2021ല്‍ തിയറ്റര്‍ റൂമുമൊത്തുണ്ടായ അഭിമുഖത്തില്‍ അറിയപ്പെടുന്ന നാടക സംവിധായകനും എഴുത്തുകാരനുമായ അഭിഷേക് മജുംദാര്‍ ഒരു ഓപറയുടെ ചുക്കാന്‍ പിടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. 2025ലെത്തിയപ്പോള്‍ അദ്ദേഹം പ്രസിദ്ധമായ പ്രിഥ്വി തിയറ്ററിലൊരു അംബേദകറൈറ്റ് ഓപറ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിട്ടുണ്ടായിരുന്നു. മുംബൈയിലെ യല്‍ഗാര്‍ സംസ്‌കൃതിക് മഞ്ചും ബംഗളൂരുവില്‍ നിന്നു പ്രവര്‍ത്തിക്കുന്ന നളന്ദ ആര്‍ട്ട് സ്റ്റുഡിയോയും തമ്മില്‍ ഒത്തൊരുമിച്ചാണ് കവന്‍ ഹിന്ദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. `യുവ അംബേദ്കര്‍ അനുഭവങ്ങളെക്കുറിച്ചൊരു ഓപറ അനുഭവം` എന്നാണു കവന്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. 150 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പ്രദര്‍ശനം വൈരുദ്ധ്യങ്ങളും അരികുവത്കരണവും നിറഞ്ഞ് നില്‍ക്കുന്ന തീവ്ര ഉത്കര്‍ഷേച്ഛകളുള്ള ഇന്ത്യയില്‍ അതിദ്രുതം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സാരാംശം പിടിച്ചെടുക്കാന്‍ ശ്രമിച്ചിരിക്കുന്നു.

ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കവന്‍, അംബേദ്കര്‍ ശാഹരി ജല്‍സയുടെ പാരമ്പര്യത്തില്‍, കവിതകള്‍, ഗാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണവതരിപ്പിക്കപ്പെടുന്നത്. സുരേഷ് ജാധവിന്റെ കഥ, അഭിഷേകിന്റെ സംവിധാനം. നാടകരചനാവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഇരാവതി കര്‍ണിക്കും ജോസെലിന്‍ ക്‌ളാര്‍ക്കുമാണ്. എം. ഡി പല്ലവിയാണ് സംഗീത രചന. സിദ്ധാര്‍ത്ഥ് പ്രതിഭാവന്ത്, പ്രവീണ്‍ മുക്ത, പ്രിയാപാല്‍ ദശാന്തീ, ധമ്മരക്ഷിത് റണ്‍ദിവെ, അമൃത തോഡര്‍മാല്‍, അപൂര്‍വ്വ കദം എന്നിവരൊക്കെ സഹായത്തിനുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി അബുദാബി (എന്‍.വൈ.യു.എ.ഡി) യുടെ ആര്‍ട്‌സ് ആന്‍ഡ് ഹുമാനിറ്റീസ് വിഭാഗം ഈ പദ്ധതിയ്ക്ക് വേണ്ട പിന്തുണ നല്‍കുന്നു. എന്‍.വൈ.യു.എ.ഡിയുടെ ആര്‍ട്‌സ് സെന്ററാണിതിനൊപ്പം സഹകരിച്ചിരിക്കുന്നത്.
കാവനില്‍, യുവാവായ ബെജുളിനു ചുറ്റിലുമാണവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആശങ്കങ്ങളും ജാതിയ്ക്കും വര്‍ഗ്ഗത്തിനും ഇടയിലൂടെ നീങ്ങുന്നത്. അയാളുടെ ലോക് ശാഹിര്‍ പിതാവ് കൊല്ലപ്പെട്ടപ്പോള്‍ ബെജുളിന് തന്റെ ജീവിതം പരിവര്‍ത്തിപ്പിക്കാനാകുന്ന ഒരു പാത തിരഞ്ഞെടുക്കേണ്ടി വരുന്നു.
ഇതിന്റെ പ്രഥമ പ്രദര്‍ശനത്തിനു മുമ്പ് അഭിഷേകും ധമ്മരക്ഷിതും, കാവന്റെ നിര്‍മ്മാണത്തെക്കുറിച്ചും യല്‍ഗാര്‍, നളന്ദ എന്നിവരുമൊത്തുള്ള സഹകരണത്തെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഇന്ന് ഇന്ത്യയില്‍ ഇങ്ങനെയൊരു സംരഭത്തിന്റെ സാംഗത്വത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. അതില്‍ നിന്ന് ചില ഭാഗങ്ങള്‍:
ചോദ്യം : യല്‍ഗാറും നളന്ദയും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനത്തിനു കാരണമായതെന്ത്? എപ്പോഴായിരുന്നു അതിന്റെ തുടക്കം?
അഭിഷേക് : പൃഥ്വിരാജ് കപൂറിന്റെ കിസാന്‍ എന്ന നാടകത്തിനൊരു ആധുനിക രൂപം സംവിധാനം ചെയ്യാന്‍ പൃഥ്വി തിയറ്റര്‍ എന്നെ ക്ഷണിച്ചതാണതിന്റെ തുടക്കം. കോവിഡ്-19 മഹാമാരിക്ക് തൊട്ടു മുമ്പായിരുന്നു അത്. അതിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ഞാന്‍ ധമ്മയെ (ധമ്മരക്ഷിത്) പരിചയപ്പെട്ടു. യല്‍ഗാറിന്റെ സ്ഥാപകരില്‍ ഒരാളാണദ്ദേഹം. ഏകദേശം ഇക്കാലത്തു തന്നെയാണെനിക്ക് ഛായ കദം എന്ന അഭിനേതാവുമായും മറ്റു കലാകാരന്മാരുമായും ബന്ധപ്പെടാനായത്. ഞങ്ങള്‍ക്കൊപ്പം അവര്‍ ബംഗളൂരുവില്‍ ഒരു വര്‍ക്ഷോപ് ചെയ്തിരുന്നു. ഈ നാടകത്തിലെ പ്രവര്‍ത്തനം കൗതുകകരമായ അനുഭവമായി. അതിനൊരു കാരണം കിസാന്‍ എഴുതപ്പെട്ടത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച നാളുകളിലായിരുന്നു എന്നതാണ്. പുതുതായി ലഭിച്ച സ്വാതന്ത്ര്യത്തില്‍ കര്‍ഷകര്‍ അനുഭവിച്ച മോഹഭംഗം, കാര്യങ്ങള്‍ അധികമൊന്നും മെച്ചപ്പെട്ടില്ല എന്ന അവരുടെ ചിന്ത, എന്തുകൊണ്ട് എന്നിവയിലാണീ കഥ കേന്ദ്രീകരിച്ചത്. അതിന്റെ സമയം, സ്ഥലം എന്നിവയുടെ പ്രത്യേകതകള്‍ മൂലം ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കിസാന്‍ കടന്നുചെന്നിരുന്നില്ല. എന്നാല്‍ ഈ കഥ വീണ്ടും പറയുകയാണെങ്കില്‍ ജാതി എന്ന പ്രശ്‌നം പരിഗണിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാകില്ല എന്നു തോന്നി. അതിനര്‍ത്ഥം തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍, ഉദാഹരണത്തിനായി നിങ്ങള്‍ പഞ്ചാബിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട കര്‍ഷകനാണെങ്കില്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേയോ അല്ലെങ്കില്‍ ബംഗാളിലെ തന്നെയോ ദളിത് കര്‍ഷകരുടെ അവസ്ഥയില്‍ നിന്ന് വളരെ വിഭിന്നമായിരിക്കും നിങ്ങളുടെ അവസ്ഥ എന്നാണ്. അക്കാലത്തേക്കാള്‍ ഇന്ന്, നമ്മള്‍ സമൂഹത്തെ മനസിലാക്കുന്നതില്‍ ജാതി ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. അക്കാലങ്ങളില്‍ അത് വളരെ വ്യത്യസ്തമായ അല്ലെങ്കില്‍ നിരുപാധികമായ വിധത്തിലാണതിനെ സ്വീകരിച്ചിരുന്നതെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യന്‍ സമൂഹത്തിനു രൂപം നല്‍കേണ്ടതെങ്ങനെ, അതിന്റെ നിര്‍വചിക്കേണ്ടതെങ്ങനെ എന്ന ചര്‍ച്ചകളുടെ മദ്ധ്യത്തിലേക്ക് അംബേദ്കറൈറ്റ് പ്രശ്‌നാവലികള്‍ കൊണ്ടുവരാന്‍ പല ദളിത് തൊഴിലാളികളും കലാകാരന്മാരും പണ്ഡിതരും ശ്രമിച്ചിട്ടുണ്ട്. അതിലെ ഒരു വിജയം തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നതില്‍ സംശയമില്ല. അവിടെ ദളിത് വോട്ടര്‍മാര്‍ക്ക് ഒരു പ്രധാന പങ്കു വഹിക്കാനുണ്ട്. അതിനാല്‍ കിസാന്റെ പുതുരൂപത്തില്‍ ജാതി എന്നതിനെന്തു പങ്കുണ്ട് എന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്ന പാതയിലൂടെ സഞ്ചിരിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു. ഞങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കാനും, ആശയങ്ങള്‍ പങ്കിടാനും തീരുമാനിച്ചു. ഞാനും ധമ്മയും പ്രത്യേകിച്ചും. അങ്ങനെ ഏകദേശം രണ്ടു വര്‍ഷം മുമ്പ് ഞങ്ങള്‍ ഓണ്‍ലൈനില്‍ ചില പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. യല്‍ഗാറും, കൊല്‍ക്കത്തയില്‍ നിന്നുള്ള ബിരാതി സമൂഹൊ എന്നു പേരുള്ള വനിതാ അഭിനേതാക്കളുമൊന്നിച്ചായിരുന്നു ഇത്. ബിരാതി സമൂഹൊയൊ നയിച്ചിരുന്നത് ടിതാന്‍ ദത്തയാണ്.
ഈ രണ്ടു സംഘങ്ങള്‍ക്കുമായി ഒരു നാടകമായിരിക്കും നല്ലതെന്ന ചിന്തയാണെനിക്ക് ആദ്യമുണ്ടായത്. കാരണം ഈ സംഘങ്ങള്‍ എന്നും `അരികുവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം` എന്നു വിളിക്കുന്നിടത്താണല്ലോ. എന്നാല്‍ ഈ അരികുകളിലുള്ളവരുടെ എണ്ണം പരിഗണിച്ചാല്‍ അതൊരു അരികല്ല എന്ന് നിങ്ങള്‍ തിരിച്ചറിയും. അതിനാല്‍ നമ്മള്‍ മുഖ്യധാരയിലുള്ള കാര്യങ്ങളും വീക്ഷിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയ ഇഴകള്‍, പൊതുവായി നിങ്ങളില്‍ എന്തുണ്ട് തുടങ്ങിയ ചോദ്യങ്ങളിലേക്കുള്ള ഊളിയിടലുകള്‍ എന്നിങ്ങനെയുള്ള മുഖ്യധാരാ വിഷയങ്ങള്‍. എന്തൊക്കെ ഘടകങ്ങളോടാണവ പ്രതിരോധം ചമയ്ക്കുന്നത്? ഈ പ്രസ്ഥാനങ്ങളില്‍ പൊതുവായി എന്തുണ്ട്? അതിന്റെ വിശകലനങ്ങള്‍ ഞങ്ങളോട് പറഞ്ഞത് ഈ സംഘങ്ങള്‍ ഒരേ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകും എങ്കിലും രണ്ട് വ്യത്യസ്ത നാടകങ്ങള്‍ ഇതിനായി വേണ്ടി വരും എന്നാണ്. അതിനു പ്രധാന കാരണം അവരുടെ കഥകള്‍ വ്യത്യസ്തങ്ങളും അവയെ സംബന്ധിച്ചിടത്തോളം പരിപൂര്‍ണ്ണവുമാണെന്നതാണ്.
അത് മനസ്സില്‍ വച്ചുകൊണ്ട് ഞങ്ങള്‍ ഈ പദ്ധതികളെ വേര്‍തിരിക്കാനാരംഭിച്ചു. ഞാന്‍ മുംബൈയിലെത്തി. ഏതാനും തവണ യല്‍ഗാര്‍ സന്ദര്‍ശിച്ചു. അവരുടെ അംബേദ്കറി ശാഹിരി ജല്‍സകളില്‍ ചിലത് കണ്ടു. ഞങ്ങള്‍ ചര്‍ച്ചകളാരംഭിച്ചു. പിന്നീട് സംഗീതത്തിനായി പല്ലവി ചിത്രത്തിലെത്തി. ഇരാവതി നാടകവത്കരണത്തിനായും. ഞങ്ങളൊന്നിച്ചുള്ള ആ പ്രവര്‍ത്തനം ഏകദേശം ഒരു വര്‍ഷം നീണ്ടു. 2024 ജൂലയില്‍ ഞങ്ങള്‍ ഒരു വര്‍ക്ഷോപ് നടത്തി. അതിനു ശേഷമാണ് സുധീഷ് കവനായുള്ള കഥയുടെ രചന ആരംഭിച്ചത്. സ്‌ക്രിപ്റ്റ് തയ്യാറായതിനു ശേഷം യല്‍ഗാറിന്റെ സംഘവും ഇരാവതിയും ഞാനും ഏകദേശം ആറു മാസങ്ങളെടുത്താണ് ഗാനനാടകത്തിലെ സാഹിത്യം തയ്യാറാക്കിയത്. അതിനു സമാന്തരമായി പല്ലവിയും യല്‍ഗാറിലെ അംഗങ്ങളും ചേര്‍ന്ന് സംഗീതം രചിച്ചു. അങ്ങനെ അത് പൃഥ്വി തിയറ്ററില്‍ അവതരണത്തിനു തയ്യാറായി.
ചോദ്യം : പരസ്പര സഹകരണത്താല്‍ നിര്‍മ്മിതമായത് എന്ന നിലയില്‍ താങ്കളെ സംബന്ധിച്ചിടത്തോളം കവന്‍ എന്തര്‍ത്ഥം നല്‍കുന്നു? ഇന്ത്യന്‍ തിയറ്ററിന്റെ ലോകത്തില്‍ അതിനെന്തു സാംഗത്യമുണ്ടെന്നാണു താങ്കള്‍ കരുതുന്നത്?
അഭിഷേക് : 2014നു ശേഷം കലാ സ്വാതന്ത്ര്യം, ആശയപ്രകാശനം, എന്നിവയിന്മേലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും ആക്ടിവിസ്റ്റുകളും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അവരുടെ കൃതികള്‍ നിരോധിക്കപ്പെടുകയോ അക്രമാസക്തമായി നീക്കം ചെയ്യപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ഇത് കലാകരന്മാര്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സംജാതമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പലരും അവരുടെ കലാപ്രവര്‍ത്തനങ്ങള്‍ ഒന്നു പിടിച്ചു വയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു. ആ വീക്ഷണകോണില്‍ നിന്നു സംസാരിക്കുകയാണെങ്കില്‍, ഇത്തരത്തിലുള്ള സഹരകണ പദ്ധതികള്‍, അവര്‍ക്ക് ഹാനിവരുന്നതില്‍ നിന്നകന്നു നിന്ന് തങ്ങളുടെ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യത നല്‍കുന്നു. ഈ ലോകം മെച്ചപ്പെട്ട ഒരിടമാക്കുക എന്നത് നമ്മുടെ സ്വപ്നമായി നിലനില്‍ക്കുമ്പോഴും ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യമുള്ളത് പരസ്പരം കൈകോര്‍ത്ത് ഒന്നിച്ച് മുന്നേറുക എന്നതിനാണ്. അങ്ങനെയെങ്കില്‍ അതൊരു പക്ഷേ കൂടെയുള്ളവരുടെ പ്രയത്‌നങ്ങളെ പതിധ്വനിപ്പിക്കാനും സഹായിച്ചേക്കും. അതിനര്‍ത്ഥം എല്ലാ സഹകരണങ്ങളും പരസ്പരം ഗുണം നല്‍കും എന്നല്ല. ചിലപ്പോഴെങ്കിലും ഒരു സംഘം മറുസംഘത്തിന് തങ്ങളൊരു സഹായം ചെയ്തു തരികയാണെന്ന മനോഭാവമുണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ക്ക് മാറി നില്‍ക്കണമായിരുന്നു, മാറി സഞ്ചരിക്കണമായിരുന്നു. ഈ പ്രത്യേകാല്‍ സഹകരണം രണ്ടു വര്‍ഷം കൊണ്ട് ജൈവികമായി രൂപപ്പെട്ടതാണ്. പരസ്പരം മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സമയമെടുത്തു. പരസ്പരം മനസിലാക്കി ഒരു ബന്ധം സ്ഥാപിക്കാനും അതിനു ശേഷം കവന്റെ നിര്‍മ്മിതിയ്ക്കും.
ഞങ്ങള്‍ കണ്ടുമുട്ടിയവര്‍ ഞങ്ങളുടെ സുഹൃത്തുക്കളോ പരിചയക്കാരോ ആണെന്ന ചിന്തയുണ്ടായപ്പോള്‍ പലപ്പോഴും `ഇതൊരു ചെറിയ ലോകമാണല്ലോ` എന്നു പറയാറുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയാകരുതെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ക്ക് ജനാധിപത്യത്തേയും അക്രമരാഹിത്യത്തേയും പിന്തുണയ്ക്കുന്ന സമാനമനസ്‌കരുടെ ഒരു വലിയ ലോകം വേണം. അത്തരം വൃന്ദങ്ങള്‍ കൂടെക്കൂടെ ചെറുതായിക്കൊണ്ടിരിക്കുന്നു. അത് ദുഃഖകരമാണ്. അതിനാല്‍ ആ വൃന്ദം പുതിയ സുഹൃത്തുക്കളെ ചേര്‍ത്ത് വിപുലീകരിക്കുന്നതിനുള്ള ഒരു പുതിയ തുടക്കമാണ്. ഒരു പക്ഷേ ഈ നാടകം യല്‍ഗാര്‍ സൃഷിക്കുന്നതരം നാടകങ്ങളിലേക്ക് പുതിയ സദസ്യര്‍ക്ക് വാതില്‍ തുറന്ന് കൊടുക്കാന്‍ സഹായിച്ചേക്കും എന്നു പ്രതീക്ഷിക്കുന്നു. നാടകത്തിനു കലാമൂല്യമുണ്ടാകണം, അത് സദസ്യരെ ആകര്‍ഷിക്കുകയും രസിപ്പിക്കുകയും വേണം എങ്കിലും കൂടുതലാളുകളിലേക്കെത്തുക എന്നതിനും പ്രാധാന്യമുണ്ട്.
ചോദ്യം : മുമ്പ് താങ്കള്‍ ഡെസ്‌ഡെമോണ രൂപകം സംവിധാനം ചെയ്തിട്ടുണ്ട്. അതൊരു ചേംബര്‍ ഓപറ എന്നു വിളിക്കാവുന്നതായിരുന്നു. ഇപ്പോള്‍ താങ്കള്‍ അംബേദ്കറൈറ്റ് ഓപറയുടെ തലപ്പത്തിരിക്കുന്നു. ഈ രണ്ടു പദ്ധതികള്‍ക്കും സാമൂഹ്യപരമായ അനിവാര്യതയുണ്ട് എന്നു ചിന്തിക്കുമ്പോള്‍ ഇവയിലെ പ്രവര്‍ത്താനുഭവങ്ങളെക്കുറിച്ച് താങ്കളുടെ മനസ്സിലുള്ള പ്രതിഫലനങ്ങള്‍ എന്തൊക്കെയാണ്.
അഭിഷേക് : കൗതുകകരമെന്നു പറയട്ടെ ഡെസ്‌ഡെമോണ രൂപകവും കാവനും തമ്മില്‍ വളരെയധികം സാമ്യങ്ങളുണ്ട്. ഡെസ്‌ഡെമോണ രൂപകത്തില്‍ ഷെയ്ക്‌സ്പിയറുടെ ഒഥല്ലോയുടെ ചില ഇഴകള്‍ കാണാമെങ്കിലും അതില്‍ മുഖ്യമായുമുള്ളത് ഫെമിനിസ്റ്റ് രാഷ്ട്രീയമാണ്. അത് ഇതിഹാസങ്ങളെ വെല്ലുവിളിക്കുന്നു. വളരെയധികം യഥാര്‍ത്ഥ ജീവിതകഥകളില്‍ നിന്നാണത് പ്രചോദനമുള്‍ക്കൊണ്ടിരിക്കുന്നത്. ഡെസ്‌ഡെമോണ രൂപകത്തിന്റെ നിര്‍മ്മാണ വേളയില്‍ ഞാനൊരു പ്രധാന കാര്യം മനസിലാക്കുകയുണ്ടായി. ഒരു പക്ഷേ കോവിഡ്-19ന്റെ കാലങ്ങളിലെ മിക്കവാറും നാടക പ്രവര്‍ത്തകരെല്ലാം അതു മനസിലാക്കിയിട്ടുണ്ടാകും. മഹാമാരിക്കാലത്ത് വീടിനു പുറത്തിറങ്ങി ഒരു പ്രദര്‍ശനം നടത്തിയാല്‍ അത് വളരെ ദൂരം സഞ്ചരിക്കാന്‍ തയ്യാറുള്ള ഒന്നിനെക്കുറിച്ചാകണം. അല്ലാത്തപക്ഷം അതിനൊരു അര്‍ത്ഥവുമുണ്ടാകില്ല. ഒരു പക്ഷേ എല്ലാ നാടകങ്ങളുടെ കാര്യത്തിലും ഇതു ബാധകമായിരിക്കാം. എന്നാല്‍ ഇത് എല്ലാ സഹകാരികള്‍ക്കും സത്യമായി തീരുന്നതാണെന്ന് തിരിച്ചറിയേണ്ടതിനു പ്രാധാന്യമുണ്ട്. യല്‍ഗാറുമൊത്ത് ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ശാഹിരി ജല്‍സ ചെയ്യുന്ന അംബേദ്കറി സംഘം എന്ന നിലയില്‍, അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും അംബേദ്കറൈറ്റ് രാഷ്ട്രീയമുണ്ടെന്നത് വ്യക്തമായി. അതൊരു തിരഞ്ഞെടുപ്പായിരുന്നില്ല, അവരങ്ങനെയായിരുന്നു എന്നതായിരുന്നു. അതിനാല്‍ കവന്റെ നിര്‍മ്മാണവേളയില്‍ എനിക്കു ചെയ്യാനുണ്ടായിരുന്ന കാര്യങ്ങളില്‍ ഒന്ന് ഒരു നേതാവാകാതിരിക്കുക എന്നതായിരുന്നു.
ഈ പ്രക്രിയയുടെ നേതൃത്വം പൂര്‍ണ്ണമായും യഥാര്‍ത്ഥത്തില്‍ യല്‍ഗാറിന്റെ കൈവശമാണ്. പാരമ്പര്യമനുസരിച്ച് സംവിധായകന്റെ തീരുമാനമാകേണ്ടിയിരുന്ന എല്ലാം തന്നെ നിങ്ങള്‍ വീക്ഷിച്ചാല്‍ അത് സംഘമൊന്നിച്ചു തീരുമാനിച്ചതാണെന്ന് കാണാനാകും. അതിന്റെ സ്‌ക്രിപ്റ്റ്, വസ്ത്രാലങ്കാരം, വര്‍ണ്ണങ്ങള്‍, തുടങ്ങി നാടകം എങ്ങനെ അവസാനിക്കണം എന്നതു വരെ. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തത് അവരുടെ തീരുമാനങ്ങള്‍ ഒന്നിച്ചു തുന്നിച്ചേര്‍ത്ത് പരസ്പരൈക്യമുള്ള ഒന്നാക്കി മാറ്റുക മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ അവരുടെ തീരുമാനങ്ങളെ സംവിധാനം ചെയ്യുക മാത്രമാണുണ്ടായത്, അല്ലാതെ ഒന്നിനെക്കുറിച്ചും തീരുമാനങ്ങളെടുക്കുകയല്ല. അവരുടെ തീരുമാനങ്ങളോട് ഞാന്‍ യോജിക്കുന്നില്ല എന്നു പറയുകയുമല്ല. അതിനര്‍ത്ഥം അവരുടെ പ്രക്രിയകളോടും ഞാന്‍ യോജിച്ചു എന്നാണ്. ഒരു യാഥാസ്ഥിതിക സംവിധായകന്റേതില്‍ നിന്നു വളരെ വ്യത്യസ്തമായ ഭാഗധേയമാണത്. എന്നാല്‍ അതൊരു നല്ല വ്യത്യസ്തതയായി എന്നെനിക്ക് തോന്നുന്നു. ഡെസ്‌ഡെമോണ രൂപകത്തിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. ആ നാടകത്തിന്റെ സ്‌ക്രിപ്റ്റും എല്ലാവരും ഒന്നിച്ചെഴുതിയതാണ്. പ്രത്യേകിച്ചും സംഘത്തിലെ സ്ത്രീകളെല്ലാം ചേര്‍ന്ന്. അവരാണ് ഗാനങ്ങളേതൊക്കെ എന്നു തീരുമാനിച്ചത്. അതില്‍ വിവിധ പ്രായങ്ങളിലുള്ള സ്ത്രീസ്വരങ്ങളുണ്ട്.
അതിനാല്‍ ഒരു കാലഘട്ടത്തിനിടയില്‍ സംഭവിച്ചതെന്തെന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രാഥമിക നിര്‍ണ്ണയക്കാരനല്ലാതിരിക്കുന്നത് എനിക്ക് കൂടുതല്‍ സൗകര്യപ്രദമായി തുടങ്ങി എന്നതാണ്. പകരം പലര്‍ ചേര്‍ന്ന് തീരുമാനങ്ങളിലെത്തിച്ചേരാനൊരിടം ഉണ്ടാക്കിയെടുക്കുന്നവനായി. അവയെയെല്ലാം ഒന്നിച്ചു തുന്നിച്ചേര്‍ക്കുക എന്ന ഭാഗം എനിക്കഭിനയിക്കാനുമാകും. വര്‍ഷങ്ങളായി സമാനമായ ഒരു പ്രക്രിയ എഴുത്തിലും എനിക്കുണ്ടായിരുന്നു. കാശ്മീരി നാടകങ്ങളില്‍ (ഈദ്ഗാഹിലെ ജിന്നുകള്‍) പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, അല്ലെങ്കില്‍ ടിബറ്റന്‍ നാടകങ്ങളില്‍ (പാഹ്-ലാ) പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, ഞാന്‍ ജനങ്ങളോട് വളരെയധികം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. എന്നിട്ട് എന്റേതിനേക്കാള്‍ അധികമായി അവരുടെ അഭിപ്രായങ്ങള്‍ പ്രതിനിധീകരിക്കുന്ന സ്‌ക്രിപ്റ്റ് തയ്യാറാക്കി. എന്റെ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രൂപപ്പെടുത്തത് അവരുടെ വീക്ഷണങ്ങളിലൂടെയാണെന്നതു സാത്യം. കാരണം അതെല്ലാം മറ്റുള്ളവരുടെ വിഷയങ്ങളായിരുന്നു. അവയെക്കുറിച്ച് കൂടുതലറിയാനൊരു താത്പര്യം എന്നിലുണ്ടായിരുന്നു. അതുപോലെ, കവന്റെ കാര്യത്തിലും, എല്ലാ വായനകളും കാഴ്ചകളും, ചര്‍ച്ചകളും, ഈ കലാരൂപത്തിനു ജന്മം കൊടുത്ത ശില്പികളില്‍ ഒരാളാണു ഞാന്‍, അല്ലാതെ അതിന്റെ നേതാവല്ല, എന്നു പറയുന്നതില്‍ സന്തോഷം തോന്നുന്ന ഒരു അവസ്ഥയിലേക്ക് എനിക്കെന്നെ എത്തിക്കാനായിട്ടുണ്ട്.
ചോദ്യം : കവന്റെ കഥയെ എങ്ങനെ വിവരിക്കും?
അഭിഷേക് : പ്രാഥമികമായും കവന്‍ ബെജുള്‍ എന്ന യുവാവിന്റെ കഥയാണ്. അയാളുടെ പിതാവ് ഒരു ലോക് ശാഹിര്‍ ആണ്. ലോക് ശാഹിര്‍ എന്നാല്‍ അംബേദ്കര്‍ സാമൂഹ്യ പരിഷ്‌കരണ സംഗീത രൂപം. അതില്‍ പ്രതിഷേധ ഗാനങ്ങളും കവിതകളുമുണ്ട്. ബെജുളിന്റെ പിതാവ് കൊല്ലപ്പെട്ടു. ഭക്തയായ അയാളുടെ അമ്മ അയാള്‍ ശാഹിറിലേക്ക് തിരിയുന്നതിനെ വിലക്കാന്‍ ശ്രമിക്കുന്നു. ആദ്യമൊക്കെ അയാളും അതില്‍ നിന്ന് മാറി നില്‍ക്കാന്‍ താത്പര്യപ്പെട്ടു. ഈ നാടകം ബെജുള്‍ ഒരു ശാഹിറാകുന്നതിനെക്കുറിച്ചാണ്. ഈ ലോകത്തിലെ ചില ആശയങ്ങളെ അംഗീകരിക്കുന്ന ഒരുവന്റെ യാത്രയാണത്. നമ്മള്‍ ലിംഗം, ജാതി തുടങ്ങിയ സാമൂഹിക വ്യവസ്ഥകള്‍ അംഗീകരിക്കുന്നതുപോലെ ആ ആശയങ്ങളെയും അംഗീകരിക്കുന്നവന്റെ. അയാളപ്പോള്‍ തന്റെ പല പരിമിതികളും മനുഷ്യനിര്‍മ്മിതമാണെന്ന് തിരിച്ചറിയുന്നു. അവയൊന്നും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയല്ല. അതില്‍ ഏറ്റവും ക്‌ളാസിക്കായിട്ടുള്ളത് നിങ്ങള്‍ ഒരു താണ ജാതിയില്‍ പിറന്നവനാണെങ്കില്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനം, ഉന്നത ജാതിയില്‍ പിറന്ന ഒരുവനുണ്ടാകുന്നവനേക്കാള്‍ വളരെ വ്യത്യസ്തമായിരിക്കും എന്നതാണ്. അത് വിദ്യഭ്യാസം, സാമ്പത്തികം അല്ലെങ്കില്‍ ആരോഗ്യവിഷയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മാത്രമല്ല. ഹിന്ദു ജാതിവ്യവസ്ഥയുടെ അടിസ്ഥാനമാണത്. അതിനാല്‍ ബെജുളിന്റെ യാത്ര, സംഗീതത്തിലൂടെ, ഒരു നിശ്ചിത രാഷ്ട്രീവ നിര്‍വചനം നല്‍കുന്നു.
ചോദ്യം : ഈ നാടകത്തില്‍ താങ്കള്‍ക്കുള്ള പങ്കിനെപ്പറ്റി പറയാമോ…
ധമ്മരക്ഷിത് : ആദ്യം തന്നെ പറയാനുള്ളത് ഇതൊരു കൂട്ടായ പ്രവര്‍ത്തനമാണെന്നാണ്. ഇന്നത്തെ കാലത്ത് അത് അപൂര്‍വ്വമാണെന്ന് എനിക്കു തോന്നുന്നു. സമൂഹ മാധ്യങ്ങളുടെ കാലങ്ങളില്‍ ഒരു കൃതിയുടെ വിശ്വാസ്യത നിര്‍ണ്ണയിക്കുന്നത് ലൈക്കുകളും ഫോളോവര്‍മാരുടെ എണ്ണവുമാകുമ്പോള്‍, പലരും ഒന്നിച്ച് നിന്ന് ഓഫ്‌ലൈനില്‍ എന്തെങ്കിലും സൃഷ്ടിക്കുന്നതിനു മടിക്കും. കവനില്‍ ഉപകഥകളും കഥാപാത്രങ്ങളും ഈ സംഘം ഒന്നിച്ചു വികസിപ്പിച്ചവയാണ്. എനിക്കിതില്‍ നായകന്റെ (ബെജുളിന്റെ) പിതാവിന്റെ ഭാഗമാണ്. അദ്ദേഹം ഒരു ശാഹിറാണ്. അദ്ദേഹം പുരോഗമനാത്മകതയ്ക്കായി / പ്രതിഷേധ സംഗീതത്തിനായി പ്രവര്‍ത്തിക്കുന്നവനാണ്. ബ്രാഹ്‌മണിസത്തിന്റേയും ജാതി ചിന്തകളുടെയും ദൂഷ്യങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തുന്നവനാണ്. പക്ഷേ അദ്ദേഹത്തിന്റെ സംഗീതം പിന്നീട് അദ്ദേഹത്തിന്റെ ജീവനു ഹാനി വരുത്തുന്നു.
അദ്ദേഹത്തിന്റെ മരണത്തിനു ശേഷം അച്ഛന്റെ കലയുടെ പാത പിന്തുടരാനുള്ള പ്രചോദനം ബെജുളിലുണ്ടാകുന്നില്ല. പകരം അയാള്‍ മതത്തിലേക്കും മനുവാദത്തിലേക്കും ആകൃഷ്ടനാകുന്നു. പിന്നീട് ബെജുളിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന പിതാവാണയാളെ അയാളുടെ വേരുകളിലേക്ക് കൊണ്ടുപോകുന്നത്. ഒരര്‍ത്ഥത്തില്‍ ഈ കഥാപാത്രത്തിനുള്ള പ്രചോദനം മഹാത്മാ (ജ്യോതിറാവൊ) ഫൂലെയുടെ പ്രസ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ്. ഞാനിതില്‍ ബാന്‍ഡിനൊപ്പം ആഖ്യാതാവിന്റെ ഭാഗവും അഭിനയിക്കുന്നുണ്ട്.
വീണ അപ്പയ്യയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ മാനേജരും. ദിയ നായിടു നൃത്ത സംവിധായിക. വെളിച്ചം കൈകാര്യം ചെയ്തിരിക്കുന്നത് നിരഞ്ജന്‍ ഗോഖലെ. സെറ്റ് രൂപകല്പന ബൂഷന്‍ പാട്ടീല്‍. വീഡിയോ രൂപകല്പന ഗൗരവ് സിങ്ങ് നിജ്ജെര്‍. വസ്ത്രാലങ്കാരം അമൃത തോഡര്‍മാലിന്റേതാണ്.
വിവര്‍ത്തനം : സുരേഷ് എം.ജി.


2025 ജൂലയ് പന്ത്രണ്ടാം തിയതി മാട്ടുംഗയില്‍ കവന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിശദാംശങ്ങള്‍ താഴെക്കൊടുക്കുന്നു.
യല്‍ഗാര്‍ സംസ്‌കൃതിക് മഞ്ചും നളന്ദ ആര്‍ട്‌സ് സ്റ്റുഡിയോയും ചേര്‍ന്ന് അവതരിപ്പിക്കുന്നു.
കവന്‍ : ഒരു അംബേദ്കറൈറ്റ് ഓപറ
ഭാഷ : ഹിന്ദി.
ദൈര്‍ഘ്യം : രണ്ടര മണിക്കൂര്‍ (ഇടവേളയുള്‍പ്പെടെ)
തിയതിയും സമയവും : 2025 ജൂല 12, വൈകീട്ട് ഏഴേകാലിന്
സ്ഥലം : സാല്‍ഗോണ്‍കര്‍ പ്രയോഗിക് റംഗമംച്
യശ്വന്ത് നാട്യമന്ദിര്‍ (മിനി ഹാള്‍) മാട്ടുംഗ, മുംബൈ
No Comments yet!