Skip to main content

പെണ്ണുടലുകളുടെ വിമോചന സങ്കീർത്തനം

ചിത്രത്തിലെ പഴങ്ങൾക്ക് മണവും രുചിയുമുണ്ട്. അവ സഹിച്ച വേനൽ, മഴ, മഞ്ഞ് ‘അവയെ ആഹ്ലാദിപ്പിച്ച നിലാവ്, പ്രഭാതം എല്ലാ അനുഭവവേദ്യമാക്കുന്ന അനുഭൂതി മണ്ഡലത്തെ ചിത്രകാരൻ ആസ്വാദകനു മുന്നിൽ തുറന്നിട്ടു കൊടുക്കുന്നുണ്ട്. സാൽവദോർ ദാലി, കാലത്തെ ചരരാശിയിൽ ഒഴുകുന്ന ദ്രവ വേഗമായി ചിത്രങ്ങളിൽ പകരുന്ന പോലെ, ബീഥോവന്റെ രചനകൾ പ്രകൃതി പ്രതിഭാസങ്ങളുടെ ഭാവഭേദങ്ങൾ രാഗധ്വനികളിൽ ലയസാന്ദ്രമാക്കുന്ന പോലെ. ഒരു സവിശേഷ കലാരൂപത്തിന്റെ മാധ്യമ ഘടനയെ തകർത്ത് പകരം നവീനമായ നൃത്തരൂപ നിർമ്മിതിയിലൂടെ ഒരു പ്രമേയത്തെ ദൃശ്യവിസ്മയമാക്കിയ നാടകാനുഭവമാണ് നെയ്ത്ത് -ദി ആർട്ട് ഓഫ് വീവിങ്ങ്. റിമ കല്ലിങ്ങൽ സംവിധാനം നിർവഹിച്ച, എറണാകുളം മാമാങ്കം ഡാന്‍സ് കമ്പനിയുടെ ഈ നാടകം കേരളത്തിന്റെ 15ാമത് അന്തർദ്ദേശീയ നാടകോത്സത്തിലെ ഒരു മികച്ച അവതരണമായിരുന്നു.

ജീവിതം പ്രയാസപൂർവം നെയ്തെടുക്കുന്ന കൈത്തറി നെയ്ത്തുശാലയിലെ പെൺതൊഴിലാളികളുടെ അദ്ധ്വാനം, അതിന്റെ സ്വാഭാവിക ശബ്ദതാളലയ വിന്യാസത്തിൽ ഇന്ത്യൻ സമകാലിക നൃത്തരൂപങ്ങളിലൂടെ പുനരാവിഷ്കരിക്കുകയാണ്. കലയെ അദ്ധ്വാനത്തിന്റെ സർഗാത്മക അനുഷ്ഠാനമായി തിരിച്ചറിയുന്ന, പെണ്ണുടലിന്റെ സ്വാതന്ത്ര്യത്തിന്റെ ശക്തി ലാവണ്യങ്ങൾ ഉണർത്തുന്ന ഒരു സംഘബോധമായി നാടകം വിവിധ മാനങ്ങൾ നേടുന്നുണ്ട്. തൊഴിലിടങ്ങളിലെ കഠിനാദ്ധ്വാനത്തിനൊടുവിൽ സ്വന്തം വീട്ടിലെ സ്ഥിരാദ്ധ്വാനത്തിന്റെ ഉപലബ്ധിയിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ഊടും പാവും ഇഴചേർക്കാൻ ഈ നാടകം വിസ്മരിക്കുന്നില്ല. ആസുരമായ ഈ കോർപ്പറേറ്റ് കാലത്ത് കലാസൃഷ്ടികളും സ്ത്രീ ശരീരങ്ങളും അതീവ ജ്വലന ശേഷിയുള്ള ഇന്ധനങ്ങളായി കമ്പോള പരസ്യങ്ങളിൽ അഗ്നി പടർത്തുന്നുണ്ട്. ഇത്തരം പ്രതിലോമ പ്രവണതകൾക്കെതിരെ ആശയപരമായുംശാരീരികമായും പ്രതിരോധ പ്രയോഗങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ചില സമീപകാല പുതുചരിത്രത്തിലേക്ക് ഈ നാടകം നമ്മുടെ ഓർമ്മകളെ പുനരാനയിക്കുന്നുണ്ട്.

2018 ലെ പ്രളയ ദുരന്തത്തിനു തൊട്ടു മുമ്പ് ഓണക്കാല വില്പനക്കായി ലക്ഷക്കണക്കിന് രൂപയുടെ സാരികൾ ചേന്ദമംഗലം പ്രദേശത്തെ കൈത്തറി നെയ്ത്തു ശാലകൾ നെയ്ത് സംഭരിച്ചു വെച്ചിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ആ പ്രളയത്തിൽ ജലം ഉയർന്നു കയറിയപ്പോൾ തയ്യാറാക്കി വെച്ചിരുന്ന ‘സാരികളെല്ലാം ചളി മൂടി നാശമാകുകയും ചെയ്തു. ഉപജീവനമാർഗമടഞ്ഞ് ജീവിതം വഴിമുട്ടിയ ആ ദശാസന്ധിയിൽ നെയ്ത്തു തൊഴിലാളികളെ കൈപ്പിടിച്ചുയർത്തിയത് കരുണയും സാമൂഹിക ബോധവുമുള്ള കുറെ നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരുമായിരുന്നു. അവർ കേടു വന്ന തുണികളും സാരികളും കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത് അതിജീവനത്തിന്റെ ചേക്കുട്ടി പാവകൾ നിർമ്മിച്ചു. ആ ചേക്കുട്ടി തുണിപ്പാവകളുടെ വിപണനം സമൂഹം ഹൃദയപൂർവംഏറ്റെടുക്കുകയും അത് വലിയ വിജയമാക്കുകയും ചെയ്തു.

ചേന്ദമംഗലം, ചെറായി തുടങ്ങിയ പരിസര പ്രദേശത്തെ പരമ്പരാഗത തൊഴിലായ കൈത്തറി നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറേയും സ്ത്രീകളാണ്. ആ മേഖലയിലെ തൊഴിൽ സാധ്യത മങ്ങിയ ഇക്കാലത്താണ് മാമാങ്കം നാടക കമ്പനി പ്രശ്നം പഠിക്കാനിറങ്ങിയത് ”തൊഴിൽ തകർച്ചയെ അതിജീവിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനിടെ നെയ്ത്തും നൃത്തവും തമ്മിലുള്ള ഒരു ജൈവബന്ധം കണ്ടെത്തുകയായിരുന്നു, അവർ. അങ്ങനെ നെയ്ത്തിനെ നൃത്ത രൂപത്തിലാവിഷ്കരിക്കുകയെന്ന ആസാഹസ ദൗത്യം കൂട്ടായ്മ ഏറ്റെടുക്കുകയും ചെയ്തു. നാടക പാoത്തെ അതി ലംഘിക്കുന്ന ജ്ഞാനദീപ്തമായ ചിന്തയുടെ ഒരു സാമൂഹിക ആശയ ലോകം രൂപപ്പെടുത്താൻ ഈ പെണ്ണൊരുമക്ക് സാധിച്ചിരിക്കുന്നു.

 

*****

 

2 Replies to “പെണ്ണുടലുകളുടെ വിമോചന സങ്കീർത്തനം”

  1. ഈ ദൃശ്യവിസ്മയം കാണാൻ യാദൃച്ഛികമായി കഴിയാതിരുന്നവർക്കും അതിൻ്റെ സന്ദേശമെത്തിക്കാൻ വാക്കുകൾക്ക് കൃത്യമായി കഴിയുന്നുണ്ടെന്നു തോന്നുന്നു.

  2. 🧡ഹൃദയത്തിൽ തൊട്ടനാടകങ്ങൾ ആസ്വാദകരിൽ സന്നിവേശിക്കപ്പെടുകയും കൂടുതൽ ക്രിയാത്മകമായതും വൈവിധ്യപൂർണമായതുമായ കാഴ്ചകളിലേക്കു നയിക്കുകയും ചെയ്യുന്നു. അനുഭവവേദ്യമാക്കാവുന്ന സാദ്ധ്യതകളിലേക്ക് വിശാലമായ വാതായനങ്ങൾ തുറക്കുന്ന നിരൂപണം നാടകത്തിൻ്റെ മാനങ്ങൾ വിസ്തൃതമാക്കുന്നു.

Your Email address will not be published.