കെ.ജി. ശങ്കരപ്പിള്ളയുടെ ‘മെഴുക്കു പുരണ്ട ചാരുകസേര നല്ലപോലെ വിജയിച്ചു. തികച്ചും ‘സാധി’ച്ച ഒരു കവിതയാണത്. ഇതിന്റെ ഇതിവൃത്തവും വൃത്തവും തമ്മിലുള്ള ബന്ധം നോക്കാം നമുക്ക്. ഈ കവിത ഗദ്യകവിതയല്ല. ഇതിന് ഒരു വൃത്തമുണ്ട്. അല്ലെങ്കിൽ ഇതിന്റെ പിന്നിൽ ഒരു വൃത്തമുണ്ട്. ആ വൃത്തം മുഴുവനായി പ്രത്യക്ഷപ്പെടുന്നത് ഇടവിട്ടുള്ള ചില ഈരടികളിൽ മാത്രമാണ്.
കാണരുത് മൃഗശാലയേകനായ്, നഗരത്തിൽ
ഞാനിന്നു വന്നതതിനല്ല.
……………..
രുചി മാറി മൊഴി മാറി കൊടി മാറി, അവനിന്നു
ഞാനെന്തു കരുതേണ്ടു കയ്യിൽ?
കവിത മുഴുവൻ ഈ നല്ല ഈണമുള്ള വൃത്തത്തിൽ എഴുതിയിരുന്നെങ്കിൽ നന്നാകുമായിരുന്നോ? കവിതയുടെ ഇതിവൃത്തവുമായി ആ ഈണം വേർതിരിഞ്ഞു നിന്നേനെ. ഒരു ചെറുകഥയ്ക്ക് വേണ്ടത്ര ഇതിവൃത്തമുണ്ട് ഈ കവിതയിൽ (ഇതിവൃത്തം ഉള്ള ചുരുക്കം ആധുനിക കവിതകളിൽ ഒന്ന്. കഥ കവിതയ്ക്ക് എത്ര ഊർജ്ജം നല്കുന്നുവെന്ന് നമ്മൾ മറക്കുന്നു.) ഇതിവൃത്തം ഒരു പ്രതീക്ഷയു
ടെയും, ആ പ്രതീക്ഷ ഫലിക്കാതിരിക്കുന്നതിന്റെയും കഥയാണ്. ഒരു പഴയ സുഹൃത്തിനെ കാണാൻ പോകുന്നു- മുമ്പ് ആത്മമിത്രമായിരുന്ന, പിന്നീട് പല കാരണങ്ങൾകൊണ്ടും മനസ്സകൽച്ച സംഭവിച്ച, ഒരു സുഹൃത്ത്. തന്റെ സ്വീകരണം എങ്ങിനെയിരിക്കും എന്ന് നിശ്ചയമില്ല. (ചില കാഴ്ചവസ്തുക്കള്‍ കരുതിയിട്ടുണ്ട്.) അടുത്തകാലത്തുണ്ടായ ‘പിണക്കസ്സുഖ’ത്തിൽനിന്ന് ‘ഇണക്കദുഃഖ’ത്തിലേക്ക് മാറാനുള്ള ഒരു ഉദ്യമം.
പക്ഷെ ചെന്നപ്പോൾ, സുഹൃത്ത് വീട്ടിലില്ല. തുറന്നിട്ട ജനലിലൂടെ, പഴയ ചാരുകസേര-പരിചയമുള്ള മെഴുക്കു പുരണ്ട ചാരുകസേര-മാത്രം കാണുന്നു. അദ്ദേഹം തിരിച്ചുവരുന്നതുവരെ സമയം പോക്കാൻ, മൃഗശാലയിൽ ചുറ്റിനടക്കുന്നു. തങ്ങൾ പങ്കാളികളായിരുന്ന ഒരു വലിയ പ്രസ്ഥാനത്തിന്റെ തകർച്ചയുടെ ചരിത്രമാണ് മനസ്സിൽ. ആ നഷ്ടപ്പെടലിന്റെ നിരാശ മുഴുവൻ, മൃഗശാലയിലെ മൃഗങ്ങളുടെ കണ്ണുകളിൽ കാണുന്നു. അടിക്കടി ഈണത്തിന്റെ പ്രതീക്ഷ സൃഷ്ടിച്ച്, ആ പ്രതീക്ഷ അടിക്കടി പരാജയപ്പെടുത്തിക്കൊണ്ടാണ് കവിതയുടെ വൃത്തബന്ധം.
ഒറ്റയ്ക്കു മൃഗശാല കാണുന്നതിൽപ്പര-
മില്ലാ വിരസത, അതിൽപ്പരം
വിവശതയുമില്ലാ,
ആദ്യത്തെ വരി തുടങ്ങി വയ്ക്കുന്ന വൃത്തം, രണ്ടാമത്തെ വരി അല്പവും, മൂന്നാമത്തെ വരി മുഴുവനും, തെറ്റിക്കുന്നു. ഇതൊരു ഗദ്യകവിതയായിരുന്നെങ്കിൽ ഈ നിരാശപ്പെടുത്തൽ സാധിക്കുമായിരുന്നില്ല. മുഴുവൻ ഈണത്തിലായിരുന്നെങ്കിൽ ഇതിവൃത്തത്തിന്റെ സന്ദേശം അത് മുക്കിക്കളഞ്ഞേനെ, ഇതിവൃത്തിന്റെ സന്ദേശം സന്ദിഗ്ദ്ധതയാണ്. ഒന്നും നേരെയല്ല. നേരെയാവുക എന്നത് സാധ്യമാണോ എന്നുപോലും നിശ്ചയമില്ല. ഈ നിശ്ചയമില്ലായ്മ കവിതയുടെ നിബന്ധത്തിലും കൊണ്ടുവന്നിരിക്കുന്നു.
—————–
No Comments yet!