എഴുത്തുകാരനും വായനക്കാരനും അക്ഷരതാളുകളിൽ ഒത്തുചേരുമ്പോൾ ഭാവന പൂരിപ്പിക്കപ്പെടുന്നു. വെറുതെ ചില യാഥാർത്ഥ്യങ്ങൾ പറയുന്നതിനപ്പുറം ചില സത്യങ്ങൾ ലോകത്തിനോടും വായനക്കാരനോടും വെളിപ്പെടുത്തുന്നതിനു വേണ്ടിയുള്ള എഴുത്തുകാരന്റെ ത്വരയിൽ നിന്നാണ് സാഹിത്യം ഉടലെടുക്കുന്നത്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് ഭാവിയെ കാണിക്കുകയാണ് എഴുത്തുകാർ. മറ്റൊരാളുടെ ജീവിത കഥ പറയുക എന്നതല്ല കഥാകാരന്റെ ലക്ഷ്യം. എഴുത്തുകാരന് പറയാനുള്ള ആയുധങ്ങളാണ് അവർ സൃഷ്ടിക്കുന്ന ഓരോ കഥാപാത്രങ്ങളും. ‘എന്തെങ്കിലുമൊക്കെ പറയണം പറയാതിരിക്കാന് വയ്യ’ എന്ന ഘട്ടത്തിൽ മാത്രം എഴുതി പോയ ഒരാളണ് താനെന്ന് ബെന്യാമിൻ പറയുന്നു. ബ്രിട്ടീഷ് എഴുത്തുകാരിയായ ബെർണാഡോ ക്രിസ്റ്റോ പറയുന്നുണ്ട്, ഞാനെഴുത്തുകാരിയായത് ഒഴിഞ്ഞ ചില ഇടങ്ങളെ പൂരിപ്പിക്കുന്നതിനു വേണ്ടിയാണെന്ന്. ഇത് തന്നെയാണ് എന്റെയും എഴുത്തിന്റെ വഴിയെന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ പ്രവാസ ജീവിതത്തിൽ ഞാൻ കണ്ട പലതരത്തിലുള്ള അനുഭവങ്ങളൊന്നും സാഹിത്യത്തിൽ അടയാളപ്പെടുത്തിയിട്ടില്ലല്ലോ എന്ന തിരിച്ചറിവിൽ നിന്നാണ് എന്റെ എഴുത്തുകൾ ആരംഭിക്കുന്നത്.
കൂട്ടുകാർക്കും വീട്ടുകാർക്കും എഴുതിയ സുദീർഘമായ കത്തുകള് വലിയ സൗഭാഗ്യം ഉണ്ടാക്കി. യാഥാർത്ഥത്തിൽ എന്നെ ഭാഷയിലേക്ക്, എഴുത്തിലേക്ക് പിച്ചവെയ്ക്കാൻ പഠിപ്പിച്ചത് ഈ കത്തെഴുത്തുകളായിരുന്നു. ഞാൻ കണ്ട സംഭവങ്ങള്, അനുഭവങ്ങൾ, വ്യഥകൾ, ആകുലതകൾ, സ്വപ്നങ്ങൾ എല്ലാം അക്ഷരങ്ങളിലേക്ക് പതിയെ പകർത്തിവെയ്ക്കാനുള്ള ഒരു ശ്രമം ഉണ്ടാവുകയും, അത് സാധ്യമാണെന്ന ബോധ്യം എന്നിൽ ജനിക്കുകയും ചെയ്തു. സാഹിത്യ സംവാദങ്ങൾക്കായി ഗൾഫിൽ വന്നിട്ടുള്ള എഴുത്തുകാരിൽ പ്രത്യേകിച്ച് ടി. പത്മനാഭൻ, എം മുകുന്ദൻ, എം.ടി, സച്ചിദാനന്ദൻ എന്നിവരെല്ലാം ചോദിച്ചത് ഗൾഫിലിരുന്ന് എന്തിനാണ് കേരളത്തിലെ കഥകൾ പറയുന്നത്? ഇവിടെയും ധാരാളം കഥകളുണ്ടല്ലോ എന്നാണ്. അത്തരം ആലോചനയിൽ എഴുതിയ കഥകളാണ് ഇ.എം എസും പെൺകുട്ടിയും, ജാവേദ് എന്ന മുജാഹിദ് ,കുമാരി ദേവി. അതിനു ശേഷം എഴുതിയ ആടുജീവിതം എന്ന നോവലിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. പ്രതീക്ഷ നശിച്ച മനുഷ്യരുടെ മുന്നിലേക്ക് പ്രത്യാശയുടെ ഒരു ആശയം മുന്നോട്ട് വെയ്ക്കുാന് ആണ് ആ നോവലിലൂടെ ശ്രമിച്ചത്. ജീവിതത്തിൽ ഏതു തരം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അതിനപ്പുറത്ത് പ്രത്യാശയുടെ ഒരു ദീപസ്തംഭം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തെ അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ല, മറിച്ച് കഠിനമായി പ്രയത്നിച്ചു കൊണ്ട് ജീവിതത്തെ ചേർത്തു പിടിക്കണം. എന്ന ആശയം കൂടെ ആടു ജീവിതത്തിലൂടെ പറയുന്നു. നോവലിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്ന ഒരു വാചകമായിരുന്നു ‘എന്റെ ഉപ്പ ചത്തു’ എന്നത്. മരിക്കുന്നതിനും കാലം ചെയ്യുന്നതിനും ദിവംഗതനാകുന്നതിനും അന്തരിക്കുന്നതിനും വിധിക്കപ്പെട്ട മനുഷ്യർക്കിടയിൽ വെറുതെ ‘ ചത്തു’ പോകുന്ന മനുഷ്യരുമുണ്ടെന്ന ഒരു രാഷ്ട്രീയം കൂടി പറയാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ.
അറബ് ജീവിതത്തിന്റെ പ്രതിസന്ധികളെ കുറിച്ച് പറയുന്ന രണ്ട് നോവലുകൾ ആണ് ‘അൽ അറേബ്യൻ ഫാക്ടറിയും, മുല്ലപ്പു നിറമുള്ള പകലുകളും’ അറബ് രാജ്യങ്ങളിൽ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവമെന്നും പിൽക്കാലത്ത് ജാസ്മിൻ റെവല്യൂഷൻ എന്നും വിളിക്കപ്പെട്ട അറബ് വസന്തത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രണ്ട് നോവലുകളാണിത്. ഏകദേശം ഇരുപത്തിരണ്ട് രാജ്യങ്ങളിൽ വീശിയടിച്ച, മൂന്നോ നാലോ ഭരണാധികാരികളെ അധികാരഭ്രഷ്ടരാക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത വിപ്ലവത്തെ അടിസ്ഥാനമാക്കി ഈ നോവലുകൾ എഴുതുമ്പോൾ ഞാൻ യഥാർത്ഥത്തിൽ ലക്ഷ്യം വെച്ചത് അറബ് ലോകത്തെ ജനാധിപത്യബോധവും രാഷ്ട്രിയവും പറയുന്നതിനപ്പുറത്ത് നമ്മുടെ രാജ്യത്തും ഇത്തരം ചില സാധ്യതകൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് പറയുന്നതിനു കൂടിയാണ്. ഒരു രാജ്യത്ത് പ്രത്യേകിച്ച് സുന്നി ഭൂരിപക്ഷമായ രാജ്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഷിയ വംശജരെക്കുറിച്ചുള്ള ഒരു ആഖ്യാനം കൂടി അതിൽ പറയുന്നുണ്ട്. സ്വന്തം മതത്തിനുള്ളിൽ തന്നെ രണ്ടാം തരം പൗരന്മാരായി ജീവിക്കേണ്ടി വരുന്ന മനുഷ്യർ അനുഭവിക്കുന്ന സംഘർഷങ്ങൾ എത്രയേറെ വലുതാകും എന്നതാകുമ്പോൾ മറ്റൊരു മതം രണ്ടാം തരം പൗരന്മാരാകുന്ന ഒരു ഭാവി എത്രമാത്രം ഭീകരമായിരിക്കും എന്ന ഒരു ആലോചന കൂടി ഈ നോവലുകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അത്തരം ചില സത്യങ്ങൾ , പകർന്നു നൽകുന്നതിനു കൂടി വേണ്ടിയാണ് യഥാർത്ഥത്തിൽ നോവലുകൾ ഉണ്ടാകുന്നതെന്ന് എഴുത്തുകാരൻ പറയുന്നു. രണ്ട് നോവലുകളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ബെന്യാമിൻ പറയുന്നതുപ്പോലെ ആദ്യവും അന്ത്യവും കാണാൻ കഴിയാതെ രണ്ട് സർപ്പങ്ങൾ പരസ്പരം വായിലകപ്പെടുന്നതുപ്പോലെ വായനക്കാരന് അനുഭപ്പെടുമെങ്കിലും സ്വതന്ത്രമായി വായിക്കാൻ സാധ്യതകൾ തരുന്ന നോവലുകളാണ് ഇവ രണ്ടും. എന്നിരുന്നാലും ഒരു നോവൽ വായനക്കാരന് അപൂർണ്ണമായ ഒരു ഉദ്വേഗം ജനിപ്പിക്കുകയും രണ്ടു നോവലുകളും വായിക്കുമ്പോള് പൂർണ്ണതയിലെത്തുകയും ചെയ്യുന്നു.
നമ്മളെല്ലാം അടിസ്ഥാനപരമായി വെച്ചു പുലർത്തുന്ന ആശയത്തിനെതിരെയുള്ള ഒരു നോവലാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്റെ ആകാശം, എന്റെ ഭൂമി, എന്റെ മണ്ണ് ഇതൊന്നും വിട്ടുകൊടുക്കില്ല എന്ന ആശയം വെച്ചുപുലർത്തുന്നവരാണ് മനുഷ്യർ. എന്നാൽ മനുഷ്യന്റെ സംസ്കാരങ്ങളുടെ വളർച്ച പരിശോധിച്ചാൽ നാമെല്ലാം നിരന്തരം യാത്ര ചെയ്യുന്നവരാണെന്ന് മനസ്സിലാകും. ഇത്തരം യാത്രകൾ ഇല്ലായിരുന്നെങ്കിൽ നാം ഇപ്പോഴും ആഫ്രിക്കൻ ഗോത്ര ജീവികളായി തന്നെ അവസാനിക്കുമായിരുന്നു.ഭൂഖണ്ഡങ്ങൾ കീഴടക്കാനുള്ള മനുഷ്യന്റെ ത്വരയിൽ നിന്നാണ് പുതിയ സംസ്കാരങ്ങൾ ഉയർത്തെഴുന്നേൽക്കുന്നത് എന്ന ആശയം കൂടി ഈ നോവലിൽ പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏക ക്രിസ്ത്യൻ രാജവംശമായ വെല്ലാർവട്ടം തോമരാജാക്കന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട ചില കൗതുകങ്ങൾ കൂടി അതിനോട് ചേർത്തു വെയ്ക്കുന്നുണ്ട്.
പുരുഷന്റെ പ്രവാസ ജീവിതത്തെ കുറിച്ച് ധാരാളം ആഖ്യാനങ്ങൾ ഉണ്ടാവുമ്പോൾ സ്ത്രീകൾക്കും സമാന്തരമായ ഒരു യാത്രയുണ്ടായിരുന്നു എന്നാണ് ‘നിശബ്ദ സഞ്ചാരങ്ങൾ’ എന്ന നോവലിൽ പറയാൻ ശ്രമിച്ചത്. 1932 മുതൽ അറബ് ദേശത്ത് കേരളത്തിലെ സ്ത്രീകൾ നഴ്സുമാരായി ജോലി ചെയ്തിരുന്നുവെന്നും ധാരാളം സ്ത്രീ എഴുത്തുകാരും സ്ത്രീ വിമോചന പ്രവർത്തകരും ഉണ്ടായിട്ടും ഇവരുടെയൊന്നും ജീവിതം അടയാളപ്പെടുത്തിയില്ലല്ലോ എന്ന തോന്നലിൽ നിന്നാണ് ഈ നോവൽ എഴുതിയത്.
കൃത്യമായ രൂപ രേഖയിലാതെ എഴുതിയ നോവലാണ് ‘തരകൻസ് ഗ്രന്ഥവരി’ സാധാരണയായി വായനയുടെ കർത്താവ് എപ്പോഴും എഴുത്തുകാരൻ തന്നെയായിരിക്കും. എവിടെ നിന്ന് വായിച്ച് തുടങ്ങണം എവിടെ വെച്ച് അവസാനിപ്പിക്കണമെന്നെല്ലാം അയാള് നിശ്ചയിക്കും. എന്നാൽ ഈ നോവലിൽ വായനയുടെ കർതൃത്വം വായനക്കാരനിൽ തന്നെ ഏൽപ്പിച്ചിരിക്കുകയാണ് എഴുത്തുകാരൻ. എവിടെ നിന്ന് വായന തുടങ്ങിയിയാലും എവിടെ അവസാനിപ്പിച്ചാലും കഥയും ആശയവും പൂർണ്ണമായി മനസ്സിലാക്കാൻന് കഴിയും എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. 120 ഗ്രന്ഥവരികളാണ് ഈ നോവലിലുളളത്. ചരിത്രവും, ഭാവനയും, സമകാലിക സംഭവങ്ങളും ചേർന്ന ഹിസ്റ്റോറിക്കൽ മിസ്റ്ററി നോവലാണിത്. ഓർത്തഡോക്സ് ക്രിസ്തീയ സഭയിലെ ഭിന്നിപ്പ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സംഘർഷങ്ങൾ, വിമോചന ദൈവശാസ്ത്രം, അടിയന്തരാവസ്ഥ, മന്നം ഷുഗർ മില്ലിന്റെ തകർച്ച ഇത്തരം കാലിക വിഷയങ്ങൾ ഒരു കുടുംബത്തിന്റെ പരിണാമവുമായി ഇണക്കി നിർത്തി കൊണ്ട് എഴുതിയ നോവലുകളാണ് ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളും, മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങളും”. എഴുത്തുകാരന് എന്നും പ്രിയപ്പെട്ട കഥാപാത്രം മന്തളിരിലെ ഇരുപതുവർഷങ്ങളിലെ മോഹനാണ്. ഈ നോവൽ തന്റെ ഗ്രാമത്തിന്റെയും ബാല്യത്തിന്റെയും കൗമാരത്തിന്റെയും കഥയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
തിരസ്കരിക്കപ്പെട്ട കഥയോടൊപ്പം ലഭിച്ച സി. രാധാകൃഷ്ണന്റെ കത്തിലെ വാചകങ്ങളാണ് ലഭിച്ച പുരസ്കാരങ്ങളിൽ ഏറ്റവും വലുതെന്ന് ബെന്യാമിൻ പറയുന്നു. “നിങ്ങളുടെ ഉള്ളിൽ ഒരു കഥാകാരനുണ്ട്. എല്ലാ കഥകളുടെയും രഹസ്യം എന്ന് പറയുന്നത് പറയപ്പെടാത്ത ഒരു കഥ അതിനുള്ളിൽ ഒളിപ്പിച്ചിരിക്കണമെന്നുള്ളതാണ്”. എന്റെ അറിവിന്റെ വാതിൽ തുറന്നു തന്ന വാചകമായിരുന്നു അത്. ഇന്നും എന്റെ പല കഥകളും അപൂർണമായിരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. അപൂർണതയെ പൂർണതയിലെത്തിക്കാൻ വായനക്കാരൻ പുതിയ കഥ മെനയട്ടെ എന്ന ആശയം.
എഴുത്തിൽ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ചെറിയ രീതിയിലെങ്കിലും ശബ്ദം കേൾപ്പിച്ച് നിൽക്കാൻ കഴിയുന്നത് ഓരോ വായനക്കാരുടെയും സ്നേഹവും വായനയും പിന്തുണയും വിമർശനവും കൊണ്ടാണ്. ഏകദേശം മുപ്പതോളം പുസ്തകൾ എഴുതാൻ സാധിച്ചു എന്നതും വലിയ കാര്യമായി തോന്നുന്നു. മറവിക്കെതിരെയുള്ള ഓർമ്മയുടെ ചേർത്തുവെയ്ക്കലുകളാണ് എഴുത്തുകൾ എന്നു കൂടെ പറയുകയാണ് ബെന്യാമിന്റെ നോവലുകൾ.
(കേരള സാഹിത്യ അക്കാദമിയുടെ ‘എന്റെ രചന ലോകങ്ങൾ’ എന്ന പ്രഭാഷണ പരമ്പരയിൽ 2024 ഓക്ടോബര് 24ന് ബെന്യാമിൻ നടത്തിയ പ്രഭാഷണം)
No Comments yet!