മഹാനഗരത്തിലെ രാവുകൾക്കും പ്രഭാതങ്ങൾക്കും ഒരിക്കലും പൂർണമായ നിശ്ശബ്ദത സാദ്ധ്യമല്ല. നഗരം ഉറങ്ങുമ്പോഴും എവിടെയോ മനുഷ്യർ തൊഴിലെടുക്കുകയും ട്രെയിനുകൾ തെക്കു-വടക്കു പാഞ്ഞുകൊണ്ടുമിരിക്കും; ഒരു ആംബുലൻസിന്റെ സൈറൺ രാത്രിയുടെ നെഞ്ച് കീറി പ്രഭാതത്തേയും ഭജ്ഞിച്ചു കടന്നു പോയേക്കും. എന്നാൽ ആ ദിവസം നഗര മദ്ധ്യത്തിലെ ജെ.ജെ. ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ നിൽക്കുമ്പോൾ, ബൂംബെ നഗരത്തിന്റെ കോലാഹലങ്ങൾ ഞങ്ങളിൽ നിന്ന് വളരെ ദൂരെയാണെന്ന് തോന്നി.
മോർച്ചറി തറയുടെ തണുപ്പ് കാലുകളിലൂടെ ശരീരത്തിലേക്ക് കയറിവരികയായിരുന്നു. ആരും ഒന്നും സംസാരിച്ചില്ല. എല്ലാവരുടെയും കണ്ണുകൾ ഒരേ വാതിലിലേക്കായിരുന്നു. അൽപസമയത്തിന് ശേഷം ഇരുമ്പുവാതിൽ തുറന്നു.
സ്ട്രെച്ചറിൽ ആ ശരീരം പുറത്തേക്ക് വന്നു. അത് ഇന്നലേരെ കുടിച്ചു ചിരിച്ചട്ടഹസ്സിച്ച് നഗരത്തിൻ്റെ അധോലോകത്തിൻ്റെ വികൃതികളെക്കൂടെ കെട്ടിപിടിച്ച ഹരിദാസിൻ്റെതായിരുന്നു. മുഖത്ത് ഉണങ്ങിപ്പിടിച്ച ചെളി. മുടിയിൽ ചേറും അഴുക്കും കലർന്ന മണൽ. ശരീരത്തിൽ കടൽവെള്ളത്തിന്റെ ദുർഗന്ധം. അതുവരെ ഉച്ചത്തിൽ ചിരിക്കുകയും കൂട്ടുകാരുടെ നടുവിൽ ജീവിതം തികച്ചും തമാശയാക്കിയിരുന്ന
ആ മനുഷ്യൻ ഇപ്പോൾ മറ്റൊരു രൂപത്തിൽ ആയിരിക്കുന്നു.
മോർച്ചറിയിലെ ജീവനക്കാരൻ അനാസക്തനായി ഞങ്ങളിലേക്കൊന്നു നോക്കി. വല്ലതും തന്നാൽ എന്ന മട്ടിൽ, ഞങ്ങൾ ചില്ലറ കൊടുത്തതും അയാൾ “മുഖം കഴുകിയാൽ തിരിച്ചറിയാൻ പറ്റും.”
ഒരു ബക്കറ്റ് വെള്ളം മുഖത്തേക്ക് അടിച്ചു . ഉണങ്ങിപ്പിടിച്ചിരുന്ന ചേറും ചെളിയും പതിയെ ഒലിച്ചുപോയി. മുഖം തെളിഞ്ഞു. “അതെ… ഹരിദാസ് തന്നെ…” ആരും ഉറക്കെ പറഞ്ഞില്ല. എല്ലാവരുടെയും തൊണ്ടയിൽ എന്തുകൊണ്ടോ അത് കുടുങ്ങി പോയി. അൽപദൂരെ കാക്കകൾ ചുറ്റും കൂടിയിരുന്നു. ഞങ്ങൾ അകന്നു മാറിയതും തുറസ്സായ സ്ഥലത്ത് ഇരുന്നതിനാൽ അവ മൃതശരീരത്തെ കൊത്തി നോക്കാനും തുടങ്ങി, പിണ്ടം പ്രത്യേകിച്ച് ബോംബെ കാക്കകൾക്ക് വേണ്ടതില്ലാ എന്ന വണ്ണം, ജീവനില്ലാത്ത ശരീരത്തിന്റെ ഏകാന്തത അവയ്ക്കും തിരിച്ചറിയാനായതുപോലെ.
പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ പതിവ് നടപടികൾ വേഗത്തിൽ പൂർത്തിയായി. മഹാനഗരങ്ങൾക്ക് മരണം പോലും ഒരു ഭരണനടപടിമാത്രമാണ്. ദിവസേന എത്തുന്ന അനാഥപ്രേതങ്ങൾ ഇറക്കി ഒഴിവാക്കേണ്ടതും അത്യാവശ്യം തന്നെ. പിന്നെ ഒപ്പുകൾ, മുദ്രകൾ, രേഖകൾ —അത്രയേ ഉള്ളൂ. ഒരാളുടെ ജീവിതം ഏതാനും ഫയലുകളായി ചുരുങ്ങിപ്പോകുന്നതു സ്വാഭാവികം മാത്രം. മുംബൈയിൽ ഹരിദാസിന് സ്വന്തമെന്ന് പറയാൻ ഞങ്ങൾ കുറച്ച് സുഹൃത്തുക്കളും അകന്നൊരു ബന്ധുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരോടൊപ്പമാണ് മൃതദേഹം ആംബുലൻസിൽ സയണിലെ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ഒരു ട്രാളിയിൽ
ചൂളയുടെ വാതിൽ തുറന്നു ബോടി ഉള്ളിൽ എത്തിയതും 800 ഡിഗ്രിയിൽ നിന്ന ചൂളയുടെ അഗ്നി ഒന്നോടെ വിഴുങ്ങി.
അത്രയേ ഉണ്ടായിരുന്നുള്ളൂ ഒരാൾ. ഒരിക്കൽ സ്വപ്നങ്ങളുമായി നാട്ടിൽ നിന്ന് ഈ നഗരത്തിലെത്തിയ ഒരു മനുഷ്യന്റെ ജീവിതം ഏതാനും നിമിഷങ്ങൾക്കുള്ളിൽ പുകയായി ആകാശത്തിലേക്ക് അലിഞ്ഞുചേർന്നു. മടങ്ങിവരുന്ന വഴിയിൽ ആരും സംസാരിച്ചില്ല. പക്ഷേ വിശ്വത്തിന്റെ ഉള്ളിൽ ഹരിദാസ് ഇപ്പോഴും സംസാരിച്ചുകൊണ്ടിരുന്നു.
ആ ശബ്ദം വർഷങ്ങൾക്കുമുമ്പേ ആരംഭിച്ചതാണ്. ആ രാത്രി വിശ്വന് ഉറങ്ങാൻ കഴിഞ്ഞില്ല. ജനലിനരികിൽ ഇരുന്നപ്പോൾ പുറത്തുകൂടി ട്രെയിനുകൾ പതിവുപോലെ പായിന്നുണ്ടായിരുന്നു. മുംബൈയ്ക്ക് ആരുടെയെങ്കിലും മരണത്തിൽ ദുഃഖിക്കാനാവില്ല. യന്ത്രസമാനമായ നഗര ജീവിതത്തിൻ്റെ ഒഴുക്കിൽ ഒരാൾ വീണാൽ മറ്റൊരാൾ അയാളുടെ സ്ഥാനം എടുക്കും. മേശപ്പുറത്ത് കിടന്നിരുന്ന തൻ്റെ കുറിപ്പുകൾ വിശ്വൻ പതുക്കെ തുറന്നു.
ഹരിദാസിനെക്കുറിച്ച് എഴുതിവെച്ചിരുന്ന കുറിപ്പുകൾ.

എല്ലാം മനസ്സിൽ വീണ്ടും തെളിഞ്ഞുവന്നു. താൻ അയാളോടപ്പം യാത്ര ചെയ്ത സമയങ്ങൾ, നടന്ന പാതകൾ,
പതിവുപോലെ അയാൾ ഫ്ലോറ ഫൗണ്ടനിൽ നിന്ന് നടന്ന് ജെട്ടിയിലേക്ക് നടക്കുന്ന ഹരിദാസ്. അവന്റെ നടത്തത്തിന് ഒരു ലക്ഷ്യവുമില്ലായിരുന്നു. കാലുകൾ കരഞ്ചയിലേക്കുള്ള വഴിയിലായിരുന്നെങ്കിലും മനസ്സ് എവിടെയോ അലഞ്ഞുതിരിയുന്ന കുട്ടത്തിലുള്ള ആളായിരുന്നു. നാടൻ പട്ട, ചാരായത്തിന്റെ മണം അവനെ പൊതിഞ്ഞിരുന്നു. എന്നിട്ടും വഴിയരികിൽ പഴക്കച്ചവടം നടത്തുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ പതിവുപോലെ ചിരിച്ചുകൊണ്ട് വിശേഷം ചോദിക്കാൻ അവൻ മറക്കാർ ഉണ്ടായിരുന്നില്ല. മനുഷ്യരോട് സ്നേഹം നഷ്ടപ്പെട്ടിരുന്നില്ല.
പക്ഷേ ജീവിതത്തോടുള്ള സ്നേഹം അലിഞ്ഞുതുടങ്ങിയിരുന്നു. അന്ന് അയാൾ ചുമന്ന തെരുവിൽ പോയിരുന്നു. പതിവുകാരിക്ക് മറ്റാരായോ കിട്ടിയിരുന്നു. ഹരിദാസിനെ അവർ കർട്ടനിലൂടെ കണ്ടതും ” വേഗം ചെയ്യടോ മറ്റൊരു ഗിരാക്കുണ്ട് ” എന്നായി. പിന്നെ തിരികെ പോരാൻ തോന്നി.

അവധി ദിവസമായതുകൊണ്ട് ജെട്ടിയിൽ ആളുകൾ വിരളമായിരുന്നു. കടൽ ഇരുളിൽ കറുത്ത പുതപ്പുപോലെ പരന്നുകിടന്നു. അകലെ നങ്കൂരമിട്ട കപ്പലുകളിലെ വിളക്കുകൾ മാത്രം നക്ഷത്രങ്ങളെപ്പോലെ മിന്നി.
അത്തരം രാത്രികളിലാണ് ഹരിദാസ് ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത്. “വിശ്വൻ… ചിലപ്പോഴൊക്കെ തോന്നും, ഞാൻ ആരാണെന്ന് തന്നെ മറന്നുപോകുന്നു.” വിശ്വൻ ഒന്നും പറഞ്ഞില്ല. കാരണം ആ ചോദ്യം ഹരിദാസ് തന്നോട് തന്നെയായിരുന്നു ചോദിച്ചിരുന്നത്. ഒരു പുരാതന ചോദ്യം. ഒരുകാലത്ത് നേവിയിൽ പരിശീലനം നേടിയപ്പോൾ എല്ലാവരുടെയും അടുത്ത സുഹൃത്തായിരുന്നു അയാൾ. ചിട്ടയും അച്ചടക്കവും പ്രസന്നമായ പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും വിശ്വാസം നേടിയ യുവാവ്. എന്നാൽ മുംബൈ മറ്റൊരു പാഠമാണ് അവനെ പഠിപ്പിച്ചത്.
പകൽ ജോലി. രാത്രി ഏകാന്തത. ആ ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ മദ്യം. മദ്യത്തിൽ നിന്ന് ലഹരിയിലേക്ക്.
ലഹരിയിൽ നിന്ന് സ്വയം വെറുക്കുന്ന ഒരാളായി മാറാൻ അധികകാലം വേണ്ടിവന്നില്ല. ആദ്യമൊക്കെ കൂട്ടുകാർ അവനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.
“ഇതൊക്കെ നിർത്തിക്കോ, ഹരിദാസേ.”
അവൻ ചിരിക്കും.
“നിർത്തണം എന്നെനിക്കും അറിയാം… പക്ഷേ എന്തിനുവേണ്ടി?”
ആ ചോദ്യത്തിന് ആരുടെയും കൈയിൽ ഉത്തരമുണ്ടായിരുന്നില്ല. വിശ്വൻ പിന്നീട് പലവട്ടം ആലോചിച്ചിട്ടുണ്ട്.
ഹരിദാസിനെ നശിപ്പിച്ചത് മദ്യമാണോ? അതോ മുംബൈയിലെ ആ അദൃശ്യമായ ഏകാന്തതയോ? ആയിരക്കണക്കിന് മനുഷ്യർക്കിടയിൽ ജീവിച്ചിട്ടും, ഒരാളും സ്വന്തമല്ലെന്ന തിരിച്ചറിവ് മനുഷ്യനെ പതുക്കെ ഉള്ളിൽ നിന്ന് പൊളിച്ചെഴുതും. ഹരിദാസിന്റെ ജീവിതത്തിലും അതുതന്നെയായിരുന്നു സംഭവിച്ചത്. പുറത്ത് അയാൾ ദിവസവും പൊടിയിലും ചേറിലും നടക്കുകയായിരുന്നു. അറിയാതെ, അതിലും കട്ടിയുള്ള ഒരു ചെളി അയാളുടെ മനസ്സിൽ ഓരോ ദിവസവും അടിഞ്ഞുകൂടിക്കൊണ്ടിരുന്നു. അത് ആരും കണ്ടില്ല. അയാൾ പോലും.
ഉള്ളിലേക്കിറങ്ങിയ ചെളി ഹരിദാസിന്റെ മാറ്റം ആദ്യം ആരും ഗൗരവമായി എടുത്തില്ല.
“അൽപ്പം കുടിക്കും… കുറച്ചുദിവസം കഴിഞ്ഞാൽ ശരിയാകും.”
എല്ലാവരും അങ്ങനെ തന്നെയായിരുന്നു കരുതിയത്.
പക്ഷേ, മദ്യപാനം ഹരിദാസിന്റെ പ്രശ്നമായിരുന്നില്ല. അത് അവന്റെ ഉള്ളിൽ പടർന്ന ശൂന്യതയെ കുറച്ചുനേരത്തേക്കെങ്കിലും മറക്കാനുള്ള ഒരു വഴിമാത്രമാക്കിയിരുന്നു.
ഒരു ദിവസം കടൽക്കരയിൽ ഇരിക്കുമ്പോൾ അവൻ വിശ്വനോട് പറഞ്ഞു:
“ഞാൻ ഇവിടെ ആദ്യമായി വന്ന ദിവസമറിയാമോ? ഈ നഗരം എനിക്ക് സ്വർഗ്ഗം പോലെയായിരുന്നു. വലിയ സ്വപ്നങ്ങളായിരുന്നു. എന്തെങ്കിലുമൊക്കെ നേടാനാകും. വീട്ടുകാര്‍ക്ക് അഭിമാനമാകണം.
അവൻ ഒന്നു നിർത്തി.
“ഇപ്പോൾ… ഞാൻ തന്നെ എനിക്ക് അപരിചിതനാണ്.”
ആ വാക്കുകളിൽ മദ്യ ലഹരിയുടെ കിതപ്പിനേക്കാൾ ജീവിതത്തിന്റെ ക്ഷീണമായിരുന്നു കൂടുതൽ.
വീട്ടുകാരെക്കുറിച്ച് പറയുമ്പോൾ ഹരിദാസിന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം തെളിയാറുണ്ടായിരുന്നു.
നാലുകെട്ടിന്റെ നടുമുറ്റം… മഴയിൽ നനഞ്ഞ മണ്ണിന്റെ മണം… അച്ഛന്റെ ശാസന… അമ്മയുടെ സ്നേഹം…
കുട്ടിക്കാലത്തെ കൂട്ടുകാർ… അവയെല്ലാം ഓർമ്മകളിൽ മാത്രമായി ഒതുങ്ങിപ്പോയിരുന്നു.
“വിശ്വൻ,” ഒരു ദിവസം അവൻ ചോദിച്ചു, “മനുഷ്യൻ എപ്പോഴാണ് സ്വന്തം നാട്ടിൽ അന്യനാകുന്നത്?”
വിശ്വൻ മറുപടി പറഞ്ഞില്ല.
ആ ചോദ്യം ഹരിദാസ് ചോദിച്ചത് വിശ്വനോടയിരുന്നില്ല. സ്വന്തം ജീവിതത്തോടായിരുന്നു.
അതിനിടയിൽ ലഹരിയുടെ ലോകം അവനെ കൂടുതൽ ആഴങ്ങളിലേക്ക് വലിച്ചിഴച്ചു.
ചരസും കഞ്ചാവും മദ്യവും… ആദ്യമൊക്കെ അവനെ നിയന്ത്രിച്ചത്. ഓരോ രാത്രിയും കഴിഞ്ഞാൽ അടുത്ത പ്രഭാതം നേരിടാൻ അവന് കൂടുതൽ പ്രയാസമായി. ജോലിയോടുള്ള താൽപര്യം കുറഞ്ഞു. സുഹൃത്തുക്കളിൽ നിന്ന് അകന്നു. തൻ്റെ ശീലമുള്ള ജയകുമാർ അടുത്ത സുഹൃത്തായിരുന്നു. പക്ഷെ താൻ സ്വയം തന്നെ വെറുക്കാൻ തുടങ്ങി.
ഒരിക്കൽ ഹരിദാസ് കൊളാബയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വിശ്വന് ഓർമ്മ വന്നു. അദ്ഭുതകരമായി കൂട്ടിയിട്ടിരുന്ന മണ്ണിൽ വീണതു കാരണം ജീവൻ രക്ഷപ്പെട്ടു.
മൂക്കിന്റെ ആകൃതി ശസ്ത്രക്രിയയിലൂടെ തിരികെ കിട്ടി. അന്ന് ആശുപത്രിയിൽ കിടന്നപ്പോൾ ഹരിദാസ് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു:
“മരണം പോലും എന്നെ സ്വീകരിച്ചില്ല.”
ആ ചിരിയിൽ നർമ്മമുണ്ടായിരുന്നില്ല. അത് ജീവിച്ചിരിക്കാൻ മടിക്കുന്ന ഒരു മനുഷ്യന്റെ നിസ്സഹായതയായിരുന്നു.
ആ സംഭവത്തിനുശേഷം അവൻ മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ചില മുറിവുകൾ ശരീരത്തിലല്ല ഉണ്ടാകുന്നത്. അവ മനസ്സിലാണ്. അവയ്ക്ക് മരുന്നില്ല.
ഒരു ദിവസം വിശ്വനേ കൂട്ടി മാക്സ് മുള്ളർ ഭവനിലെ ലൈബ്രറിയിൽ പോയിരുന്നു ഹരിദാസ്. ജീവിതത്തെക്കുറിച്ച് പ്രത്യാശ നൽകുന്ന എന്തെങ്കിലും പുസ്തകം കിട്ടുമോയെന്നായിരുന്നു അന്വേഷണം. പുസ്തകങ്ങൾ ഒരുപാട് വായിച്ചു.
തത്ത്വചിന്തയും മനഃശാസ്ത്രവും നോവലുകളും… എല്ലാത്തിനു പരി വിശ്വൻ രൂപീകരിച്ച “ചിന്തകരുടെ വൃന്തം “പല പുരോഗമന വിപ്ലവകാരികളും – ശേഖരൻ , സോമൻ തുടങ്ങിയ രാഷ്ട്രിയ പ്രവർത്തകരും, രാമമൂർത്തി എന്ന പത്രവർത്തകനും അടങ്ങിയതായിരുന്നു. രാജ്യത്തെ രാഷ്ട്രിയ ചലനങ്ങൾ അവർ ചർച്ച ചെയ്തു. ആശയ രാഷ്രിയ വ്യക്തതയില്ലാത്ത പാറ്റപോലുള്ള യുവജനതക്ക് കാര്യമായ മുന്നേറ്റങ്ങൾക്കാവില്ല എന്നവർ ചർച്ചയിലുടെ പറയുന്നതു കേട്ടു.

മദ്യനടിപ്പട്ട തനിക്ക് ഒരു വാക്ക് ഉരിയാടുക അസാദ്ധ്യമായിരുന്നു. ജീവിത താളം പിഴച്ചാൽ മനുഷ്യന് പുസ്തകങ്ങൾക്കൊന്നും എല്ലായ്പ്പോഴും മറുപടി നൽകാൻ കഴിയില്ല.
വിശ്വൻ ചോദിച്ചു ” എന്തേ ഒന്നും പറഞ്ഞില്ല”
എന്തു പറയാനാണ് എന്നെ തന്നെ പിടികിട്ടാത്തയാൾ ഈ രാജ്യത്തെ എങ്ങനെയാണ് തിരിച്ചറിയുക?
മഹാനഗരത്തിൻ്റെ ജ്ഞാന കേന്ദ്രങ്ങളായ മാക്സിമുല്ലർ, ഏഷ്യാറ്റിക്ക്, അമേരിക്കൻ, റഷ്യൻ മുതലായ ലൈബറികളിൽ ഒരുമിച്ച് പോയി തിരിച്ചുവരുമ്പോൾ അവൻ പറഞ്ഞത് വിശ്വൻ ഇന്നും മറന്നിട്ടില്ല.
“ജീവിക്കാൻ കാരണങ്ങൾ പുസ്തകങ്ങളിൽ കിട്ടില്ല വിശ്വമേ… അവ മനുഷ്യരുടെ ഉള്ളിലായിരിക്കണം. എന്റെയുള്ളിൽ ഇനി ഒന്നും ബാക്കിയില്ല.”
ആ വാക്കുകൾ കേട്ടപ്പോൾ വിശ്വൻ ഭയപ്പെട്ടു. എന്നാൽ അപ്പോഴും അയാൾ കരുതിയില്ല –
ആ മനുഷ്യൻ പതുക്കെ മരണത്തിലേക്കാണന്ന്… യഥാർത്ഥത്തിൽ അയാൾ സ്വന്തം ഉള്ളിലെ ചേറിലേക്കും ചെളിയിലേക്കുമാണ് നടന്നുപോകുന്നതെന്ന്. അന്ന് തൻ്റെ കൂടെ ആ രാത്രി ഹരിദാസ് പതിവിലും കൂടുതൽ നേരം ജെട്ടിയിൽ നിന്നു. കടൽ ശാന്തമായിരുന്നു. തിരകൾ പോലും ക്ഷീണിച്ചു പോയതുപോലെ മൃതുലമായി തീരത്തേക്ക് പതിയെ ഉരുണ്ടെത്തി മടങ്ങി. അകലെ നങ്കൂരമിട്ട കപ്പലുകളുടെ വിളക്കുകൾ ഇരുട്ടിൽ നിശ്ശബ്ദമായി തിളങ്ങിക്കൊണ്ടിരുന്നു. ഡോക്ക്യാർഡിലെ വർക്ക്‌ഷോപ്പുകളിൽ രാത്രി ഷിഫ്റ്റ് ജോലികൾ തുടരുകയായിരുന്നു. നഗരം ഉറങ്ങിയില്ല. പക്ഷേ ഹരിദാസിന്റെ മനസ്സ് വർഷങ്ങൾക്കു മുമ്പേ ഉറങ്ങിപ്പോയിരുന്നു.
അവൻ ആ പഴയ ഇരുമ്പുതൂണിൽ ചാരിനിന്നു. ബ്രിട്ടീഷ് കാലത്തിന്റെ അവശേഷിപ്പായി ഇന്നും നിലനിൽക്കുന്ന ആ തൂൺ എത്രയോ മനുഷ്യരുടെ വരവും പോക്കും കണ്ടിട്ടുണ്ടാകും. സ്വപ്നങ്ങളുമായി വന്നവരെയും, തകർന്ന സ്വപ്നങ്ങളുമായി മടങ്ങിയവരെയും. ഹരിദാസ് കടലിലേക്ക് നോക്കി നിന്നു. അവന്റെ കണ്ണുകൾ തിരകളെയല്ല കണ്ടത്. വർഷങ്ങൾക്കുമുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്ന ആ ചെറുപ്പക്കാരനെയാണ്. ചിട്ടയും അച്ചടക്കവും ജീവിതത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളുമുള്ള ഒരു യുവാവ്.
ആ യുവാവ് എവിടെയാണ് നഷ്ടമായത്? ജോലിയിലോ? കൂട്ടുകെട്ടിലോ? ലഹരിയിലോ? അല്ലെങ്കിൽ, ഒരു മഹാനഗരത്തിന്റെ അനന്തമായ ഏകാന്തതയിലോ? ഉത്തരം അവനറിയില്ല. അറിയേണ്ട ആവശ്യമുണ്ടെന്നും തോന്നിയില്ല. കാരണം, ഉത്തരം കണ്ടെത്താനുള്ള ആഗ്രഹം പോലും അവനിൽ നിന്ന് പതിയെ അപ്രത്യക്ഷമായിരുന്നു. മനുഷ്യൻ മരിക്കുന്നത് ശ്വാസം നിലയ്ക്കുമ്പോഴല്ല. ജീവിക്കാനുള്ള കാരണം നഷ്ടപ്പെടുമ്പോഴാണ്. ഹരിദാസ് ഏറെക്കാലം മുമ്പേ ആ മരണത്തെ ഉള്ളിൽ ഏറ്റുവാങ്ങിയിരുന്നു. ആ രാത്രി അവൻ പതുക്കെ ജെട്ടിയുടെ അരികിലേക്ക് നടന്നു. താഴെ വേലിയേറ്റ സമയത്തെ കറുത്ത വെള്ളം. ചെളിയും ചവറും കലർന്ന ദുർഗന്ധമുള്ള ജെട്ടിയുടെ കടൽ വെവള്ളം, നഗരം തള്ളിക്കളഞ്ഞതെല്ലാം ഒടുവിൽ വന്നടിയുന്ന ഒരിടം.
അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. അച്ഛന്റെ മുഖം… അമ്മയുടെ വിളി… കുട്ടിക്കാലത്തെ മഴ… ജോലിയിടത്തെ ആദ്യദിവസം… വിശ്വന്റെ, ജയൻ്റെ സൗഹൃദം… തനിക്കായി ആലോചിച്ചു ഉറപ്പിച്ച ആ നാട്ടുകാരി പെൺകുട്ടി… എല്ലാം ഒരു മിന്നൽപോലെ മനസ്സിലൂടെ കടന്നുപോയി. പിന്നെ… നിശ്ശബ്ദത. അയാൾ കടലിലേക്ക് കാലെടുത്തു വെച്ചു.
അടുത്ത പ്രഭാതത്തിൽ ജെട്ടിയിലെ ഡൈവിംഗ് ടീം ചെളിയിൽ പുതഞ്ഞു കിടന്ന ആ ശരീരം പുറത്തെടുത്തു.
വർഷങ്ങളായി അവന്റെ മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന ചെളി കഴുകിക്കളയാൻ ഒരു ജീവിതം പോലും മതിയായില്ല.
നിരാശയുടെ… സ്വയം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ നിശ്ശബ്ദ വിലാപത്തിന്റെ… ചെളിയായിരുന്നു അത്. അവിടെ ഒരു ജീവിതം തേടിവന്ന ഒരു യുവാവിൻ്റെ കഥ അവസാനിച്ചു. മുംബൈയുടെ കഥ ഇങ്ങനെ തുടരും. എന്നും നഗരത്തിൽ ആയിരക്കണക്കിന് യുവാക്കൾ സ്വപ്നങ്ങളുമായി ട്രെയിനിറങ്ങി. ആയിരക്കണക്കിന് മനുഷ്യർ തിരക്കിൽ അപ്രത്യക്ഷരായി. അവരിൽ എത്രപേരെ ഈ നഗരം ചേർത്തുപിടിക്കും… എത്രപേരെ വിഴുങ്ങിക്കളയും… ആർക്കും അറിയില്ല.
മുംബൈ അന്നും പതിവുപോലെ പക്ഷേ, വിശ്വന്റെ കുറിപ്പിൽ ഒരു വാചകം മാത്രം ബാക്കിനിന്നു:
“പുറത്തെ ചേറും ചെളിയും കഴുകിക്കളയാൻ എളുപ്പമാണ്. മനുഷ്യന്റെ ഉള്ളിൽ അടിഞ്ഞുകൂടുന്ന ചേറും ചെളിയും കഴുകാൻ, ചിലപ്പോൾ ഒരു ജീവിതകാലം പര്യാപ്തമല്ല.
ലേഖക പരിചയം :
സുരേഷ് തുളസി
1976 തൊട്ട് മുംബെ നിവാസി. മുംബെയുടെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചയാള്‍. നവി മുംബെ താമസം.







No Comments yet!