ഉറക്കവും ഞാനും
തായം കളിക്കാറുണ്ട്.
നിഴലിൽ ഒളിച്ചിരുന്ന്
പൊരുതുന്ന എതിരാളി
എറിയുന്ന പകിടകളിൽ
ജയപരാജയങ്ങൾ
ഒളിഞ്ഞിരിക്കുന്നു.
ഉറക്കം ജയിക്കുന്ന രാവുകളിൽ
ഞാൻ മാഞ്ഞു പോവും.
നേർത്തു നേർത്തു ഇല്ലാതെ ആവും.
ഞാൻ ജയിക്കുന്ന
രാവുകളിൽ ഉറക്കം
എങ്ങോ പോയ് മറയും
ഉറക്കമെന്നെ സ്വപ്നത്തിലേക്ക്
കൊണ്ടുപോകുന്ന രാവുകളിൽ ഞാൻ
പരകായ മാറ്റത്തിലൂടെ
മറു ലോകം കണ്ട്
പുലരി ആവുമ്പോൾ
എന്നിലേക്ക് തന്നെ
മടങ്ങി എത്തും.
ഉറക്കം പമ്മി വന്നു
എത്തി നോക്കുന്ന ദിനങ്ങളുണ്ട്
പടിവാതിക്കൽ വന്നു
പാളി നോക്കിയിട്ട്
എനിക്ക് പിടി തരാതെ പൊയ്ക്കളയും.
എത്ര വിളിച്ചാലും
മടങ്ങി വരില്ല
മുഖം കൂർപ്പിച്ചു
പിണങ്ങിയിരിക്കുന്ന
കുട്ടിയെ പോലെ.
നിദ്രയുടെ പുറകെ
ഓടി തളർന്നു
ഉറക്കം ഉപേക്ഷിച്ചു
വന്നു കിടന്നാലോ
എന്നെ പിന്നിൽ നിന്ന്
വന്നു കീഴ്പെടുത്തും.
ബോധത്തിനും അബോധത്തിനും
ഇടയിലെ താഴ്‌വരയിലേക്കു
ഒരു സ്വപ്നത്തിനു പോലും
പിടി കൊടുക്കാതെ
കൊണ്ട് പോകും.
ഇനി ഉണരാനാകാത്ത വിധം ഉറക്കി കളയും.
No Comments yet!