Skip to main content

വയനാടിനു മേൽ പെയ്തിറങ്ങിയ ദുരന്തം ഇരന്നു വാങ്ങിയത്

വികസന രക്തരക്ഷസ്സിന്റെ അത്യാർത്തി ശമിപ്പിക്കാൻ വയനാട്ടിലെ സാധാരണ മനുഷ്യരുടെ രുധിരം ഇനിയെത്ര വേണ്ടി വരും എന്നതാണ് മുണ്ടക്കൈ ഉയർത്തുന്ന പീഡിപ്പിക്കുന്ന ചോദ്യം. മുണ്ടക്കൈയിൽ പ്രകൃതി പ്രതികാര രുദ്രയായതാണ് എന്നു പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. അവിടെ നടന്നത് മനുഷ്യനിർമ്മിത ദുരന്തമാണെന്ന് പറഞ്ഞാൽ പോലും മതിയാകില്ല. യാചിച്ചു വാങ്ങിയതാണ് സമാനതകളില്ലാത്ത മുണ്ടക്കൈ ദുരന്തം. പശ്ചിമഘട്ട മലനിരകളിലെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമല. അതു കഴിഞ്ഞാൽ തൊട്ടടുത്ത് വെള്ളരിമല-ചേമ്പ്രാ പീക്ക് മലനിരകളാണ്. വെള്ളരിമലയുടെ ഉച്ഛിയിലേക്ക് സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരമുണ്ട്. വടക്ക് വൈത്തിരിയിൽ നിന്നാരംഭിച്ച് ചേമ്പ്രാമലകൾ, അരുണമല, തൊള്ളായിരംകണ്ടി, വെള്ളരിമല എന്നിവയടങ്ങിയ ക്യാമൽ ഹംപ് മലനിരകളുടെ തെക്കെ അറ്റത്തിന്റെ കിഴക്കൻ ചരിവിലാണ് മുണ്ടക്കൈ. ഈ മലനിരകളുടെ പടിഞ്ഞാറൻ ചരുവിൽ കോഴിക്കോട് ജില്ലയും നിലമ്പൂർ വാലിയും. മുണ്ടക്കെ പ്രദേശത്ത് നിന്നാരംഭിക്കുന്ന നീരുറവകൾ പുന്നപ്പുഴയായി സൂചിപ്പാറ വെള്ളച്ചാട്ടം വഴി ചാലിയാറിലേക്ക് ഒഴുകുന്നു.

മുണ്ടക്കൈയിൽ ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടാക്കുന്നത് 1984 ലാണ്. അന്നവിടെ നിന്നും 17 മനുഷ്യ ശരീരം വീണ്ടെടുത്തു. പക്ഷെ മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട പത്തോളം വരുന്ന കാട്ടുനായ്ക കുടുംബങ്ങളെക്കുറിച്ചോ ഒടുങ്ങിപ്പോയ ആദിമവാസികളെകുറിച്ചോ ആരും രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിൽ അന്നുവരെ ഉണ്ടായ ഏറ്റവും വലിയ മണ്ണിടിച്ചിലായിരുന്നു അത്. 2019 ൽ മുണ്ടക്കൈയ്ക്കു ചുറ്റുമുള്ള മലഞ്ചെരുവുകളിൽ മൂന്ന് ഉരുൾപൊട്ടലുണ്ടായി. വിളിപ്പാട് മാത്രം അകലെയാണ് പൂത്തുമലയും പടിഞ്ഞാറൻ ചരിവിലെ പാതാറും കവളപ്പാറയും. 2020 ൽ മുണ്ടക്കൈയിൽ വീണ്ടും ഒരു വലിയ ഉൾപൊട്ടലുണ്ടായി. മനുഷ്യജീവന് അന്ന് നാശം ഉണ്ടായില്ലെന്ന് മാത്രം.

പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർബലവും അതീവ ലോലവും സങ്കീർണ്ണവുമായ, പരിസ്ഥിതി സംതുലനം നിലനിൽക്കുന്ന, മലനിരയുടെ മർമ്മകേന്ദ്രമാണ് വെള്ളരിമല-ചേമ്പ്ര മലനിരകൾ. വളരെ ശ്രദ്ധാപൂർവ്വം മനുഷ്യൻ ഇടപെടേണ്ട ഇടം. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ബ്രിട്ടീഷു കമ്പനികൾ നാട്ടുരാജാക്കന്മാരുടെ കൈയിൽ നിന്നും 99 വർഷത്തെ പാട്ട വ്യവസ്ഥയിൽ സ്വന്തമാക്കി ഈ മലനിരകളുടെ കിഴക്കൻ ചരുവിലെ ഭൂരിഭാഗം പ്രദേശങ്ങളും തോട്ടങ്ങളാക്കി. മലകളുടെ ഉച്ചികൾ വെറുതെ വിട്ടപ്പോൾ മധ്യഭാഗത്ത് ഏലവും താഴ്‌വാരങ്ങളിലും ഫുഡ്ഹില്ലിലും ചായയും കൃഷി ചെയ്തു. ഇവിടെ നടന്ന വന നാശത്തിന്റെ പ്രത്യാഘാതം കോയമ്പത്തൂർ വരെയുണ്ടായതായി പോണ്ടിച്ചേരി സർവ്വകലാശാലയിലെ പരിസ്ഥിതി വിദഗ്ധൻ പ്രൊഫ: മെഹർ ഹോംചി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം തോട്ടങ്ങളുടെ ഉടമസ്ഥാവകാശം ഇന്ത്യക്കാർക്ക് വന്ന ശേഷം ഏലത്തോട്ടങ്ങൾക്ക് പകരം ചായ തന്നെ വെച്ചുപിടിപ്പിച്ചു. ഈ മലനിരകളിലെ മണ്ണിനെ പിടിച്ചു നിർത്തിയിരുന്ന കൂറ്റൻ മരങ്ങൾ കല്ലായിലേക്ക് ഒഴുകി. സസ്യാവരണം നഷ്ടപ്പെട്ടു. 1970 ലെ പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈമെന്റ് ആക്ടിനെ തുടർന്ന് ശേഷിച്ച മലന്തലപ്പുകൾ കൂടി മൊട്ടയാക്കപ്പെട്ടു. മുണ്ടക്കൈക്കു മേൽ പതിച്ച രണ്ടാമത്തെ ആഘാതമായിരുന്നു ഇത്.

മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങി ചേമ്പ്രാമലകൾ വരെയുള്ള പ്രദേശത്ത് താമസ്സിക്കുന്നവർ ഏതാണ്ട് മുഴുവൻ പേരും തോട്ടം തൊഴിലാളികളോ അവരുടെ പിൻതലമുറക്കാരോ ആയ ദരിദ്രരിൽ ദരിദ്രരായ മനുഷ്യരാണ്. ബ്രിട്ടീഷ് കാലത്ത് ഏറനാട്ടിൽനിന്നും തമിഴ്നാട്ടിൽ നിന്നും അടിമത്തൊഴിലാളികളായി എത്തിയവരുടെ പിൻമുറക്കാർ. അവരിൽ ഭൂ ഉടമകളോ സമ്പന്നരോവിരലിൽ എണ്ണാവുന്നവർ പോലുമില്ല. ഭൂരിഭാഗവും ലയങ്ങളിലും കമ്പനിയുടെ മിച്ചഭൂമിയിലെ 5 ഉം 10 ഉം സെന്റിലും വീടു വെച്ചു താമസിക്കുന്ന പാവങ്ങൾ. ജില്ല രൂപീകരിക്കപ്പെട്ട ശേഷം വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വൻ മാറ്റങ്ങൾ വന്നു. വികസനത്തെക്കുറിച്ച മുറവിളികൾ ഉയരാൻ തുടങ്ങി. രാഷ്ട്രീയപ്പാർട്ടികളുടെയും സർക്കാറുകളുടെയും വായ്ത്താരിയായ വികസനമെന്ന യന്ത്രിക മുദ്രാവാക്യം ഇടതടവില്ലാതെ ഉയരാൻ തുടങ്ങി. വയനാടിന്റെ വികസനത്തെക്കുറിച്ച് ഇന്നും സമഗ്രമായ ഒരു കാഴ്ചപ്പാടും അവർക്കില്ല. വിമാനത്താവളം, റെയിൽവേ, മെഡിക്കൽ കോളജ് തുടങ്ങിയവയിൽ അത് കുരുങ്ങിക്കിടക്കുന്നു.

നൊടിയിട കൊണ്ടാണ് വയനാട്ടിൽ ടൂറിസം വന്നു പതിക്കുന്നത്. പ്രചണ്ഡമായ ഒരു കൊടുങ്കാറ്റായിരുന്നു അത്. ഭരണകൂടവും ത്രിതല പഞ്ചായത്തുകളും രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും ടൂറിസത്തിന്ന് വേണ്ടി അഹമഹമികയാ എന്തുത്യാഗവും ചെയ്യാൻ തയ്യാറായി. പ്രവാസികളും പുത്തൻ പണക്കാരും സംരംഭകരും ചുരം കയറി. അവരെ വയനാടിന്റെ സുസ്ഥിര വികസനമോ പരിസ്ഥിതിയോ ഒന്നും ഒട്ടും അലട്ടിയില്ല. അവരുടെ കഴുകൻ കണ്ണുകൾ വയനാടിന്റെ അഭൗമമായ സൗന്ദര്യത്തിനുമേൽ വട്ടമിട്ടു പറന്നു. മലമുകളിലെ കണ്ണായ പ്രദേശങ്ങൾ അവരെ ഭ്രമിപ്പിച്ചു. അതീവ ദുർഘട പ്രദേശത്തു പോലും കടന്നുകയറി അവർ ഭൂമി സ്വന്തമാക്കി. പലയിടത്തും വനവും പൊതുഭൂമിയും കൈയേറി. കൂറ്റൻ നിർമ്മിതികൾ കെട്ടിപ്പൊക്കി. തലങ്ങും വിലങ്ങും റോഡുകൾ തീർത്തു. മലകളെ കീറിമുറിച്ചു, അരുവികളെയും നീരുറവകളെയും തടയുകയും വഴിതിരിച്ചു വിടുകയും ചെയ്തു. എല്ലാറ്റിനും ഭരണകൂടത്തിന്റെ പിൻബലമുണ്ടായിരുന്നു.

വയനാട്ടിൽ ഇപ്പോൾ അയ്യായിരത്തിലധികം ടൂറിസം റിസോർട്ടുകളോ ഹോം സ്റ്റേകളോ ഉണ്ട്. അതിൽ ഭൂരിഭാഗവും വൈത്തിരി, മേപ്പാടി, പഞ്ചായത്തുകളിലെ ക്യാമൽ ഹംപ് പർവ്വത നിരയുടെ ഉച്ചിയിലും മർമ്മകേന്ദ്രങ്ങളിലുമാണ്. 2019ലുണ്ടായ ഉരുൾപൊട്ടലുകളുടെ പ്രഭാവകേന്ദ്രം ഈ റിസോർട്ടുകളോ അവിടെയ്ക്കുള്ള റോഡുകളോ നിർമ്മിതികളോ ആയിരുന്നു. 2018ലെ വ്യാപകമായ ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് വയനാട്ടിലെ ഹ്യൂം സെന്റ്ർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ 2018 ൽ മൊത്തം 1132 മണ്ണിടിയൽ റെക്കാർഡ് ചെയ്തതിൽ 72 എണ്ണം ഉരുൾപൊട്ടലും 62 എണ്ണം ഭൂമി വിള്ളലും മണ്ണിരിക്കലും 625 എണ്ണം മണ്ണിടിച്ചിലുമാണ്. ഇതു സംഭവിച്ചത് 58 ശതമാനവും നിർമ്മിതികൾക്ക് പുറകിലും അരികിലും 29 ശതമാനം റോഡുകൾക്കരികിലുമായിരുന്നു.

2018 ലെയും 2020 ലെയും മലയിടിച്ചിലിനെയും  ഉരുൾപൊട്ടലിനെയും തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചു. അവർ സമർപ്പിച്ച റിപ്പോർട്ടിൽ വയനാട്ടിലെ പശ്ചിമഘട്ട മലഞ്ചെരിവുകളിലെ സുരക്ഷിതമല്ലാത്ത ഇടത്ത് 4000 ത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും അവരെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കണമെന്നും ശുപാർശ ചെയ്തെങ്കിലും റിപ്പോർട്ട് ആരും മുഖവിലക്കെടുത്തില്ല. അരക്ഷിത പ്രദേശങ്ങളിൽ താമസിക്കുന്നതിൽ ഏറ്റവും കൂടുതൽ കുടുംബങ്ങളെ കണ്ടെത്തിയത് മുണ്ടക്കൈ വെള്ളിരിമലപ്രദേശത്തുള്ളവരായിരുന്നു. 2009 ൽ സെന്റര്‍ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡോ. ജി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പഠനം ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തിൽ മുണ്ടക്കൈയും ക്യാമല്‍ ഹംപ് പർവ്വത നിരയുടെ ചരിവുകളും ചേമ്പ്രാപിക്കും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിർമ്മിതികളും ഭൂവിനിയോഗവും നിയന്ത്രിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഹ്യും സെന്ററിന്റെ ശുപാർശയിലും കരുതൽ വേണ്ട ഇടങ്ങളിൽ മുണ്ടക്കൈ എടുത്തു പറഞ്ഞിട്ടുണ്ട്.

മുണ്ടക്കൈയും പരിസര പ്രദേശങ്ങളും റിസോർട്ടുകളുടെയും ഹോം സ്റ്റേയുടെയും പറുദീസയാണ്. സാഹസിക ടൂറിസത്തിന്റെയും ടെന്റ് ടൂറിസത്തിന്റെയും ഗ്ലാസ്സ് ബ്രിഡ്ജുകളുടെയും കേന്ദ്രമാണ്. വെള്ളിരിമലയിലും ചേമ്പ്രമലയിലും നടന്നു വരുന്ന അനിയന്ത്രിത ടൂറിസമാണ് പൂത്തുമല ഉരുൾപൊട്ടലിന്റെയും മുണ്ടക്കൈ ദുരന്തങ്ങളുടെയും മുഖ്യകാരണം. മേപ്പാടി പഞ്ചായത്തും മുപ്പൈനാട് പഞ്ചായത്തും നിരവധി ക്വാറികളുടെ വിളനിലം കൂടിയാണ്. മുണ്ടക്കൈയിൽ നിന്നും വായുദൂരം 1.5 കിലോമീറ്റർ വരുന്ന വാളത്തൂർചീരമട്ടത്ത് ജനങ്ങളെ എതിർപ്പിനെ തുടർന്ന് ജില്ലാ കളക്ടർ പൂട്ടിച്ച ക്വാറിക്ക് മുപ്പൈനാട് പഞ്ചായത്ത് വീണ്ടും ലൈസൻസ് നൽകി.

വികസനമെന്ന വ്യാജേന വയനാടിന്റെ നാശത്തിന് പിന്തുണ നൽകുകയാണ് സംസ്ഥാന സർക്കാർ. അതി ഭീതിദമായ മറ്റൊരു പ്രൊജക്ടുമായി സർക്കാർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ നിന്നും പശ്ചിമഘട്ടം നെടുകെ കീറിക്കൊണ്ടുള്ള ഇരട്ട തുരങ്കമാണത്. മുണ്ടക്കൈയിൽ നിന്നും 2 ഉം പൂത്തുമലയിൽ നിന്നും 1.5 ഉം കവളപ്പാറയിൽ നിന്നും 5 ഉം കിലോമീറ്റർ മാത്രം വായുദൂരമുള്ള, ക്യാമൽ ഹംപ് പർവ്വത നിരയുടെ ഗർഭത്തിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. കളളാട്ടി ഇരുമ്പുപാലത്തു നിന്നും ആനക്കാംപൊയിൽ സ്വർഗ്ഗം കുന്നിലേക്കുളള 10 കിലോമീറ്റർ ദൈർഘ്യം വരുന്നു ഈ തുരങ്കത്തിന്ന് 5000 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. സ്റ്റേജ് ഒന്ന് ക്ലിയറൻസ് നേടി കഴിഞ്ഞു. സ്ഥലമേറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരുന്നു. ടെണ്ടർ നടപടികൾ തുടരുന്നു. യാതൊരു പരിസ്ഥിതി ആഘാത പഠനവും നടത്തിയിട്ടില്ല.

വയനാടിന്ന് ഒരു ഗുണവും ചെയ്യാത്തതാണി ടണൽ പ്രൊജക്ട്. ഇതിന്റ് പിന്നിലുള്ള നിക്ഷിപ്ത താല്പര്യം അജ്ഞാതമാണ്. ഗാഢ്ഗിൽ റിപ്പോർട്ടിൽ ചുവപ്പ് സോണിൽ ഉൾപ്പെടുന്നതാണ് പ്രൊജക്ട് പ്രദേശം. കഴിഞ്ഞ 10 വർഷത്തിനിടയിൽ വയനാട്ടിലുണ്ടായ അനധികൃത നിർമ്മിതികൾ ഞെട്ടിപ്പിക്കുന്നതാണ്. ബാണാസുരസാഗർ ഡാമിന്റെ ചുറ്റുമുള്ള കുന്നിൽ തലപ്പുകളും കൊച്ചു കൊച്ചു ദ്വീപുകളും ക്യാമൽ ഹംപ് പർവ്വത നിരയുടെ മേപ്പാടി, വൈത്തിരി, മുപ്പൈനാട് പഞ്ചായത്തുകളിലും തിരുനെല്ലി പഞ്ചായത്തിന്റെ വിവിധയിടങ്ങളിലും സംരക്ഷിത വന പ്രദേശങ്ങളിലും വയനാടിന്റെ ഭൂരിഭാഗം പ്രദേശത്തും എണ്ണിയാലൊടുങ്ങാത്ത കൈയേറ്റങ്ങളും നിർമ്മിതികളും ഭൂമിയുടെ തരം മാറ്റലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുണ്ട്. എല്ലാറ്റിനും ചൂട്ടുപിടിക്കുന്നത് സംസ്ഥാന സർക്കാറും ത്രിതല പഞ്ചായത്തുകളും രാഷ്ട്രീയ നേതാക്കളും ഗ്വാ ഗ്വാ വിളിക്കുന്ന വികസനവാദികളുമാണ്. പ്രകൃതിക്ക് മേലുള്ള പാതകങ്ങൾ വയനാട്ടിൽ മഴപോലെ പെയ്തു കൊണ്ടിരിക്കുകയാണിപ്പോൾ.

പ്രകൃതിയുടെ പ്രതികാരത്തിന്റെ ഇരകൾ ഒരിക്കലും കാരണക്കാരായ കുറ്റവാളികളല്ലയെന്നത് ഒരു ചരിത്ര നീതിയായിരിക്കാം. അത്, നിരപരാധികളും നിസ്സഹായരുമായ മനുഷ്യരും മണ്ണിന്റെ മക്കളും ആദിമ നിവാസികളുമാണെന്നതാണ് വേദനിപ്പിക്കുന്ന സത്യം. അവരുടെ ദുരിതം തുടർന്നുകൊണ്ടേയിരിക്കയാണ്. മുണ്ടക്കൈയിൽ മല പൊട്ടിയൊഴുകി മണ്ണിനും പാറക്കും ഉള്ളിൽ പുതഞ്ഞു പോയ, ചാലിയാറിൽ കരചരണങ്ങൾ അറ്റ് ഒഴുകിയ കബന്ധങ്ങളുടെയും മറ്റനേകം ജീവനുകളുടെയും ശാപം എക്കാലത്തും തലമുറകളെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഓർക്കൂ… വയനാട് ഒരു നഷ്ടപ്പെട്ട ഭൂമിയാണ്. അവിടെയിരുന്നാണ് ഞാനിപ്പോൾ വിലപിക്കുന്നത്.

(ലേഖകന്‍ മൂന്ന് ദശാബ്ദത്തിലേറെയായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റുമാണ്)

No Comments yet!

Your Email address will not be published.