ തീരദേശത്തു വസിക്കുന്ന അധികം അറിയപ്പെടാത്ത കുറേ മനുഷ്യരുടെ ജീവിതലോകമാണ് ജോണി മിറാന്‍ഡയുടെ പല കൃതികളിലും ആവിഷ്ക്കരിക്കപ്പെട്ടത്. പാരമ്പര്യത്തില്‍ നിന്നും തീര്‍ത്തും മുറിച്ചു മാറ്റപ്പെടുകയും എങ്കിലും പാരമ്പര്യത്തിന്റെ ബന്ധനത്തില്‍ ജീവിക്കേണ്ടിവരികയും ചെയ്യുന്നവര്‍. സാമാന്യമലയാളിക്ക് അധികം പരിചയമില്ലാത്ത പേരുകളും ബന്ധസൂചനാനാമങ്ങളും. വ്യത്യസ്തമായ വായ്മൊഴിയില്‍ അവര്‍ സംസാരിക്കുന്നു. ഈ കഥയിലും ഇവയെല്ലാം നാം അഭിമുഖീകരിക്കുന്നു.
മനുഷ്യരെല്ലാം കഥകള്‍ കൊണ്ടാണോ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന അത്ഭുതത്തില്‍ വീഴാന്‍ പ്രേരിതരാകുന്ന സന്ദര്‍ഭങ്ങള്‍ കൊണ്ടാണ് ഈ കഥ എഴുതപ്പെട്ടിരിക്കുന്നത്. ആഖ്യാനത്തിലെ അനായാസതയും സാരള്യമുള്ള ഭാഷയും ജോണി മിറാന്‍ഡയുടെ ഈ കഥയുടെ കൂടി ലക്ഷണമായിരിക്കുന്നു. അപരിചിതവഴികളിലൂടെ സഞ്ചരിക്കുന്ന കഥാകാരന്മാരുടെ രചനകള്‍ വായിക്കുന്നവര്‍ അപരിചിതലോകത്തില്‍ അകപ്പെട്ടവരെ പോലെ ആയിത്തീരുന്നു. അവര്‍ സ്വയം മാറിത്തീരുകയും തങ്ങളുടെ ലോകങ്ങളെ അകമേ പുതുക്കിപ്പണിയുകയും ചെയ്യുന്നു.
***
‘വിശുദ്ധലിഖിതങ്ങള്‍’ എന്ന സമാഹാരത്തിലാണ് ‘പപ്പാഞ്ഞിയുടെ ചിത്രം’ എന്ന കഥയുള്ളത്.
വിശുദ്ധ ലിഖിതങ്ങള്‍
പ്രസാധകര് : സീഡ് ബുക്സ്
വില : 119 രൂപ







No Comments yet!