കെ.ജി.എസ്സ് കവിതകളിലൂടെ തന്നെത്തന്നെ തേടിയൊരു കൊളാഷ്
വീടുവിട്ടിറങ്ങിപ്പോന്നവനാണയാൾ. വീടിന്റെ ‘പ്രത്യയ ശാസ്ത്രപ്പഴമ’ മടുത്തവൻ. പിന്നെ പെരുവഴി ആധാരമാക്കി അലഞ്ഞവൻ. ‘ലോകമേ തറവാടെ’ ന്ന പിന്നീട് പെട്ടെന്നു പഴകിയ പ്രത്യയശാസ്ത്രത്തിൽ ആവേശമുണ്ട്, കലാപക്കൊടി പാറി, വിപ്ലവച്ചിറകേറി, പല പറവകൾക്കൊപ്പം പറന്നുയർന്നു പാറിയവൻ. ഒന്നിച്ചു പറക്കുന്ന ചിറകുകളുടെ ലഹരിയിൽ അലിഞ്ഞലഞ്ഞവൻ. എങ്കിലും വീടവനെ ഇടയ്‌ക്കൊക്കെ മാടിവിളിക്കാതിരുന്നിട്ടില്ല. ‘വീടെത്തി ലോകത്തെ പുറത്തിട്ടടക്കണം”1 എന്നു മോഹിക്കാതിരുന്നിട്ടില്ല.യൗവ്വനാവേശത്തിന്റെ, കലാപപ്രതീക്ഷകളുടെ നീലാകാശം ഇരുണ്ട് അകലാൻ, പഴയ പറവകൾ പലവഴിക്കാകാൻ കാലമേറെവേണ്ടിവന്നില്ല. ‘വെള്ളത്തിൽ മത്സ്യങ്ങളെന്ന പോലെ’ ജനകീയതയിൽ ഒഴുകിനടന്നവർ ഉരഗങ്ങളായോ തവളകളായോ കരയേറി ഇഴഞ്ഞും ചാടിയും ഓരോവഴിക്കു പിരിഞ്ഞുപോയി. പിൻമാറ്റങ്ങളുടെ ഒരു വേലിയേറ്റമായി പിന്നെ.
‘പുഴ പിൻമാറി
തിരയടിച്ചുയർന്ന ചുഴിവേഗങ്ങളടങ്ങി
പുഴ പിൻമാറി
ഇരവുകളിലെ രഹസ്യപ്രളയങ്ങളും
പകലൊഴുക്കിയ ചോരക്കിനാക്കളും
വറ്റി
വറ്റി
പുഴ പിൻമാറി
പാടങ്ങൾ തോടുകൾ
ഭയന്നൊരുങ്ങിയ വെള്ളരി വള്ളികൾ
കർഷകന്റെ കൈരേഖകളിൽ നിന്നുപോലും
പുഴ പിൻമാറി
കുണ്ടിൽ താണ കണ്ണിൽനിന്നും
സ്വാതന്ത്ര്യം പാടിയ നാവിൽനിന്നും
പുഴ പിൻമാറി.”2
എല്ലാം കഴിഞ്ഞൊടുവിൽ നോക്കുമ്പോൾ:
‘പാതയിൽ
ഇനി നമ്മൾ രണ്ടുപേർ മാത്രം, നമ്മുടെ
വീടോ ഇനിയെത്രയെത്ര ദൂരെ!’‘3
വീടു ദൂരെയാവുക മാത്രമല്ല, കഴിഞ്ഞകാലത്തിന്റെ മാലിന്യങ്ങളും നീറുന്ന മരണഭാരങ്ങളും കടന്നെത്തേണ്ട ഒരിടവുമായി വീട്.
‘നഗരച്ചുടുവെട്ടം തൊട്ടുപോണം
ചങ്ങാതി നമ്മെക്കുറിച്ച് ചൊല്ലും
നുണകേട്ട് ചുമ്മാ ചിരിച്ചുപോണം’3
സഖാവ് വെറും ചങ്ങാതിയായി! പരദൂഷണപ്പെരുമയിൽ വിലസുന്ന നുണയനായി. സമരമോ വലിയ ചതിയുമായി. വിട്ടുപോകാതെമരണഭൂതങ്ങളായി കൂട്ട്. കാണുന്നതിലെല്ലാം തെളിഞ്ഞുനിറയുന്ന ഭൂതങ്ങൾ.
‘സമരവെയിലും അതിന്നറുതി-
ച്ചോരച്ചതിയും ജയിച്ചുപോണം
കടവും കിതപ്പും അതിന്നറുതി-
പ്പലകൈത്തണലിൽ കുളിർന്നു പോണം
ഒളിവിലും തെളിവിലും ചത്തോരെല്ലാം
മുറിയിലും മുറ്റത്തും വന്ന് മിന്നാ-
മിന്നിയായ് കാക്കയായ് മൈനയായും
കാവലും കൂടുമായ് കൂടും നമ്മുടെ
വീടോ ഇനിയെത്രയെത്ര ദൂരെ.’3
വീട് വെറുമൊരു ഇടമല്ല: വെറും സ്ഥലമല്ല. ഇടങ്ങൾ അർത്ഥം വെക്കുന്നത് അതിനകത്തെ ചലനങ്ങളിലൂടെയാണ്. പഴമക്കാർ പറയുന്ന ‘ആളനക്കങ്ങളി’ലൂടെ. ഹൃദ്യചലനങ്ങൾ, സ്‌നേഹസ്പർശങ്ങൾ, പ്രണയനിശ്വാസങ്ങൾ- ഇതെല്ലാം സ്ഥലങ്ങൾക്ക് ഒരുള്ളുണ്ടാക്കുന്നു. വീടിന്നുണ്ടൊരു ഉള്ള്. ആ ഉള്ളു തെളിയിക്കുന്ന ഒരു നിലാവുണ്ടകത്ത്. ആ നിലാവെളിച്ചത്തിലേക്ക്, തെളിച്ചത്തിലേക്ക് ആ തുറസ്സുകളിലേക്കാണൊരുവൻ വീണ്ടും വീണ്ടും തിരിച്ചുപോകാൻ കൊതിക്കുന്നത്. ഏതോ പഴയ സ്വസ്ഥസാന്ത്വനത്തിലേക്ക്.
പക്ഷേ, വീടെത്തും മുമ്പേ ആ വിളക്കു കെട്ടിരിക്കുന്നു. ആ തെളിച്ചം മങ്ങിയിരിക്കുന്നു. അയാൾ വീടെത്തുന്നില്ല. എല്ലാം വൈകിപ്പോകുന്നു. അയാളെത്തുമ്പോഴേക്കും വീടുതന്നെ ഇല്ലാതാകുന്നു. വീട് കാടായിരിക്കുന്നു!
‘അമ്മപോയാൽ വീട് കാടാവും.
മുമ്പേ മരിച്ചവരുടെ ചിത്രങ്ങൾക്കു പിന്നിൽ
ചുവർ വിണ്ടുപൊട്ടും. അതിൽ
ഇഴജന്തുപോലൊരു ദുർവ്വെളിവ് തലനീട്ടും.’4
പിന്നീടെല്ലാം ശിഥിലമാകുന്നത് പെട്ടെന്ന്. എല്ലാം ചിതറിത്തെറിക്കുന്നത് വളരെ എളുപ്പത്തിൽ! കണ്ണുചിമ്മിത്തുറക്കും മുമ്പ്!
‘രക്തം രക്തത്തെപ്പറ്റി
പെയ്ത്തുവെള്ളത്തോട് പഴിപറയും
വീടിനെ വീടാക്കി അടക്കിനിർത്തിയ
കുളിരാശ്ലേഷവും കളവും മന്ത്രവും അഴിയും
വീടായിനിന്ന തണലും വെട്ടവും
മരങ്ങളിലേക്കു മടങ്ങും.’4
ഒരുവനും തടഞ്ഞുനിർത്താനാവാത്തതത്രേ നമ്മുടെ ഇക്കാലത്തെ ഈ ചിതറൽ. നാട്ടിൽ സഖാക്കളില്ലാതായി. സൗഹൃദങ്ങൾ സാധ്യമല്ലാതായി. പെരുമഴപോലെ എല്ലാമെല്ലാം പെട്ടെന്ന് ചിതറിപ്പോയിരിക്കുന്നു.
‘ഇല്ലാതെയായ് പറയാതെയന്യോന്യ-
മെല്ലാമറിയുവോർ കുറഞ്ഞു
പറഞ്ഞാലുമറിയുവോർ.’5
ഞങ്ങൾ, നമ്മളില്ലാതായി. ഞാൻ പെരുകി. എന്റെ എന്റെ എന്നായി ഊണിലും ഉറക്കത്തിലും ജപം. നാടു ചിതറുമ്പോഴാണ് വീട് അഭയമാകുന്നത്. വീടാകട്ടെ അതിലേറെ വേഗം ചിതറുന്നു. അമ്മ ഇല്ലാതാകുന്നതോടെ, നൂലഴിഞ്ഞ ചൂലുപോലാകുന്നു വീട്ടുബന്ധങ്ങൾ. ചൂല് ഒരുമയാണ്. പല മാലിന്യങ്ങളെയും അകറ്റിനിർത്തിയ ഒരുമ. ഈർക്കിലിയുടെ അതി ദുർബ്ബലമായ ഏകാകിതക്ക് അസാധ്യമായതാണത്. ഈർക്കിലിക്ക് ഒടിയാനേ പറ്റൂ. ഒന്നിനേയും ഓടിക്കാനാവില്ല. ആ ഒരുമ പൊയ്‌പ്പോയപ്പോൾ അയാൾക്ക് അഭയം സിനിക്കലെന്നു തോന്നാവുന്ന, ആത്മനിന്ദയോളം പോന്ന ആശ്വാസം മാത്രം. ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന ആശ്വാസാഭയം. എന്തിനും വേണമല്ലോ എന്തെങ്കിലും ആശ്വാസം! ഒരു ബ്രേക്ക്, ഒരർദ്ധവിരാമം!
‘ഒരു വീടിന്റെ ഒരുമയ്ക്ക്
ഒരമ്മയുടെ ആയുസ്സ് മാത്രം
ഒരു കിളിക്കൂടിന്റെ ജീവനപ്പുറമില്ല
ഒരു വീടിനും സ്ഥായി.’4
നിസ്സഹായാവസ്ഥയെ ന്യായാശ്വാസങ്ങൾകൊണ്ട് മറികടക്കുകയാണയാൾ. പലനാട്ടിൽ പലപേരിൽ ഒഴുകുന്ന പുഴപോലെ അമ്മയുടെ ഒരു പരമ്പര ഒഴുകാതാകുമ്പോൾ ഇല്ലാതാകുമ്പോൾ വരൾച്ചയാവുന്നു. പച്ചപ്പുകൾ കരിഞ്ഞുപോകുന്നു. ഒരമ്മയിൽനിന്നു തുടങ്ങി അതേ അമ്മയിൽ ഒടുങ്ങുന്ന നീരൊഴുക്കേ ഉള്ളൂ. (”മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിര്‍”6) ആ നീരൊഴുക്കു വറ്റുന്നതോടെ എല്ലാവരും ഓരോരുത്തരായി കരകയറുന്നു; പലവഴി പിരിഞ്ഞുപോകുന്നു.
‘പറക്ക മുറ്റിയവ തീറ്റതേടിപ്പോകും
കൂട്ടുകൂടും കൂടുകൂട്ടും
കുഞ്ഞുവിരിഞ്ഞാൽ തീറ്റകൊടുക്കും
പറക്കമുറ്റിയാൽ അതും തീറ്റ തേടി അകലും
അകലാഞ്ഞാൽ കൊത്തിയകറ്റും.’4
എല്ലാ വീടും ഇങ്ങനെ എന്നതു ചെറിയൊരാശ്വാസമല്ല. വിശ്വാസംപോലെ വലിയൊരാശ്വാസം. ഇന്നത്രയേ ഉള്ളൂ വീടെന്നത് ഒരുസ്വകാര്യസത്യവും. സ്വകാര്യസത്യം പൊതു വിശ്വാസമാണെന്ന അറിവാണ് അയാൾക്ക് ആശ്വാസമാകുന്നത്. പിടിവള്ളിയിൽ പിടഞ്ഞെത്തിപ്പെട്ട ആശ്വാസം.
‘ഇത്രയേ ഉള്ളൂ വീട്ടുകഥ; വെറും കെട്ടുകഥ
കുടിലോ കൊട്ടാരമോ അഗ്രഹാരമോ ഫ്‌ളാറ്റോ
ബേക്കറോ ശങ്കറോ കെട്ടിയ കുളിർക്കൂടോ,
ഏതുവീടായാലും.’4
വീട് കാടാകുമെന്നതൊരു ഭയമായിരുന്നു. മോഹമായിരുന്നില്ല. ഭയം സത്യമാകാൻ സമയം വേണ്ട അധികം. ഭയം സ്വയം ആവിഷ്‌ക്കരിച്ച് സൃഷ്ടിക്കുന്നു. ഭയപ്പെട്ടതെന്തോ അതിനെ ഭയപ്പെട്ടപോലെ ആളനക്കമില്ലാതായതോടെ വീട് കാടാകുന്നു.
‘ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ
ആളു താമസമില്ല
സംശയിച്ച് സംശയിച്ച് ഒരു പാമ്പ്
കേറി നോക്കി.
ചുമരിൽ ശ്രീരാമൻ
ബാലിയെ കൊല്ലുന്നു
ഗീവർഗ്ഗീസ് പുണ്യാളൻ
വ്യാളിയെ കൊല്ലുന്നു
മുഖ്യശത്രുവിനെതിരേ പോരാടുന്നു
അവെയ്‌ലബിൾ ആയുധങ്ങളും
വ്യാഖ്യാനങ്ങളുമായി
സഖാവ് ഡോൺ ക്വിക്‌സോട്ട്.’7
പക്ഷേ വീടിന്റെ ഉള്ള് വെയിലിൽ മഞ്ഞുകണക്കെ പെട്ടെന്നൊന്നും ഉരുകിമായില്ല. കാലങ്ങളുടെ സ്‌നേഹസൗഹൃദങ്ങളുടെ ഊഷ്മളത ഉറഞ്ഞുകൂടി ഉണ്ടായതാണത്. ഒരിളം വെയിലിലോ ഒരു കൊച്ചു കാറ്റിലോ മാഞ്ഞുപോകില്ലത്. അതിന്റെ ഉറവ പിന്നേയും പിന്നേയും ബാക്കി നിൽക്കാൻ വെമ്പും. സ്‌നേഹിക്കാൻ ഒരു പച്ചിലനാമ്പ് ബാക്കിയാവും വരെ. ജീവന്റെ ഒരു തുടിപ്പ് ബാക്കിയുള്ളിടത്തോളം.
‘ഇടനാഴിയിലേക്ക് കടക്കുമ്പോൾ
തക്ഷകന് നെഞ്ചിൽ
വീടിന്റെ മിടിപ്പ് തോന്നി.
മുടിഞ്ഞ് കാടു കയറിയാലും മിടിക്കും
വീടിന്റെ നാഡി.
മനുഷ്യരെ മാത്രമല്ല വീടിനിഷ്ടം,
എല്ലാ ജീവികളെയും.
അവ തൊടുന്നത്,
പുണരുന്നത്,
കൂടിക്കഴിയുന്നത്
ഇണചേരുന്നത്
പെരുകുന്നത്
ഏതുവീടിനും പെരുത്തിഷ്ടം.’7
ഈ പെരുത്ത ഇഷ്ടത്തെ അയാൾക്കിനിയും കൂടുതൽ പെരുപ്പിച്ചേ പറ്റൂ. കാടിനേക്കാൾ കാടായിമാറിയ വീടിനുള്ളിൽ ഇനിയൊരുആളനക്കം ഉണ്ടായേ പറ്റൂ.”പൂച്ച നരിച്ചീർ വക്കാണങ്ങ”ളേയും ” എലിവിളയാട്ട” ത്തെയും പാമ്പിന്റെ സഹവാസത്തെയും അതിജീവിച്ചേ പറ്റൂ. ചിലപ്പോൾ കള്ളനോട്ടങ്ങളും കള്ളകണക്കുകളുമുള്ള മനസ്സുകളാകാം ഇതിനൊക്കെ നിമിത്തങ്ങളാകുന്നത്. പറയാൻ വയ്യ. ഇക്കാലത്ത് അങ്ങനെയാകാനാണ് തരം.
‘പടക്കഫാക്റ്ററിക്ക് തീപിടിച്ച്
സ്വന്തക്കാരും ബന്ധക്കാരുമെല്ലാം വെന്ത്
ആരോരുമില്ലാത്തതായ ഒരമ്മൂമ്മയെ
മെമ്പർ ആ വീട്ടിൽ കൊണ്ടുവന്നാക്കി.
പേരുകേട്ടൊരു പഴേ തറവാടാമ്മമ്മേ.
ആൾക്കാരൊക്കെ ബോസ്റ്റണിലും
സിങ്കപ്പൂരിലും ബാംഗ്ലൂരിലുമായൊണ്ട്
ഇപ്പോ ത്തിരി ക്ഷയത്തിലാ
മറ്റൊരു കൂര ഞാൻ കണ്ടു വരും വരെ
അമ്മ ഈടെ കൂടിക്കോളീ
എന്നെ ഏൽപ്പിച്ച
പൊന്നും പണോല്ലാം ലോക്കറിൽ ഭദ്രം.
പാമ്പിനയാളെ പിടിച്ചില്ല.
മുദ്രാവാക്യമുദ്രയിൽ പത്തി വിടർത്തി
പാമ്പ് ഇടഞ്ഞു നിന്നു.
കണ്ടെങ്കിലും മെമ്പർ പേടിച്ചില്ല;
മനസ്സിലൊരാഗ്രഹത്തിന്റെ
വെള്ളിനൂലിഴയുന്ന കുളിരില.
സർപ്പങ്ങളെ കൃപ.’7
ഒരമ്മ മതി, ഒരമ്മൂമയായാലും മതി വീടിന് ഉള്ളുനിറയാൻ. ആശ്വാസനിശ്വാസങ്ങൾ മതി വീടിനകത്ത് വീണ്ടും നിലാകുളിർ പടരാൻ. ഏതു വിഷജീവിയേയും മെരുക്കാൻ.
‘കഥകൾ നിറഞ്ഞ വാരികകളുടെ
പല ലക്കം കഴിഞ്ഞു
ജെസിബി പിഴുതെറിഞ്ഞ കുടികളിലെ
ആരോരുമില്ലാതായ
ചിലരേയും കൂട്ടി മെമ്പർ വീണ്ടും വന്നു.
കൊളുത്തിയ വിളക്കിനടുത്ത്
തഴപ്പായിൽ അമ്മൂമ്മ കാലും നീട്ടിയിരിക്കുന്നു
രക്ഷകനായി തൊട്ടടുത്ത് തക്ഷകൻ.
വാത്സല്യത്തോടെ അമ്മൂമ്മ
പത്തിയിൽ തലോടുന്നു.’7
ഇതൊരു പുനഃപ്രതിഷ്ഠയാണ്. വ്യർത്ഥമായൊരു വീണ്ടെടുക്കൽ. സത്യത്തിൽ ഇല്ലാത്തതിനെ സ്വപ്നത്തിൽ തിരിച്ചെടുക്കൽ. ഇല്ലായ്മയുടെ യാഥാർത്ഥ്യങ്ങളെ ഭ്രമാത്മകതയിലൂടെ ആട്ടിപ്പായിക്കൽ. സ്വസ്ഥതയുടെ ഇല്ലാത്ത ഇടത്തെ വീണ്ടും കണ്ടെടുക്കൽ. ഒഴുക്കു നിലച്ച് വറ്റിപ്പോയ അമ്മപ്പുഴയെ ഒരമ്മൂമ്മപ്പുഴയാക്കി, ആ തെളിനീരിനെ വെള്ളാരം കല്ലുപാകി വീണ്ടും ഒഴുക്കൽ.
‘കൊല്ലാനാവുന്നില്ല
തീ തിന്ന്
ഭ്രാന്ത് വിഴുങ്ങി
ഭക്തി പുതച്ചുറയുന്ന
ഓർമ്മക്കാവുകളെ,
അമ്മമാരെ.
മറവിയിൽ തറച്ച് നിർത്തി,
ഓരോ നിമിഷവും ജീവിതം
അവർക്കു നേരേയുള്ള
കത്തിയേറായിട്ടും.
എടുക്കുമ്പോൾ വിഷം,
കൊടുക്കുമ്പോൾ മായം;
അതുകൊണ്ടുമാത്രം
വളരുകയാണ് പലമക്കളും.’8
———-
1. കുടമറ
2. അഗ്നിശമനം
3. ദാമു
4. ചിതയും ചിതറലും
5. മെഴുക്കു പുരണ്ട ചാരുകസേര
6. മണൽക്കാലം
7. താമസം
8. കൊല്ലാം / വയ്യ
No Comments yet!