ചരിത്രത്തിന്റെ അക വിസ്തൃതികൾ അടയാളപ്പെടുത്തുക ദൗത്യമായെടുത്ത ഒരു കവിതയാണ് നാം ചർച്ച ചെയ്യാനെടുക്കുന്നത്. പേര്: മെഴുക്കു പുരണ്ട ചാരുകസേര. രചന: കെ.ജി.ശങ്കരപ്പിള്ള. കാലം: 1987. കാഴ്ചയുടെ കവിതയായതിനാൽ ഇതിൽ ഇടങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രധാനമായും രണ്ട് ഇടങ്ങളാണ് ഇതിലെ പ്രധാനപ്പെട്ട കാഴ്ച. (1) വീട് (2) മൃഗശാല. ആദ്യത്തെയും അവസാനത്തെയും വരികളെടുത്ത് പരിശോധിച്ചാൽ (‘ഒറ്റയ്ക്ക് മൃഗശാലകാണുന്നതിൽ. . . . . . . . . . . . . . . . . . . .) ആധുനികമായ ഒരു ഏകാന്തതയെ ദൃശ്യമായ് കാണാൻ മാത്രം കെല്പു നൽകുന്ന ഒരു പ്രക്രിയയാണ് ഇവിടെ കവിത. ആ അർത്ഥത്തിൽ ‘പ്രശ്‌ന’ത്തെ തിരിച്ചറിയുകയാണ് കവിത. പരിഹാരത്തെ നിർദ്ദേശിക്കുകയല്ല. പ്രശ്‌നത്തെ ചരിത്രപരമായി അപഗ്രഥിക്കുക എന്ന നമുക്ക് സുപരിചിതമായ രാഷ്ട്രീയകവിതാ പരിസരം അല്ല ഇത്, മറിച്ച് ചരിത്രാനുഭവത്തിന്റെ ചുറ്റുകൾ അഴിച്ചഴിച്ച് പ്രശ്‌നത്തെ ഒരു ഭൗതിക സ്ഥലത്തുവച്ച് നമുക്കു കാണാൻ പാകത്തിൽ, പഠിക്കാൻ പാകത്തിൽ, ആവിഷ്‌കരിക്കുന്ന കവിതയാണിത്. ഉൾക്കാഴ്ചകളെകാഴ്ചകളാക്കുന്ന ഒരു സർഗ്ഗാത്മക പ്രവർത്തനമാണ് ഇവിടെ കവിത. അല്ലാതെ കാഴ്ചകളെ ഉൾക്കാഴ്ചകളാക്കുന്ന മതാനുഭൂതിയല്ല. അകത്തു നിന്നും പുറത്തേയ്ക്കാണിതിന്റെ ദിശ. അതും നേർരേഖാ സഞ്ചാരവുമല്ല. കവിതയിൽ കാണുന്ന സ്ഥലരാശികളെ വാക്കുകൊണ്ടളക്കുമ്പോൾ സാംസ്‌കാരികരാശി തെളിയുന്നു.
അങ്ങനെ നോക്കുമ്പോൾ, ഈ കവിതയിലെ ഏറ്റവും സ്ഥൂലമായ രണ്ടു കാഴ്ചകളാണ് വീടും മൃഗശാലയും. വായനയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് മൃഗശാലയാണ്. എന്നാൽ ഈ കവിതയെ സംഭവങ്ങളുടെ സമയബന്ധിതശ്രേണികളായി രൂപകല്പന ചെയ്താൽ താഴെപ്പറയുന്ന പ്രകാരമായിരിക്കും.
1. ആഖ്യാതാവ് നഗരത്തിൽ വരുന്നു.
2. സുഹൃത്തിന്റെ വീട്ടിൽ പോകുന്നു.
3. സുഹൃത്തിന്റെ അഭാവത്തിൽ മൃഗശാല കാണാൻ പോകുന്നു.
നഗരം എന്ന വലിയ ഒരു സ്ഥലരാശിയിലെ രണ്ട് സവിശേഷ ഇടങ്ങളാണ് വീടും മൃഗശാലയും. അതിനാൽത്തന്നെ തുടക്കത്തിലും ഒടുക്കത്തിലും ആവർത്തിക്കുന്ന ‘നഗരം’ എന്ന വാക്കിന്റെ ഉള്ളിലാണ് ഇക്കവിതയുടെ വിസ്തൃതി. ‘നഗര’ത്തിലേയ്ക്ക് വന്നു എന്ന് ഊന്നിപ്പറയുന്നതിനാൽ ‘ഞാൻ’ ഗ്രാമത്തിൽ വസിക്കുന്നവനാണെന്നു പറയാം. നഗരത്തിന് പ്രത്യേക പേരു പറയാത്തതുകൊണ്ട് അത് സ്ഥലബന്ധിതം എന്നതിനേക്കാൾ സംസ്‌കാര ബന്ധിതമാണ്. നാഗരികതയുടെ ഇടമാണ് നഗരം. പ്രാകൃതബോധത്തിൽ നിന്നും ആധുതികതയിലേയ്ക്കും, ആത്മകേന്ദ്രിയതയിൽ നിന്നും സാമൂഹ്യകേന്ദ്രിയതയിലേയ്ക്കും, ആത്മബോധത്തിൽ നിന്നും ലോകബോധത്തിലേയ്ക്കുമുള്ള ചരിത്രസഞ്ചാരങ്ങളുടെ പലപല ഒഴുക്കുകളിൽ എവിടെയോ വച്ച് നാം നേരിടേണ്ടിവരുന്ന ഒരു സങ്കല്പനമാണ് നഗരം. എന്നാൽ ‘ബംഗാളി’ലെപ്പോലെ നഗരത്തെ വളയാനല്ല ഈ ‘ഗ്രാമം’ വരുന്നത്. ‘നഗരങ്ങളെ വളയുക’ എന്ന വലിയ സ്വപ്നത്തിന്റെ ഹതാശമായ ഓർമ്മകളുടെ പശ്ചാത്തലത്തിൽ ഒരു പിണക്കം പറഞ്ഞുതീർക്കാനാണ് ഗ്രാമം വരുന്നത്.
ഈ കവിതയിലെ സുഹൃത്തും വ്യതിരിക്തനാണ്. ലോകബോധം ആർജ്ജിച്ചതിനുശേഷമുള്ള സുഹൃത്താണ് ഇത്. ‘മണൽകാല’ത്തിലെ പോലെ ലോകബോധം നേടുന്നതിന് മുമ്പേയുള്ള കൂട്ടുകാരനല്ല. അല്ലെങ്കിൽ ഒന്നിച്ച് പ്രബുദ്ധരായ്ത്തീർന്ന സുഹൃത്തുക്കളല്ല. കലഹിക്കാനും കലഹിച്ചാൽത്തന്നെ വീണ്ടും കൂടിച്ചേരാനും തക്ക വിശാല ജനാധിപത്യബോധമുള്ള സുഹൃത്താണിത്. കവിയുടെ രാഷ്ട്രീയ സുഹൃത്ത്. വിപ്ലവത്തിന് രണ്ട് മുന്നണികളുണ്ട്. രാഷ്ട്രീയമുന്നണിയും സാംസ്‌ക്കാരികമുന്നണിയും എന്ന് മാവോ. അങ്ങനെയുണ്ടായ എഴുപതുകളുടെ അകവും അതിന്റെ ശേഷ പ്രഭാവവും ഒക്കെയാണ് ഇക്കവിത ചർച്ചചെയ്യുന്നത്.
ഓരോകാലവും അതിന്റെ ഒരു ശേഷപ്രഭാവത്തെ അനന്തകാലത്തേയ്ക്ക് വിക്ഷേപിക്കുന്നുണ്ട്. അത്ര രേഖീയമല്ലാത്തതിനാൽ ചരിത്രം അതേപടിയല്ല, കാലത്തിന്റെ പടവുകൾ കയറുക. എഴുപതുകളുടെ അകം ചരിത്രത്തിൽ ത്യാഗങ്ങളുടെ കഥകൾ അനേകമുണ്ട്. പോലീസ് സ്റ്റേഷനുകളിൽ പിടഞ്ഞു പിടഞ്ഞു തീർന്നവർ. ഭ്രാന്തിന്റെ നിശിത വേഗത്തിലേയ്ക്ക് കുത്തിയൊഴുകിയവർ. വിഷങ്ങളിൽ പൂർണ്ണവിരാമമിട്ടവർ. മറ്റേതു കവിതയിലേക്കാളുമധികം അക്കാലത്തിന്റെ അധോലോകം മെഴുക്കുപുരണ്ട ചാരുകസേരയിൽ കാണാം. എന്നാൽ പിൽക്കാലത്തിന്റെ മധ്യവർഗ്ഗ വിസ്തൃതിയിലേക്ക് എഴുപതുകൾ ത്യാഗത്തിന്റെ സന്ദേശം മാത്രമായല്ല കടന്നു ചെന്നത്. എഴുപതുകളെപ്പറ്റിയുള്ള അവസാന റൗണ്ട് ചർച്ചകളിലും തള്ളിപ്പറച്ചിൽ, സവർണ്ണവത്ക്കരണം, താൻപ്രമാണിത്തം, ആന്മനിഷ്ഠചരിതങ്ങൾ, ഉടമസ്ഥതാവാദങ്ങൾ എന്നിങ്ങനെ പലതുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ. എഴുപതുകൾ പിൽക്കാല ദശകങ്ങളിലേയ്ക്ക് കടത്തിവിട്ട രണ്ട് ആധുനിക ഭാവങ്ങളെ ഈ കവിത പ്രവചിച്ചിരിക്കുന്നു.
(1) വെറുപ്പ് (2) ഏകാന്തത
ഈ രണ്ട് ഭാവങ്ങളുടെ സ്ഥലരൂപകങ്ങളാകാം വീടും മൃഗശാലയും. ആ രണ്ട് അകം കാഴ്ചകളുടെ പുറംകാഴ്ച. വീട്ടിലേയ്‌ക്കെത്തും മുമ്പ്, സുഹൃത്തിനോടുള്ള കലഹത്തെപ്പറ്റി ആഖ്യാതാവ് പറയുന്നുണ്ട്. വെറുപ്പ് എന്ന പദം ആദ്യമായി കവിതയിൽ പ്രയോഗിക്കുന്നത് മൂന്നാം ഖണ്ഡത്തിലെ അഞ്ചാം വരിയിലാണ്. (. . . . യുക്തിയുക്തം നമ്മളാരെ ശരിയ്ക്കും വെറുക്കും?) വെറുപ്പിന്റെ അനേക പ്രകടനങ്ങളായ ഏഷണി, എതിര് എന്നിവ പലപാട് ചൊല്ലിയിട്ടാണ് ‘ചില്ലുകളിലഴുക്കും മെഴുക്കും പുരട്ടിയ’ നമ്മിലെത്തുന്നത്. ആധുനികമായ വെറുപ്പ് കാഴ്ചയെ തടസ്സപ്പെടുത്തുന്ന ഒന്നാണ് എന്ന നിഗമനത്തിലാണ് കവിത എത്തിച്ചേരുന്നത്. കരുതിക്കൂട്ടിയുള്ള തടസ്സപ്പെടുത്തലാണത്. അപരന്റെ രൂപത്തെ മങ്ങിക്കാണിക്കുന്ന ഒന്ന്. ശീർഷകത്തിലെ മെഴുക്ക് ആദ്യമായി കവിതയ്ക്കുള്ളിൽ പ്രത്യക്ഷപ്പെടുന്നു.
പിന്നീട് ഈ മെഴുക്കിനെ നാം കാണുന്നത് സുഹൃത്തിന്റെ ഇരിപ്പിടത്തിലാണ്. വീട്ടിലെ തുറന്ന ജാലകത്തിനപ്പുറത്ത് നീർത്തിയിട്ടിരിക്കുന്ന, സുഹൃത്തിന്റെ അഭാവത്തെ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമായി ദ്യോതിപ്പിക്കുന്ന അണ്ണാർക്കണ്ണൻ വരയണിഞ്ഞ ചാരുകസേരയുടെ സൂക്ഷ്മക്കാഴ്ചയിൽ. ‘മെഴുമെഴെ മെഴുക്കണിഞ്ഞ വീട്ടിക്കാതലൊക്കെയും മറഞ്ഞ്’ ആ കസേര. കണ്ണടയിൽ പുരണ്ട് കാഴ്ചമറച്ച വെറുപ്പ് ഇവിടെ കാതലിന്റെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന ആകെത്തുകയാണ്. അതു കിടക്കുന്ന വീടിന്റെ ഉള്ളാകട്ടെ താഴിട്ട് പൂട്ടിവച്ചിരിയ്ക്കുന്നു. അങ്ങനെ വീടിന്റെ ഉള്ളിനും പുറത്തേയ്ക്ക് കാഴ്ചയില്ല. ആ വീടിന്റെ കണ്ണും പൂട്ടിയിരിക്കുന്നു. കലഹം തീർക്കാൻ, കണ്ണടച്ചില്ലിന്റെ മെഴുക്ക് തൂത്തെറിയാൻ, എത്തിയ സുഹൃത്ത് മലിനചമയങ്ങളുടെ ചാരുകസേര മാത്രം കാണുന്നു. വെറുപ്പിന്റെ നീണ്ടുനീർന്ന് കിടക്കുന്ന സുഖപ്രതലം. അത് തുടയ്ക്കാൻ കൈയ്യെത്തുന്നില്ല. വീട്ടിൽപ്പുരണ്ട അഴുക്കും മെഴുക്കും പോലെ പ്രാണികൾ പാഞ്ഞുനടക്കുന്നു. മനുഷ്യനൊഴിഞ്ഞ, മനുഷ്യത്വമൊഴിഞ്ഞ വീട്ടിൽ, ഉറുമ്പുകളും ഗൗളികളും കൂറകളും ഭീമാകാരമായ കാഴ്ചകളായിത്തീരുന്നു. കാഫ്ക്കയുടെ കഥയിലെന്നപോലെ അതിലേതെങ്കിലും കൂറ, സുഹൃത്തിന്റെ പരിണാമത്തെ കുറിക്കുന്നുണ്ടോ? മൃഗശാലയുടെ മറ്റൊരു രൂപം തന്നെയല്ലേ ആ വരികളിൽ വീട്?
ഒരു കാര്യം കൂടി ഇതിന് സമാന്തരമായി നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കവിതയിൽ ഭാഷണമില്ല. ഭാഷണമാകാത്ത ചരിത്രമാണ്, കെട്ടിക്കിടക്കുന്ന അകം ചരിത്രമാണ് ഇതിലെ സ്ഥലരാശി. സുഹൃത്തുമായി, മുറിഞ്ഞ ഭാഷണം പുനഃസ്ഥാപിക്കാനുള്ള വിഫലമായ ശ്രമമാണ് ഇക്കവിത. ആ അർത്ഥത്തിൽ വിങ്ങിനിറഞ്ഞു നില്ക്കുന്ന മൗനമാണ് ഈ കവിതയുടെ അസംസ്‌കൃത പദാർത്ഥം.മൗനത്തിൽ നിന്നും കൊത്തിയെടുത്ത ശില്പങ്ങളാണ് ഇതിൽ മുഴുവൻ. മൗനത്തിനെ കാഴ്ചയിലേക്ക് വിവർത്തനം ചെയ്താൽ നമുക്ക് കിട്ടുന്ന ഉല്പന്നം അഭാവമാണ്. സുഹൃത്തില്ലാത്ത ആ കസേര. മനുഷ്യനില്ലാത്ത വീട്. കീടങ്ങളുടെ പ്രപഞ്ചം. മൗനം മനുഷ്യനുമേൽ നടത്തുന്ന കനത്ത ആക്രമണം. പിണക്കം തീർക്കാൻ, വെറുപ്പകറ്റാൻ അയാൾ കൈയ്യിൽ കരുതിയ സംസ്‌കാര വ്യവസായത്തിന്റെ ഉല്പന്നങ്ങളായ കാസെറ്റുകളാകട്ടെ ഒരിക്കൽപ്പോലും പാടുന്നില്ല. വീടിന്റെ മൗനത്തിലും മൃഗശാലയുടെ മൗനത്തിന്റെ കാഴ്ചശൃംഖലകളിലും ആ കാസെറ്റുകൾ അയാളുടെ കീശയിൽ ഉണ്ടായിരുന്നിരിക്കണം. പാടാത്ത ശെമ്മാങ്കുടിയും പാടാത്ത സന്താനവും. ആധുനികമായ സാങ്കേതിക നാടകൾക്കു കീഴിൽ കുഴിച്ചിടപ്പെട്ട കല.
മൗനത്തിന്റെ ഈ ഉയർന്ന വോൾട്ടേജാണ്, മൃഗശാലയിൽ ഏകാന്തതയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൗനം ഒരാളുടേതല്ല. ഒരു ചരിത്രത്തിന്റെതാണ്. മനുഷ്യനെയും കവിഞ്ഞ്, മനുഷ്യത്വത്തിനും മുമ്പുള്ള സ്ഥലത്ത് തടവിൽ സ്ഥാപിച്ചിട്ടുള്ള, മുഷിഞ്ഞ, അടഞ്ഞ കണ്ണുകൾ ഒന്നേ ഒന്ന് മാത്രമേ പറയുന്നുള്ളൂ. ഏകാന്തതയെപ്പറ്റി. സ്വന്തം ഏകാന്തതയെപ്പറ്റിയുള്ള കൂടിക്കാഴ്ചയാണ് വിരസതയും വിവശതയും. അത് സർഗ്ഗാത്മകതയുടെ, സംസ്‌കാരത്തിന്റെ സ്വയം വിചാരണയാണ്.
അവർക്കുപുറത്ത്, ആഖ്യാതാവിനും സുഹൃത്തിനും പുറത്ത്, മറ്റൊരിടമുണ്ട്. ജനത എന്ന് നാം വിശേഷിപ്പിക്കുന്നവരുടെ ഇടം. നഗരം-വീട്=മൃഗശാല എന്ന ഒരു സമവാക്യം ഇക്കവിത ഉണ്ടാക്കുന്നുവെങ്കിൽ, ഏതു ജനതയിലേയ്ക്കാണോ നാം ഉറ്റുനോക്കിയത് അവരുടെ ഭീഷണമായ ദൃശ്യമാണ് മൃഗശാല. വിമോചനത്തിന്റെ സ്വപ്നം അവരിൽ കർമ്മോന്മുഖതയോ സർഗ്ഗാത്മകതയോ അല്ല, ദീനദീനമായ കരച്ചിലാണ്. വാക്കില്ലാത്ത കരച്ചിൽ. ആ പതനം ജന്മങ്ങളിലൂടെയുള്ള പതനമാണ്. മനുഷ്യരിൽ നിന്ന് മൃഗരൂപങ്ങളിലേയ്ക്കുള്ള പതനം. വിമോചന സ്വത്വം കൈവെടിഞ്ഞാൽ നാമെന്തായിത്തീരും എന്ന് ഇതിനേക്കാൾ നല്ലൊരുകാഴ്ചയില്ല. മൃഗശാലയിൽ രക്ഷകനില്ല, ദൈവമില്ല, ഭാഷണമില്ല. മരണത്തോളം പോന്ന ഏകാന്തത മാത്രം.
—————
No Comments yet!