കൈകളില്ലാത്ത ഒരു മനുഷ്യന്‍ എന്റെ വീടിന്റെ ഛായാപടം വില്‍ക്കാനായി എന്റെ വീട്ടുവാതില്‍ക്കല്‍ വന്നെത്തി. ലോഹ കൊളുത്തുകള്‍ ഒഴിച്ചാല്‍ അയാളെ കാണാന്‍ അമ്പത് വയസ്സോട് അടുത്ത ഒരു സാധാരണക്കാരനായിരുന്നു.
‘നിങ്ങള്‍ക്ക് എങ്ങനെയാണ് കൈകള്‍ നഷ്ടപ്പെട്ടത്’? ഞാന്‍ ചോദിച്ചു. അയാള്‍ എന്താണ് വേണ്ടതെന്ന് പറഞ്ഞു കഴിഞ്ഞപ്പോള്‍.
‘അത് മറ്റൊരു കഥയാണ്’ അയാള്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് ഈ ചിത്രം വേണമോ, വേണ്ടയോ’?
‘അകത്തേക്ക് വരൂ’ ഞാന്‍ പറഞ്ഞു.
‘ഞാന്‍ കാപ്പി ഉണ്ടാക്കിയതേയുള്ളൂ’. കാപ്പി മാത്രമല്ല, ഞാന്‍ കുറച്ച് ജെല്ലിയും ഉണ്ടാക്കിയിരുന്നു. അത് ഞാന്‍ പക്ഷേ അയാളോട് പറഞ്ഞില്ല.
‘എനിക്ക് നിങ്ങളുടെ ശുചിമുറി ഉപയോഗിക്കേണ്ടി വരും. കൈകളില്ലാത്ത മനുഷ്യന്‍ പറഞ്ഞു.
എനിക്ക് അയാള്‍ എങ്ങനെ കപ്പ് പിടിക്കുമെന്ന് കാണണമായിരുന്നു.
അയാള്‍ എങ്ങനെയാണ് ക്യാമറ പിടിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അത് പഴയ ഒരു പോളറോയിഡ് ക്യാമറയായിരുന്നു, വലിയ കറുത്ത നിറമുള്ളത്. അയാള്‍ അത് തുകല്‍ വാറുകളില്‍ കൊരുത്ത് ചുമലിന് മുകളിലൂടെ ചുറ്റി പുറകിലൂടെ എടുത്തിരുന്നു. അതാണ് അയാളുടെ ക്യാമറയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നത്. അയാള്‍ വീടിന് മുന്നിലെ പാതയോരത്ത് നിന്ന് കാഴ്ച്ച ദര്‍ശിനിയിലൂടെ വീട് ദൃഷ്ടി കേന്ദ്രത്തില്‍ കൊണ്ടുവരും. എന്നിട്ട് അയാളുടെ കൊളുത്ത് കൊണ്ട് ക്യാമറയുടെ ലിവറില്‍ അമര്‍ത്തും. നിങ്ങളുടെ ചിത്രം ക്യാമറയില്‍ നിന്ന് പുറത്തേക്ക് ചാടും. ഞാന്‍ ഇതെല്ലാം ജനാലയിലൂടെ കാണുന്നുണ്ടായിരുന്നു എന്നതാണ് സത്യം.
‘ശുചിമുറി എവിടെയാണെന്നാണ് പറഞ്ഞത്’?
‘അവിടെ താഴെ, വലത്തോട്ട് തിരിഞ്ഞാല്‍ മതി’.
വളഞ്ഞുകൂനി അയാള്‍ തുകല്‍ വാറുകളില്‍ നിന്ന് പുറത്തുവന്നു. അയാള്‍ ക്യാമറ സോഫയില്‍ വെച്ചിട്ട് ജാക്കറ്റ് നേരെയാക്കി.
‘ഞാന്‍ പോകുമ്പോള്‍ നിങ്ങള്‍ ഇത് നോക്കിക്കോളൂ’. ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് ആ ചിത്രം വാങ്ങി.
ഒരു ചെറിയ സമചതുരത്തിലുള്ള ഒരു പുല്‍ത്തകിടി, നടപ്പാത, കാര്‍ നിര്‍ത്താനുള്ള സ്ഥലം, പുറത്തേക്ക് നോക്കുന്ന ജനാല, അടുക്കളയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി നിന്ന ജനാല.
എനിക്ക് ഈ ദുരന്തത്തിന്റെ ഛായാപടം എന്തിനാണ്?
കുറച്ചുകൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞാന്‍ എന്റെ തല കണ്ടു. അടുക്കള ജനാലയിലൂടെ പുറത്തേക്ക് നോക്കുന്ന എന്റെ തല.
എന്നെ അങ്ങനെ കണ്ടപ്പോള്‍, അത് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. നിങ്ങളോട് പറയാമല്ലോ, അത് എന്നെ ചിന്തിപ്പിച്ചു.
ശുചിമുറി ഉപയോഗിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. അയാള്‍ ഹാളിലേക്ക് നടന്നുവന്നു. ചിരിച്ചുകൊണ്ട് ഒരു കൊളുത്ത് വെച്ച് ബെല്‍റ്റും ഒരു കൊളുത്ത് വെച്ച് ഷര്‍ട്ട് ഉള്ളിലേക്കാക്കുകയും ചെയ്തു.
‘നിങ്ങള്‍ക്ക് എന്തു തോന്നുന്നു’? അയാള്‍ ചോദിച്ചു. ‘നന്നായില്ലേ’?
‘വ്യക്തിപരമായി പറഞ്ഞാല്‍ അത് നന്നായി വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അറിഞ്ഞുകൂടേ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്. പറയാതിരിക്കാന്‍ വയ്യ. അത് ഒരു വിദഗ്ധന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ്. ഇതാ കാപ്പി കുടിച്ചോളൂ’. ഞാന്‍ പറഞ്ഞു.’നിങ്ങള്‍ ഒറ്റയ്ക്കാണല്ലേ’? അയാള്‍ ചോദിച്ചു.
അയാള്‍ സ്വീകരണ മുറിക്ക് ചുറ്റും നോക്കി. അയാള്‍ തല കുലുക്കിക്കൊണ്ട് പറഞ്ഞു. ‘കഷ്ടമാണ്. കഷ്ടമാണ്’.
അയാള്‍ ക്യാമറയ്ക്ക് അരികിലായി ഇരുന്നു. ചാരി ഇരുന്നുകൊണ്ട് ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് ചിരിച്ചു, അയാള്‍ക്ക് അറിയാവുന്നഎന്തോ കാര്യം എന്നോട് പറയാതിരിക്കും പോലെ.
‘നിങ്ങള്‍ കാപ്പി കുടിക്കൂ’ ഞാന്‍ പറഞ്ഞു. ഞാന്‍ എന്തെങ്കിലും സംസാരിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു.
‘മൂന്ന് കുട്ടികള്‍ കുറച്ചു മുന്‍പേ ഇവിടെ വന്നിരുന്നു, വീടിന് മുന്നില്‍ എന്റെ മേല്‍വിലാസം പെയിന്റ് ചെയ്യട്ടെ എന്ന് ചോദിച്ചുകൊണ്ട്. അവര്‍ക്ക് അതിന് ഒരു ഡോളര്‍ പ്രതിഫലമായി ചോദിച്ചു’.
‘നിങ്ങള്‍ക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലല്ലോ അല്ലേ’?
അതിന് സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാലും ഞാന്‍ അയാളെ സാകൂതം നോക്കി.
അയാള്‍ സുപ്രധാന കാര്യം പറയുന്നതുപോലെ മുന്നോട്ട് നീങ്ങിയിരുന്നു. കപ്പ് കൊളുത്തുകള്‍ക്കിടയില്‍ ഒതുക്കി പിടിച്ചുകൊണ്ട് അയാള്‍ അത് മേശമേല്‍ വെച്ചു.
‘ഞാന്‍ ഒറ്റയ്ക്കാണ് ജോലി ചെയ്യാറ്’ അയാള്‍ പറഞ്ഞു. ‘എന്നും അങ്ങനെയാണ്. ഇനിയും അങ്ങനെയേ ചെയ്യുകയുള്ളൂ’.
‘നിങ്ങള്‍ എന്താണ് പറയുന്നത്’? അയാള്‍ ചോദിച്ചു.
‘തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കിയതാണ്’ ഞാന്‍ പറഞ്ഞു.
എനിക്ക് തലവേദനയുണ്ടായിരുന്നു. കാപ്പി അതിന് നല്ലതല്ല എന്നറിയാം. പക്ഷേ ചിലപ്പോള്‍ ജെല്ലി സഹായിക്കും. ഞാന്‍ ചിത്രം കയ്യിലെടുത്തു.
‘ഞാന്‍ അടുക്കളയിലായിരുന്നു’ ഞാന്‍ പറഞ്ഞു. ‘പലപ്പോഴും ഞാന്‍ പുറകിലാണ് ഉണ്ടാകുക’.
‘അത് എപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്’ അയാള്‍ പറഞ്ഞു. ‘അവര്‍ പെട്ടെന്നൊരു ദിവസം നിങ്ങളെ വിട്ടുപോയി അല്ലേ? നിങ്ങള്‍ എന്റെ കാര്യം തന്നെ എടുക്കൂ. ഞാന്‍ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ആളാണ്. നിങ്ങള്‍ എന്തുപറയുന്നു? നിങ്ങള്‍ക്ക് ഈ ചിത്രം വേണോ’?
‘ഞാന്‍ എടുക്കാം’ ഞാന്‍ പറഞ്ഞു. ‘തീര്‍ച്ചയായും നിങ്ങള്‍ എടുക്കും’ അയാള്‍ പറഞ്ഞു. ‘എനിക്ക് പട്ടണത്തില്‍ ഒരു മുറിയുണ്ട്. അത് കുഴപ്പമില്ല. ഞാന്‍ ഇവിടെ പരിസരങ്ങളില്‍ എല്ലാം കറങ്ങിയിട്ട് ബസ്സില്‍ കയറി അടുത്ത നഗരത്തിലേക്ക് പോകും. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ ഞാന്‍ എന്താണ് പറയുന്നതെന്ന്’?
‘ഹേയ്, എനിക്കും നിങ്ങളെ പോലെ കുട്ടികള്‍ ഉണ്ടായിരുന്നു ഒരിക്കല്‍. തികച്ചും നിങ്ങളെ പോലെ’ അയാള്‍ പറഞ്ഞു.
ഞാന്‍ കപ്പുകളുമായി അയാള്‍ സോഫയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുന്നത് നോക്കി കാത്തുനിന്നു.
‘അവരാണ് എനിക്ക് ഇത് തന്നത്’ അയാള്‍ പറഞ്ഞു.
ഞാന്‍ ആ കൊളുത്തുകള്‍ സൂക്ഷിച്ചു നോക്കി.
‘കാപ്പിക്കും ശുചിമുറിയുടെ ഉപയോഗത്തിനും നന്ദി. എനിക്ക് സഹതാപമുണ്ട്’ അയാള്‍ പറഞ്ഞു.
അയാള്‍ അയാളുടെ കൊളുത്തുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.
‘കാണിച്ചു തരൂ’ ഞാന്‍ പറഞ്ഞു. ‘കാണിച്ചു തരൂ എത്രമാത്രമെന്ന്. എന്റെയും എന്റെ വീടിന്റെയും നിറയെ ചിത്രങ്ങള്‍ എടുക്കൂ’
‘അതുകൊണ്ട് കാര്യമില്ല’ അയാള്‍ പറഞ്ഞു. ‘അവര്‍ തിരിച്ചുവരാന്‍ പോകുന്നില്ല’.
ഞാന്‍ അയാളെ അയാളുടെ തുകല്‍ വാറുകളിടാന്‍ സഹായിച്ചു.
‘ഞാന്‍ നിങ്ങളോട് ഒരു തുക പറയാം. മൂന്നെണ്ണത്തിന് ഒരു ഡോളര്‍. അതിലും കുറച്ചായാല്‍ ഞാന്‍ പുറത്തുവരില്ല’ അയാള്‍ പറഞ്ഞു.
ഞങ്ങള്‍ വീടിന് പുറത്തുപോയി. അയാള്‍ ക്യാമറ ശരിയാക്കി. എവിടെ നില്‍ക്കണമെന്ന് എന്നോട് പറഞ്ഞു. ഞങ്ങള്‍ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീടിന് ചുറ്റും നടന്നു ക്രമാനുഗതമായി. ചിലപ്പോള്‍ ഞാന്‍ ചെരിഞ്ഞു നോക്കും. ചിലപ്പോള്‍ ഞാന്‍ നേരെ നോക്കും.
‘നല്ലത്’ അയാള്‍ പറയും. ‘നല്ലത്’.
ഞങ്ങള്‍ വീട് ചുറ്റി മുന്നിലെത്തി. ‘അത് ഇരുപത് എണ്ണമായി. ഇനി മതി’.
‘പോരാ’ ഞാന്‍ പറഞ്ഞു. മേല്‍ക്കൂരയില്‍ നിന്ന് വേണം’.
‘ജീസസ്’ അയാള്‍ പറഞ്ഞു. അയാള്‍ ചുറ്റും നോക്കി. ‘ശരി’ അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ പറയുന്നതുപോലെ’.
അവര്‍ പോയി. കൂടും കിടക്കയും എടുത്ത് എല്ലാം കൊണ്ടുപോയി. എല്ലാവരും പോയി.
‘നിങ്ങള്‍ ഇതുകണ്ടോ’? ആ മനുഷ്യന്‍ പറഞ്ഞു. അയാള്‍ അയാളുടെ കൊളുത്തുകള്‍ ഉയര്‍ത്തിക്കാണിച്ചു.
ഞാന്‍ അകത്തുപോയി ഒരു കസേര എടുത്തുകൊണ്ടുവന്നു. അത് കാര്‍ പോര്‍ച്ചിന് അടിയില്‍ കൊണ്ട് ചെന്നിട്ടു. പക്ഷേ അതുകൊണ്ട് എത്തിയില്ല. ഞാന്‍ വലിയ ഒരു മരം കൊണ്ട് ഉണ്ടാക്കിയ പെട്ടി കൊണ്ടുവന്നു. അത് കസേരയുടെ മുകളില്‍ വെച്ചു. മേല്‍ക്കൂരയുടെ മുകളില്‍ നില്‍ക്കാന്‍ വലിയ കുഴപ്പമില്ല.
ഞാന്‍ എഴുന്നേറ്റു നിന്നു കൈകള്‍ വീശി കാണിച്ചു. കൈകളില്ലാത്ത മനുഷ്യന്‍ കൊളുത്തുകള്‍ ഉയര്‍ത്തി വീശി കാണിച്ചു.
അപ്പോഴാണ് ഞാന്‍ അത് കണ്ടത്. പാറക്കഷ്ണങ്ങള്‍. ചിമ്മിനി ദ്വാരത്തിന് മുകളില്‍ പാറകളുടെ ഒരു കൂമ്പാരം തന്നെയുണ്ടായിരുന്നു. നിങ്ങള്‍ക്ക് കുട്ടികളുടെ സ്വഭാവം അറിയാമല്ലോ, അവര്‍ അത് കൂട്ടി വെയ്ക്കും. ചിമ്മിനി വഴി താഴേക്കിടാം എന്നോര്‍ത്ത്.
‘തയ്യാറായോ’ ഞാന്‍ വിളിച്ചു ചോദിച്ചു. എന്നിട്ട് കയ്യില്‍ ഒരു പാറക്കഷ്ണം എടുത്തു. അയാളുടെ കാഴ്ച്ച ദര്‍ശിനിയില്‍ ഞാന്‍ ദൃശ്യമാകുന്നതു വരെ കാത്തുനിന്നു.
‘ഓക്കെ’ അയാള്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ എന്റെ കൈ പുറകോട്ടാക്കി ഉറക്കെ അലറിക്കൊണ്ട് പറഞ്ഞു ഇപ്പോള്‍!. എന്നിട്ട് ഞാന്‍ ആ നായിന്റെ മോനെ എനിക്ക് എറിയാന്‍ കഴിയുന്നത്ര ദൂരത്തേക്ക് എറിഞ്ഞു.
‘എനിക്ക് അറിയില്ല’ അയാള്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.
‘ഞാന്‍ ചലന ദൃശ്യങ്ങള്‍ എടുക്കാറില്ല’. വീണ്ടും ഞാന്‍ അലറി. എന്നിട്ട് മറ്റൊരു പാറക്കഷ്ണം എടുത്തു.
—– ——- —–
റെയ്മണ്ട് കാര്‍വര്‍(1938-1988)
റെയ്മണ്ട് കാര്‍വര്‍ പ്രസിദ്ധനായ അമേരിക്കന്‍ ചെറുകഥാകൃത്തും കവിയുമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ചെറുകഥാകൃത്തുക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. ‘വാട്ട് വീ ടാക്ക് എബൗട്ട് വെന്‍ വീ ടാക്ക് എബൗട്ട് ലൗ(1981), ‘വില്‍ യൂ പ്ലീസ് ബി ക്വയ്റ്റ്, പ്ലീസ്?(1976), കത്തീഡ്രല്‍(1983), ഞാന്‍ എവിടെ നിന്നാണ് വിളിക്കുന്നത് എന്നിവ കഥാസമാഹാരങ്ങളാണ്. കത്തീഡ്രല്‍ എന്ന കഥാസമാഹാരം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്നു.
ബിന്ദു ജഗദീഷ്
ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും, കഥകളും എഴുതുന്നു.
സോങ്ങ് ഓഫ് ദി വിച്ച്, സ്റ്റോണ്‍ മെന്‍, കാടറിയും കാലം എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. എക്കോസ് ഓഫ് ഡിപ്പാര്‍ട്ടഡ്(കവിതാ പരിഭാഷ). മലയാളത്തില്‍ എഴുതിയ കഥകള്‍ കലാകൗമുദിയിലും, പ്രസാധകനിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
No Comments yet!