ഒരുപക്ഷേ മലയാള സിനിമ കണ്ട ഏറ്റവും വലിയ അധോലോക കഥാപാത്രങ്ങളിൽ ഒന്ന് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയിലെ സുകുമാരിയുടെ മാളു അമ്മ എന്ന ആയിരിക്കും. ഒരിക്കൽ ഏതെങ്കിലും ഒരു കഥാപാത്രം പുനരവതരിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് ഈ സിനിമയിലെ സക്കറിയ എന്ന കഥാപാത്രമായിരിക്കും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അത്രക്കും ഒറ്റയാനായി വേർതിരിഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രമായാണ് മമ്മൂട്ടി പോലും സക്കറിയ എന്ന കഥാപാത്രത്തെ കണ്ടത്. മാളു അമ്മയിലേക്ക് എത്തണമെങ്കിൽ സക്കറിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.

സക്കറിയ ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഒറ്റയാനായ കഥാപാത്രമാണ്. അയാൾ ആ സിനിമയിൽ ആദ്യമായി ദൃശ്യമാകുന്നത് ഒരു ബാറിൽ വെച്ചുകൂടെയാണ്. അയാളുടെ വേരുകളെക്കുറിച്ച് ഒന്നും തന്നെ ആ സിനിമയിൽ പ്രത്യേകിച്ച് പറയുന്നില്ല. ഈ സിനിമയിൽ അവർ മാളു അമ്മയുടെ വീട്ടിലേക്ക് പോകുന്ന ഒരു കാറിലെ സീൻ ഉണ്ട്. കാർ എന്നത് ഒരു കൂട്/സമൂഹം/കമ്മ്യൂണിറ്റി എന്നതിന്റെ ഒരു രൂപകമാകുമ്പോൾ സക്കറിയക്കുവേണ്ടി ആ കാർ കാത്തിരിക്കുകയാണ്. സക്കറിയ വരാൻ വൈകുന്നതുകൊണ്ടും കാറിൽ കയറാൻ വൈകുന്നതുകൊണ്ടും കാറിന്റെ ഉടമസ്ഥനായ കൂട്ടുകാരൻ അയാളോട് സംഘർഷപ്പെടുകയും ചെയ്യുന്നു. പക്ഷേ സക്കറിയ കാറിന് പുല്ലുവില കൽപ്പിച്ച് പിന്നീട് കൂട്ടുകാരെയും കൂട്ടി വിജനതയിലൂടെ നടക്കുകയാണ്. എന്തിനും ഏതിനും പോരടിക്കുന്ന, വിഘടിക്കുന്ന, തെറിച്ചുനിൽക്കുന്ന ആണത്തത്തിന്റെ വയലൻസിന്റെ ഒറ്റയാൾ രൂപമായി സക്കറിയ മാറുന്നു.
പക്ഷേ ഈ സിനിമയുടെ അവസാന ഘട്ടത്തിൽ ഒരു വർഗീയ കലാപം രൂപപ്പെടുമ്പോൾ ആക്രമിക്കപ്പെടും എന്ന് തോന്നിത്തുടങ്ങുമ്പോൾ അതീവ ധൈര്യശാലിയായ അരാജകവാദിയായ സക്കറിയ പോലും ഒരിടത്ത് വെച്ച് പതറിപ്പോകുന്നു. ആ സമയത്ത് സുകുമാരിയുടെ മാളുവമ്മ ആ കലാപം നേരിടുന്ന രീതിയാണ് മാളു അമ്മയെ ശരിക്കുമുള്ള അധോലോകമാക്കുന്നത്. അവർ സക്കറിയയെയും കൂട്ടരെയും ഒരു മുറിയിൽ ഇട്ടടച്ച് പുറത്തിറങ്ങരുത് എന്ന് പറയുന്നു. ഒരു ക്രൈസിസ് വരുമ്പോൾ, അതും ഒരു കലാപം വരുമ്പോൾ, മാളു അമ്മയുടെ പെരുമാറ്റമാണ് അവരെ ഒരു അണ്ടർവേൾഡ് ഡോൺ ആക്കി സക്കറിയക്കു മുകളിലേക്കും ആ സിനിമ പ്രതിഷ്ഠിക്കുന്നത്. സക്കറിയയുടെ അധികാരം ശരീരത്തിന്റെയും ഹിംസയുടെയും അധികാരമാണെങ്കിൽ, മാളു അമ്മയുടെ അധികാരം സാഹചര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിന്റെ അധികാരമാണ്. യഥാർത്ഥ ഡോൺ ആരാണെന്ന ചോദ്യത്തിന് സിനിമ ഇവിടെ തന്നെ ഉത്തരം നൽകുന്നു.

അവരുടെ മകൻ മറ്റുള്ളവർക്ക് കുത്തുകൊണ്ടു എന്ന് പറഞ്ഞുകൊണ്ട് ആ കലാപത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ, കുത്തുകൊണ്ടോട്ടെ എന്ന് പറഞ്ഞുകൊണ്ട് അവർ മകനെ സംരക്ഷിക്കുകയാണ്. അത് മാത്രമല്ല, അത്രയും വലിയ കലാപത്തിന്റെ ഇടയിലും താൻ വെച്ചുനടത്തുന്ന വേശ്യാലയം സംരക്ഷിക്കപ്പെടണം എന്ന രീതിയിലാണ് അവർ ചിന്തിക്കുന്നത്. അവർ ആ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഇറങ്ങണമെങ്കിൽ അവരുടെ മകന് എന്തെങ്കിലും പറ്റണം എന്ന് സക്കറിയ മനസ്സിലാക്കുന്നുമുണ്ട്. അത്രക്കും വയലന്റ് ആയ ഒരു സാമ്രാജ്യത്വം കെട്ടിപ്പടുത്ത ഒരു വല്ലാത്ത അണ്ടർവേൾഡ് ഡോൺ ആയ സ്ത്രീയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളു അമ്മ. അവരുടെ സാമ്രാജ്യം വെറും സാമ്പത്തിക സംവിധാനമല്ല; അത് ഭയം, ആഗ്രഹം, ആശ്രിതത്വം, രഹസ്യങ്ങൾ എന്നിവകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു അധോലോക വ്യവസ്ഥയാണ്.
അവർ എങ്ങനെ ആയിരിക്കാം ആ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തത്? മാളു അമ്മ എന്ന കഥാപാത്രത്തിന്റെ ഒരു ഇൻട്രോ തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഒരു മുസ്ലിം ആയ മൂപ്പന്റെ തറവാടിന്റെ അകത്ത് നിന്ന് അയാൾക്ക് കീഴടങ്ങാൻ ഒരു പെൺകുട്ടിയെ പ്രേരിപ്പിക്കുന്ന വയലൻസിലൂടെയാണ് മാളു അമ്മ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആ വീട്ടിലെ ഒരു തുറന്നിട്ട വാതിലിനകത്താണ് മാളു അമ്മ ആ കുട്ടിയെ ഉപദ്രവിക്കുന്നത്. ആ തുറന്നിട്ട വാതിലിന് അപ്പുറം മാളു അമ്മയുടെ വിശാലമായ ലോകമാണ്. അവിടെ മാളു അമ്മയുടെ പ്രാമാണികതയും അധികാരവും ആ ഗ്രാമത്തിൽ നിലനിൽക്കുന്നുണ്ട്. അങ്ങനെ തുറന്നിട്ട ലോകത്തിലെ ഒരു ചായക്കടയിൽ വെച്ചാണ് അവിടെ പിടിച്ച് തടവിലാക്കപ്പെട്ട സക്കറിയയെയും കൂട്ടരെയും മാളു അമ്മ വളരെ കൂൾ ആയി രക്ഷിച്ചെടുക്കുന്നത്. ഗ്രാമത്തിലെ സാമ്പത്തിക ഇടപാടുകൾ, പുരുഷന്മാരുടെ രഹസ്യ ആഗ്രഹങ്ങൾ, സാമൂഹിക ബലഹീനതകൾ, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയെല്ലാം അവരുടെ നിയന്ത്രണത്തിലാണ്.
ഇതൊക്കെ അവരുടെ നായർ ഐഡന്റിറ്റിയുടെ ഒരു പവർ കൂടെയാണ്. ഈ സിനിമയിൽ സക്കറിയയും കൂട്ടരും അവരെ കാണുന്നതിന് മുമ്പേ കാണുന്നത് അവരുടെ വീടാണ്. മലയാള സിനിമയിൽ ഒരു കാലത്ത് ഹീറോയെ കാണിക്കുന്നതിന് മുമ്പ് എഫക്ട് കൂട്ടാൻ ഹീറോയുടെ കാല് കാണിക്കുന്ന പരിപാടി ഉണ്ടായിരുന്നു. പക്ഷേ ഇവിടെ ഒരു അണ്ടർവേൾഡ് ലേഡി ഡോൺ ആയ മാളു അമ്മയുടെ വീടിന്റെ ലോങ് ഷോട്ടാണ് കാണിക്കുന്നത്. അവിടെ നിന്ന് തന്നെ മാളു അമ്മ എന്ന നായർ സ്ത്രീയുടെ പവർ വിസിബിൾ ആവുകയാണ്. അത്രയും വലിയ ഒരു നായർ തറവാടാണ് ഒരു അണ്ടർവേൾഡ് ആയി മാറുന്നത്. പിന്നെ ഈ സിനിമയിൽ രൂപപ്പെടുന്നത് മുഴുവൻ മാളു അമ്മയുടെ ഒരു പവറിന്റെ ഓറയാണ്. ആ വലിയ നായർ തറവാട് തന്നെ ഒരു അധോലോക സാമ്രാജ്യത്തിന്റെ ആസ്ഥാനമായി സിനിമ പുനർനിർവചിക്കുന്നു. കേരളത്തിലെ ഭൂവുടമസ്ഥത, ജാതി അധികാരം, സാമൂഹിക പ്രതാപം എന്നിവയെല്ലാം ഈ ഒരു ദൃശ്യത്തിൽ അടങ്ങിയിരിക്കുന്നു.ആ വീടിന്റെ ഉമ്മറത്ത് തന്നെ മാളു അമ്മയുടെ ഭർത്താവ് (ഒരു പാവം മനുഷ്യൻ) എന്തോ കവിത എഴുതിക്കൊണ്ട് ഇരിക്കുന്നു. അയാൾ മാളു അമ്മയുടെ പവറിന്റെ കീഴിലാണ്. അതുപോലെ തന്നെ മാളു അമ്മയുടെ മകനായ ഭാസിയും, അവിടെ കാവലിനിരിക്കാൻ വരുന്ന അരപ്പട്ട കെട്ടിയ മുസ്ലീമും, നായർ പ്രമാണിയും, മുസ്ലിം മൂപ്പനും ഒക്കെ മാളു അമ്മയുടെ വിധേയന്മാരാണ്.
ഒരുപക്ഷേ മമ്മൂട്ടിയുടെ ശക്തമായ ഒറ്റയാൾ അരാജകവാദി ആയ ആണത്ത കഥാപാത്രമാണ് സക്കറിയ. മമ്മൂട്ടിയുടെ മലയാള സിനിമയിലെ പുരുഷസ്വരൂപം രൂപപ്പെടുന്നതും താരശരീരം രൂപപ്പെടുന്നതും ഈ സിനിമയിലൂടെയും ആണ്. ഇതേ മമ്മൂട്ടി തന്നെ വിധേയൻ എന്ന സിനിമയിൽ അതിന്റെ തുടർച്ചയിൽ ഭാസ്കര പട്ടേലരായി മാറി ഒരു ഫ്യൂഡൽ ലോർഡ് ആയി മാറി അനേകം വിധേയന്മാരെ സൃഷ്ടിച്ചിരുന്നു. ആ സിനിമ പുറത്തിറങ്ങുന്നത് തൊണ്ണൂറുകളിലാണ്. പക്ഷേ സുകുമാരിയുടെ മാളു അമ്മ എൺപതുകളുടെ പകുതിയിൽ തന്നെ ഒരു വേശ്യാലയം നടത്തി ഒരു ഗ്രാമത്തെ മുഴുവൻ തന്റെ ടാക്ടിക്സിലൂടെയും സൈക്കോളജിക്കൽ ഗെയിമിലൂടെയും തന്റെ കാൽകീഴിൽ ചവിട്ടിയരച്ചിരുന്നു. ഒരുപക്ഷേ മാളു അമ്മ ഭാസ്കര പട്ടേലരെ കണ്ടുമുട്ടിയിരുന്നെങ്കിൽ “ഞാൻ ഇതൊക്കെ പണ്ടേ വിട്ട കേസാണ്” എന്ന ഒരു ഡയലോഗ് പറഞ്ഞ് പുച്ഛിച്ച് ഇളക്കിയിട്ടുണ്ടാകും.
കേരളീയ ഗ്രാമത്തിൽ നായർ അധികാരത്തിലൂടെ ഒരു അണ്ടർവേൾഡ് രൂപീകരിച്ച് ഒരു ഡോൺ ആണ് ശരിക്കും സുകുമാരിയുടെ മാളു അമ്മ. സുകുമാരി എന്ന നടിയുടെ ഈ സിനിമയിലെ പെർഫോമൻസ് ഒരുപക്ഷേ അഭിനയത്തിന്റെ തന്നെ ടെക്സ്റ്റ് ബുക്കാണ്. താലോലിക്കേണ്ട സമയത്ത് താലോലിക്കുകയും, ഭീഷണിപ്പെടുത്തേണ്ട സമയത്ത് ഭീഷണിപ്പെടുത്തുകയും, വയലന്റ് ആകേണ്ട സമയത്ത് വയലന്റ് ആവുകയും, കൊഞ്ചേണ്ട സമയത്ത് കൊഞ്ചുകയും ചെയ്യുന്ന അഭിനയത്തിന്റെ സകല തലങ്ങളിലൂടെയുമുള്ള അപാരമായ ഒരു പെർഫോമൻസ് മുന്നോട്ടുവെക്കുന്ന അതിഗംഭീരമായ വിഷ്വൽ പ്രസൻസ് ആണ് സുകുമാരി ഈ സിനിമയിലൂടെ നടത്തുന്നത്. മൂപ്പന്റെ മുന്നിൽ ഇത്തിരി പേടിച്ചും, അശോകന്റെ ബഷീറിന്റെ മുമ്പിൽ ഭീഷണിയുടെ രൂപത്തിലും, നായരോട് അനുനയത്തിലും, നെടുമുടി വേണുവിന്റെ വക്കീലിനോട്, ആ പെൺകുട്ടിയോട് വയലന്റായും അതിഭീകരമായ പെർഫോമൻസിലൂടെ അവർ ശരിക്കും ഒരു അണ്ടർവേൾഡ് ഡോൺ ആകുന്നു. ഇത് അഭിനയമെന്നതിലുപരി അധികാരത്തിന്റെ മനഃശാസ്ത്രത്തെ അവതരിപ്പിക്കുന്ന ഒരു പ്രകടനമാണ്.
ഒരു തരത്തിൽ പറഞ്ഞാൽ സക്കറിയയെ പോലും നിർവചിക്കുന്നത് മാളു അമ്മയാണ്. സക്കറിയ പോരാളിയാകുന്നത് മാളു അമ്മയുടെ എതിർവശത്ത് നിൽക്കുമ്പോഴാണ്. മാളു അമ്മ ഇല്ലായിരുന്നെങ്കിൽ സക്കറിയയുടെ വീര്യത്തിനും കലാപത്തിനും അത്ര വലിയ അർത്ഥമുണ്ടാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സിനിമയുടെ യഥാർത്ഥ കേന്ദ്രകഥാപാത്രം സക്കറിയയല്ല, മാളു അമ്മയാണ്.

സത്യൻ അന്തിക്കാടിന്റെ ഏറ്റവും ആർകിടൈപ്പൽ ആയ ഒരു സിനിമയാണ് ഗോളാന്തര വാർത്തകൾ. അതിലെ രമേശൻ നായർ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒരു ഗ്രാമത്തെ നന്നാക്കാൻ അവതരിച്ച ഒരു നന്മയുടെ പ്രതിരൂപമാണ്. അത്രയ്ക്ക് ബോറായ നന്മയുടെ ഓക്കാനം വരുന്ന പടപ്പാണ് സത്യൻ അന്തിക്കാടിന്റെ ജുഗുപ്സ ഉണ്ടാക്കുന്ന ഈ സിനിമ. നന്മ നിറഞ്ഞ കേരളീയ നായർ ഗ്രാമം എന്ന സത്യൻ അന്തിക്കാടിന്റെ ഈ പരിപാടിയെ എടുത്ത് തോട്ടിൽ എറിഞ്ഞ് അട്ടിമറിക്കുന്നുണ്ട് അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സുകുമാരിയുടെ ഒരു നായർ സ്ത്രീയായ അണ്ടർവേൾഡ് ഡോണിന്റെ കഥാപാത്രം.
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ഒരു ഫിക്ഷണൽ മോഡിൽ വരുന്ന സിനിമ ആണെങ്കിലും കേരളത്തിന്റെ പുരോഗതി, വിദ്യാഭ്യാസം, ഗ്രാമീണ നന്മ, നിഷ്കളങ്കത എന്നൊക്കെ പറഞ്ഞ് മലയാളി പൊക്കിപ്പിടിക്കുന്ന സകലമാന ആർകിടൈപ്പുകളെയും സുകുമാരിയുടെ മാളു അമ്മയുടെ കഥാപാത്രം അട്ടിമറിച്ച് പൊളിച്ചടുക്കുന്നുമുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഡോൺ ആയ മാളു അമ്മ മലയാളി, കേരളം, കേരളീയ ഗ്രാമം എന്ന സങ്കൽപ്പങ്ങളെ അട്ടിമറിച്ച് അരപ്പട്ട കെട്ടിയ ഗ്രാമം എന്ന സിനിമയിലൂടെ വയലന്റായി ചിരിക്കുന്നുണ്ടാകും. സക്കറിയ സക്കറിയ ആകുന്നത് മാളു അമ്മയുടെ എതിർ നിന്ന് യുദ്ധം ചെയ്യുന്നതുകൊണ്ടാണ്. സക്കറിയയെ ഒരു പോരാളി ആക്കുന്നത് മാളു അമ്മയാണ്. മാളു അമ്മ മലയാള സിനിമയിലെ ഒരു കിടിലൻ അണ്ടർവേൾഡാണ്. പറയാതിരിക്കാൻ വയ്യ. മാളൂ അമ്മ ഒരു സാമ്രാജ്യമാണ്.







No Comments yet!