കേരള സമൂഹത്തിൽ രക്തസാക്ഷിത്തം എന്ന മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സംഗതി ചരിത്രമായി നിലനിര്ത്തുന്നതിന്റെ കമ്മ്യൂണിക്കേഷൻ രീതി പരിശോധിച്ചാൽ പല തരത്തിലുള്ള കാര്യങ്ങളും നമുക്ക് കണ്ടെടുക്കാൻ കഴിയുമായിരിക്കും. രക്തസാക്ഷി എന്ന ഒരു കൺസപ്റ്റിൽ നിന്ന് അതിന്റെ ഫണ്ടിന്റെ കാര്യത്തിൽ ആകെ മെഴുകി അലമ്പാകുന്ന ഒരു കെ കെ രാഗേഷ് എന്ന സി പി എം ജില്ലാ സെക്രട്ടറിയുടെ പരിണാമത്തിലേക്ക് കേരളം പോകുന്ന ചരിത്രം രസകരമാണ്. അത് കെ കെ രാഗേഷിനെ കോമഡി ആക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണെന്ന് തോന്നുന്നില്ല. രക്തസാക്ഷിത്തം നിർമ്മിക്കുന്ന ചരിത്രം, അതിന്റെ പ്രചാരണ ഉപകരണങ്ങൾ, കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ, ഭരണകൂടങ്ങൾ, ഓർമ്മകൾ, വാർഷികങ്ങൾ, വാർത്തകൾ തുടങ്ങിയവയ്ക്കെല്ലാം അതിനെ (രക്തസാക്ഷിത്തത്തെ) നില നിറത്തുന്നതിൽ വലിയ പങ്കുണ്ടെന്ന് തോന്നുന്നു.

ജീവിതത്തിൽ ഞങ്ങൾ ഓർത്തുവെക്കുന്ന ഏറ്റവും വലിയ രക്തസാക്ഷിത്തങ്ങളിൽ ഒന്ന് കൂത്തുപറമ്പ് വെടിവെപ്പാണ്. അത് ഞങ്ങളുടെ ജീവിതവുമായി അടുത്ത് നിൽക്കുന്ന ഒരു ഓർമ്മ കൂടിയായതുകൊണ്ടാണ്. കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായി അഞ്ച് യുവാക്കൾ മരിച്ചത് ഞങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിച്ചിരുന്നു. അതിന്റെ വാർത്ത വന്ന ആ നിമിഷം ഞങ്ങളുടെ മുന്നിൽ വെച്ച് ഒരു കെ.എസ്.ആർ.ടി.സി ബസ് തകർക്കപ്പെട്ടു. ഞങ്ങളുടെ അടുത്ത സുഹൃത്ത് ആയ, അച്ഛൻ സി.എം.പി കാരനായ ഒരു യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടു. അയാളുടെ കൈ തല്ലി ഓടിച്ചു. നാട്ടിൽ അന്ന് കമ്മ്യൂണിസ്റ്റുകാർക്കു എതിരെ പോലീസിന്റെ നരനായാട്ട് ഉണ്ടായി. ഞങ്ങളുടെ അടക്കം കുടുംബങ്ങളിൽ ഉള്ള പല കമ്മ്യൂണിസ്റ്റുകാരും അന്ന് ഒളിവിൽ പോകേണ്ടിവന്നു. പലരും അറസ്റ്റിലായി ജയിലിൽ കഴിയേണ്ടി വന്നു. ഇത്തരം ജീവിതത്തിനോട് അടുത്തത് നിൽക്കുന്ന കാര്യങ്ങൾ കൂടി ഇന്നും ആ സംഭവം ഓർമ്മിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കണ്ണൂരിൽ അതിനു ശേഷവും മുമ്പും പലതരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അന്നും ഇന്നും ഞങ്ങളുടെ ജീവിതത്തിൽ വെടിവെച്ചു ആരെയെങ്കിലും കൊന്നത് കൂത്തുപറമ്പിലായിരുന്നു. അതും ഭരിക്കുന്ന ഒരു സർക്കാരിന്റെ മന്ത്രിയുടെ നേതൃത്വത്തിൽ/ ഇടക്കിടക്കുള്ള വാർത്തകളിലൂടെ ഉള്ള ഓർമ്മപ്പെടുത്തലുകളും പുഷ്പൻ എന്ന സഖാവിനെ കുറിച്ചുള്ള ഓർമ്മകളും അതിന്റെ വാർഷികാഘോഷങ്ങളും എല്ലാം കൂത്തുപറമ്പിനെ നിലനിര്ത്തുകയും ചെയ്തു.

കേരളത്തിലെ ഫ്ലെക്സുകളുടെ വരവോടെ രക്തസാക്ഷിത്തങ്ങളുടെ പ്രചാരണത്തിൽ, കമ്മ്യൂണിക്കേഷനിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. കേരളത്തിൽ ഉത്തര മലബാറിൽ ഒക്കെ കമ്പ്യൂട്ടറിലെ ഗ്രാഫിക് ഡിസൈനിംഗ് വരുന്നതിനു മുമ്പേ തുണിയിൽ ഡിസൈൻ ചെയ്യുന്ന പരസ്യ പരിപാടികളുടെ കാലത്ത് പ്രധാനമായും രാഷ്ട്രീയ സംഘടനകളുടെ പ്രചാരങ്ങൾ മാത്രമേ ബാനറുകളായും കടലാസ് പോസ്റ്ററുകളായും തുണി കൊണ്ടുള്ള ‘ഫ്ലെക്സുകൾ’ ആയിയും ബാനറുകൾ ആയും രൂപപ്പെട്ടിരുന്നുള്ളൂ. ഉത്തര മലബാറിലെ ഗ്രാമപ്രദേശങ്ങളിൽ, അതിനു പുറമെ ഉള്ള പരസ്യബോർഡുകൾ വളരെ കുറവായിരുന്നു. പരസ്യങ്ങളിലും പ്രചാരണങ്ങളിലും രാഷ്ട്രീയ സംഘടനകൾക്കും അവരുടെ രക്തസാക്ഷിത്തങ്ങൾക്കും അന്ന് വലിയ അപ്രമാദിത്യം ഉണ്ടായിരുന്നു. രാഷ്ട്രീയ സംഘടനകളുടെ ഏറ്റവും വലിയ പ്രചാരണങ്ങളിൽ ഒന്നായിരുന്നു രക്തസാക്ഷികളെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള തുണികൊണ്ടുള്ള ബാനറുകളും ‘ഫ്ലെക്സുകളും’.
പക്ഷേ ഫ്ലെക്സുകളുടെ നിർമ്മാണത്തിൽ അതിന്റെ ടെക്നിക്കാലിറ്റിയിൽ മാറ്റം വന്നതോടെ കേരളത്തിലെ പൊതു ഇടങ്ങളിലെ പ്രചാരണങ്ങളിൽ വലിയ മാറ്റം ഉണ്ടായി. രാഷ്ട്രീയക്കാരുടെ പ്രചാരണങ്ങൾക്ക് പുറമെ, രക്തസാക്ഷികളുടെ പോസ്റ്ററുകൾക്ക് പുറമെ മറ്റു അനേകം പരസ്യങ്ങളുടെ ദൃശ്യതകൾ കേരളീയ സമൂഹത്തിൽ ഉണ്ടായി. സിനിമ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ, സ്കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ പോസ്റ്ററുകൾ, സ്റ്റാർ സിംഗറിൽ സമ്മാനം നേടിയവരുടെ പോസ്റ്ററുകൾ, ഉത്സവങ്ങളുടെ പരസ്യങ്ങൾ, ഫുട്ബോൾ ഫാൻസുകളുടെ കൂറ്റൻ ഫ്ലെക്സുകൾ, പല തരത്തിലുള്ള സ്ഥാപനങ്ങളുടെ കൂറ്റൻ ഫ്ലെക്സുകൾ, ചില അല്പനമാർ സ്വയം പുകഴ്ത്തി വെക്കുന്ന ഫ്ലെക്സുകൾ, സാമുദായിക സംഘടനകൾ തുടങ്ങിയവയുടെ ഫ്ലെക്സുകൾ — അങ്ങനെ ഫ്ലെക്സുകളുടെ അയ്യരു കളിയായി. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങൾ മാത്രം നിന്നിരുന്ന കേരളത്തിലെ കവലകൾ മറ്റു അനേകം പ്രചാരങ്ങളിലൂടെ ‘അശുദ്ധമായി’. കമ്മ്യൂണിക്കേഷനുകളുടെ ഇത്തരം ബഹളങ്ങളിലൂടെ സ്വാഭാവികമായും രക്തസാക്ഷികൾ അടിയിൽ പോയി.

കൂത്തുപറമ്പ് ഇത്തരം ബഹളങ്ങൾക്കിടയിലും ഇപ്പോഴും ഓർമ്മയിൽ നിലനില്ക്കുന്നത് അതിന്റെ ഒരു യൂണീക് ആയ സ്വഭാവം കൊണ്ടാണ്. മറ്റു എത്ര രക്തസാക്ഷികളെ പാർട്ടി പ്രവർത്തകർക്ക് അപ്പുറം മനുഷ്യരുടെ ഓർമ്മയിൽ നിൽക്കുന്നു എന്നത് ഒരു ചോദ്യമാണ്. കൂത്തുപറമ്പ് കേരളത്തിൽ ഓർമ്മയിൽ നിൽക്കുന്നത് ‘തോക്ക്’ എന്ന ഒരു ഉപകരണം കൊണ്ട് ‘വെടിവെപ്പ്’ എന്ന രീതിയിൽ മനുഷ്യരെ കൊന്നതു കൊണ്ട് കൂടെ ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം കണ്ണൂരിൽ ആർ.എസ്.എസ്–സി.പി.എം കൊലപാതകങ്ങളിൽ വെട്ടി അനേകം പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. ആ കാലത്ത് അവിടത്തെ മനുഷ്യർക്ക് തലശേരിയിലും കണ്ണൂരിലും ഭീതിയുടെ അന്തരീക്ഷത്തിൽ ജീവിക്കേണ്ടി വന്നിട്ടുണ്ട്. ഗ്രാമങ്ങളിൽ ആളുകൾ പുറത്തിറങ്ങാതെ ഭീകരതയുടെ നിശബ്ദത തളം കെട്ടിയിട്ടുണ്ട്. അത് കൂത്തുപറമ്പിൽ നടന്നതിനേക്കാൾ ഭീകരമായിരുന്നു. ആ കൊലപാതകങ്ങളെ എത്ര പേർ അത് ഇന്ന് കേരള സമൂഹത്തിൽ ഓർക്കുന്നു എന്നത് വേറെ കാര്യം. തൊണ്ണൂറുകളിൽ രക്തസാക്ഷികളെ ഓർമ്മിപ്പിച്ചുള്ള സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നു. ഇന്ന് അതും കുറവാണ്.
അത് പോലെ ഉത്തര മലബാറിലെ ഓരോ ജംഗ്ഷനിലും ശ്രദ്ധിച്ചാൽ രക്തസാക്ഷികളെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള വെയിറ്റിംഗ് ഷെഡുകൾ കാണാൻ കഴിയും. രക്തസാക്ഷി മണ്ഡപങ്ങളും. കേരളത്തിലെ പുതിയ കാലത്തെ പല സിനിമകളിലും ഉത്തര മലബാറിലെ ഗ്രാമീണതയെ ദൃശ്യവൽക്കരിക്കുമ്പോൾ മിക്കവാറും ഇത്തരത്തിലുള്ള ബസ് സ്റ്റോപ്പുകളുടെ വെയിറ്റിംഗ് ഷെഡുകളുടെ ഒരു ഷോട്ട് എങ്കിലും ഉണ്ടാകും. പക്ഷേ മാറുന്ന കാലത്തെ കമ്മ്യൂണിക്കേഷൻ പ്രോസസ് മാറുന്നതോടെ, യാത്രാസൗകര്യങ്ങൾ വർധിച്ച് മനുഷ്യർ മറ്റു പല ഇടങ്ങളിലേക്കും ജിയോഗ്രഫികളിലേക്കും യാത്ര ചെയ്യുന്നതോടെ ഇത്തരം വെയിറ്റിംഗ് ഷെഡുകളും സ്തൂപങ്ങളും ഒരു ഗ്രാമത്തിന്റെ കാഴ്ചയോ ആ ഗ്രാമത്തിന്റെ മാത്രം സ്വത്തോ ആയി മാറി. ഉത്തര മലബാറിലെ എത്ര രക്തസാക്ഷികളെ അതിന് പുറത്തുള്ള ജിയോഗ്രഫിയിൽ എത്ര മനുഷ്യർക്കു പുതിയ തലമുറകൾക്കു അറിയാം എന്നത് വേറെ കാര്യം. സജിത്ത് ലാൽ എന്ന കൊല്ലപ്പെട്ട ഒരു കോൺഗ്രസുകാരനെ ഞങ്ങൾ ഓർക്കുന്നത് ഞങ്ങൾക്ക് അയാളെ നേരിട്ട് അറിയാവുന്നതുകൊണ്ടാണ്. മലബാറിന് പുറത്തുള്ള ഇന്നത്തെ എത്ര കോൺഗ്രസുകാർക്ക് അയാളെ അറിയാം എന്നത് വേറെ ഒരു കാര്യം. കോൺഗ്രസുകാരുടെ ഒരു രക്തസാക്ഷിയാണ് സജിത്ത് ലാൽ.
കാലത്തിന്റെയും അതിന്റെ ടെക്നിക്കാലിറ്റിയുടെയും, ഓർമ്മകളുടെ രീതിയുടെയും, അതിന്റെ ഡിജിറ്റൽ ട്രാജക്ടറിയുടെയും, പരസ്യരീതികളുടെ മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ രക്തസാക്ഷിത്തം എന്ന കൺസപ്റ്റിന് തന്നെ വലിയ മാറ്റങ്ങൾ കേരളീയ സമൂഹത്തിൽ വന്നുവെന്നതാണ് വാസ്തവം. പാർട്ടി ക്ലാസുകളിലും പാർട്ടി പരിപാടികളിലും ഓർമ്മപ്പെടുത്തലായി നിൽക്കുന്ന രക്തസാക്ഷിത്തം അതിന് പുറത്തുള്ള സമൂഹങ്ങളിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കുന്നു എന്ന കാര്യമൊക്കെ പരിശോധിച്ചാൽ ചിലപ്പോൾ രസകരമായിരിക്കും. രക്തസാക്ഷി ഫണ്ടിനെ കുറിച്ച് ബഹുജനം അറിഞ്ഞാൽ മതി, പൊതുജനം അറിയേണ്ടതില്ലെന്ന് രാകേഷ് പറഞ്ഞു മെഴുകേണ്ട അവസ്ഥയിലേക്ക് വരുന്നത് ഒരു കോമഡി അല്ല. മാറുന്ന ഓർമ്മകളുടെ കാലത്ത് ഒരുപാട് കാര്യങ്ങൾ ജീവിതത്തിലൂടെ കടന്നു പോകുന്ന പൊതുജനങ്ങൾക്ക് ഈ രക്തസാക്ഷി ഫണ്ടിൽ ഒന്നും ഒരു താൽപ്പര്യമില്ല എന്നതാണ് കാര്യം. പിന്നെ ഈ കേരളം എന്ന ഇട്ടാവട്ടത്തിലെ ബഹുജനങ്ങൾ എന്ന് രാകേഷ് വിളിക്കുന്ന ഇവിടത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്ന പാവങ്ങൾ ഇതിന്റെ വാർത്തകൾ ശ്രദ്ധിക്കും — അത്രയേ ഉള്ളൂ. രാകേഷും രാകേഷിന്റെ ബഹുജനങ്ങളും ഈ ചുരുങ്ങിയ ലോകത്തെ രാജാക്കന്മാരായി രക്തസാക്ഷി ഫണ്ടും അതിനെ വിശദീകരിച്ചും ഇങ്ങനെ ഇരിക്കും. പൊതുജനം കേരളം വിട്ട് മറ്റു ലോകങ്ങളിലേക്ക് പറക്കും.






No Comments yet!